സംവാദങ്ങളുടെ ജനാധിപത്യവും നവ സങ്കേതങ്ങളും

ക്രിയാത്മക സംവാദങ്ങളുടെ ഏറ്റവും ചടുലമായ ഭൂമിക ഇന്ന് നവമാധ്യമങ്ങളാണ്. ഓരോ വ്യക്തിക്കും ഒരു ഫോർത്ത് എസ്റ്റേറ്റ് ആകാൻ സാധ്യത നല്കുന്ന വിധം അതിവേഗത്തിൽ പരിവർത്തനങ്ങൾക്ക് വിധേയമാവുകയും അനന്തമായ സംവാദ സാധ്യതകളുടെ ചക്രവാളങ്ങൾ തുറന്നിടുകയുമാണ് നവമാധ്യമങ്ങൾ ചെയ്യുന്നത്. കാലത്തിന് ഒപ്പമോ കാലത്തിന് മുന്നിലോ സഞ്ചരിക്കുന്ന വിവരവിപ്ലവ പ്ലാറ്റ്‌ഫോമുകൾ. നവ മാധ്യമങ്ങളുടെ ചടുലമായ പരിവർത്തിത രൂപങ്ങൾ നമ്മുടെ പൊതുമണ്ഡലത്തെ അങ്ങേയറ്റം സ്വാധീനിക്കുകയും നിത്യജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയെ ഏറ്റവും ക്രിയാത്മകമായ സംവാദ ഇടം എന്നതിനപ്പുറം ഏറ്റവും അപ്ഡേറ്റഡ് ആയ സംവാദ ഭൂമിക എന്ന് വിളിക്കുന്നതാകും കൂടുതൽ ഉചിതമായത്. മാറ്റങ്ങളുടെ ഒരു പെരുമഴക്കാലമാണ് നവമാധ്യമങ്ങളിൽ ഇപ്പോൾ.

ജനങ്ങളുടെ നാവായിരുന്ന പരമ്പരാഗത അച്ചടി - ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ അവരുടെ നാവായി മാറുന്നതിന് പകരം അധികാര കേന്ദ്രങ്ങളുടെ നാവായി മാറുന്ന വർത്തമാന കാലത്ത് നവമാധ്യമങ്ങളുടെ പുതിയ സങ്കേതങ്ങൾ നല്കുന്ന ആശ്വാസം ചെറുതല്ല. അവിടെ നിന്നാണ് ഇപ്പോൾ പ്രതിഷേധങ്ങളുടേയും പ്രതിരോധങ്ങളുടേയും കോട്ടകൾ ഉയരുന്നത്, അവിടെ നിന്ന് തന്നെയാണ് ജനങ്ങളുടെ വിഷയങ്ങൾ പൊതുമണ്ഡലത്തിലെ സംവാദങ്ങളായി രൂപം കൊള്ളുന്നത്. പത്രങ്ങളും ടെലിവിഷനുകളും അവരുടെ പ്രഖ്യാപിത ധർമ്മങ്ങളിൽ നിന്ന് പിറകോട്ട് പോകുമ്പോൾ ആ ധർമ്മങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോകുന്ന പുത്തൻ ഫോർത്ത് എസ്റ്റേറ്റ് ആണ് ഇന്ന് സോഷ്യൽ മീഡിയ. വ്യാജവാർത്തകളുടെ പ്രചാരകരും മുഖംമൂടികളും അവിടങ്ങളിൽ ധാരാളമുണ്ടെങ്കിലും അവയെയൊക്കെ തിരുത്തി മുന്നോട്ട് പോകാനുള്ള ചലനാത്മകതയും ഇപ്പോൾ ആ പ്ലാറ്റുഫോമുകൾക്കുണ്ട്.

