താലിബാൻ അഫ്‌ഗാനിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുകയും അമേരിക്കൻ സേനയുടെ അവസാന സൈനികനും അവിടം വിടുകയും ചെയ്തപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ പത്രം ചുവന്ന അക്ഷരത്തിൽ എഴുതിയ ബാനർ ഹെഡ് ലൈൻ 'സ്വതന്ത്ര അഫ്‌ഗാൻ' എന്നാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ തലക്കെട്ടായിരുന്നു അത്. രണ്ടര പതിറ്റാണ്ട് മുമ്പ് താലിബാൻ ആദ്യമായി അഫ്‌ഗാൻ കീഴടക്കിയപ്പോൾ അന്ന് മാധ്യമം നൽകിയ തലക്കെട്ട് 'വിസ്മയമായി താലിബാൻ' എന്നതാണ്. താലിബാൻ എന്തെന്ന് ലോകം ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത ആ കാലത്ത് അബദ്ധത്തിൽ സംഭവിച്ച ഒരു 'വിസ്മയ'മാണ് അതെന്ന് കരുതുന്നവരും അങ്ങനെ ന്യായീകരിച്ചവരും ധാരാളമാണ്.. എന്നാൽ താലിബാൻ എന്തെന്ന് ലോകം തിരിച്ചറിയുകയും അവരുടെ കൊടും ക്രൂരതകളും ഭീകര പ്രവർത്തനങ്ങളും നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്ത ശേഷവും അവർ തോക്കിൻ മുനയിൽ പിടിച്ചടക്കിയ അഫ്‌ഗാനിസ്ഥാനെ 'സ്വതന്ത്ര അഫ്‌ഗാൻ' എന്ന് വിളിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?.. സാധിക്കും, ജമാഅത്തെ ഇസ്‌ലാമിക്ക് മാത്രം.. കാരണം അവർ ഇത്തരം മതരാഷ്ട്രങ്ങളുടെ സംസ്ഥാപനം അടിസ്ഥാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ്.
മുമ്പുണ്ടായിരുന്നതിനേക്കാൾ മോശവും ഭീകരവുമായ ഒരവസ്ഥയിലേക്ക് ഒരു രാജ്യം പോകുമ്പോൾ അതിനെ സ്വാതന്ത്ര്യം എന്നാണോ വിളിക്കേണ്ടത് എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. അഫ്‌ഗാൻ ജനതക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമർത്തലാണ്. അഫ്‌ഗാനിൽ നിന്ന് രക്ഷപ്പെട്ട് ബെൽജിയം എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടിയ ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം ലോകമെങ്ങും വൈറലായിരുന്നു. അഫ്‌ഗാൻ ജനതയുടെ പ്രതീകമാണ് ആ പെൺകുട്ടി. കുറച്ച് കൂടി സ്പെസിഫിക്കായി പറഞ്ഞാൽ അഫ്‌ഗാനിലെ പെൺകുട്ടികളുടേയും സ്ത്രീകളുടേയും പ്രതീകം. രക്ഷപ്പെട്ടോടാൻ കഴിയാത്ത, താലിബാനും അവരുടെ മതരാഷ്ട്രവും അടിച്ചേല്പ്പിക്കുന്ന ദുരിതങ്ങളുടെ നടുക്കടലിൽ മുങ്ങിത്താഴുന്ന ഒരു ജനതയുടെ നിലവിളി കൂടി രക്ഷപ്പെട്ടപ്പോൾ തുള്ളിച്ചാടുന്ന ആ പെൺകുഞ്ഞിൽ നമുക്ക് കാണാൻ കഴിയണം. അതുപോലെ രക്ഷപ്പെട്ടോടാൻ കഴിയാതെ, തോക്കിനും ബോംബിനും കീഴിൽ, കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ഒരു ജനതയെ നോക്കി അവർ സ്വതന്ത്രരാണ് എന്ന് പറയുന്നതിലും വലിയ അശ്ളീലം വേറെയെന്തുണ്ട്?
അധിനിവേശ ശക്തികൾ തോറ്റ് മടങ്ങിയിട്ടുണ്ടാകും.. ആ അധിനിവേശ ശക്തികളെ ആരും ന്യായീകരിക്കുന്നില്ല. ഇരുപത് വർഷത്തെ അധിനിവേശത്തിന് ശേഷവും ഭീകരവാദികളെയോ തീവ്രവാദികളെയോ അടിച്ചർമർത്താൻ സാധിക്കാതെ, അവർക്ക് വളക്കൂറുള്ള ഒരു മണ്ണൊരുക്കിക്കൊടുത്ത് ഭീരുക്കളെപ്പോലെ ഒളിച്ചോടേണ്ടിവന്ന അമേരിക്കൻ സേനയുടെ ആരാധകരായി സംഘികളും ക്രിസംഘികളുമല്ലാതെ മറ്റാരും കാണുമെന്നും തോന്നുന്നില്ല. പക്ഷേ ആ അധിനിവേശ ശക്തികൾ തിരിച്ചു പോയപ്പോൾ അധികാരം പിടിച്ചെടുത്തിട്ടുള്ളത് അതിന്റെ പതിന്മടങ്ങ് ദുരിതങ്ങൾ ആ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഭീകരരാണ്. അത് കൊണ്ട് തന്നെ ആ ജനതക്ക് ഇപ്പോൾ ലഭിച്ചത് സ്വാതന്ത്ര്യമല്ല, കാതോർത്താൽ അവിടെ നിന്നും കേൾക്കാൻ കഴിയുന്നത് സ്വാതന്ത്രരായതിന്റെ ആഹ്ലാദ നൃത്തങ്ങളല്ല, മറിച്ച് നിവൃത്തിയില്ലാത്ത, പ്രതിഷേധിക്കാൻ കഴിയാത്ത, ശബ്ദമുയർത്താനാകാത്ത ഒരു ജനതയുടെ കീഴടങ്ങലാണ്, അവരുടെ നിലവിളിയാണ്.
മതേതരത്വത്തേയും ബഹുസ്വരതയേയും ആശ്ലേഷിക്കുന്ന, മാനവികതയിൽ വിശ്വസിക്കുന്ന, മനുഷ്യരെ മനുഷ്യരായി കാണുന്ന, അവരുടെ അടിസ്ഥാന അവകാശങ്ങളെ ബഹുമാനിക്കുന്ന, അവരുടെ ചോയ്‌സുകളെ ആദരിക്കുന്ന എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാന കാര്യം ഒരു മതരാഷ്ട്ര വാദികളും ഒരു രാജ്യത്തേയും സ്വതന്ത്രരാക്കില്ല എന്നതാണ്. അവർ ഇസ്‌ലാമിക ഭീകരർ ആണെങ്കിലും ഹൈന്ദവ ഭീകരർ ആണെങ്കിലും ഫലം ഒന്ന് തന്നെയാണ്. ഇന്ത്യയെ തീവ്രഹൈന്ദവതയുടെ അടിസ്ഥാനത്തിൽ ഒരു മതരാഷ്ട്രമാക്കിയാൽ അതും പര്യവസാനിക്കുക മറ്റൊരു താലിബാനിലായിരിക്കും. അത്തരമൊരു തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് മാനവികതയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നവർ തീവ്രവാദികളേയും ഭീകരവാദികളേയും വെള്ളപൂശാൻ നടക്കാത്തത്. അത്തരം ഭീകരർക്ക് വേണ്ടി ആശയപ്രചരണം നടത്തുന്നവരേയും തലക്കെട്ടുകൾ തീർക്കുന്നവരെയും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതും അതേ തിരിച്ചറിവിന്റേയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ്.
താലിബാൻ മാറുമെങ്കിൽ, ഗതകാല രീതികളിൽ നിന്ന് പരിവർത്തനം വന്ന് അവർ മനുഷ്യരായി മാറുമെങ്കിൽ നല്ലത് തന്നെ.. പക്ഷേ അവരുടെ ചരിത്രവും അവർ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളും അവർ കടന്ന് വന്ന നാൾവഴികളും അത്തരമൊരു പ്രതീക്ഷയെ ആസ്ഥാനത്താക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വർത്തമാന കാല യാഥാർത്ഥ്യങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിന്ന് കൊണ്ട് ഇത്തരം അസംബന്ധ തലക്കെട്ടുകൾക്ക് ഒരു 'ചുല്യാറ്റി'ന്റെ തിരുത്ത് വേണ്ടതുണ്ട്. "അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ" എന്നതിന് പകരം "അധിനിവേശം ഒഴിഞ്ഞു, ഇനി താലിബാൻ തീർക്കുന്ന നരകം" എന്നൊരു തിരുത്ത്. മനുഷ്യർക്കും മാനവികതക്കും വേണ്ടിയുള്ള അനിവാര്യമായ ഒരു തിരുത്ത്.