ഏഷ്യാനെറ്റ് പറയുന്നതാണ് ശരി എന്ന് ഒറ്റനോട്ടത്തിൽ പറയാം. യൂണിവേഴ്സൽ റേറ്റിങ്ങിൽ അവർ തന്നെയാണ് മുന്നിൽ. ബാക്കിയെല്ലാവരും പിറകിലാണ്. രണ്ടാം സ്ഥാനത്ത് 24 ഉണ്ട്, മൂന്നും നാലും സ്ഥാനങ്ങളിൽ മനോരമയും മാതൃഭൂമിയുമുണ്ട്, അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 .
എന്നാൽ 24 നല്കിയ ചാർട്ടിനെ അങ്ങനെയങ് പരിഹസിച്ചു തള്ളാനും വയ്യ.. അവർ കൊടുത്തതും ശരിയായ ചാർട്ട് തന്നെയാണ്. വ്യത്യാസം അതൊരു പ്രത്യേക ഏജ് ഗ്രൂപ്പിന്റെതാണ് എന്നതാണ്. 22 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ന്യൂ ജനറേഷനിൽ അവരാണ് ഒന്നാം സ്ഥാനത്ത്.. കഴിഞ്ഞ നാല് ആഴ്ചകളിലും അവർ തന്നെയാണ് ആ ഏജ് ഗ്രൂപ്പിൽ ടോപ്പ്. അപ്പോൾ അതിനെ അങ്ങനെയങ് തള്ളിക്കളയാൻ പറ്റില്ല എന്ന് ചുരുക്കം.
ന്യൂ ജനറേഷനെ ശ്രീകണ്ഠൻ നായർ എങ്ങിനെ കയ്യിലെടുക്കുന്നു എന്നത് ശ്രദ്ധിച്ചു പഠിക്കേണ്ടതുണ്ട്, അടിപൊളി ഗ്രാഫിക്ക്, ന്യൂജൻ സ്റ്റുഡിയോ, ട്രെൻഡി പ്രോഗ്രാംസ് & ഓഗ്മെന്റഡ് റിയാലിറ്റി എഫക്റ്റസ്.. അങ്ങനെ പലതുമുണ്ട്.. ഏഷ്യാനെറ്റിന് ഇതൊന്നുമില്ലേ എന്ന് ചോദിച്ചാൽ എല്ലാമുണ്ട് എന്ന് തന്നെയാണ് ഉത്തരം. പക്ഷേ ശ്രീകണ്ഠൻ നായർ കൊടുക്കുന്ന ആ ന്യൂജൻ ടച്ച് ഇത്തിരി കുറവാണ്.
ഒരുദാഹരണം പറയാം. അതിരപ്പള്ളി വൈദ്യുതി പ്രൊജക്റ്റിന്റെ വാർത്ത. രണ്ട് പേരും അത് കൊടുക്കുന്നു, ഏഷ്യാനെറ്റ് അതിരപ്പള്ളി വെള്ളച്ചാട്ടം കാണിക്കുന്നു, അതിന്റെ മനോഹരമായ ഏരിയൽ വ്യൂ പകർത്തുന്നു. വാർത്ത പറയുന്നു. എന്നാൽ ട്വൻറി ഫോർ ചെയ്തത് ഇതേ പണി തന്നെയാണ്. പക്ഷെ വാർത്താവതാരകൻ നിൽക്കുന്നത് അതിരപ്പള്ളിയിൽ വെള്ളച്ചാട്ടത്തിന്റെ നടുവിലാണ്. കുത്തിവരുന്ന വെള്ളച്ചാട്ടം, അതിനടുത്ത ഒരു പാറക്കെട്ടിൽ ചാടിക്കളിച്ചു കൊണ്ട് റിപ്പോർട്ട് പറയുന്നു നമ്മുടെ മൊട്ട.. (അരുൺ കുമാർ), വി എഫ് എക്സിന്റെ പെരുമഴ. ന്യൂജൻ ഏത് വാർത്ത കാണും, ഏഷ്യാനെറ്റോ അതോ ട്വൻറി ഫോറോ.. അപ്പോൾ കാര്യം സിംപിളാണ്. ഗ്രാഫിക്ക് കളിമാത്രമല്ല, വേറെ പല ഘടകങ്ങളുമുണ്ട്, ഒരുദാഹരണം പറഞ്ഞു എന്ന് മാത്രം.
അംഫൻ ചുഴലിക്കാറ്റ് '24' സ്റ്റുഡിയോയിൽ വീശിയടിച്ചപ്പോൾ എന്ന ടൈറ്റിലിൽ അവർ അവതരിപ്പിച്ച വാർത്ത മറ്റൊരു ഉദാഹരണമാണ്.
