ഹിമാലയ പർവതം പൊട്ടിപ്പൊളിഞ്ഞു വീഴുന്നത് പോലെ വന്ന വാർത്തയായിരുന്നു. പ്രതിയുടെ പേര് 'പ്രതീക്ഷക്കൊത്ത് ഉയരാതെ' വന്നപ്പോൾ മുതൽ കളമശ്ശേരി സ്ഫോടന വാർത്തയുടെ ബലൂണിൽ നിന്ന് വായു ചോരാൻ തുടങ്ങി. ഇപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല.
വാർത്തയില്ല, സംവാദമില്ല, ഫോളോ അപ്പ് സ്റ്റോറികളില്ല, അന്തിചർച്ചയില്ല, കവർ സ്റ്റോറിയില്ല, ചാനലുകളുടെ 'ഇൻവെസ്റ്റിഗേഷൻ ടീം മേധാവി'കളുടെ ലൈവുകളില്ല. എല്ലാം ഒറ്റയടിക്ക് മുങ്ങിപ്പോയി. കാരണം പ്രതിയുടെ പേര് 'പ്രതീക്ഷക്കൊത്ത് ഉയർന്നില്ല". പ്രതി ഉന്മാദദേശീയതയെ പ്രണയിച്ച ക്രിസംഘിയായിപ്പോയി. അത് വർത്തയാക്കാൻ ഒരു ഗുമ്മില്ല.
കളമശ്ശേരി സ്‌ഫോടനത്തിലെ നാലാമത്തെ ഇര കഴിഞ്ഞ ദിവസമാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സ്‌ഫോടനത്തിൽ മരിച്ച പന്ത്രണ്ട് വയസ്സുകാരിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. പ്രതിയുടെ പേര് പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നുവെങ്കിൽ അതൊക്കെ ഇരുപത്തിനാലു മണിക്കൂർ ലൈവായി കാണിക്കേണ്ട വാർത്തകളായിരുന്നു. പരമാവധി വൈകാരികത കത്തിച്ച് സംഘപരിവാറിന് വേരോട്ടമുണ്ടാക്കാനുള്ള വാർത്തകളായിരുന്നു. അന്തിചർച്ചയിൽ ശങ്കരനും പണിക്കരുമൊക്കെ പൗഡറും പുതിയ കുപ്പായവുമിട്ട് കണ്ണീർ പൊഴിക്കേണ്ട വാർത്തകളായിരുന്നു. അഡ്വ. സെബാസ്റ്റ്യൻ പോളിന് മനുഷ്യാവകാശങ്ങളെക്കുറിച്ച് ദീർഘ പ്രഭാഷണം നടത്താൻ അവസരമൊരുക്കുന്ന വാർത്തകളായിരുന്നു.
യഹോവ സാക്ഷികളുടെ രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പ്രാർത്ഥനാ യോഗത്തിലാണ് സ്ഫോടനം നടന്നത്. ദേശീയ ഗാനം പാടാത്ത ഒരു വിഭാഗത്തെ ഇല്ലായ്‌മ ചെയ്യാനുള്ള തീവ്രദേശീയതാ വാദമാണ് പ്രതി ഉയർത്തിയത്. അത് അയാൾ തന്നെ ലൈവായി പറയുകയും ചെയ്തു. സംഘപരിവാരവും കൃസംഘികളും വളർത്തുന്ന അതേ ഉന്മാദ ദേശീയത. കൃസ്തീയ സമൂഹത്തിൽ പ്രവർത്തിക്കുന്ന കാസ എന്ന സംഘടനയും അവർക്ക് വളരാൻ പിന്തുണ കൊടുക്കുന്ന ബിഷപ്പുമാരും മതപൗരോഹിത്യവും കേരളക്കരയിൽ വളർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്ന തീവ്രവാദത്തിന്റെ വിത്ത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവത്തോടെ കാണേണ്ട വിഷയം. കേന്ദ്രവും സംസ്ഥാനവും ആഴത്തിൽ പരിശോധന നടത്തി അടിവേര് കണ്ടത്തേണ്ട വിഷയം.
