വാട്സ് ആപ്പിന്റെ പ്രൈവസി പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഉപയോക്താവിന്റെതായി വാട്സാപ്പ് ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ അവരുടെ തന്നെ ഉടമയിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിന് അനുമതി നൽകുന്നവർക്ക് മാത്രമേ 2021 ഫെബ്രുവരി 8 മുതൽ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ എന്നതാണ് ഈ അപ്ഡേറ്റിൽ പറയുന്ന പ്രധാന കാര്യം. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ഒരുനിലയിലുള്ള കടന്നുകയറ്റവും ഉണ്ടാകില്ലെന്നും വാട്സാപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും ഈ വിഷയകമായി വലിയ ആശങ്കകളും ചർച്ചകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്നുണ്ട്.
വാട്സ്ആപ്പ് മെസ്സേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയത് കൊണ്ട് നാം കൈമാറുന്ന മെസ്സേജുകളിൽ പ്രൈവസി സംബന്ധമായ ആശങ്കകൾ ഇല്ല എന്ന് പറയാം. ഒരു തേർഡ് പാർട്ടിക്കോ തേർഡ് പാർട്ടി സോഷ്യൽ മീഡിയ പ്ലാറ്റഫോമിനോ വാട്സാപ്പിന് തന്നെയോ അവ വായിക്കുവാനും കാണുവാനും അവസരം ഉണ്ടാകുന്നില്ല എന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് അർത്ഥമാക്കുന്നത്. എങ്കിലും മെസ്സേജുകൾക്കപ്പുറത്ത്, നമ്മുടെ വാട്സാപ്പിൽ ശേഖരിച്ചിട്ടുള്ള കോൺടാക്ട് ഇൻഫർമേഷൻ, ഐ പി അഡ്രസ്, ലൊക്കേഷൻ, ഡിവൈസ് ഇൻഫർമേഷൻ, നമ്മുടെ മൊബൈലുകളിൽ ശേഖരിച്ചിട്ടുള്ള ചിത്രങ്ങൾ വീഡിയോകൾ ഇവയൊക്കെ എത്രമാത്രം സുരക്തിതമാണ്, ഇവ മറ്റേതെങ്കിലും ഒരു തേർഡ് പാർട്ടിക്ക് ലഭിക്കാനോ കൈമാറ്റം ചെയ്യപ്പെടാനോ ഉള്ള സാധ്യതയുണ്ടോ?.. How Private is WhatsApp എന്ന വലിയൊരു ചോദ്യമാണ് ഇപ്പോൾ ഉപയോക്താക്കൾ ഉയർത്തുന്നത്.
തുടർച്ചയായി ദേശീയ പത്രങ്ങളിൽ മുഴുപ്പേജ് പരസ്യങ്ങളാണ് വാട്സാപ്പ് കൊടുത്ത് കൊണ്ടിരിക്കുന്നത്, സിഗ്നൽ, ടെലഗ്രാം പോലുള്ള സമാന്തര പ്ലാറ്റ്‌ഫോമുകളിലേക്ക് ജനങ്ങൾ വലിയ തോതിൽ ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് യാതൊരു വിധത്തിലുള്ള പ്രൈവസി ലംഘനവും ഇല്ല എന്ന് ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിക്കൊണ്ട് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. എന്നിരുന്നാലും ഉപയോക്താക്കളുടെ ആശങ്കകളും സംശയങ്ങളും ഇപ്പോഴും ബാക്കിയാണ്.
കഴിഞ്ഞ ദിവസമുണ്ടായ ഒരു ചെറിയ അനുഭവം പറയാം. സംശയമാണ്. എന്റെ മൊബൈലിലേക്ക് ജിദ്ദയിലുള്ള ബി എം ഡബ്ലിയു ഷോറൂമിൽ നിന്ന് ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവിന്റെ കാൾ വന്നു. ഞങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ്. കമ്പനിയിലേക്ക് വരാനുള്ള ലൊക്കേഷൻ അദ്ദേഹം തന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു കൊടുത്തു. ആ നമ്പർ ബിഎംഡബ്ലിയു എന്ന് ആദ്യം ചേർത്ത് അദ്ദേഹത്തിന്റെ പേരോടെ സേവ് ചെയ്യുകയും ചെയ്തു. പിന്നീട് ഞാൻ എഫ് ബി തുറന്നപ്പോൾ ആദ്യം കണ്ട പരസ്യം BWM Middle East ന്റേതാണ്. ഇൻസ്റ്റ തുറന്നപ്പോഴും അതേ പരസ്യം.