ഏഷ്യാനെറ്റ് ചർച്ചയുടെ സാംപിൾ, മൂന്ന് നയതന്ത്ര സൈനിക വിദഗ്ധരും കൂടെ ജന്മഭൂമി മുൻ എഡിറ്ററും.. ചർച്ച ഏതായാലും സംഘി നിർബന്ധം..
ഇതൊക്കെയാണെങ്കിലും ഏഷ്യാനെറ്റിനെ അത്ര പെട്ടെന്ന് അടിച്ചിടാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. അവരുടെ വാർത്താ നെറ്റ്‌വർക്ക് വളരെ വിപുലമാണ്, സാങ്കേതിക മികവും കുറവല്ല.. നല്ല മാധ്യമപ്രവർത്തകരുടെ ഒരു ടീമും അവർക്കുണ്ട്.
എന്നാലും അവർക്കൊരു പേടി കുടുങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. അതാണ് ചില അനുകരണങ്ങൾക്ക് അവർ ശ്രമിക്കുന്നത്. ആദ്യം ഹൺഡ്രഡ് ന്യൂസ് കോപ്പി ചെയ്തു, പിന്നെ ഗുഡ് മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ ഷോയുടെ ഫോട്ടോകോപ്പി നമസ്തേ കേരളം എന്ന പേരിൽ തുടങ്ങി.. അവിടെ ശ്രീകണ്ഠൻ നായർ, ഇവിടെ പി ജി സുരേഷ് കുമാർ. അവിടെ എസ് കെ എൻ.. ഇവിടെ പി ജി എസ്.. ഈച്ചക്കോപ്പി..
ശ്രീകണ്ഠൻ നായരുടെ ഒരു പ്ലസ് പോയിന്റ് അയാൾ കുറേക്കൂടി ലൈവ് ആണെന്നതാണ്. പല ജാതി കളികളും ആ മൂന്ന് മണിക്കൂറിനുള്ളിൽ പുള്ളി നടത്തും.. മൊബൈൽ നോക്കും, മെസ്സേജ് വായിക്കും, അതിനു തമാശ മറുപടികൾ കൊടുക്കും, എം എൽ എ മാരെ റിപ്പോർട്ടർമാരാക്കും, മുനീറിനെക്കൊണ്ട് പാട്ട് പാടിക്കും, അതിനിടയിൽ നാല് ചാട്ടവും ചാടും. മാധ്യമ രംഗത്തെ പതിറ്റാണ്ടുകളുടെ പരിചയവും വിപുലമായ ബന്ധങ്ങളും സഹജമായ നർമ്മബോധവും എല്ലാം വെച്ചുള്ള ഒരു കളിയാണ് എസ് കെ എൻ നടത്തുന്നത്. ആ കളി പി ജി ക്ക് നടത്താൻ കഴിയില്ല.
രണ്ടാം സ്ഥാനത്തിന് വേണ്ടിയായിരുന്നു ഇത് വരെ ചാനലുകൾ തമ്മിലുള്ള മത്സരം, ഒന്നാം സ്ഥാനം ഏഷ്യാനെറ്റിന്റെ കുത്തകയായിരുന്നു.. അതിനാണ് ഇപ്പോൾ മാറ്റം വരുന്നത്.. തട്ടാനും എന്റെ ഭർത്താവും പിന്നെ ഞാനും എന്ന് പറഞ്ഞത് പോലെ ജന്മഭൂമിയുടെ എഡിറ്ററും ശങ്കരൻ വക്കീലും പിന്നെ വിനുവും എന്ന ന്യൂസ് അവർ പാറ്റേണൊക്കെ മാറാൻ പോവുകയാണ്. കാരണം രണ്ടാം സ്ഥാനത്തിന് വേണ്ടിയല്ല, ഒന്നാം സ്ഥാനത്തിന് വേണ്ടിത്തന്നെയാണ് ഇപ്പോൾ മത്സരം..
എഴുതാൻ ഇനിയുമുണ്ട്, പക്ഷേ ഒറ്റയടിക്ക് പറഞ്ഞു ചളമാക്കുന്നില്ല, അടുത്ത എപ്പിസോഡിൽ കൂടുതൽ വിശകലനങ്ങളുമായി നമുക്ക് വീണ്ടും കാണാം, ഗുഡ് ഭായ്..
പോസ്റ്റ് വാർത്തയായി കേൾക്കണമെങ്കിൽ ഇവിടെയുണ്ട്.. മറുനാടൻ ടി വി
Recent Posts
Jamesh Show with Basheer Vallikkunnu
ജീവിതത്തിന്റെ അവസാന സ്റ്റോപ്പിലാണ് പ്രവാസികള്‍, അവര്‍ക്ക് വേണ്ടത് പ്രസ്താവനകളല്ല