കേരളത്തിന് അപമാനമായ പിതാവും പുത്രനും

പട്ടാളക്കാരന്റെ മുതുകിൽ പിഎഫ്ഐ പച്ച കുത്തിയെന്ന് ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നതിലും കേരളത്തെക്കുറിച്ച് വളരെ അപകടകരമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിലും മുൻപന്തിയിൽ നിന്നത് അനിൽ ആന്റണിയാണ്.

പിഎഫ്ഐ എന്ന് മുതുകിൽ ചാപ്പ കുത്തിയെന്ന സൈനികന്റെ ആരോപണം വ്യാജമാണെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞു. പെയിന്റും ബ്രഷും വാങ്ങിക്കൊണ്ട് വന്ന് തന്റെ സുഹൃത്തിനെക്കൊണ്ട് മുതുകിൽ പി എഫ് ഐ എന്ന് എഴുതിച്ച ശേഷം മതഭീകരർ ആക്രമിച്ചതാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു സൈനികൻ ചെയ്തത്. പക്ഷേ അവർ അത് കണ്ടെത്തുന്നതിന് മുമ്പ് തന്നെ അനിൽ ആന്റണിയെപ്പോലുള്ളവർ ആ വ്യാജ ചാപ്പ കുത്തൽ വാർത്തക്ക് ദേശീയ പ്രാധാന്യം നൽകിയിരുന്നു. വ്യാജമാണെന്ന് തെളിഞ്ഞ വാർത്ത വളരെ ചെറിയ പ്രതികരണമേ ഉണ്ടാക്കിയിട്ടുള്ളൂ. എന്നാൽ ചാപ്പ കുത്തിയ വാർത്തക്ക് വൻ ദേശീയ പ്രാധാന്യം ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അനിൽ ആന്റണി ANI യോട് അദ്ദേഹം പറഞ്ഞത് കേരളത്തിൽ ഇസ്‌ലാമിക ഭീകരർ അഴിഞ്ഞാടുകയാണ് എന്നാണ്. ഇസ്‌ലാമിക ഭീകരരുടെ ഒരാൾക്കൂട്ടം സൈനികനെ ആക്രമിക്കുകയും അയാളുടെ മുതുകിൽ പി എഫ് ഐ എന്ന് എഴുതുകയും ചെയ്തു, സി പി എമ്മിലേയും കോൺഗ്രസ്സിലേയും ഒരു നേതാവ് പോലും ഈ ആക്രത്തിനെതിരെ ശബ്ദിച്ചില്ല തുടങ്ങി അത്യധികം അപകടകരമായ സ്റ്റേറ്റ്മെന്റാണ് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞത്. എന്നിട്ടത് ട്വിറ്ററിൽ പങ്ക് വെക്കുകയും ചെയ്തു. 91k വ്യൂസ് ആണ് ഇതെഴുതുന്ന സമയം വരെ ആ വീഡിയോക്ക് വ്യൂസ് ഉള്ളത്. അത്രയധികം പേരിലേക്ക് അത് എത്തുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തു എന്നർത്ഥം.


ഷോക്കിങ് ന്യൂസ് എന്ന് പറഞ്ഞു കൊണ്ട് ദേശീയ മാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസും വിശകലനങ്ങളും വന്നു. സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചാരണം വന്നു. കടക്കൽ പോലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ മാർച്ച് നടന്നു. ജനം ടി വിയിൽ ഡിബേറ്റ് വന്നു. "ഈ അഴിഞ്ഞാട്ടം
ആരുടെ ധൈര്യത്തിൽ" എന്ന തലക്കെട്ടിലാണ് കേരളത്തിലെ ഈ മാധ്യമ മാലിന്യം വിഷയം ചർച്ച ചെയ്തത്. അവസാനം അത് സൈനികന്റെ സ്വന്തം പണിയാണെന്ന് തെളിഞ്ഞു. അഞ്ച് മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് വലിയ വംശീയ അധിക്ഷേപങ്ങളിലേക്കും സാമുദായിക ധ്രുവീകരണത്തിലേക്കും നയിക്കുന്ന ഈ പണി സൈനികൻ ചെയ്തതത്രെ.