നവമാധ്യമങ്ങളുടെ കൂട്ടത്തിലേക്ക് കടന്നു വന്ന ഒരു പുതിയ പ്ലാറ്റ്‌ഫോമാണ് ക്ലബ്ബ് ഹൗസ്. മലയാളികൾക്കിടയിൽ വളരെ വേഗത്തിലാണ് ഇതിന് പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നത്. 2020 മാർച്ചിൽ അതിന്റെ ഐഒഎസ് വേർഷൻ വന്നിരുന്നെങ്കിലും ആൻഡ്രോയിഡ് വേർഷൻ 2021 മെയ് അവസാന പാദത്തിൽ വന്നതോടെയാണ് ഒരു വലിയ തരംഗമായി ക്ലബ്ബ് ഹൗസ് മാറിയത്. ഇതൊരു ഓഡിയോ പ്ലാറ്റ് ഫോമാണ്. ഒന്നുകിൽ നിങ്ങൾ മറ്റാരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുക, അതല്ലെങ്കിൽ ആരുടെയെങ്കിലും സംസാരം കേട്ട് കൊണ്ടിരിക്കുക. ക്ലബ്ബ് ഹൗസിനെ ഒറ്റ വാചകത്തിൽ പരിചയപ്പെടുത്താൻ പറഞ്ഞാൽ അങ്ങിനെ പറയാം.


വാട്സ്ആപ്പ്, ഫെയ്‌സ്‌ബുക്ക്‌, യൂ ടൂബ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങി വൻ പ്രചാരം നേടിയിട്ടുള്ള പ്ലാറ്റ്‌ഫോമുകൾക്കിടയിലേക്കുള്ള ക്ലബ് ഹൗസിന്റെ വരവ് വലിയ പുതുമകളോടെയാണ്. വ്യക്തികളുടെ പ്രൈവസിയിലേക്ക് കടന്ന് കയറാതെ തന്നെ അവരുടെ സംഭാഷണ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് ക്ലബ്ബ് ഹൗസ് ചെയ്യുന്നത്. ഫോട്ടോകളോ ദൃശ്യങ്ങളോ ഷെയർ ചെയ്യപ്പെടാതെ ശബ്ദത്തിന്റെ സാധ്യതകളെ മാത്രം ഉപയോഗപ്പെടുത്തുന്നതിനാൽ അടുക്കളയിലോ കിടപ്പറയിലോ എവിടെ നിന്ന് കൊണ്ടും ക്ലബ്ബിലെ ചർച്ചകളോ സംവാദങ്ങളോ ശ്രവിക്കുവാനും അതിൽ പങ്കെടുത്ത് സംസാരിക്കുവാനും സാധാരണക്കാർക്ക് അവസരം ലഭിക്കുന്നു. ടെലിവിഷൻ സംവാദങ്ങളും ചർച്ചകളും കാണുകയും കേൾക്കുകയും ചെയ്യുക എന്നതിനപ്പുറം പ്രേക്ഷകർക്ക് അതിൽ ഇടപെടാനുള്ള അവസരങ്ങൾ ലഭിക്കുന്നില്ല, എന്നാൽ ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ വ്യക്തികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാനും ഒരുവേള ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മോഡറേറ്റർമാർമാരായി പ്രത്യക്ഷപ്പെടാനും സാധിക്കും. പൊതുമണ്ഡലത്തിൽ ഏത് വിഷയം ചർച്ചക്കെടുക്കണം എന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്ന അവസ്ഥയിൽ നിന്ന് ജനങ്ങൾ സംവാദ വിഷയങ്ങൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കുള്ള പരിണാമം കൂടിയാണിത്.