സാധാരണ ഗതിയിൽ ഗൂഗിളിൽ സെർച്ച് ചെയ്താലോ മറ്റെന്തെങ്കിലും തരത്തിൽ അവരുമായി കമ്മ്യൂണിക്കേഷൻ ഉണ്ടായാലോ അവരുടെ വെബ് പേജ് സന്ദർശിച്ചാലോ ഒക്കെയാണ് ഇത്തരം പരസ്യങ്ങൾ നമ്മുടെ എഫ് ബി യിൽ വരാറുള്ളത്.. പക്ഷേ അതൊന്നുമുണ്ടായിട്ടില്ല, ഇയാളുടെ നമ്പർ സേവ് ചെയ്തു എന്നത് മാത്രമാണ് ഉണ്ടായത്. അതൊരു ബിസിനസ് അക്കൗണ്ട് പോലുമല്ല. അപ്പോൾ ഞാൻ സംശയിക്കുന്നത് തീർച്ചയായും ഞാൻ സേവ് ചെയ്ത കോൺടാക്ട് അഡ്രസ്സ് അവർ അക്സസ് ചെയ്യുകയും ആ ഡാറ്റ ഫേസ്ബുക്കിന്റെയും ഇൻസ്റ്റയുടെയും മാർക്കറ്റിംഗ് ടൂളിലേക്ക് പോവുകയും ചെയ്തു എന്നതാണ്. ഇതിനു പ്രൈവസിയുമായി ഒരു ബന്ധവുമില്ലേ. നമ്മൾ ആരുമായൊക്കെ ബന്ധപ്പെടുന്നു എന്നതും നമ്മുടെ കോണ്ടാക്റ്റും മാർക്കറ്റിങ്ങിന് വേണ്ടിയാണെങ്കിൽ പോലും ചോർത്തുന്നത് ഏത് വകുപ്പിൽ പെടും. ഇനി ആ പരസ്യം പ്രത്യക്ഷപ്പെട്ടത് തികച്ചും യാദൃശ്ചികമായിട്ടാണെങ്കിൽ ഓക്കേ.. ഞാൻ എന്റെ കേസ് വിട്ടു. പക്ഷേ അങ്ങനെ വിശ്വസിക്കാൻ വളരെ പ്രയാസമാണ്.
ചാറ്റുകൾ എൻക്രിപ്റ്റഡ് ആണ്, പക്ഷേ ചാറ്റിനപ്പുറത്തെ പേർസണൽ ഡാറ്റ കൊണ്ട് ഇതുപോലുള്ള ഒരു കളിയും സക്കറണ്ണന് ഇല്ല എന്നാണോ ഈ പരസ്യങ്ങളൊക്കെ കാണുമ്പോൾ നാം കരുതേണ്ടത്. ഇരുപതു ബില്യൺ ഡോളർ കൊടുത്ത് വാട്സാപ്പ് വാങ്ങിയത് ജനങ്ങളെ സേവിക്കാനാണോ?
24 ന്റെ ചർച്ചയിൽ ഞാൻ പറഞ്ഞത് വലിയ പ്രൈവസിയൊന്നും സൈബർ ലോകത്ത് ആരും പ്രതീക്ഷിക്കേണ്ട എന്നാണ്. നമ്മളെ നന്നാക്കാനല്ല അവരൊന്നും കാശ് മുടക്കുന്നത്. നമ്മളെ ഒരു പ്രോഡക്റ്റ് ആക്കി കാശ് തിരിച്ചു പിടിക്കാൻ തന്നെയാണ്. If You're Not Paying for It, You're the Product. അപ്പോൾ അത്ര പ്രൈവസിയൊക്കെ പ്രതീക്ഷിച്ചാൽ മതി. അത് പ്രതീക്ഷിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കളിച്ചാൽ മതി.
ആധാർ നമ്പർ പുറത്തിട്ട് വെല്ലുവിളി നടത്തിയ ട്രായ് ചെയർമാന്റെ കഥയും ഞാൻ സൂചിപ്പിച്ചിരുന്നു. ഡാറ്റ വളരെ സുരക്ഷിതമാണ്, ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്നൊക്കെ വെല്ലുവിളിച്ചു മണിക്കൂറുകൾക്കുള്ളിൽ അയാളുടെ സകല ഡാറ്റയും പേർസണൽ ചിത്രങ്ങളുമടക്കം വെല്ലുവിളി സ്വീകരിച്ചയാൾ പുറത്ത് വിട്ടു. അയാളുടെ അണ്ടർ വെയറിന്റെ സൈസ് മാത്രമേ പിന്നെ പുറത്ത് വരാൻ ബാക്കിയുണ്ടായിരുന്നുള്ളൂ
24 ന്യൂസ് ഈവനിംഗിൽ നടന്ന 'വാട്സ്ആപ് കാലം അസ്തമിക്കുന്നോ?' എന്ന ചർച്ച ഇവിടെ കാണാം. സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ഡോ. ധന്യ മേനോൻ, കൈറ്റ് സിഇഒ അൻവർ സാദത്ത് എന്നിവരോടൊപ്പം സോഷ്യൽ മീഡിയയിലെ സാധാരണക്കാരന്റെ പ്രതിനിധിയായി എന്റെ അഭിപ്രായങ്ങൾ ഞാനും പങ്ക് വെച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ ലഭിക്കാൻ ഈ ചർച്ച ഉപകാരപ്പെടുമെന്ന് കരുതുന്നു.