ശ്രീ സുരേന്ദ്രൻ,
മകളോടൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോ താങ്കൾ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തതും ചില വികൃത മനസ്സുകൾ ആ ഫോട്ടോക്ക് താഴെ എഴുതിയ വൃത്തികെട്ട കമന്റുകളും സൈബർ രംഗത്ത് വലിയ ചർച്ചയാവുകയുണ്ടായല്ലോ. താങ്കളെയും മകളേയും അധിക്ഷേപിച്ചവർക്കെതിരെ സൈബർ സമൂഹം ഒറ്റക്കെട്ടായി നിന്നത് താങ്കൾ ശ്രദ്ധിച്ചു കാണുമെന്ന് തന്നെ കരുതുന്നു, പാർട്ടിയോ ജാതിയോ മതമോ നോക്കാതെ എല്ലാവരും താങ്കളോടൊപ്പം നിന്നു. താങ്കളുടേയും മകളുടേയും ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി.
മകൾക്ക് ആശംസകൾ നേർന്ന് കൊണ്ടും സ്നേഹം പകർന്ന് കൊണ്ടും ഒരായിരം പേരാണ് എഴുതിയത്. കേരളീയ പൊതുസമൂഹത്തിന്റ സാംസ്കാരിക ഔന്നിത്യമാണ് അത് കാണിക്കുന്നത്. ജാതിമത ചിന്തകൾക്കപ്പുറത്ത് നമ്മുടെ പൊതുഇടത്തിന്റെ മനസ്സാണ് ആ കണ്ടത്.
കേരളീയ സമൂഹത്തിന്റെ ഇത്തരമൊരു ഒരുമയെ തകർക്കാനും അതിൽ പരമാവധി വിഷം കലർത്തി മനുഷ്യരെ തമ്മിൽ തമ്മിൽ ശത്രുക്കളാക്കാനുമുള്ള ഒരു രാഷ്ട്രീയത്തിന്റെ വക്താവാണ് താങ്കൾ. മതത്തിന്റെ പേരിൽ എത്ര കടുത്ത വിദ്വേഷം ജനിപ്പിക്കുന്നുവോ, എത്ര കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവോ, എത്ര അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവോ, അത്രമാത്രം വോട്ട് കിട്ടുമെന്നതാണല്ലോ താങ്കൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ അടിത്തറ.കേരളത്തിന്റെ വികസന രാഷ്ട്രീയം, മനുഷ്യരുടെ പ്രശ്നങ്ങൾ, കർഷകരുടെ പ്രശ്നങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടേയും പ്രശ്നങ്ങൾ.. അങ്ങനെ നോക്കിയാൽ ക്രിയാത്മകമായ രാഷ്ട്രീയ അജണ്ടകൾക്ക് വിഷയീഭവിക്കാൻ കടൽ പോലെ വിശാലമായ പ്രതലമുണ്ട്, പ്രശ്നങ്ങളുണ്ട്. എങ്കിലും വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് താങ്കളുടെ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്. കേരളത്തിലും ദേശീയ തലത്തിലും.. വർത്തമാന ഇന്ത്യ ഇന്നെവിടെ എത്തിനിൽക്കുന്നു എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്.
ആ രാഷ്ട്രീയം താങ്കൾ അവസാനിപ്പിക്കില്ല എന്നറിയാം. അതിന് താങ്കൾക്ക് കഴിയുകയുമില്ല എന്നുമറിയാം. എന്നാലും പറയട്ടെ, താങ്കൾ ഇപ്പോൾ അനുഭവിച്ചറിഞ്ഞ കേരളമെന്ന ഈ തുരുത്തിന്റെ മതേതര മുഖവും അതിന്റെ വിശുദ്ധിയും മനസ്സിന്റെ ഒരു കോണിൽ ഏതെങ്കിലുമൊരിടത്ത് ഇത്തിരിയെങ്കിലും സൂക്ഷിക്കണം. താങ്കളുടെ മകളിലൂടെ, അവൾക്ക് ലഭിച്ച പിന്തുണയിലൂടെ, താങ്കൾ തിരിച്ചറിഞ്ഞ നമ്മുടെ മണ്ണിന്റെ സൗരഭ്യം ഒരിത്തിരി ഹൃദയത്തിൽ മാഞ്ഞു പോകാതെ ബാക്കിയാക്കണം.
സ്നേഹത്തിന് പകരം, മനുഷ്യർക്കിടയിൽ പകയും വിദ്വേഷവും ജനിപ്പിക്കാനുതകുന്ന രാഷ്ട്രീയ അജണ്ടകളുമായി തെരുവിലേക്കിറങ്ങുമ്പോൾ മനസ്സിനുള്ളിൽ നിന്ന് അരുതെന്ന് പറയാൻ, വേണമോ എന്ന് രണ്ടാമതൊന്ന് ആലോചിക്കാൻ ഒരു വിളിപാട് ഉണ്ടാകുമെങ്കിൽ അതെത്രമാത്രം നമ്മുടെ നാടിനെ തെളിച്ചമുള്ളതാക്കുമെന്ന് പറയേണ്ടതില്ലല്ലോ.
സ്നേഹത്തോടെ, താങ്കളുടെ മകൾക്ക് ഒരു നല്ല ഭാവിയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മനുഷ്യർ ഇതുപോലെ സ്നേഹത്തോടെയും ഒത്തൊരുമയോടെയും കഴിയുന്ന ഈ മണ്ണിൽ ഭാവിയിൽ ജീവിക്കുവാൻ അവൾക്ക് അവസരമുണ്ടാകട്ടെ എന്നും ആശംസിക്കുന്നു. മനുഷ്യർ ജാതിയുടേയും മതത്തിന്റെയും പേരിൽ പരസ്പരം പകയോടെ കഴിയുന്ന ഒരു കെട്ട കാലത്തിൽ ജീവിക്കുവാൻ അവൾക്കൊരിക്കലും ഇടവരാതിരിക്കട്ടെ..
ഭാവുകങ്ങൾ..
(എഫ് ബി യിലെഴുതിയ കുറിപ്പാണ്.. വായനക്കാരുടെ പ്രതികരണങ്ങൾ അവിടെ വായിക്കാം. )
Recent Posts
അർണബിന്റെ വാട്സ്ആപ് : ഇന്ത്യൻ മീഡിയ എവിടെ എത്തി നിൽക്കുന്നു?
ഹാഗിയ സോഫിയ: എർദോഗാനെ പിന്തുണക്കുന്നവർ തോണ്ടുന്നത് സ്വന്തം കുഴിമാടം