എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തിന്റെയും കടുത്ത വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന ഒരാൾ ആരെന്ന് ചോദിച്ചാൽ അത് മോഹൻലാൽ ആണ്, മലയാള സിനിമയുടെ എക്കാലത്തേയും മഹാപ്രതിഭകളിൽ ഒരാൾ.
നോട്ടു നിരോധന കാലത്ത് എഴുതിയ ബ്ലോഗിന്റെ പേരിലടക്കം ഈ പ്രൊഫൈലിൽ മോഹൻലാലിനെ വിമർശിക്കുന്ന ചില കുറിപ്പുകൾ ഇട്ടിട്ടുണ്ട്, കാരണങ്ങളുണ്ടെങ്കിൽ ഇനിയും എഴുതിയെന്ന് വരും,
പക്ഷേ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആ വിവാദങ്ങളെത്തുടർന്ന് മോഹൻലാൽ നടത്തിയ ഖേദപ്രകടനത്തിലും അദ്ദേഹം ഇത്രമാത്രം പരിഹസിക്കപ്പെടേണ്ടതുണ്ടെന്ന് കരുതുന്ന ഒരാളല്ല ഞാൻ.
ആറ് മണിക്കൂറോളം എടുത്താണ് ഈ സിനിമയുടെ ആദ്യ നരേഷൻ മോഹൻലാലിനോട് പൃഥ്വി പറഞ്ഞത്എന്ന് അതിന്റെ പ്രമോഷൻ വീഡിയോകളിൽ എവിടെയോ കണ്ടിരുന്നു, അതിന് ശേഷം പല തവണ അതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾ അവർ തമ്മിൽ നടത്തിയിട്ടുണ്ടാകും, മാത്രമല്ല മോഹൻലാലിനെപ്പോലൊരു നടൻ കഥയുടെ സമ്പൂർണ്ണ രൂപവും അതിന്റെ കോർ തീമും തിരക്കഥയുമൊന്നും കൃത്യമായി വായിക്കാതേയും മനസ്സിലാക്കാതെയും ഒരു സിനിമയിൽ അഭിനയിക്കും എന്ന് കരുതുന്നവർക്ക് അദ്ദേഹത്തിന്റെ ഇതിഹാസതുല്യമായ അഭിനയജീവിതത്തെക്കുറിച്ച് ഒരു ധാരണയും ഇല്ല എന്ന് തന്നെയാണ് അർത്ഥം.
ഈ സിനിമയുടെ പ്രമേയവും ആ സിനിമ അഡ്രസ് ചെയ്യുന്ന അതിന്റെ കോർ ത്രെഡും എന്താണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ യെസ് എന്ന് മോഹൻലാൽ പറഞ്ഞ ഒരു നിമിഷമുണ്ടല്ലോ അതാണ് ഈ സിനിമ ജനിച്ച നിമിഷം. ആ yes മോഹൻലാലിന്റെ അഭിനയ ജീവിതത്തെ മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്.
സിനിമ പുറത്തിറങ്ങിയ ശേഷമുള്ള മോഹൻലാലിന്റെ ഖേദപ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ അത് കത്തുന്ന വിവാദത്തെ തണുപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിട്ട് കരുതുന്നതാണ് കൂടുതൽ ഔചിത്യപൂർണ്ണം.
അദ്ദേഹം ഒരഭിനേതാവാണ്, ഒരു രാഷ്ട്രീയ നേതാവിന്റെയോ സാമൂഹ്യ പരിഷ്കർത്താവിന്റെയോ ധീരതയും പോരാട്ടവീര്യവും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളികളുടെ മുഴുവൻ സ്നേഹവും പിന്തുണയുമുള്ള ഒരു കലാകാരനാണ് അദ്ദേഹം, സിനിമ ആവശ്യപ്പെടുന്ന താരമൂല്യത്തിന് അത് അനിവാര്യവുമാണ്, ഇത്തരം വിവാദങ്ങൾ കത്തിച്ചു കൊണ്ട് പോകുന്നത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ഗുണകരമാവില്ല. അതിനെ എത്ര പെട്ടെന്ന് തണുപ്പുക്കുന്നുവോ അത്രയും നല്ലത്. അത് മാത്രമേ ഒരു കുറിപ്പിലൂടെ അദ്ദേഹം ചെയ്തിട്ടുള്ളൂ.
