ആ പള്ളി അയോധ്യയിൽ തന്നെ ഉയരട്ടെ

പതിറ്റാണ്ടുകൾ നീണ്ടു നിന്ന സാമുദായിക സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ബാബരി മസ്ജിദ് രാമജന്മഭൂമി വിഷയത്തിൽ സുപ്രിം കോടതിയുടെ വിധി വന്നിരിക്കുകയാണ്. തർക്കഭൂമി രാമക്ഷേത്രം പണിയാൻ വിട്ടു കൊടുക്കണമെന്നും പള്ളി പണിയാൻ അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി നൽകണമെന്നുമാണ് സുപ്രിം കോടതിയുടെ വിധി. വിധിയെക്കുറിച്ച് വ്യത്യസ്‍തമായ അഭിപ്രായ പ്രകടനങ്ങളുണ്ട്.. അവയുടെ കൂട്ടത്തിൽ ആവർത്തിച്ചു കേട്ട ഒരഭിപ്രായത്തെക്കുറിച്ചു മാത്രമാണ് ഈ കുറിപ്പ്. വിധിയുടെ ന്യായാന്യായതകളിലേക്കോ ആ വിധിയിലേക്കെത്തിയ ചരിത്ര പാശ്ചാത്തലത്തിലേക്കോ ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. 
"ആ അഞ്ചേക്കർ ഭൂമി മുസ്ലിംകൾക്ക് ആവശ്യമില്ല, ഭൂമി വാങ്ങാനുള്ള പണം ആരുടേയും ഔദാര്യമായി വേണ്ട, ഹൈദരാബാദിലെ തെരുവ് കച്ചവടക്കാർ മാത്രം വിചാരിച്ചാൽ അതിലും വലിയ ഭൂമി വാങ്ങി പള്ളിയുണ്ടാക്കാൻ സാധിക്കും"
അയോധ്യ വിധി വന്നശേഷം ആവർത്തിച്ചു കേൾക്കുന്ന ഒരു വാദമുഖമാണ്..
ഈ വാദഗതിയോട് വിയോജിപ്പുണ്ട്.. ശക്തമായ വിയോജിപ്പ്.. എന്ത് കൊണ്ടെന്നാൽ..


1) ഇന്ത്യയിൽ ആയിരം പള്ളിയുണ്ടാക്കാൻ മുസ്‌ലിംകൾക്ക് സാധിച്ചേക്കും. പക്ഷേ ഒരു പള്ളി ഉയരേണ്ടത് ബാബരി മസ്ജിദ് പൊളിച്ചു നീക്കപ്പെട്ട അയോദ്ധ്യ നഗരത്തിൽ തന്നെയാണ്.. സുപ്രിം കോടതിയുടെയും കേന്ദ്ര സർക്കാരിന്റേയും മേൽനോട്ടത്തിൽ തന്നെ അത് പടുത്തുയർത്തപ്പെടണം. പള്ളികളുടെ കുറവ് മുസ്‌ലിംകൾക്കില്ല, പക്ഷേ നീതി നിഷേധിക്കപ്പെട്ട രണ്ടാം തരം പൗരന്മാരാണ് തങ്ങളെന്ന ബോധം അവരിലുണ്ടാകാൻ പാടില്ല. അതുകൊണ്ട് തന്നെ ബാബരി മസ്ജിദിന്റെ തലയെടുപ്പോടെ തന്നെ മറ്റൊരു പള്ളി ആ നഗരത്തിൽ സർക്കാരിന്റെയും വഖഫ് ബോർഡിന്റെയും മേൽനോട്ടത്തിൽ ഉയർന്ന് വരണം..
2) ഇതൊരു പള്ളിയുടേയോ അമ്പലത്തിന്റെയോ മാത്രം വിഷയമല്ല, ഇന്ത്യയുടെ മതേതര പൈതൃകത്തിന്റെയും ബഹുസ്വരതയുടെ നിലനില്പിന്റേയും പ്രശ്നമാണ്.. അതുകൊണ്ടു തന്നെയാണ് പതിറ്റാണ്ടുകളുടെ സാമുദായിക വിഭജനത്തിനു ഹേതുവായ ആ നഗരത്തിൽ തർക്കപരിഹാരമായി പൊളിച്ചു നീക്കപ്പെട്ട പള്ളി പുനർനിർമിക്കപ്പെടണം എന്ന് പറയേണ്ടി വരുന്നത്..



