ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിന്റെ പേര് മാറ്റിയിരിക്കുകയാണ്. പേര് മാറ്റങ്ങളുടെ പരമ്പരയിൽ മറ്റൊന്ന് കൂടി. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് പെരുമാറ്റമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന വിഷയം ഖേൽ രത്നയുടെ പേര് മാറ്റമാണല്ലോ..
പ്രശസ്ത ഹോക്കിതാരം ധ്യാൻ ചന്ദിന്റെ പേരിലേക്കാണ് ഖേൽ രത്ന പുരസ്കാരം മാറ്റിയിരിക്കുന്നത്. ധ്യാൻ ചന്ദ് ആദരവ് അർഹിക്കുന്ന ഒരു ഇതിഹാസ താരമാണ് എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ പേരിൽ അവാർഡുകളോ പുരസ്കാരങ്ങളോ ഉണ്ടാവുന്നത് നല്ലത് തന്നെ. എന്നാൽ രാജീവ് ഗാന്ധിയുടെ പേരിലുള്ള ഒരു പുരസ്കാരം എടുത്ത് കളയുന്നതിൽ കൃത്യമായ ഫാസിസ്റ്റ് രാഷ്ട്രീയമുണ്ട്.
നെഹ്‌റു കുടുംബത്തിന്റെ ഒരു സ്മരണയും ഇന്ത്യയിൽ ബാക്കിയാക്കരുതെന്ന രാഷ്ട്രീയമാണ് സംഘപരിവാരം നടത്തുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ ക്യാമ്പസ്സിന് ഗോൾവാൾക്കാരുടെ പേര് നൽകിയിരുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് (JNU) സ്വാമി വിവേകാനന്ദ യൂണിവേറിസ്റ്റി എന്നാക്കണമെന്ന് സംഘപരിവാരം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതുപോലെ നിരവധി സ്ഥാപനങ്ങളുടെ, നഗരങ്ങളുടെ, എയർപോർട്ടുകളുടെ പേരുകളൊക്കെ ഒന്നിന് പിറകെ ഒന്നായി മാറ്റിക്കൊണ്ടിരിക്കുകയാണ്. "രാജ്യത്തുടനീളമുള്ള ജനങ്ങളുടെ അഭ്യർത്ഥന" എന്ന് താടിക്കാരൻ പറയുന്നത് സംഘപരിവാര ചാണകങ്ങളുടെ അഭ്യർത്ഥനയാണ്.
ഇന്ത്യയുടെ മതേതര സാംസ്കാരിക അസ്ഥിവാരം പടുത്തുയർത്തിയ നേതാവാണ് നെഹ്‌റു. രാജ്യത്തെ ശാസ്ത്ര സാങ്കേതിക ഐ ടി വികസനത്തിന് വലിയ സംഭാവനകൾ അർപ്പിച്ച നേതാവാണ് രാജീവ് ഗാന്ധി. തീവ്രവാദി ചാവേറുകളുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ നേതാവ്. അവരുടെയൊക്കെ സ്മരണകളേയും ചരിത്രത്തേയും ഇല്ലാതാക്കി ഒരു സംഘപരിവാര ചരിത്ര പുനർനിർമ്മിതിയുടെ പാതയിലേക്കാണ് രാജ്യത്തെ ഈ വിവരദോഷികൾ കൊണ്ട് പോകുന്നത്. വെറുമൊരു പേര് മാറ്റത്തിനപ്പുറമുള്ള രാഷ്ട്രീയം അതിന് പിന്നിലുണ്ട്.
സംഘപരിവാരം ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്ന ഇന്ത്യയുടെ ചരിത്രത്തേയും ആ ചരിത്രത്തിന്റെ ഭാഗമായ നേതാക്കളേയും വീണ്ടും വീണ്ടും ഓർക്കുകയെന്നതും തലമുറകളിൽ അവ നിലനിർത്തുകയെന്നതും പരിവാര രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന് ഭാഗമാണ്. ആ നേതാക്കളോട് രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവരുണ്ടാകാം. ആ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെ ആ ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം.
രാജീവ് ഗാന്ധിയുടെ ചിത്രം ഇന്നീ എഫ് ബി ചുമരിൽ ഒട്ടിച്ചു വെക്കുന്നതും ആ പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.