ഷർട്ട് ബ്ലേഡ് കൊണ്ട് കീറി മുതുകിൽ പിഎഫ്ഐ എന്ന് എഴുതുക, അതും പച്ച പെയിന്റിൽ എഴുതുക, മർദ്ദിച്ച് അവശനാക്കിയതായി കാണിക്കാൻ മറ്റൊരാളെക്കൊണ്ട് നിലത്ത് വലിച്ചിഴപ്പിക്കുക, കൈകാലുകൾ ബന്ധിക്കുക, മുഖം ടേപ്പ് കൊണ്ട് ഒട്ടിക്കുക. വൈകാരികത സൃഷ്ടിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു എന്നോർക്കണം. സ്ഥാനക്കയറ്റത്തിനും ദേശീയ പ്രശസ്തിക്കും വേണ്ടി ചെയ്തതാണെന്നാണ് ഇപ്പോൾ വരുന്ന ഭാഷ്യം. അത്ര പെട്ടെന്ന് ദഹിക്കുന്ന ഒരു ഭാഷ്യമല്ല ഇത്. ഒരു നിലയിലും വേരുറപ്പിക്കാൻ കഴിയാത്ത കേരളത്തിന്റെ മണ്ണിൽ എങ്ങിനെയെങ്കിലും വിഷം പടർത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായുള്ള ഒരു തിരക്കഥയും അതിലെ നടനുമാണോ ഈ സൈനികനെന്നാണ് ആത്യന്തികമായി പരിശോധിക്കേണ്ടത്.



താൻ പ്രചരിപ്പിച്ച വാർത്ത ആ വാർത്ത കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും ആ അഭിമുഖം തന്റെ വാളിൽ നിന്ന് പിൻവലിക്കാനോ ഒരു തിരുത്ത് നൽകാനോ പോലും അനിൽ ആന്റണി തയ്യാറായില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. ട്വിറ്ററിൽ ഒരു വരി പോലും കുറിച്ചില്ല. ആ കള്ളപ്രചാരണം ഓടുന്നിടത്തൊക്കെ ഓടട്ടെ എന്നാണ് അയാൾ കരുതിയത്.

ശശികല പോലും പറയാൻ മടിക്കുന്ന രൂപത്തിലുള്ള കള്ളപ്രചാരങ്ങൾക്കാണ് എഐസിസിയുടെ തലപ്പത്തിരിക്കുന്ന ഒരു നേതാവിന്റെ മകൻ നേതൃത്വം കൊടുക്കുന്നത് എന്നോർക്കണം. വീട്ടിൽ രാഷ്ട്രീയം പറയുന്നതിന് എ കെ ആന്റണി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട്. വീട്ടിൽ പറയേണ്ട, ഇതുപോലെ വിഷപ്രചാരണങ്ങൾക്ക് മകൻ നേതൃത്വം കൊടുക്കുമ്പോൾ ഇത്തിരി നൈതികതയും ഉത്തരവാദിത്വബോധവുമുളള ഒരു പിതാവ് എന്താണ് ചെയ്യേണ്ടത്. നീ ഏത് രാഷ്ട്രീയത്തിലും പ്രവർത്തിച്ചു കൊള്ളൂ, അത് നിന്റെ സ്വാതന്ത്ര്യം, പക്ഷേ കള്ളക്കഥൾ പ്രചരിപ്പിച്ച് സമൂഹത്തിൽ വിഷം കലക്കുന്നതിന് നീ നേതൃത്വം നൽകരുത് എന്നെങ്കിലും ഉപദേശിക്കാൻ വായ തുറക്കണ്ടേ..
എങ്ങിനെ വായ തുറക്കും?.. ന്യൂനപക്ഷങ്ങൾ സമ്മർദ്ദങ്ങളിലൂടെ അനർഹമായത് നേടിയെടുക്കുന്നു എന്ന തിയറിയുടെ ഉപജ്ഞാതാവല്ലേ, ന്യൂനപക്ഷങ്ങളുടെ ഭീകരത കേരളത്തിൽ തുടരുന്നു എന്ന് മകൻ പറയുമ്പോൾ അവന് ലഭിക്കാനിരിക്കുന്ന സ്ഥാനമാനങ്ങളും സ്റ്റേറ്റ് കാറും സ്വപ്നം കണ്ടു കിടന്നുറങ്ങുന്നുണ്ടാകും.
ഐ ഐ സി സി സമ്മേളനത്തിന് വിമാനം കയറാൻ സമയമാകുമ്പോൾ ഉണരും. വായ തുറക്കും.
ആര് പിണങ്ങിയാലും ഇല്ലെങ്കിലും ഒരു കാര്യം തുറന്ന് പറയാം, ഇതുപോലൊരു കപട രാഷ്ട്രീയക്കാരനും വിഷപ്രചാരകനായ മകനും കേരള സമൂഹത്തിന് അപമാനമാണ്.