മറ്റൊരു പ്രധാന കാര്യം അദ്ദേഹത്തിൻറെ അഭ്യുദയകാംക്ഷികൾ എന്നവകാശപ്പെടുന്ന ചില ഇത്തിൾകണ്ണികളാണ്, അവരുടെ വലയത്തിനുള്ളിലാണ് അദ്ദേഹം ഉള്ളത്, മേജർ രവി, സുരേഷ് കുമാർ തുടങ്ങിയ തനി അലമ്പ് സംഘികളുടെ ഒരു കൂട്ടം, അവർ ഉണ്ടാക്കുന്ന കടുത്ത സമ്മർദ്ധങ്ങളെ അതിജീവിക്കുക അത്ര എളുപ്പമാകില്ല അദ്ദേഹത്തിന്, അവരെയെല്ലാം അതിജീവിച്ച് അദ്ദേഹം പിടിച്ചു നിൽക്കണമെന്നത് നമ്മുടെ ആഗ്രഹമാണ്, ആഗ്രഹം മാത്രമാണ്.
സംഘപരിവാരം ലാലിനെ അവരുടെ ആളായി കാണുന്നുണ്ട് എന്നത് നേരാണ്, എന്നാൽ പല ഘട്ടങ്ങളിലും ലാൽ അതിന്റെ നേർ എതിർദിശയിൽ നീങ്ങിയിട്ടുണ്ട്, അതിൽ സംഘികൾ ക്ഷുഭിതരായിട്ടുമുണ്ട് , രാമക്ഷേത്ര ചടങ്ങിന് പ്രത്യേക ക്ഷണം കിട്ടിയിട്ടും പോകാതിരിന്നു അദ്ദേഹം, മൂന്നാം മോദി സത്യപ്രതിജ്ഞാ ചടങ്ങിനും അയാൾ പോയില്ല, അയാളുടെ സിനിമകൾ ഇറങ്ങുമ്പോൾ സംഘികൾ ബഹിഷ്‌കരിക്കുന്ന ഘട്ടം വരെയെത്തി, പറഞ്ഞു വരുന്നത് ഏതെങ്കിലും ഒരു പക്ഷത്തിന്റെ വക്താവായി മാറാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്നതാണ്, അതുകൊണ്ട് തന്നെ വിവാദം തണുപ്പിക്കാൻ നടത്തിയ ഒരു ഖേദപ്രകടനത്തിന്റെ പേരിൽ അയാൾ ഇത്രമാത്രം പരിഹാസം അർഹിക്കുന്നില്ല.
എത്ര മിനുട്ടുകൾ വെട്ടിയാലും ഈ സിനിമ അതിന്റെ ചരിത്ര ദൗത്യം നിർവഹിച്ചു കഴിഞ്ഞു, പരിവാരം കുഴിച്ചുമൂടാൻ ശ്രമിക്കുന്ന പലതും വീണ്ടും പുറത്തെടുക്കപ്പെട്ടു, ഗുജറാത്ത് കലാപത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള ന്യൂ ജനറേഷൻ പിള്ളേർ പോലും അതിനെക്കുറിച്ചു പഠിക്കാനും സേർച്ച് ചെയ്യാനും തുടങ്ങി, എത്ര വെട്ടിയാലും തിരുത്തിയാലും ഈ സിനിമ നിർവഹിക്കുന്ന ചരിത്ര ദൗത്യം തുടരുക തന്നെ ചെയ്യും.
ഇത്തരമൊരു സിനിമയുടെ പിറവിക്ക് YES പറഞ്ഞ മലയാളത്തിന്റെ പ്രിയ താരം ഇപ്പോൾ കാണുന്ന പോലുള്ള ഒരു പരിഹാസം അർഹിക്കുന്നില്ല എന്ന് തന്നെയാണ് ഇത്രയും പറഞ്ഞതിന്റെ ചുരുക്കം.
ബഷീർ വള്ളിക്കുന്ന്