ഒന്നാമനായി ഏഷ്യാനെറ്റ്. തൊട്ട് താഴെ ഒരു നല്ല മത്സരം നടത്താൻ പോലും ആരുമില്ലാത്ത അവസ്ഥ.
ആ അവസ്ഥ മാറിമറിയുകയാണ്. അല്ല, മാറി മറിഞ്ഞിരിക്കുകയാണ്.
വാർത്താലോകത്ത് പതിറ്റാണ്ടുകളുടെ ആധിപത്യമായിരുന്നു ഏഷ്യാനെറ്റിന്. ശശികുമാർ, ടി എൻ ജി തുടങ്ങിയ വലിയ പേരുകൾ വളർത്തിയെടുത്ത ഒരു സ്ഥാപനവും വാർത്താ സംസ്കാരവും. പിന്നീടാണത് രാജീവ് ചന്ദ്രശേഖറിന്റെ കൈകളിലെത്തിയത്. വിഷമല്ല, കൊടും വിഷമെന്ന് കേരള മുഖ്യമന്ത്രിക്ക് ഒരിക്കൽ വിശേഷിപ്പിക്കേണ്ടി മനുഷ്യന്റെ കൈകളിൽ. കിട്ടുന്ന അവസരങ്ങളിലൊക്കെ കേരളത്തേയും കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തേയും ഇടിച്ചു താഴ്ത്താൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ കൈകളിൽ.
തെരഞ്ഞെടുപ്പ് കാലത്തൊക്കെ ആ ചാനൽ ബിജെപിയുടെ മൗത്ത് പീസായി മാറി. അവരുടെ പ്രൈം ടൈമായ 'ന്യൂസ് അവർ' പോലും മാറ്റി വെച്ച് മോദിയുടെ അഭിമുഖവും പ്രസംഗവും കാണിക്കുന്ന അവസ്ഥ വരെയെത്തി. പ്രധാന വാർത്താവതാരകൻ മുതലാളിയുടെ കാറിലിരുന്ന് തൊമ്മിയെപ്പോലെ തലതാഴ്ത്തി അയാളുടെ അപദാനങ്ങൾ പാടുന്ന പാണനായി. അന്തിചർച്ചകളിൽ അവതാരകനടക്കം നാല് സംഘികൾ ഒന്നിച്ചിരിക്കുന്നിടം വരെ അത് തരം താഴ്ന്നു. മൊത്തം കാവിമയമായ തെരഞ്ഞെടുപ്പ് കാലം. മലയാളത്തിലെ ഒന്നാം നമ്പർ ചാനലെന്ന പരസ്യവും അത് നൽകിയ അഹന്തയും മറ്റുള്ളവരോടുള്ള പുച്ഛവും എല്ലാം കലർന്ന് ഒരു പ്രത്യേക തരം മാനസികാവസ്ഥയായിരുന്നു അതിലെ അവതാരകർക്ക്.
ആ കാലമൊക്കെ പോയി മക്കളേ..
യൂ - റ്റൂബ് ലൈവ് ഒരു മാനദണ്ഡമാക്കി എടുത്താൽ ഇപ്പോൾ അവരുടെ സ്ഥാനം എവിടെയാണെന്നറിയുമോ?.. 24 നും റിപ്പോർട്ടറിനും പിന്നിൽ.. പിന്നിലെന്ന് മാത്രം പറഞ്ഞാൽ പോര ബഹുദൂരം പിന്നിൽ.
ഒരു ദിവസത്തെ കണക്കല്ല. അർജുന്റെ ട്രക്ക് അപ്രത്യക്ഷമായ സമയം മുതൽ ഇതുവരെയുള്ള ലൈവ് വ്യൂസ് നോക്കിയാലുള്ള അവസ്ഥയാണ്. മാധ്യമങ്ങളെയും അവരുടെ റേറ്റിങ്ങുമൊക്കെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു കൗതുകത്തിന് ചിലപ്പോഴൊക്കെ അത് നോക്കാറുണ്ട്. ജനങ്ങളുടെ പൾസ് അറിയാൻ ഇപ്പോൾ എല്ലാവരും നോക്കാറുള്ളത് യൂ - റ്റൂബ് ലൈവ് വ്യൂസാണ്. ഏത് സാധാരണക്കാരനും ആരാണ് മുന്നിലെന്ന് നോക്കാനും ജനപ്രിയത അളക്കാനും പറ്റിയ ഒന്നാംതരം ഡിജിറ്റൽ ടൂൾ.