3) പള്ളി പൊളിച്ചത് അക്രമാസക്തരായ ഒരാൾക്കൂട്ടമാണ്, നിയമം കയ്യിലെടുത്ത സംഘപരിവാരമാണ്, ബിജെപി നേതൃത്വമാണ്. എന്നാൽ വിധിതീർപ്പ് നടത്തിയിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ്. എന്തൊക്കെ പോരായ്മകൾ ആ നിയമസംവിധാനത്തിന് ഉണ്ടെങ്കിലും, ആ നിയമവ്യവസ്ഥ കൂടുതൽ ദുർബലപ്പെടാതെ രാജ്യത്ത് നിലനിൽക്കേണ്ടത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ നിലനില്പിന്റെ കൂടി ആവശ്യകതയാണ്.. അതുകൊണ്ട് തന്നെ ആ നിയമസംവിധാനത്തിന്റെ തീർപ്പിനുസരിച്ച - വിയോജിപ്പുകൾ ഉണ്ടെങ്കിൽ പോലും - ഭൂമി ഏറ്റുവാങ്ങി അതിലൊരു ആരാധാനാ മന്ദിരം പണിതുയർത്തുക തന്നെയാണ് വേണ്ടത്.
4) രാമന്റെ ജന്മഭൂമിയിൽ ഒരു രാമക്ഷേത്രം ഉണ്ടാകുക എന്നത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളുടേയും മനസ്സിലെ ആഗ്രഹമാകും. എന്നാൽ ആ ക്ഷേത്രമുയരുന്നത് മുസ്‌ലിം സമൂഹത്തിന്റെ ഹൃദയം പിളർത്തിക്കൊണ്ടാവണമെന്ന് അവരിലൊരു ചെറിയ ശതമാനം പോലും ആഗ്രഹിക്കുന്നുണ്ടാകില്ല. പൊളിച്ചുമാറ്റപ്പെട്ട ഒരു പള്ളിക്ക് പകരം ആ നഗരത്തിൽ തന്നെ ഒരു പള്ളി ഉയർന്ന് കാണാൻ ആഗ്രഹിക്കുന്ന ഹൈന്ദവ സഹോദരങ്ങളായിരിക്കും ഇന്ത്യയിൽ കൂടുതലുണ്ടാകുക. സംഘപരിവാരവും ബിജെപിയും അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ജനവികാരം ഇളക്കിമറിച്ച് സൃഷ്ടിച്ചെടുത്ത ഒരു വികാരഭൂമികയുടെ പുറത്താണ് ആധുനിക ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് മേൽ മുറിവുകൾ വീണത്. ആ മുറിവുകൾ കൂടുതൽ ആഴത്തിലുള്ളതാകാതിരിക്കാനും ഭൂരിപക്ഷ മതേതര സമൂഹത്തിന്റെ പിന്തുണ ഉറപ്പ് വരുത്താനുമുള്ള ശ്രമങ്ങൾക്കാണ് മുസ്‌ലിം സമൂഹം പ്രാമുഖ്യം നൽകേണ്ടത്.. ആ ഭൂമി ഞങ്ങൾക്ക് വേണ്ട എന്ന വികാരപരമായ സമീപനത്തേക്കാൾ വിധിതീർപ്പ് പ്രകാരം ലഭിക്കുന്ന ഭൂമിയിൽ ഒരു പള്ളി ഉയരുക എന്ന വിചാരപൂർണമായ സമീപനത്തിനാണ് കൂടുതൽ ഹൃദയങ്ങളെ കീഴടക്കാൻ സാധിക്കുക.


5) നീതിക്കും നിയമവ്യവസ്ഥകൾക്കുമപ്പുറം കോടതിക്ക് പുറത്തെ പൊതുബോധസമ്മർദ്ദവും സമകാലിക ഇന്ത്യൻ അവസ്ഥയുമെല്ലാം ഇത്തരമൊരു വിധിതീർപ്പിലേക്ക് സുപ്രിം കോടതിയെ നയിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊന്നുണ്ട്, ഈ വിധി നേരെ തിരിച്ചായിരുന്നുവെങ്കിൽ ഇന്ത്യ കൂടുതൽ രക്തച്ചൊരിച്ചിലുകളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുമായിരുന്നു എന്നതാണത്. സംഘപരിവാര രാഷ്ട്രീയം സൃഷ്ടിച്ചെടുത്ത ഒരു വൈകാരികപരിസരം അത്രമാത്രം ഭീതിജനകമാണ്. കോടതി ഇത് തിരിച്ചറിഞ്ഞിട്ടുണ്ടാകും, ആ തിരിച്ചറിവ് കൂടി ഈ വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കും. അപ്പോൾ അതുകൂടി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സമീപനമാണ് മുസ്‌ലിംസമൂഹത്തിന്റെ പ്രതിനിധികളും സുന്നി വഖഫ് ബോർഡും ഈ ചരിത്രസന്ധിയിൽ എടുക്കേണ്ടത്.. പള്ളിയുണ്ടാക്കാൻ കോടതിയുടെ ഔദാര്യം ഞങ്ങൾക്ക് വേണ്ട എന്ന് പറയുക വഴി നീതിന്യായവ്യവസ്ഥയോടുള്ള ഒരു വൈകാരിക അകൽച്ച മുസ്‌ലിം സമൂഹത്തിൽ സൃഷ്ട്ടിക്കപ്പെടും. ആ അകൽച്ച കൊണ്ട് ഗുണങ്ങളൊന്നുമുണ്ടാകില്ല, ദോഷങ്ങളെയുണ്ടാകൂ.
6) നീതിനിഷേധിക്കപ്പെടുന്നു എന്ന തോന്നലാണ് പല സമൂഹങ്ങളിലും തീവ്രവാദ ചിന്താഗതികൾ വേരുപിടിക്കാൻ കാരണമാകാറുള്ളത്. അതുകൊണ്ട് തന്നെ അത്തരമൊരു ദിശയിലേക്ക് കാര്യങ്ങൾ പോകാതെ നോക്കേണ്ടത് അനിവാര്യമാണ്. ഈ വിധിയെത്തുടർന്ന് മുസ്‌ലിം സമൂഹം കാണിച്ച സംയമനം കാലം വിലയിരുത്തും, വിലയിരുത്താതെ പോകില്ല..
ഭൂതകാല സംവാദങ്ങൾക്ക് വിട നല്കാം.
അയോധ്യയിൽ മനോഹരമായ ഒരു രാമക്ഷേത്രം ഉയരട്ടെ.. അയോധ്യയിൽ തന്നെ മനോഹരമായ ഒരു പള്ളിയും ഉയരട്ടെ. അവ രണ്ടും സുപ്രിം കോടതിയും സർക്കാറും നിർദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ ഉയർന്ന് വരട്ടെ.. സ്നേഹവും സഹവർത്തിത്വവും വിജയിക്കുമ്പോൾ വിദ്വേഷവും വിഭജനവും പരാജയപ്പെടും, സംശയം വേണ്ട..


Related Posts