മലയാള മാധ്യമങ്ങളുടെ ‘മോദി’ഫിക്കേഷൻ

മോദി സ്തുതിയിൽ കണ്ണ് കാണാതായ മലയാള മാധ്യമങ്ങളുടെ സ്ഥലജല വിഭ്രാന്തികളിലൂടെയാണ് നാം കടന്ന് പോകുന്നത്. ഏഴ് പതിറ്റാണ്ടിന്റെ വളർച്ചയും വികാസവുമുള്ള രാജ്യത്തെ ജനാധിപത്യ മതേതര സംവിധാനത്തെ അടിമുടി ഫാസിസ്റ്റ് വത്കരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തോടും അതിന്റെ തലവനോടുമുള്ള ഭക്തിയും ആവേശവും നുരഞ്ഞു പൊങ്ങുന്ന കാഴ്ചകളാണ് മലയാള മാധ്യമങ്ങളിൽ നാം കാണുന്നത്.. പുറത്ത് ചാടാൻ ഒരവസരം കാത്ത്  ഇത്രമാത്രം മോദി ഭക്തി ഇവരുടെയൊക്കെയുള്ളിൽ  ഒരഗ്നിപർവതം കണക്കേ ഉറങ്ങിക്കിടന്നിരുന്നുവല്ലോ എന്നാലോചിക്കുമ്പോൾ തന്നെ ഫോർത്ത് എസ്റ്റേറ്റ് ഒരു മോദി എസ്റ്റേറ്റായി രൂപപരിണാമം പ്രാപിച്ചതിന്റെ കൃത്യമായ ചിത്രം കിട്ടും.

നാടോടുമ്പോൾ നടുവേ ഓടുക എന്നൊരു ചൊല്ലുണ്ട്.. കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോൾ അങ്ങനയൊരു ഓട്ടത്തിലാണ്. ഒന്നങ്ങോട്ടോ ഇന്നിങ്ങോട്ടോ തെറ്റാതെ നടുവിലൂടെ ഹുസ്സൈൻ ബോൾട്ടിന്റെ വേഗതയിലാണ് അവർ ഓടിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് വേര് പിടിച്ചു വരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യശാസ്ത്രത്തെ കേരളത്തിന്റെ അതിർത്തിക്കകത്തേക്ക് പൂമാലയിട്ട് സ്വീകരിക്കുകയാണവർ. കേരളമാണ് അടുത്ത ലക്ഷ്യമെന്ന് മോദിയും അമിത് ഷായും പറയുമ്പോൾ "ഞങ്ങളിതാ ഇവിടെ എപ്പോഴേ റെഡിയാണ് സാർ" എന്ന് വിളിച്ചു പറയുന്നവർ.

വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് ഒരു പുതുമയാണ്, അതുകൊണ്ട് തന്നെ അതിനൊരു വാർത്താപ്രാധാന്യമുണ്ട്, ഒരു വാർത്താ സ്പെയിസുണ്ട്. എന്നാൽ അതിനുമപ്പുറത്തേക്ക് അതിനെ സംഘപരിവാരത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുമ്പോൾ അതിനെ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതും കേരളത്തിന്റെ മതേതര മണ്ണിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തിന്റെ മുന്നിൽ നിൽക്കേണ്ടവരാണ് കേരളത്തിലെ മാധ്യമങ്ങൾ.. എന്നാൽ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചു കൊണ്ട് സംഘപരിവാരത്തിന്റെ സ്വീകരണക്കമ്മറ്റിയായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണവർ.

വന്ദേ ഭാരത് ട്രെയിൻ കൊണ്ട് വരുന്ന യാത്രാ വേഗതയിൽ മലയാള മാധ്യമങ്ങൾക്ക് എന്തെങ്കിലും താത്പര്യമുണ്ടെന്ന് കരുതുക വയ്യ.. ആർക്കാണിത്ര വേഗത്തിൽ പോകേണ്ടത് എന്ന ചോദ്യമുയർത്താനും  വേഗത്തിനെതിരായ ഒരു പൊതുബോധം സൃഷ്ടിക്കാനുമാണ് കെ റെയിൽ വിവാദകാലത്ത് അവർ കൊണ്ട് പിടിച്ചു ശ്രമിച്ചത്. പെടുന്നനെ അവർ യാത്രാവേഗതയുടെ ആരാധകരായി മാറിയെങ്കിൽ ആ ആരാധനകക്ക് പിറകിലുള്ളത് നേരത്തെ സൂചിപ്പിച്ച പുറത്ത് ചാടാൻ അവസരം കാത്ത് നിന്ന മോദിഭക്തി മാത്രമാണ്.  


160 കിലോമീറ്റർ സ്പീഡിൽ ഓടാൻ വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള വണ്ടിയാണ് വന്ദേ ഭാരത് , അത് കേരളത്തിൽ ഓടുക ശരാശരി എഴുപത്തഞ്ച് കിലോമീറ്റർ സ്പീഡിലാണ്, കാരണം അതിന് ആ വേഗത്തിൽ ഓടാൻ പറ്റിയ ട്രാക്ക് കേരളത്തിലില്ല, അവിടെയാണ് കെ റെയിൽ പദ്ധതിയുടെ പ്രസക്തി ഉണ്ടായിരുന്നത്. വളവുകളും തിരിവുകളും ഇത്രയേറെ ഉണ്ടായത് കൊണ്ടാണ് വന്ദേ ഭാരതിന് അതിന്റെ ഫുൾ സ്പീഡിൽ ഓടാൻ കഴിയാത്തത് എന്ന് ഇപ്പോൾ വിശദീകരിക്കുന്ന ബിജെപി നേതാക്കളും മാധ്യമപ്രവർത്തകരും വളവുകളും തിരിവുകളും നിവർത്തി വന്ദേ ഭാരത് ഇപ്പോൾ ഓടുന്നതിന്റെ മൂന്നിരട്ടി സ്പീഡിലോടാൻ സാധിക്കുന്ന കെ റെയിൽ ട്രാക്കിനെതിരെയാണ് (200 കിലോമീറ്റർ) മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കാൻ അദ്ധ്വാനിച്ചിരുന്നത്. കുടിയൊഴിപ്പിക്കലോ പുനവരധിവാസമോ ഇല്ലാതെ കേരളം പോലൊരു ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് വികസന പദ്ധതികൾ വരില്ലെന്ന് എല്ലാവർക്കുമറിയാം. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസ സാധ്യതകളും ഉറപ്പ് വരുത്താൻ ശ്രമം നടത്തുന്നതിന് പകരം ഹൈവേ വികസന സ്ഥലമെടുപ്പ് സമയത്ത് സൃഷ്‌ടിച്ച അതേ ഭീതി ആളിക്കത്തിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ഇപ്പോഴാകട്ടെ അവരൊക്കെയും മോദിഭക്തിയിൽ വേഗയാത്രയുടെ പ്രണേതാക്കളായി.

സീൽ വെച്ച കവറിൽ മാധ്യമ സ്വാതന്ത്ര്യത്തെ കുഴിച്ചു മൂടാൻ ശ്രമിക്കുന്നവരെ അതേ മാധ്യമ പ്രവർത്തകർ തന്നെ അനുരാഗാത്മക ഭ്രമത്തോടെ കെട്ടിപ്പിടിക്കുമ്പോൾ കരയണമോ ചിരിക്കണമോ എന്നറിയില്ല. ഡൽഹി കലാപ സമയത്തെ റിപ്പോർട്ടുകളുടെ പേരിൽ ഏഷ്യാനെറ്റിനും മാധ്യമത്തിനും നിരോധനമേർപ്പെടുത്തിയത് ഇതേ സർക്കാരാണ്. ജാഫറാബാദിലെ പള്ളിയിൽ കലാപകാരികൾ ഹനുമാൻ പതാക ഉയർത്തുന്നത് നേരിട്ട് റിപ്പോർട്ട് ചെയ്തതും കലാപ ബാധിത പ്രദേശത്തെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചതും ഏഷ്യാനെറ്റിന്റെ ഡൽഹി റിപ്പോർട്ടറായിരുന്ന പി ആർ സുനിലായിരുന്നു. മോദി ഭക്തി പിടികൂടാത്ത അത്തരം മാധ്യമപ്രവർത്തകരൊക്കെ ഇപ്പോൾ ഏഷ്യാനെറ്റിന് പുറത്താണ്. ആ മാധ്യമസ്ഥാപനമാകട്ടെ സമ്പൂർണ്ണമായ അർത്ഥത്തിൽ ഒരു മോദിഭജന നെറ്റായി മാറിക്കൊണ്ടിരിക്കുകയുമാണ്.  'നേരോടെ നിർഭയം നിരന്തരം' എന്ന കവർ ഫോട്ടോ മാറ്റി മോദിയുടെ ചിത്രം അതിന് പകരം സ്ഥാപിക്കുന്ന വിധം വിനീത വിധേയന്മാരായി അവർ മാറിക്കഴിഞ്ഞു.

ദേശസുരക്ഷ ചൂണ്ടിക്കാട്ടി മീഡിയ വണ്ണിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി സുപ്രിം കോടതി റദ്ദ് ചെയ്‌തെങ്കിലും മാധ്യമ സ്ഥാപനങ്ങൾക്കെതിരായ ഫാസിസ്റ്റ് നീക്കങ്ങളിൽ നിന്ന് ഈ സർക്കാർ പിറകോട്ട് പോകുമെന്ന് കരുതുക വയ്യ. വിരമിക്കലിന് ശേഷം ലഭിക്കാവുന്ന പദവികളിലും സ്ഥാനമാനങ്ങളിലും കൊതിയില്ലാത്ത ഒരു ബെഞ്ചിന്റെ മുന്നിൽ കേസെത്തിയത് കൊണ്ട് മീഡിയ വണ്ണിന്റ ജീവൻ തിരിച്ചു കിട്ടി. മറിച്ചായിരുന്നു സംഭവിച്ചിരുന്നത് എങ്കിൽ ഏത് മാധ്യമ സ്ഥാപനത്തേയും അടച്ചു പൂട്ടാൻ ഒരു സീൽഡ് കവറിന്റെ ആവശ്യമേ കേന്ദ്രസർക്കാറിന് ഉണ്ടാകുമായിരുന്നുള്ളൂ. അത്തരമൊരു സർക്കാരിന്റെ ഭജനസംഘമായാണ് മലയാളത്തിലെ മാധ്യമങ്ങൾ ഇപ്പോൾ രൂപപരിണാമം ചെയ്യുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തോടോ മാധ്യമ നിലനില്പിനോടോ തരിമ്പും പ്രതിബദ്ധതിയില്ലാത്ത ഒരു ഭരണകൂടത്തെ കലവറയില്ലാതെ പിന്തുണക്കുക വഴി നമ്മുടെ മാധ്യമങ്ങൾ ആഴത്തിൽ കുഴിച്ചു കൊണ്ടിരിക്കുന്നത് സ്വന്തം ശവക്കുഴി തന്നെയാണ്.  

മോദി എന്ന വ്യക്തിയോടുള്ള കേരളത്തിലെ മാധ്യമപ്രവർത്തകരുടെ ഹീറോ വർഷിപ്പാണ്  ഇതെന്ന് തെറ്റിദ്ധരിച്ചു പോകരുത്. പിന്തുണ തീവ്രഹിന്ദുത്വ നിലപാടുകൾക്ക് തന്നെയാണ്. 'എൻകൗണ്ടർ പ്രദേശാ'യി മാറിയ ഉത്തർപ്രദേശിൽ പോലീസ് കസ്റ്റഡിയിലിരിക്കുന്ന വ്യക്തിയെ പോലീസുകാർ നോക്കിനിൽക്കെ ഗുണ്ടകൾ വെടിവെച്ചു കൊല്ലുമ്പോൾ കൊല്ലപ്പെട്ടവന്റെ ഗ്യാങ്സ്റ്റർ ചരിത്രം അയവിറക്കി ആവേശം കൊള്ളും വിധം ഫാസിസ്റ്റ് ആൾക്കൂട്ട പൊതുബോധം കീഴടക്കപ്പെട്ട  നിലയിലായിക്കഴിഞ്ഞു അവരിൽ പലരും. ചാനൽ ക്യാമറകൾക്ക് മുന്നിൽ വെച്ച് നടന്ന ഇതേ സംഭവം കേരളത്തിലായിരുന്നു നടന്നിരുന്നതെങ്കിൽ ഒന്നാലോചിച്ചു നോക്കൂ, ഭരണകൂടത്തിനും പോലീസിനുമെതിരെ  അത്തരമൊരു സംഭവം എത്ര വലിയ വാർത്താ ബോംബിങ് ആകുമായിരുന്നെന്ന്.. അതിന് പകരം യോഗിയുടെ പോലീസിനെ പരോക്ഷമായി അഭിനന്ദിക്കുന്ന തലത്തിലേക്ക് വാർത്തയുടെ ദിശ മാറുന്നെങ്കിൽ അതിനെ വിളിക്കേണ്ടത് ഹീറോ വർഷിപ്പ് എന്നല്ല ആഴത്തിൽ വേര് പിടിക്കുന്ന 'പൊളിറ്റിക്സ് ഓഫ് ഹേറ്റ്' എന്ന് തന്നെയാണ്.

വന്ദേ ഭാരതുമായുള്ള മോദിയുടെ വരവിൽ പെടുന്നനെ രൂപപ്പെട്ട ഒരു സ്തുതിപാഠക സംഘമല്ല ഇപ്പോൾ മാധ്യമ രംഗത്തുള്ളത്.  യുഡിഎഫിനും എൽഡിഎഫിനും സമാനമായ ഒരിടം ബിജെപി ക്ക് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുവാൻ വേണ്ടി കൃത്യമായ ഒരു സംപ്രേഷണ അജണ്ട ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ വർഷങ്ങളായി നടത്തുന്നുണ്ട്. അവരുടെ ചർച്ചകളിലും സംവാദങ്ങളിലും സംഘപരിവാര രാഷ്ട്രീയത്തിന് ലഭിക്കുന്ന സ്പെയിസ് എന്തെന്ന് നിരീക്ഷിക്കുന്നവർക്ക് അത് കൃത്യമായി ബോധ്യപ്പെടും. വിഷയം ഏതുമാകട്ടെ, സംഘപരിവാരത്തിന്റെ ഒരു മൗത്ത് പീസ് അതിലുണ്ടായിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ട്. ചർച്ചയുടെ വിഷയം കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയാണെങ്കിലും ബംഗ്ളാദേശിലെ വെള്ളപ്പൊക്കമാണെങ്കിലും അതിലൊരു 'കെ സുരേന്ദ്രൻ' ഉണ്ടാകണമെന്നത് നിർബന്ധമാണ്. കേരളത്തിൽ ബിജെപിക്ക് ലഭിക്കുന്ന സീറ്റോ വോട്ട് ഷെയറോ നോക്കിയാൽ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് പൊതുമണ്ഡലത്തിലുള്ള ഇടം മനസ്സിലാക്കാൻ പറ്റും. ആ ഇടത്തിന് ആനുപാതികമായ പ്രാതിനിധ്യം മാത്രമേ അവർ അർഹിക്കുന്നുള്ളൂ. എന്നാൽ അവർക്ക് ലഭിക്കുന്നതാകട്ടെ, കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ലഭിക്കുന്നതിന്റെ എത്രയോ ഇരട്ടി സ്‌പെയ്‌സാണ്. പരിവാര രാഷ്ട്രീയത്തേയും അവരുടെ വിഷപ്രചാരണങ്ങളേയും കേരളത്തിന്റെ അകത്തളങ്ങളിലേക്ക് പമ്പ് ചെയ്ത് കയറ്റുന്നതിൽ നമ്മുടെ മാധ്യമങ്ങൾ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്.  

കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ മണ്ണ് വിദ്വേഷ രാഷ്ട്രീയത്തെ അതിന്റെ സമ്പൂർണ്ണമായ അർത്ഥത്തിൽ ഇതുവരെ പുല്കിയിട്ടില്ല എന്നതാണ്. അതിനുള്ള സാധ്യതകളും തുലോം വിരളമാണ്. എന്നിരുന്നാലും മലയാള മാധ്യമങ്ങൾ ഒന്നിന് പിറകെ ഒന്നായി സംഘ പരിവാര രാഷ്ട്രീയത്തിനും മോദി സ്തുതിക്കും കൂടുതൽ കൂടുതൽ സ്പെയ്സ് അനുവദിക്കുന്ന രൂപത്തിൽ മുന്നോട്ട് പോകുമ്പോൾ അതിനെതിരെയുള്ള പ്രതിരോധ രാഷ്ട്രീയം കൂടുതൽ ജനകീയമാകേണ്ടതുണ്ട് എന്നതിൽ തർക്കമില്ല. സോഷ്യൽ മീഡിയയും വാർത്താലോകത്തെ സമാന്തര ഡിജിറ്റൽ പ്ലാറ്റ് ഫോമുകളും കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോവുകയല്ലാതെ മറ്റ് പ്രതിരോധ മാർഗ്ഗങ്ങളൊന്നുമില്ല, നാളിതുവരെ ഒന്നിച്ചു നിന്ന നമ്മെ അപരവത്കരിക്കാനും ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടകളെ അപ്പപ്പോൾ തുറന്ന് കാട്ടാനും അവരെ കൃത്യമായി എക്സ്പോസ് ചെയ്യാനും ജാഗ്രതയുള്ള ഒരു പൊതുസമൂഹം ഉണ്ടാകുന്നിടത്തോളം കാലം എത്ര വലിയ മോദി ഭജന സംഘങ്ങളേയും നമുക്ക് അതിജയിക്കാൻ പറ്റും.

മോദി സ്തുതിയിൽ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകരോട് അവസാനമായി പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. ഉത്തരേന്ത്യയിൽ കബറിസ്ഥാനും ശ്മശാനവും പറഞ്ഞു വോട്ട് പിടിക്കുന്നൊരു പ്രധാനമന്ത്രിക്ക്, രാമക്ഷേത്രവും ഔറംഗസീബും വിഷയമാക്കുന്നൊരു പാർട്ടിക്ക്, ഇവിടെ അതൊക്കെ മാറ്റി നിർത്തി വന്ദേ ഭാരതും വാട്ടർ മെട്രോയും പറയാൻ നിർബന്ധിതരായെങ്കിൽ അതിന്റെ പേരാണ് കേരളം എന്നത്. അത് പറയാൻ നിർബന്ധിതമാക്കിയ സാംസ്കാരികതയാണ് മലയാള മണ്ണ് എന്നത്. ആ സാംസ്കാരികത ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഒരു രാത്രിയിൽ ഒലിച്ചു പോകുന്നതുമല്ല. 

TrueCopyThink ൽ പ്രസിദ്ധീകരിച്ചത്