സംഘി വക്കീല്‍ തിരക്കഥ രചിക്കുന്നു, കൊഴുപ്പ് കൂട്ടാന്‍ മാധ്യമങ്ങളും യു.ഡി.എഫും

സ്വപ്നയേയും മാധ്യമങ്ങളേയും മുൻനിർത്തിയുള്ള സംഘപരിവാരത്തിന്റെ അജണ്ടകൾ കേരളത്തിൽ കൃത്യമായി വിജയിച്ചു വരികയാണ്. ദൗർഭാഗ്യമെന്ന് പറയട്ടെ, ആ അജണ്ടകൾക്ക് വേണ്ടി തെരുവിൽ പണിയെടുക്കുന്നത് യു ഡി എഫ് പ്രവർത്തകരാണ്..

താനൊരു തീവ്ര ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിച്ച ഒരു വക്കീൽ പറഞ്ഞു കൊടുക്കുന്ന അസംബന്ധങ്ങൾ ഒരു പാവ കണക്കെ സ്വപ്ന വിളിച്ചു പറയുന്നു. സംഘപരിവാരത്തിന് കേരളത്തിൽ അഡ്രസ് ഉണ്ടാക്കിക്കൊടുക്കാൻ 24/7 പണിയെടുക്കുന്ന മാധ്യമങ്ങൾ അവ ആവർത്തിച്ചാവർത്തിച്ച് കേരള ജനതയിലേക്ക് എത്തിക്കുന്നു. മെഡിക്കൽ കോളേജിലെ രണ്ട് കുട്ടികൾ ഒരുമിച്ച് ഡാൻസ് കളിച്ചപ്പോൾ അതിലൊരാളുടെ മതം ഉയർത്തിക്കാട്ടി കേരളത്തിൽ വിദ്വേഷപ്രചാരണത്തിന് നേതൃത്വം കൊടുത്ത ആളാണ് ഈ വക്കീൽ.. അത്രമാത്രം വർഗ്ഗീയ വിഷം അയാളുടെ തലക്കകത്തൂടെ ഓടുന്നുണ്ട്.. അയാളുടെ ബൈറ്റുകളും സ്വപ്നയുടെ 'വെളിപ്പെടുത്തലു'കളുമാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ സുവിശേഷങ്ങൾ, അന്തിച്ചർച്ചകളുടെ ആക്രാന്ത വിഷയങ്ങൾ.
സ്വർണ്ണക്കടത്തിന്റെ പിന്നിലുള്ള ഗൂഢസംഘം ഏതാണ്, ആ സ്വർണ്ണം ആരാണ് അയച്ചത്, ആർക്ക് വേണ്ടിയാണ് അയച്ചത്, ഏത് ജ്വല്ലറി ഗ്രൂപ്പാണ് അതിന് പിന്നിലുള്ളത് തുടങ്ങിയ മർമ്മപ്രധാനമായ ചോദ്യങ്ങളിലേക്കൊന്നും ഒരിക്കൽ പോലും ചർച്ചകൾ പോകാതെ, അവയുടെ പിന്നിലുള്ള സംഘപരിവാർ കണക്ഷനുകൾ ഒട്ടും വെളിപ്പെടുത്താതെ ഖുർആനും കാരക്കയും ബിരിയാണിച്ചെമ്പും ചർച്ചയാക്കുന്ന ഒരു വിവാദ പരിസരമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ആ പരിസരത്തിന് കൊഴുപ്പ് കൂട്ടാനാണ് യു ഡി എഫ് പ്രവർത്തകർ ഭൂമിയിലും ആകാശത്തും സമരം ചെയ്യുന്നത്. സംഘി വക്കീൽ 'അംബുജാക്ഷൻ തിരക്കഥ' രചിക്കുന്നു, യൂത്ത് കോൺഗ്രസ്സുകാർ ആ തിരക്കഥയിൽ അഭിനയിച്ച് തെരുവിൽ അടി കൊള്ളുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തിയ കേന്ദ്ര ഏജൻസികൾക്ക് ഈ കള്ളക്കടത്തിൽ സംഘപരിവാര കണക്ഷനുകൾ കൃത്യമായി ബോധ്യം വന്നത് കൊണ്ടാവണം അവർ യു ടേൺ അടിച്ച് തിരിച്ചു പോയത്. ഏതെങ്കിലും തരത്തിൽ കേരള സർക്കാരിനേയും ഇവിടത്തെ രാഷ്ട്രീയകക്ഷികളേയും പ്രതിക്കൂട്ടിലാക്കാൻ പറ്റുന്ന ഒരു തരിമ്പെങ്കിലും അന്വേഷണത്തിലൂടെ അവർക്ക് ലഭിച്ചിരുന്നുവെങ്കിൽ സംഘികൾ ദേശീയ തലത്തിൽ അതൊരു പ്രചാരണ വിഷയമാക്കുമായിരുന്നു. കാരണം കേരളവും കേരളം ഉയർത്തുന്ന മതനിരപേക്ഷ പാരമ്പര്യവും അവർക്കൊരു ബാലികേറാ മലയാണ്. അവിടെ കാലുറപ്പിക്കാൻ പറ്റുന്ന ഒരവസരവും കേന്ദ്രസർക്കാറോ അവരെ നയിക്കുന്ന നാഗ്പൂർ സംഘമോ വെറുതേ വിടില്ല.. സാമാന്യ ബുദ്ധികൊണ്ട് മാത്രം മനസ്സിലാക്കാവുന്ന കാര്യമാണ് ഇത്..