പക്ഷേ ഒരു ഓലപ്പടക്കം പൊട്ടിയത് പോലെ വാർത്ത ചീറ്റിപ്പോയി. പ്രതി 'പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നുവെങ്കിൽ' പോലീസിന്റെ വാർത്താസമ്മേളനങ്ങൾ ദിവസവും ഉണ്ടാകുമായിരുന്നു. അയാൾ വായിച്ച പുസ്തകമേത്, ബന്ധപ്പെട്ട വ്യക്തികളേത്, അയാൾ കേട്ട പണ്ഡിതന്റെ പ്രസംഗമേത്, അയാൾ പങ്കെടുത്ത യോഗങ്ങൾ ഏതൊക്കെ?..വിദേശത്ത് ജോലി ചെയ്യുമ്പോൾ ബന്ധപ്പെട്ട സ്ഥാപങ്ങളേത്, അയാൾ പലചരക്ക് വാങ്ങുന്ന കടയേത്, മീൻ വാങ്ങിയ മാർക്കറ്റ് ഏത്?.. വാർത്തയോട് വാർത്തകൾ വരുമായിരുന്നു.
മലയാള മനോരമയുടെ പിറ്റേ ദിവസത്തെ ബാനർ ഹെഡ് ലൈൻ "മാർട്ടിൻ ഒറ്റയ്ക്ക്" എന്നതായിരുന്നു. "ആസൂത്രണവും നടത്തിപ്പും മാർട്ടിൻ ഒറ്റയ്ക്ക്" എന്ന്.. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മനോരമ വിധിയെഴുതി. മറ്റ് മാധ്യമങ്ങളൊക്കെ അതേറ്റു പിടിച്ചു. പ്രതിയെ ഉന്മാദ ദേശീയതയുടെ വക്താവാക്കി മാറ്റിയതിൽ ആർക്കും പങ്കില്ല, എല്ലാം ഒറ്റയ്ക്ക് ചെയ്ത് അയാളിൽ തുടങ്ങി അയാളിൽ അവസാനിക്കണമെന്നും അന്വേഷണം മറ്റാരിലേക്കും എത്തരുത് എന്നും ആരെക്കാളും നിർബന്ധം മനോരമക്കായിരുന്നു. പ്രതി പ്രതീക്ഷക്കൊത്ത് ഉയർന്നിരുന്നുവെങ്കിൽ മനോരമയുടെ ഇൻവെസ്റ്റിഗേഷന്റെ കരുത്ത് മലയാളക്കര അറിയുമായിരുന്നു. ഏഷ്യാനെറ്റ് റിപ്പോട്ടർമാരുടെ ബ്രേക്കിങ്ങുകൾ ഒന്ന് വീതം മൂന്ന് നേരം നേരോടെ നിർഭയം വരുമായിരുന്നു.
ഇതിപ്പോൾ ഒരൊറ്റ ആഴ്ച കൊണ്ട് പൊടി പോലും കാണാനില്ലാത്ത വിധം വാർത്ത ആവിയായിപ്പോയി. അതിന് ഒറ്റ കാരണമേയുള്ളൂ, ഈ വാർത്ത വല്ലാതെ ഓടിയാൽ അത് സംഘികൾക്കും കൃസംഘികൾക്കും ദോഷം ചെയ്യും. അവരും മാധ്യമങ്ങളും വളർത്തുന്ന നറേറ്റിവുകൾക്ക് ക്ഷീണം വരുത്തും.
എങ്ങിനെയാണ് ഇന്ത്യയിൽ ഫാസിസം വളരുന്നതെന്നും അതിന് വേണ്ടി എങ്ങനെയൊക്കെയാണ് നമ്മുടെ മാധ്യമങ്ങൾ ദാസ്യവേല ചെയ്യുന്നതെന്നും മനസ്സിലാക്കാൻ കളമശ്ശേരി എപ്പിസോഡിനെ മാത്രം ഒരു സ്പെസിമെനായി എടുത്താൽ മതി.