ബാർക്ക് റേറ്റിങ്ങിന്റെ കാലമൊക്കെ കഴിഞ്ഞു. ഏതാനും വീടുകളിൽ ഉപകരണം വെച്ച് ഉണ്ടാക്കുന്ന ഒരു കണക്കാണത്. ആ കണക്കിൽ കൃത്രിമം കാണിച്ചാണ് അർണബ് ഗോസാമിയൊക്കെ റേറ്റിങ് കൂട്ടിയതും അവസാനം പിടിക്കപ്പെട്ട് കേസായി ഉള്ളിലായതും. ആ ഏജൻസിയുടെ തലവന് പണം വാരിയെറിഞ്ഞാണ് കൃത്രിമ റേറ്റിങ് ഉണ്ടാക്കിയത് എന്നായിരുന്നു അന്നത്തെ എഫ് ഐ ആർ. പണവും സ്വാധീനവുമുള്ള ആർക്കും മാനിപ്പുലേറ്റ് ചെയ്യാവുന്ന കണക്കുകളാണ് അതെന്ന് അന്ന് ബോധ്യമായി. അത്രമാത്രം വിശ്വാസ്യത കുറഞ്ഞ ഒരു ഏജൻസിയാണത് . സാധാരണക്കാരന് വെരിഫൈ ചെയ്യാൻ ഒരു മാർഗ്ഗവുമില്ലാത്ത കണക്കുകൾ. അതുകൊണ്ട് തന്നെ ഇപ്പോൾ ആരും അത് തിരിഞ്ഞു നോക്കാറില്ല, കേബിൾ ശൃംഖലയുടെ മേനി പറച്ചിലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
യൂ- റ്റൂബിലെ ലൈവ് വ്യൂസ് ഒറ്റ ക്ലിക്കിൽ അറിയാൻ പറ്റും. അതിൽ കൃത്രിമം നടക്കില്ല. എത്ര പേര് കാണുന്നുണ്ടെന്ന കൃത്യമായ കണക്കാണത്. അതിൽ ഫെയ്ക്ക് വ്യൂ കൗണ്ട് വരാതിരിക്കാനുള്ള അതിസൂക്ഷമമായ മെക്കാനിസം അവർക്കുണ്ട്. ഒരു തരികിടയും തട്ടിപ്പും അവിടെ നടക്കില്ല.
വയനാട് ദുരന്തവാർത്ത ബ്രെയ്ക്ക് ചെയ്യുന്ന സമയത്ത് ഓരോ ചാനലിന്റേയും ലൈവ് വ്യൂസ് ഞാൻ നോക്കിയിരുന്നു. സ്ക്രീൻഷോട്ടുകളും എടുത്തു.
30 ജൂലായ്. രാവിലെ ഒമ്പത് മണി.
24 ന്യൂസ് 80k
റിപ്പോർട്ടർ 42k
ഏഷ്യാനെറ്റ് 28k
മാതൃഭൂമി 18k
മനോരമ ന്യൂസ് 13k
മീഡിയ വൺ 6k
മലയാളത്തിന്റെ ഒന്നാം നിര ചാനലെന്ന് നിരന്തരം പരസ്യം കൊടുക്കുന്നവർ മൂന്നാം സ്ഥാനത്ത്.
അന്ന് വൈകിട്ട് വീണ്ടും നോക്കിയപ്പോൾ റിപ്പോർട്ടറും 24 ഉം അടിച്ചു കയറുന്നത് കണ്ടു. ഏഷ്യാനെറ്റ് നിന്നിടത്ത് നില്ക്കുന്നു. സ്ക്രീൻഷോട്ടെടുത്തു.(3 PM)
24 ന്യൂസ് 126k
റിപ്പോർട്ടർ 63k
ഏഷ്യാനെറ്റ് 29k
മാതൃഭൂമി 11k
മനോരമ ന്യൂസ് 14 k
അതായത് 24ന്റെ നാലിലൊന്ന് വ്യൂവേഴ്സ് പോലും ഏഷ്യാനെറ്റിന് ഉണ്ടായിരുന്നില്ല. റിപ്പോർട്ടറിന്റെ പകുതി പ്രേക്ഷകർ പോലും അവർക്കില്ലായിരുന്നു.