സ്വപ്ന തന്നെ പുറത്ത് വിട്ട മൊബൈൽ സംഭാഷണങ്ങളിൽ അവർ കൃത്യമായി പറയുന്നുണ്ട് 'നീ പറയുന്നത് പോലൊക്കെ ഞാൻ പറയാം, അത് പോലെക്കെ ഞാൻ ചെയ്യാം, എനിക്കീ കേസിൽ നിന്ന് രക്ഷപ്പെടണം' എന്ന്.. അത് ഇപ്പോഴത്തെ അവരുടെ മാനസികാവസ്ഥയുടെ വെളിപ്പെടുത്തലാണ്.. അവർ പുറത്ത് വിട്ട അവരുടെ തന്നെ സംഭാഷണങ്ങൾ വെളിപ്പെടുത്തുന്ന ഏക കാര്യം ഏത് ചെകുത്താൻ പറയുന്ന ഏത് തിരക്കഥയും ആടാൻ തയ്യാറായി നില്ക്കുന്ന ഒരാളാണ് താനെന്ന് പൊതുസമൂഹത്തോട് തുറന്നു പറയുക എന്നത് മാത്രമാണ്. ആ മാനസികാവസ്ഥയുടെ രാഷ്ട്രീയ സാധ്യതകൾ മനസ്സിലാക്കിയിട്ടാണ് ആയിരം വക്കീലന്മാരെ സ്വപ്നക്ക് വേണമെങ്കിൽ ഞങ്ങൾ നല്‌കും എന്ന് കെ സുരേന്ദ്രനും ബിജെപിയും പറയുന്നത്. അതിന് വേണ്ടിത്തന്നെയാണ് അതിന് പറ്റിയ ഒരാളെ ഇപ്പോൾ വക്കീലായി കൊടുത്തിട്ടുമുള്ളത്. അയാൾ അയാളുടെ ദൗത്യം കൃത്യമായി ചെയ്യുന്നുണ്ട്. നമ്മുടെ മാധ്യമങ്ങളിലെ വികാരകുമാരന്മാർ അതിനനുസരിച്ച് രംഗം കൊഴുപ്പിക്കുന്നുണ്ട്.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന രാഷ്ട്രീയക്കളികൾക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യവും ഒന്നിച്ചുള്ള പോരാട്ടവും ആവശ്യമായ ഘട്ടമാണിത്. നിരവധി അന്വേഷണങ്ങൾ നടന്നു കഴിഞ്ഞ ഒരു വിഷയത്തിൽ, അവിഹിതമായി ഒന്നും കണ്ടെത്താൻ കഴിയാത്ത വർഷങ്ങൾ പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കി രാഹുൽ ഗാന്ധിയെ തുടർച്ചയായി ചോദ്യം ചെയ്യുന്നു. രാവിലെ മുതൽ പാതിരാത്രി വരെ.. പാർട്ടിയും പാർട്ടി പത്രവും എന്നതിനപ്പുറം വ്യക്തിപരമായ തലത്തിലുള്ള ഒരു സാമ്പത്തിക ഇടപാടുകളൂം നടക്കാത്ത ഒരു കേസിലാണിതെന്ന് ഓർക്കണം.. ചോദ്യം ചെയ്യൽ പ്രഹസനങ്ങൾ മൂന്ന് ദിവസമായി തുടരുന്നു, കാശ് കൊടുത്ത് കൂടെ നിർത്തിയിട്ടുള്ള ദേശീയ മാധ്യമങ്ങളിലൂടെ നുണക്കഥകൾ നിരന്തരം പ്രചരിപ്പിക്കുന്നു.
ഈ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച കൊണ്ട് പ്രതിപക്ഷത്തിന്റെ അവശേഷിക്കുന്ന ജീവനും കൂടി ഇല്ലാതാക്കി സമ്പൂർണ്ണമായി ഒരു ഫാസിസ്റ്റ് രാജ്യത്തിലേക്കുള്ള പോക്കിന്റെ അടിത്തറ പണിയുകയാണ് കേന്ദ്രത്തിലെ ദിനോസറുകൾ.. അതിനെതിരെ ഏറ്റവും ശക്തമായി ശബ്ദിക്കേണ്ട കേരള ഘടകം, കോൺഗ്രസ്സിന് രാജ്യത്ത് ഏറ്റവും കൂടുതൽ എം പി മാരുള്ള ഒരു സംസ്ഥാനത്തെ നേതാക്കൾ, എന്തിനധികം, രാഹുൽ ഗാന്ധിയെപ്പോലും പാർമെന്റിലെത്തിച്ച ഒരു സംസ്ഥാനത്തെ നേതാക്കൾ, ഇവിടെ സംഘികളുടെ തിരക്കഥകൾ വിജയിപ്പിക്കാൻ തെരുവിൽ വെയില് കൊള്ളുകയാണ്..
സംഘികൾ ഇന്ത്യയിൽ ആഴത്തിൽ വേരുറപ്പിക്കുന്നത് അവരുടെ മാത്രം കഴിവ് കൊണ്ടല്ല, അവരെ എതിർത്ത് തോല്പിക്കേണ്ട ചരിത്ര ദൗത്യമുള്ളവരുടെ കഴിവ് കേട് കൊണ്ട് കൂടിയാണ്.. അവരുടെ തിരക്കഥകളും ആസൂത്രണങ്ങളും തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ടവർ അവരുടെ കയ്യിലെ മരപ്പാവകളും മരപ്പാഴുകളുമായി മാറുന്നത് കൊണ്ട് കൂടിയാണ്.
- ബഷീർ വള്ളിക്കുന്ന്