ടെലഫോൺ റെഗുലേറ്ററി അതോറിറ്റിക്ക് മുന്നിൽ പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ ഇന്റർനെറ്റിന്റെ പൂട്ടും താക്കോലും സക്കർബർഗിനെ ഏല്പിച്ച് കാശിക്ക് പോകുക, അല്ലെങ്കിൽ 'താജ്മഹൽ കണ്ട് ചിറിയും തുടച്ചേച്ച് തിരിച്ചു പോടാ ചെക്കാ, ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം' എന്ന് തുറന്നങ്ങ് പറയുക. ഇതിൽ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുവാൻ ട്രായ് ധൈര്യം കാണിച്ചിരിക്കുന്നു. ഇങ്ങനെയൊരു തീരുമാനം പറയാൻ ട്രായ്ക്ക് ധൈര്യം നല്കിയത് നരേന്ദ്ര മോഡിയുടെ നെഞ്ചളവായിരുന്നില്ല , മറിച്ച് ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ നിതാന്ത്ര ജാഗ്രതയും ചെറുത്തു നില്പുമായിരുന്നു. സോഷ്യൽ മീഡിയയെ മൊത്തം ഹൈജാക്ക് ചെയ്യാനും തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും സക്കർബർഗുമായി ചേർന്ന് ഒരവിശുദ്ധ കൂട്ട് കെട്ട് രൂപപ്പെടുത്തിയെടുക്കാനുള്ള മോദിയുടെ ശ്രമങ്ങളെ ഇന്ത്യയിലെ ജാഗ്രത്തായ സോഷ്യൽ മീഡിയ സമൂഹം പരാജയപ്പെടുത്തി എന്ന് പറയുന്നതാകും കൂടുതൽ ശരി. ഡിജിറ്റൽ മീഡിയയുടെ വികാസ പരിണാമത്തിൽ എക്കാലവും ഓർക്കുന്ന ചരിത്രപരവും ധീരവുമായ ഒരു തീരുമാനമാണ് ട്രായിയെക്കൊണ്ട് ഇന്ത്യയിലെ സോഷ്യൽ മീഡിയ കമ്മൂണിറ്റി എടുപ്പിച്ചത്. ഈ തീരുമാനം ഇന്ത്യയിലെ ഇന്റർനെറ്റിന്റെ ഭാവിയെ മാത്രമല്ല, ലോകത്തിന്റെ ഡിജിറ്റൽ ചട്ടക്കൂടിൽ തന്നെ ക്രിയാത്മകമായ ചില ചിന്തകൾക്ക് തുടക്കം കുറിക്കും.
ഒരു വ്യക്തി എന്ന നിലയിൽ വലിയ മാനവിക മൂല്യങ്ങൾ പ്രകടിപ്പിക്കുകയും വളരെ ക്രിയാത്മകമായി സാമൂഹിക ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് ഫെയ്സ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗ്. അദ്ദേഹം ഉണ്ടാക്കിയെടുത്ത ഈ പ്ലാറ്റ്ഫോം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും കോടിക്കണക്കിനാളുകളുടെ നിത്യജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. അക്കാര്യത്തിൽ അദ്ദേഹത്തോട് ആദരവും ബഹുമാനവുമുണ്ട്. ദിവസവും മണിക്കൂറുകൾ ഈ പ്ലാറ്റ് ഫോമിൽ ചിലവഴിക്കുന്നവരുണ്ട്. എന്നിട്ടും എന്ത് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് വെച്ച, വളരെ മാനുഷികവും പുരോഗമനപരവുമെന്ന് തോന്നുന്ന ഒരു സംരംഭത്തെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഭൂരിഭാഗവും എതിർക്കാൻ തയ്യാറായത്. സാധാരണക്കാരായ പലർക്കുമുണ്ടാകാവുന്ന ചോദ്യമാണിത്. ഫ്രീ ബേസിക്സ്, നെറ്റ് ന്യൂട്രാലിറ്റി തുടങ്ങിയ സാങ്കേതിക പദാവലികളുടെ അർത്ഥ തലങ്ങൾ പൂർണമായി മനസ്സിലാക്കിയിരിക്കാൻ ഇടയില്ലാത്ത അവരുടെ അറിവിലേക്കായി ചില കാര്യങ്ങൾ ചുരുക്കിപ്പറയാം. ഇന്റർനെറ്റ് ഡാറ്റ പാക്കേജുകൾ നാം കാശ് കൊടുത്താണ് വാങ്ങാറുള്ളത്. കമ്പ്യൂട്ടറോ മൊബൈലോ ഉണ്ടെങ്കിലും ഈ പാക്കേജ് ഇല്ലെങ്കിൽ ഇന്റർനെറ്റ് ലഭിക്കില്ല. അതുകൊണ്ട് തന്നെ പല പിന്നോക്ക രാജ്യങ്ങളിലും ഇന്റർനെറ്റ് സാധാരണക്കാർക്ക് ഇന്നും അപ്രാപ്യമാണ്. അവർക്ക് കൂടി ഇന്റർനെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതിയാണ്ഇന്റർനെറ്റ് ഡോട്ട് ഓർഗിലൂടെ മാർക്ക് സക്കർബർഗ് മുന്നോട്ട് വെച്ചത്. ഇത്രയും തങ്കപ്പെട്ട ഒരു പദ്ധതിയുമായി വന്ന ഈ പൊന്ന് പോലുള്ള മനുഷ്യനെ നിങ്ങളെന്തിനാണ് എതിർക്കുന്നത് എന്ന ചോദ്യം ഇവിടെ ഉയരാം.
ഫ്രീയായി കുറെ സൈറ്റുകൾ കിട്ടുമ്പോൾ അതിന് പുറത്തേക്ക് കാശ് ചിലവാക്കിപ്പോകാൻ ആളുകൾ മടിക്കുമെന്ന സിമ്പിൾ ലോജിക്കാണ് ഇന്റർ നെറ്റിൽ എന്ത് കാണണമെന്നും കാണരുതെന്നും തീരുമാനിക്കാനുള്ള കുത്തക സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് അടിത്തറ പാകുന്നത്. ഫ്രീ ബേസിക്സിൽ ഇടം കിട്ടിയവരൊക്കെ സവർണ വരേണ്യന്മാരും മറ്റുള്ളവർ അധ:കൃത പാർശ്വവത്കൃതരുമായി രൂപം മാറും. അവർ ഫെയ്സ്ബുക്ക് തമ്പുരാന്റെ കാരുണ്യം കാത്ത് കഴിയണം. അവർ ചോദിക്കുന്ന കാശ് കൊടുത്ത് ആ ഗ്രൂപ്പിൽ കയറിപ്പറ്റണം. അങ്ങനെ ഒരു കുത്തക രൂപപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആ പ്ലാറ്റ്ഫോമിൽ കയറിപ്പറ്റുന്നന്നതിന് ഫെയ്സ്ബുക്ക് നിശ്ചയിക്കുന്ന തുകയും നിബന്ധനകളും ബാധകമാകും. വേണേൽ ചേർന്നാൽ മതി, ഇല്ലെങ്കിൽ പടിക്ക് പുറത്ത് നില്ക്കാം എന്ന അവസ്ഥ. എല്ലാ കുത്തകകളും രൂപപ്പെട്ടു വരുന്നത് ഇങ്ങനെ തന്നെയാണ്. ആദ്യം അല്പം ഫ്രീ കൊടുത്ത് ആളെക്കൂട്ടും. മാർക്കറ്റ് കയ്യിലായിക്കഴിഞ്ഞാൽ തനിസ്വരൂപം പുറത്ത് വരും.