ഇതുപോലൊരു വലിയ വാർത്ത ബ്രെയ്ക്ക് ചെയ്യുന്ന സമയത്ത് പുതുതലമുറ ചാനലുകളുടെ സാങ്കേതിക മികവ് നോക്കി വന്ന പ്രേക്ഷകർ ആയിരിക്കുമോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നതിനാൽ പിന്നീടുള്ള ദിവസങ്ങളിലും വ്യൂസിന്റെ ട്രെൻഡ് നോക്കിയിരുന്നു.
അപ്പോൾ ശ്രദ്ധയിൽ പെട്ട ഒരു കാര്യം റിപ്പോർട്ടർ ചാനൽ പടിപടിയായി തുടർന്നുള്ള എല്ലാ ദിവസങ്ങളിലും അവരുടെ ലീഡ് ഉയർത്തുന്നതാണ്. പല ഘട്ടങ്ങളിലും അവർ 24നെയും കടന്ന് മുന്നോട്ട് പോയി. ലൈവ് വ്യൂസ് നോക്കിയ സമയത്തെല്ലാം ഏഷ്യാനെറ്റ് മൂന്നാം സ്ഥാനത്ത് തന്നെ. ഒരിക്കൽ പോലും മുകളിലേക്ക് വന്നില്ല.
വയനാട് ദുരന്തം നടന്ന് ഒമ്പതാം ദിവസമായ ഇന്ന് (ഓഗസ്റ്റ് 7) നോക്കുമ്പോൾ (11.30 AM) ട്രെൻഡ് ഇങ്ങനെയാണ്.
റിപ്പോർട്ടർ 21k
24 ന്യൂസ് 11k
ന്യൂസ് 18 - 4.6 k
ഏഷ്യാനെറ്റ് 3.8k
മനോരമ ന്യൂസ് 1.5k
മീഡിയ വൺ 1.3k
മാതൃഭൂമി 0.5
റിപ്പോർട്ടർ നന്നായി അടിച്ചു കയറുന്നു എന്നർത്ഥം. അവരുടെ നാലിലൊന്ന് പ്രേക്ഷകർ പോലും ഇപ്പോൾ ഏഷ്യാനെറ്റിനില്ല. ന്യൂസ് 18 നും പിറകിലായി നാലാം സ്ഥാനത്താണ് ഇന്ന് നോക്കുമ്പോൾ അവരുള്ളത്. കേരളത്തിന്റെ ദൃശ്യമാധ്യമ സമവാക്യങ്ങൾ മാറിമറിയുകയാണ് എന്ന് പറഞ്ഞത് അത് കൊണ്ടാണ്.
ഈ കുറിപ്പിന് ഏത് ഫോട്ടോ കൊടുക്കണം എന്ന് നോക്കിയപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലാത്ത വിധം മനസ്സിലെത്തിയത് അരുൺകുമാറിന്റെ പേരാണ്. വയനാടിന്റെ ഈ ദുരന്ത ദിനങ്ങളിൽ മലയാള വാർത്താമാധ്യമങ്ങളിൽ ഏറ്റവും സജീവമായി ഇടപെട്ട മാധ്യമ പ്രവർത്തകൻ അരുണാണ്. ആ ഭൂമിയിലെ മനുഷ്യരുടെ പ്രശ്നങ്ങൾ അനുകമ്പയോടെയും ദയാവായ്‌പോടെയും അതിലേറെ കൃത്യതയോടെയും കോർഡിനേറ്റ് ചെയ്യുന്നതിൽ അരുൺ വഹിച്ച പങ്ക്, വഹിക്കുന്ന പങ്ക് അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. മാധ്യമ പ്രവർത്തകരെ നിരന്തരം വിമർശിക്കുന്ന ഒരു പ്രൊഫൈലാണ് ഇത്.. പക്ഷേ വിമർശനം മാത്രം പോരല്ലോ, അഭിനന്ദിക്കേണ്ട സന്ദർഭങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കാനുള്ള ധാർമ്മികാവകാശം നഷ്ടപ്പെടും.
ദീർഘിപ്പിക്കുന്നില്ല.പറഞ്ഞു വന്നതിന്റെ ചുരുക്കം ഇത്രയുമാണ്. കേരളത്തിലെ ഒന്നാം നിര ചാനലെന്ന് 'ബാർക്ക്' ചെയ്യുന്ന ഏഷ്യാനെറ്റിന്റെ പരസ്യം ഇനിയും വരും, അത് നമ്പണ്ട.
Basheer Vallikkunnu
07 Aug 2024