ലക്ഷദ്വീപ് വിഷയം കത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ക്ലബ്ബ് ഹൗസിന്റെ വരവ്. ആദ്യമായി ഈ പ്ലാറ്റ്ഫോമിനെ സംസ്ഥാന തലത്തിലുള്ള ഒരു പരിപാടിക്ക് ഉപയോഗപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടത് ഡിവൈഎഫ്ഐ നടത്തിയ ലക്ഷദ്വീപ് ഐക്യദാർഢ്യ പരിപാടിയിലാണ്. അവരുടെ സംസ്ഥാന നേതാക്കളും സാമൂഹ്യ നിരീക്ഷകരുമൊക്കെ സംസാരിച്ച പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഈ പ്ലാറ്റ്റ്ഫോം ജനകീയമാകുന്നതിന് മുമ്പ് തന്നെ ഇത്രയധികം പേർ ലൈവായി നടക്കുന്ന ഒരു ഓഡിയോ പരിപാടി കേൾക്കാൻ എത്തുന്നത് കൗതുകമുണർത്തുന്ന ഒന്നായിരുന്നു. പിറ്റേ ദിവസം യൂത്ത് കോൺഗ്രസ്സ് അടക്കമുള്ള പല സംഘടനകളും ഈ വിഷയത്തിൽ തന്നെ ചർച്ചകൾ നടത്തി. അവയിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഒരു ഗ്രൂപ്പിൽ ഒരേ സമയം അയ്യായിരം ആളുകൾക്ക് പ്രവേശിക്കാമെന്ന നിബന്ധന പിന്നീട് ക്ലബ്ബ് ഹൗസ് എണ്ണായിരമായി ഉയർത്തി. അതിനിയും ഘട്ടം ഘട്ടമായി ഉയർത്തിക്കൊണ്ട് വരാനുള്ള സാധ്യതയുണ്ട്.


കഴിഞ്ഞ ദിവസം ഓണലൈൻ പോർട്ടലായ The Cue സംഘടിപ്പിച്ച ഒരു ചർച്ച ശ്രവിക്കുവാൻ ഈ ലേഖകൻ ശ്രമിച്ചപ്പോൾ അവർ അതിന്റെ മാക്സിമം കപ്പാസിറ്റിയിൽ നില്ക്കുകയാണ്. എണ്ണായിരം പേർ അപ്പോൾ ആ റൂമിലുണ്ട്. ആരെങ്കിലും പുറത്ത് പോയാൽ നിങ്ങൾക്ക് ഉള്ളിലേക്ക് പ്രവേശിക്കാമെന്ന് ക്ലബ് ഹൗസിന്റെ നോട്ടിഫിക്കേഷൻ. ഈ പ്ലാറ്റ് ഫോമിനെ ആളുകൾ പരിചയപ്പെട്ടു തുടങ്ങുന്ന ആദ്യ നാളുകളിലെ അവസ്ഥയാണിത്. കൂടുതൽ ജനകീയമാകുന്നതിനനുസരിച്ച് കൂടുതൽ തിരക്കുണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇന്ന് സംവാദങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത് സോഷ്യൽ മീഡിയയാണ്. വ്യവസ്ഥാപിത മാധ്യമങ്ങൾ പൂഴ്ത്തിവെക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ പലതും സംവാദ ഭൂമികയിലേക്ക് കൊണ്ട് വരുന്നത് നവമാധ്യമങ്ങളാണ്. അതുകൊണ്ട് തന്നെ സംവാദങ്ങളുടെ അജണ്ട നിശ്ചയിക്കുന്നതിൽ പരമ്പരാഗത മാധ്യങ്ങൾക്കുള്ള അപ്രമാദിത്വം ഇന്നില്ല. സർക്കാരും കോർപ്പറേറ്റുകളും കുത്തകമുതലാളിമാരും നല്കുന്ന പരസ്യങ്ങളും അത് നല്കുന്ന വാണിജ്യ താത്പര്യങ്ങളും പലപ്പോഴും മാധ്യമങ്ങളെ അവരുടെ മുട്ടിലിഴയുന്ന 'എസ്റ്റേറ്റ്' ആക്കി മാറ്റുന്നുണ്ട്. വാർത്തകൾ മുക്കുന്നതും പൊക്കുന്നതും ഇത്തരം വാണിജ്യ താത്പര്യങ്ങളുടെ ഭാഗമായാണ്. നവമാധ്യമങ്ങളിൽ ഇടപെടുന്ന സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്തരം വാണിജ്യ താത്പര്യങ്ങളില്ല, അതുകൊണ്ട് തന്നെ അവർക്ക് പൂഴ്ത്തിവെക്കേണ്ട വർത്തകളുമില്ല. ഒരു വാർത്തയോ വിഷയമോ നവമാധ്യമങ്ങളിൽ കത്തി നിൽക്കുമ്പോൾ അവയെ തൊടാതെ പോകാൻ വ്യവസ്ഥാപിത മാധ്യമങ്ങൾക്ക് കഴിയില്ല, അത് കൊണ്ടാണ് പറയുന്നത് സംവാദങ്ങളുടെ ജനാധിപത്യം കാത്ത് സൂക്ഷിക്കുന്നതിൽ നവമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട് എന്ന്.  