പെട്ടെന്ന് മനസ്സിലാകാൻ മറ്റൊരു ഉദാഹരണം പറയാം. കേരളത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഭൂരിഭാഗവും കാശ് ചിലവാക്കാതെ ഫെയ്സ്ബുക്കിന്റെ ഇന്റർനെറ്റ് ഓർഗ് ഉപയോഗിക്കുന്നു എന്ന് കരുതുക. അപ്പോഴാണ് ഞാനെന്റെ ബ്ലോഗിൽ ഒരു പോസ്റ്റിടുന്നത്. അവരാരും തന്നെ എന്റെ ബ്ലോഗിലേക്ക് തിരിഞ്ഞു നോക്കില്ല. കാരണം ഞാൻ അവരുടെ 'പരിധിക്ക് പുറത്താണ്'.കാശ് കൊടുത്ത് വായിക്കാൻ മാത്രമുള്ള ഉരുപ്പടിയൊന്നും ഞാൻ എഴുതുന്നില്ല താനും. പിന്നെ എന്റെ മുന്നിലുള്ള ഓപ്ഷൻ ഈ ബ്ലോഗ് ഫെയ്സ്ബുക്കിന്റെ പ്ലാറ്റ്ഫോമിൽ ഉൾപെടുത്താമോ എന്ന് ചോദിച്ചു കൊണ്ട് സക്കറണ്ണനെ സമീപിക്കുകയാണ്. അപ്പോഴാണ് പുള്ളിയുടെ യഥാർത്ഥ സ്വഭാവം ഞാൻ അറിയാൻ പോകുന്നത്. ചോദിക്കുന്ന കാശ് കൊടുക്കണം. അല്ലെങ്കിൽ തിരിച്ചു പോരണം. നിർബന്ധിക്കുന്നില്ല, വേണേൽ മതി എന്ന കുത്തക നിലപാട് ആവർത്തിക്കുമെന്ന് ചുരുക്കം. ഡെവലപ്പർമാർക്ക് ഇഷ്ടം പോലെ ഈ പ്ലാറ്റ് ഫോം ഉപയോഗിക്കാം എന്ന് സക്കർബർഗ് പറയുന്നുണ്ടെങ്കിലും Conditions Apply എന്നതൊരു യാഥാർത്ഥ്യമാണ്, ആ യാഥാർത്ഥ്യം അവസാനിക്കുന്നത് കാശിലായിരിക്കുമെന്നത് അവിതർക്കിതവും. കുത്തക പൂർണമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞ ശേഷമേ അവയിൽ പലതും പുറത്തു വരൂ എന്ന് മാത്രം. ഈ പൊല്ലാപ്പിനു സമാന്തരമായി മറ്റൊരു സാധ്യതയും നാം മുൻകൂട്ടി കാണണം. ഫ്രീ ബേസിക്സ് വ്യാപകമായാൽ നിലവിലുള്ള ഡാറ്റ നിരക്കുകൾ കുത്തനെ കൂടുമെന്നതാണത്. കാരണം ഡാറ്റ സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുമെന്നതിനാൽ പിടിച്ചു നില്ക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിരക്കുകൾ കൂട്ടേണ്ടി വരും. അതായത് ഫ്രീ ബേസിക്സിന് പുറത്തേക്കുള്ള സർവീസുകൾ സാധാരണക്കാരന് താങ്ങാൻ പറ്റാത്ത തലത്തിലേക്ക് ഉയരും.
ഇന്റർനെറ്റ് ഡാറ്റകളിൽ വിവേചനം കാണിക്കുന്നു എന്നിടത്താണ് ഇന്റർനെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി എന്ന അടിസ്ഥാന സങ്കല്പവുമായി ഫ്രീ ബേസിക്സ് കൊമ്പ് കോർക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവൻ ഇപ്പോൾ കാശ് കൊടുക്കുന്നത് അവൻ ഉപയോഗിക്കുന്ന ഡാറ്റക്ക് അനുസരിച്ചാണ്. ഏത് സൈറ്റിൽ പോകുന്നുവെന്നതോ എന്ത് സേവനം ഉപയോഗപ്പെടുത്തുന്നുവെന്നതോ നോക്കിയിട്ടല്ല, എത്ര ഡാറ്റ ഉപയോഗിച്ചു എന്ന് നോക്കിയാണ് പാക്കേജുകൾക്ക് കാശ് കൊടുക്കുന്നത്. പത്രം വായിക്കുകയോ യൂറ്റൂബ് കാണുകയോ നെറ്റ് ഗെയിം കളിക്കുകയോ എന്തും ചെയ്യാം. ഡാറ്റക്കനുസരിച്ച് കാശ് കൊടുക്കുക, അല്ലെങ്കിൽ അൺലിമിറ്റഡ് ഡാറ്റക്ക് സബ്സ്ക്രൈബ് ചെയ്യുക. എന്നാൽ ചില സൈറ്റുകൾ ഫ്രീ, ചിലതിന് കാശ് എന്ന രീതി വരുന്നതോടെ ഡാറ്റകളിൽ വിവേചനമായി. ആ വിവേചനത്തിന്റെ രീതിശാസ്ത്രം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ അടുത്ത പടി ഡാറ്റകൾക്കനുസരിച്ച് വ്യത്യസ്ത നിരക്കുകൾ വരിക എന്നതാണ്.
ഗൂഗിൾ നോക്കുന്ന ഡാറ്റക്ക് ഒരു നിരക്ക്, എയർലൈൻ ബുക്കിങ്ങുകൾക്ക് മറ്റൊരു നിരക്ക്, കളികൾക്കും വിനോദങ്ങൾക്കും വേറെ നിരക്ക് എന്നിങ്ങനെ. പലരും ഉദാഹരിച്ചത് പോലെ വൈദ്യുതി ബില്ലിടുമ്പോൾ ഉപയോഗിച്ച യൂനിറ്റ് കണക്കാക്കി ചാർജ് ചെയ്യുന്നതിന് പകരം എന്ത് ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി നിരക്ക് നിശ്ചയിക്കുന്ന പോലെ.. ഫാൻ കറക്കിയാൽ ഒരു നിരക്ക്, വാഷിങ്ങ് മെഷീന് മറ്റൊരു നിരക്ക്, ലൈറ്റിട്ടാൽ വേറൊരു നിരക്ക്.. അതായത് ഇന്റർനെറ്റിൽ കടന്നു കഴിഞ്ഞാൽ നിരക്കുകൾ ഇങ്ങനെ മാറി മറിഞ്ഞ് ഓരോ ക്ളിക്കിനും വ്യത്യസ്ത പണം കൊടുക്കുന്ന ഭ്രാന്തൻ വ്യവസ്ഥയിലേക്ക് പതിയേ എത്തിപ്പെടും എന്നർത്ഥം. അത്തരമൊരു വ്യവസ്ഥയിലേക്ക് ലോകത്തെ കൊണ്ട് ചെന്നെത്തിക്കുന്നതിന് വേണ്ടിയാണ് സക്കർബർഗ് താജ് മഹലിന്റെ സൗന്ദര്യത്തെ പറ്റി വല്ലാതെ വാചാലനാകുന്നത്. നരേന്ദ്ര മോഡിയെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളെക്കുറിച്ചും അടിക്കടി പോസ്റ്റിടുന്നത്. നമ്മളെ എങ്ങിനെയെങ്കിലും അവന്റെ ഫ്രീ ബേസിക്സിന്റെ കുഴിയിൽ ചാടിക്കണം. ചാടിക്കഴിഞ്ഞാൽ കുറച്ച് കാലം നമ്മളത് ആസ്വദിക്കും. മാർക്കറ്റ് കീഴടക്കിക്കഴിഞ്ഞാൽ പിന്നെയാണ് Conditions Apply എന്ന കയർ നാല് ഭാഗത്ത് നിന്നും നമ്മെ വരിയാൻ പോകുന്നത്. ഇന്ത്യയിൽ അംബാനിയുടെ റിലയൻസാണ് സക്കർബർഗിന്റെ പാർട്ണർ. അതായത് അംബാനിയുടെ നെറ്റിലൂടെയായിരിക്കും ഫ്രീ ബേസിക്സ് എത്താൻ പോകുന്നത് എന്നർത്ഥം.. അപ്പോൾ പിന്നെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ, എന്തൊക്കെ ഫ്രീയായി ലഭിക്കുമെന്നും ആ ഫ്രീക്ക് എത്ര ആയുസ്സുണ്ടാകുമെന്നും.
ചുരുക്കിപ്പറഞ്ഞാൽ ഒളിഞ്ഞിരിക്കുന്ന ഈ ചതി നമ്മൾ ഇന്ത്യക്കാർ കൃത്യമായി മനസ്സിലാക്കി. തത്ക്കാലം നിന്റെ ഫ്രീ വേണ്ട, ഇവിടെ ഇപ്പോൾ ഉള്ളത് പോലെ മുന്നോട്ട് പോയാൽ മതി എന്ന് ട്രായ് സക്കർബർഗിന് മറുപടി കൊടുക്കുകയും ചെയ്തു. പരസ്യത്തിനും ലോബിയിങ്ങിനും മറ്റുമായി ചിലവാക്കിയ ശതകോടി ഡോളറുകൾ ഫെയ്സ്ബുക്കിന് നഷ്ടമായി. പക്ഷേ പയ്യൻ അടങ്ങിയിരിക്കുമെന്ന് കരുതുക വയ്യ. ഇന്നലെ ഇട്ടിരിക്കുന്ന പോസ്റ്റിൽ അതാണ് പറയുന്നത്. 'ഇന്ത്യയെ നന്നാക്കാൻ' തന്നെയാണ് തന്റെ ലക്ഷ്യമെന്നും പിന്മാറുന്ന പ്രശ്നമില്ലെന്നും ആണയിടുന്നുണ്ട്. കോടികളുമായി നമ്മുടെ രാഷ്ട്രീയ നേതാക്കളേയും പാർട്ടികളേയും ചാക്കിടാൻ ഫെയ്സ്ബുക്ക് തയ്യാറായി എന്ന് വരും. അതുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ പൗരനും ജാഗ്രതയോടെ ഇരിക്കണം. ഓരോരുത്തരും വരാൻ പോകുന്ന ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാകണം. എല്ലാ തലങ്ങളിലും വ്യാപകമായ ചർച്ചകളും ബോധവത്കരണ ശ്രമങ്ങളും വേണം. ഇന്റർനെറ്റിനെ ഒന്നാകെ വിഴുങ്ങാനുള്ള കുത്തകകളുടെ ശ്രമങ്ങൾക്കെതിരെ ഇന്റർനെറ്റിലൂടെ തന്നെ പ്രതിരോധം തീർക്കണം.. സോഷ്യൽ മീഡിയ ഒറ്റക്കെട്ടായി നില്ക്കണം. കണ്ണും കാതും കൂർപ്പിച്ചിരിക്കണം. നേരിയ ജാഗ്രതക്കുറവ് പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് ഡിജിറ്റൽ ലോകത്തെ കൊണ്ടെത്തിക്കും.
മ്യാവൂ: നമ്മുടെ മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന പോലെ 'സുക്കർബർഗ്' എന്നല്ല 'സക്കർബർഗ്' എന്നാണ് ആ പേരിന്റെ ഏറെക്കുറെ ശരിയായ ഉച്ചാരണം.
Recent Posts
This is Me!.. in Asianet and Media one
മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണ്