എന്റെ ഉത്തരം വളരെ സിംപിളാണ്.. തരൂർ മാറ്റത്തെക്കുറിച്ച ചില പ്രതീക്ഷകളെങ്കിലും നൽകുന്നുണ്ട്. അതിനദ്ദേഹം ഒരു മാനിഫെസ്റ്റോ മുന്നോട്ട് വെച്ചിട്ടുണ്ട്. കോൺഗ്രസ്സ് സംഘടനാ സംവിധാനത്തിനകത്ത് കൊണ്ട് വരാനുദ്ദേശിക്കുന്ന മാറ്റങ്ങളെന്തൊക്കെ എന്ന് അതിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഖാർഗേ കോൺഗ്രസ്സിൽ എന്തെങ്കിലും മാറ്റം കൊണ്ട് വരുമെന്ന് അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നവർ പോലും കരുതുന്നില്ല. രണ്ട് പേർ മാത്രം മത്സര രംഗത്തുള്ളപ്പോൾ ഇത്തിരി പ്രതീക്ഷയെങ്കിലും നല്കുന്ന ഒരാളെ പിന്തുണക്കുക.. പ്രത്യേകിച്ച് കോൺഗ്രസ്സിന്റെ ഇന്നത്തെ ദയനീയമായ അവസ്ഥയിൽ.. തരൂരിനെ പിന്തുണക്കുന്നതിന്റെ ലോജിക്ക് അത്രയുമേയുള്ളൂ.
നെഹ്‌റു കുടുംബവുമായി ഫൈറ്റിനിറങ്ങിയ ഒരാൾക്ക് കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ പിടിച്ചു നില്ക്കാൻ പറ്റുമോ എന്നതാണ് മറ്റൊരു ചോദ്യം.
തരൂർ നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഒരു പാൻ ഇന്ത്യ ഇൻഫ്ലൂവൻസുള്ള അവരുടെ താത്പര്യങ്ങളെ പരിഗണിച്ചു കൊണ്ട് മാത്രമേ കോൺഗ്രസ്സിന് മുന്നോട്ട് പോകാൻ കഴിയൂ എന്നാണദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ അതിനകത്ത് നിന്ന് കൊണ്ട് തന്നെ കുറേക്കൂടി കൂടിയാലോചനകളുടെ, വികേന്ദ്രീകരണത്തിന്റെ തലങ്ങൾ സൃഷ്ടിക്കുക. താഴെ തട്ടിലേക്ക് ഒട്ടും കൂടിയാലോചനകൾ ഇല്ലാതെ മുകളിൽ നിന്ന് അടിച്ചേല്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാതിരിക്കുക, കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ യുവതലമുറക്ക് നാളെയെക്കുറിച്ച വിഷൻ നൽകുക എന്നതൊക്കെയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ.കോൺഗ്രസ്സ് പാർട്ടിക്ക് ഇപ്പോൾ വേണ്ടത് കെസിയേയും കൊടിക്കുന്നിലിനേയും പോലുള്ള ചെവിയിൽ മന്ത്രിക്കുന്ന ഏഴാം കൂലികളെയല്ല. നെഹ്‌റു കുടുംബത്തിന് പാർട്ടിയുടെ താത്പര്യങ്ങൾ മാത്രം പരിഗണിച്ചു കൊണ്ട് കൃത്യമായ ഫീഡ്ബാക്ക് കൊടുക്കുന്ന ഒരു സംവിധാനമാണ്.. രാഹുലിനും സോണിയയ്ക്കും വ്യക്തിപരമായ താത്പര്യങ്ങൾ കുറവാണ്. പാർട്ടി ശക്തിപ്പെടണമെന്നതാണ് അവരുടെ ആത്യന്തിക നിലപാട്.. പക്ഷേ ചെവിയിൽ മന്ത്രിക്കുന്ന ഈ ഉപജാപക സംഘം അവരെ ഉപയോഗപ്പെടുത്തി പാർട്ടിയെ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് കൊണ്ട് പോവുകയാണ്.. ഇതിനൊരു മാറ്റം വേണം. ഖാർഗേയാണ് വരുന്നതെങ്കിൽ ഇതേ ഏഴാംകൂലികൾ തന്നെ കോൺഗ്രസ്സിന്റെ വാർ റൂം ഇനിയും നിയന്ത്രിക്കും.. കോൺഗ്രസ്സിന്റെ ശവമഞ്ചത്തിൽ അവസാന ആണിയും അടിച്ചിട്ടേ അവർ ഡൽഹിയിൽ നിന്ന് മടങ്ങൂ..
തരൂർ പ്രസിഡന്റ് സ്ഥാനത്ത് വരുന്നത് കൊണ്ട് നെഹ്‌റു കുടുംബം കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഇല്ലാതാവുകയില്ല. മറിച്ച് അവർ കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്യുക. ബിജെപിക്ക് ഒരു നല്ല വർക്കിങ് ടീം ഉള്ളത് കൊണ്ട് മോദി ദുർബലനാവുകയല്ല, ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ജനാധിപത്യ രീതിയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന ഒരു പ്രസിഡന്റ് ഉണ്ടായാൽ ആ ഇൻഫ്രാസ്ട്രക്ച്ചർ ഉപയോഗപ്പെടുത്തി രാഹുലിന് കൂടുതൽ മുന്നോട്ട് പോകാൻ സാധിക്കും. ജോഡോ യാത്ര സൃഷ്ടിക്കുന്ന ഒരനുകൂല തരംഗത്തെ വോട്ടാക്കി മാറ്റുവാൻ വേണ്ടത് പാർട്ടിയുടെ അലകും പിടിയും മാറി ഒരു പുതിയ ടീം വരുക എന്നതാണ്. നെഹ്‌റു കുടുംബത്തിൽ വിശ്വാസമർപ്പിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഇന്ത്യയുടെ എല്ലാ ഭാഗത്തുമുണ്ട്.. പക്ഷേ അവരെ കൃത്യമായി കോർത്തിണക്കാനും പ്രായോഗിക രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഒരു ടീമിന്റെ അഭാവം മാത്രമാണ് ഇപ്പോഴുള്ളത്.. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അഴുകിയ കണ്ണുകളിലൂടെയല്ലാതെ ഇന്ത്യയെ കാണാൻ സാധിക്കുന്ന ഒരു നേതൃത്വം എ ഐ സി സിയിൽ ഉണ്ടാകണം. തരൂരിന്റെ നേതൃത്വത്തിൽ ഒരു ടീം രൂപപ്പെട്ട് വന്നാൽ ചില മാറ്റങ്ങളൊക്കെ ആ ദിശയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അത് മാത്രമല്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഒരു 'ഷോമാൻ' ഗെയിം കൂടിയാണ്. മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കാനുള്ള മോഡിയുടെ ഷോമാൻ ഗെയിമിനെ ചെറിയ രൂപത്തിലെങ്കിലും പ്രതിരോധിക്കുവാൻ ഖാർഗേയേക്കാൾ തരൂരിനാണ് കഴിയുക. തരൂരിന്റെ മീഡിയ ഡിപ്ലോമസിയുമായി താരതമ്യപ്പെടുത്തുമ്പോൾ ആ ദിശയിൽ ഖാർഗേ ഒരു ചലനവും സൃഷ്ടിക്കാനിടയില്ല. ഇന്ത്യൻ വോട്ടർമാരിൽ നിർണായക ഏജ് ഗ്രൂപ്പായ യുവതലമുറയിൽ ഒരു ചെറിയ പ്രതീക്ഷയെങ്കിലും ഉയർത്തുവാനും അവരുമായി കണക്ട് ചെയ്യാനും ഖാർഗേക്ക് കഴിയുന്നതിന്റെ പത്തിരട്ടി സാധ്യത തരൂരിനാണ്.
പേരിന് മാത്രമായി ഒരു പ്രസിഡന്റ് ഉണ്ടാവുകയും തീരുമാനങ്ങളൊക്കെ ഇപ്പോൾ നടക്കുന്ന പോലെ നടക്കുകയും ചെയ്‌താൽ, 2014 ലും 2019 ലും പാർട്ടിയെ കുളിപ്പിച്ച് കിടത്തിയ അതേ വാർ റൂം തന്നെ 2024 ലും നാം കാണേണ്ടി വരും. സംഘപരിവാരത്തിന് കൂടുതൽ സീറ്റുകളോടെ അധികാരത്തിൽ വരുവാൻ ഒരു താലത്തിലെന്ന പോലെ അതവസരം നൽകുകയും ചെയ്യും. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും ഭാവിയെ എവിടെയെത്തിക്കുമെന്ന് ഇപ്പോൾ പ്രവചിക്കുക പോലും സാധ്യമല്ല. നേരിയ മാറ്റത്തിന്റെ ഒരു പ്രതീക്ഷയെങ്കിലും കാത്തു സൂക്ഷിക്കണമോ അതോ നൂറ് ശതമാനം പരാജയപ്പെട്ട ഒരു ടീം തന്നെ തുടരണമോ എന്ന ചോദ്യത്തിനാണ് ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉത്തരം കാണുക.
Related Posts