ഭരണകൂടങ്ങൾക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ ആദ്യകാറ്റ് വീശുക സോഷ്യൽ മീഡിയയിൽ ആയിരിക്കും. ജനഹിതങ്ങളുടെ ഒരു വാണിങ് സിഗ്നൽ അവിടെ നിന്നാണ് പുറപ്പെടുക. അതുകൊണ്ടു തന്നെ ഭരണകൂടങ്ങളുടെ ആദ്യ കണ്ണ് നവമാധ്യമങ്ങളിലാണ്. ഇന്ത്യയിലെ സംഘപരിവാര രാഷ്ട്രീയം ഏറെ ഭയപ്പെടുന്നത് നവമാധ്യങ്ങൾ വഴിയുള്ള മതേതര രാഷ്ട്രീയത്തിന്റെ ചെറുത്ത് നില്പ്പും ഫാസിസ്റ്റ് വിരുദ്ധ ചലനങ്ങളുമാണ്. കൂടുതൽ കർക്കശമായ നിയമങ്ങളിലൂടെ നവമാധ്യമങ്ങളെ വരിഞ്ഞു മുറുക്കാനും എതിർപ്പിന്റെ ശബ്ദങ്ങളെ കരിനിയമങ്ങളിലൂടെ ഇല്ലാതാക്കാനുമാണ് അവരുടെ ഇപ്പോഴത്തെ ശ്രമം. പരാതികളിൽ തീർപ്പ് കല്പിക്കാനും വാർത്തകളുടെ ആദ്യ ഉറവിടം കണ്ടെത്താനും സർക്കാരിന്റെ പ്രതിനിധികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിയമിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നിബന്ധന സോഷ്യൽ മീഡിയയുടെ കഴുത്തിന് പിടിക്കുന്ന ഒന്നാണ്.  


സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ കണ്ടന്റുകളും കൃത്യമായ സർക്കാർ നിരീക്ഷണത്തിലാക്കുവാനും പരാതികൾ ഉണ്ടാകുന്ന പക്ഷം അതിൽ തീർപ്പ് കല്പിക്കുവാനും അത്തരം കണ്ടന്റുകൾ നീക്കം ചെയ്യുവാനുമുള്ള അവകാശം സർക്കാരിൽ കൊണ്ട് വരുന്ന നിയമമാണ് പുതിയ ഐ ടി റെഗുലേഷന്റെ മറവിൽ കേന്ദ്രം നടത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു റിപ്പോർട്ടോ ലേഖനമോ ചിത്രമോ വീഡിയോയോ ദേശവിരുദ്ധമെന്ന് മുദ്ര കുത്താനും അവ അപ്‌ലോഡ് ചെയ്ത വ്യക്തിയെ കണ്ടെത്തി നിയമനടപടികൾ  സ്വീകരിക്കാനുമുള്ള അവകാശം കേന്ദ്ര സർക്കാരിൽ നിക്ഷിതപ്തമാവുകയാണ്.  സോഷ്യൽ മീഡിയപ്ലാറ്റുഫോമുകൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്ന പ്രൈവസി അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.

ഉദാഹരണമായി വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന വിവരങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്ന ഉറപ്പാണ് അവർ അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്നത്. അതൊരു തേർഡ് പാർട്ടിയിലേക്ക് ഒരിക്കലും നല്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത വാട്സ്ആപ്പിനുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമവ്യവസ്ഥകൾ പ്രകാരം അവ കരസ്ഥമാക്കാനും അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകളുടെ പ്രഭവ കേന്ദ്രം കണ്ടെത്താനും അതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിൽ തീർപ്പ് കല്പിക്കാനുമുള്ള അവകാശം അവരിൽ വന്ന് ചേരുകയാണ്. സംഘപരിവാരത്തിനും കേന്ദ്ര സർക്കാരിനും  എതിരെ ഉയരുന്ന ഏത് സന്ദേശത്തെയും ദേശവിരുദ്ധമെന്ന് മുദ്രകുത്താനും നടപടികൾ സ്വീകരിക്കാനും ഇതുവഴി അവർക്ക് സാധിക്കുന്നു. ട്വിറ്റർ, വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ തുടക്കത്തിൽ എതിർപ്പുകൾ ഉയർത്തിയെങ്കിലും അവസാനം കേന്ദ്ര നിബന്ധനകൾക്ക് കീഴടങ്ങുന്ന സമീപനം സ്വീകരിക്കുന്നതായാണ് ഇപ്പോൾ കാണുന്നത്.


ട്വിറ്ററിൽ നിരന്തരം സംഘപരിവാര വിഷപ്രചാരണം നടത്തിയതിന്റെ ഫലമായി നടി കങ്കണ രണാവത്തിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തിരുന്നു, കോൺഗ്രസിനെതിരെ വ്യാജ ടൂൾ കിറ്റ് ആരോപണം ഉന്നയിച്ച ബിജെപി വക്താവ് സംബിത് പാത്രയുടെ ട്വീറ്റ് ട്വിറ്റർ വ്യാജമെന്ന് ഫ്‌ളാഗ് ചെയ്തിരുന്നു. ഇതൊക്കെ അവർക്ക് ചെയ്യാൻ സാധിച്ചത് ഇത്തരം വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം അവരിൽ മാത്രം നിക്ഷിപ്തമായത് കൊണ്ടാണ്. എന്നാൽ ഇനി കാര്യങ്ങൾ തീരുമാനിക്കുന്നതും പരാതികളിൽ വിധിതീർപ്പ് കല്പിക്കുന്നതും കേന്ദ്രമാണെന്ന് വന്നാൽ സോഷ്യൽ മീഡിയയുടെ ജീവൻ നിലക്കുമെന്നർത്ഥം.

അമേരിക്കൻ പ്രസിഡന്റിന്റെ അക്കൗണ്ട് പോലും നീക്കം ചെയ്ത് വ്യാജപ്രചാരണങ്ങൾക്കും ഭരണകൂട ഇടപെടലുകൾക്കും കൃത്യമായ പ്രതിരോധം തീർത്ത ട്വിറ്റർ പോലുള്ള മാധ്യമങ്ങൾ ഇന്ത്യയിൽ സംഘപരിവാരത്തിന്റെ മുട്ടിൽ ഇഴയുന്ന അവസ്ഥയുണ്ടാകുന്നത് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന സംവാദ ജനാധിപത്യത്തെ തീർത്തും ഇല്ലാതാക്കും. പുതിയ മാധ്യമ സങ്കേതങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ജനകീയ അവബോധം വളർത്തിക്കൊണ്ടു വരുന്നതോടൊപ്പം ഇത്തരം ഭരണകൂട ഇടപെടലുകൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും സമാന്തരമായി നടക്കേണ്ടതുണ്ട്. ദേശീയ മാധ്യമങ്ങൾ ഏതാണ്ടെല്ലാം സംഘപരിവാരത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞതിനാൽ നവമാധ്യങ്ങൾ വഴിയുള്ള ചെറുത്ത് നില്പ്പുകൾ കൂടി അവസാനിച്ചു കഴിഞ്ഞാൽ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ചലനങ്ങൾക്കുള്ള എല്ലാ വഴികളും കൊട്ടിയടക്കപ്പെടും.

(ശബാബ് വാരിക പ്രസിദ്ധീകരിച്ചത് 11 June 2021) 

Related Topics

ആ പരിപ്പ് ഇവിടെ വേവില്ല മോനേ

ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം