നന്ദിയുണ്ട് പ്രിയരേ, നന്ദി

നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു?. പ്രിയപ്പെട്ട വായനക്കാരും സുഹൃത്തുക്കളും നല്കിയ സ്നേഹത്തിന്, എന്റെ യോഗ്യതകൾ ക്കപ്പുറത്തുള്ള അംഗീകാരത്തിന്, എല്ലാത്തിനുമുപരി എന്റെ സ്വപ്നങ്ങളിൽ പോലും ഇടം പിടിക്കാത്തത്ര മനോഹരമായ ഒരു പുസ്തക പ്രകാശന ചടങ്ങ് സമ്മാനിച്ചതിന്.. എല്ലാം ഒരു നിയോഗം പോലെ സംഭവിക്കുകയായിരുന്നു എന്ന് വേണം പറയാൻ. 2007 ൽ ഒരു ചെറിയ ബ്ലോഗ്‌ തുടങ്ങുന്നു. പൊതു വിഷയങ്ങളിലുള്ള എന്റെ ദുർബല ചിന്തകളും അഭിപ്രായങ്ങളും പങ്ക് വെച്ചു തുടങ്ങുന്നു. എട്ടു വർഷത്തിനിടയിൽ നാന്നൂറ്റി അമ്പതിൽ പരം പോസ്റ്റുകളിലേക്ക് ആ എഴുത്ത് യാത്ര നീളുന്നു. നാല്പത് ലക്ഷത്തിലധികം ഹിറ്റുകളും മുപ്പതിനായിരത്തിൽ പരം പ്രതികരണങ്ങളും ബ്ലോഗിൽ ലഭിക്കുന്നു. പോസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുത്തവ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുന്നു. അതിന്റെ പ്രകാശന ചടങ്ങ് അന്താരാഷ്‌ട്ര പ്രസിദ്ധമായ ഷാർജ പുസ്തക മേളയിൽ നടത്തുവാൻ ഭാഗ്യം ലഭിക്കുന്നു. പ്രകാശന കർമം നിർവഹിക്കുവാൻ ലോക പ്രശസ്തനായ അറബ് കവി ശിഹാബ് ഗാനിം എത്തിച്ചേരുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പി സുരേന്ദ്രൻ അത് ഏറ്റു വാങ്ങുന്നു. ബ്ലോഗർമാരും  നവമാധ്യമ എഴുത്തുകാരും സുഹൃത്തുക്കളും മാധ്യമ പ്രവർത്തകരും തിങ്ങി നിറഞ്ഞ ഒരു സദസ്സ് അതിന് സാക്ഷ്യം വഹിക്കുന്നു. എന്റെ ഭ്രാന്തമായ സ്വപ്നങ്ങളിൽ പോലും കടന്നു വരാത്തത്ര മനോഹരമായാണ് എല്ലാം സംഭവിച്ചത്. നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു?.

 

ഹിറ്റ്‌ എഫ് എമ്മിലെ ഷാബു കിളിത്തട്ടിൽ അവതാരകനായ ചടങ്ങിൽ പ്രിയ കഥാകൃത്ത്‌ സലീം അയ്യനാത്താണ് പുസ്തകത്തെ പരിചയപ്പെടുത്തിയത്.  പരമ്പരാഗത വായനാ രീതികളിൽ നിന്ന് മാറി യുവാക്കളും കുട്ടികളും നവ മാധ്യമങ്ങളിൽ കൂടുതൽ സജീവമായ ഇക്കാലത്ത് കൂടുതൽ സാഹിത്യ സൃഷ്ടികൾ ഇ മാധ്യമങ്ങളിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പി സുരേന്ദ്രനടക്കമുള്ള എഴുത്തുകാർ നടത്തണമെന്ന് ഞാൻ സൂചിപ്പിച്ചത് പ്രിന്റ്‌ മീഡിയയുമായുള്ള ഒരു ചെറിയ 'ഉരസലിന്' കാരണമായി. സോഷ്യൽ മീഡിയയുടെ ശക്തി തിരിച്ചറിയുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായി മാറാതെ ക്ലാസ്സിക്കൽ സാഹിത്യത്തിന്റെ രീതികളിൽ തന്നെ തുടരാനാണ് തനിക്ക് താത്പര്യമെന്നും തന്റെ ജീനിലുള്ള രീതികളെ ഇനി മാറ്റാനാവില്ലെന്നുമാണ് പി സുരേന്ദ്രൻ അതിനോട് പ്രതികരിച്ചത്. ലൈക്കുകളുടെ അതിപ്രസരം വാർത്തകളുടെ ഗതി തിരിക്കുന്നതിനെ സൂക്ഷിക്കണമെന്നും ഇക്കാര്യത്തിൽ പ്രിന്റ്‌ മാധ്യമങ്ങൾ പുലർത്തുന്ന സൂക്ഷ്മത സാമൂഹ്യ മാധ്യമങ്ങളിൽ കാണാൻ കഴിയുന്നില്ലെന്ന് എം സി എ നാസറും  പ്രതികരിച്ചു.


പ്രകാശന ചടങ്ങ് കവർ ചെയ്ത എല്ലാ മാധ്യമ പ്രവർത്തകർക്കും സോഷ്യൽ മീഡിയയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും വിശദമായി ചോദിച്ചറിയുന്ന പ്രത്യേക അഭിമുഖമെടുത്ത മീഡിയ വണ്‍ ഗൾഫ് എഡിറ്റർ എം സി എ നാസറിനും നന്ദി. പുസ്തക വിശേഷങ്ങൾ ഉൾപെടുത്തി പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ്‌ റേഡിയോയ്ക്കും ജസിത സഞ്ജിതിനും നന്ദി. ജസിതയുമായുള്ള സംഭാഷണം ഇവിടെ കേൾക്കാം.


ദുബായ്, ഷാർജ, അബുദാബി തുടങ്ങി യു എ ഇ നഗരങ്ങളിലെ തിരക്ക് പിടിച്ച ട്രാഫിക്കുകളിൽ മണിക്കൂറുകൾ യാത്ര ചെയ്താണ് പലരും എത്തിയത്. അവരിൽ ബ്ലോഗർമാരും ഫെയ്സ്ബുക്ക്‌ സുഹൃത്തുക്കളും നാട്ടുകാരും കൂട്ടുകാരും മാധ്യമ പ്രവർത്തകരുമെല്ലാം ഉൾപെടും. നാട്ടിൽ നിന്നെത്തിയ പ്രിയ സുഹൃത്തുക്കൾ ആസിഫ് അലിയും മുഹ്സിൻ കോട്ടക്കലും ചടങ്ങിൽ ആത്യന്തം സജീവമായിരുന്നു. നേരിൽ കണ്ടിട്ടില്ലാത്ത, എന്നാൽ ഏറെക്കാലമായി അടുത്ത ഇ സൗഹൃദം പുലർത്തുന്ന പലരെയും നേരിട്ട് കാണാനായി. യു എ ഇ യിലെ പ്രമുഖ മലയാളി ബ്ലോഗർ സുഹൃത്തുക്കളെല്ലാം ചടങ്ങിന് എത്തി എന്നത് അതിയായ സന്തോഷം നല്കുന്നു. ആരുടേയും പേരെടുത്ത് പറയുന്നില്ല.   എല്ലാവരോടും വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയുണ്ട്.  

പ്രകാശന ചടങ്ങിന് ശേഷം ബ്ലോഗർമാർ ഒത്തുകൂടിയപ്പോൾ.
 
ദുബായിയിൽ വെച്ച് നടന്ന  സോഷ്യൽ മീഡിയ ഡിസ്ക്കഷൻ മീറ്റിന് ശേഷം.

ഈ പോസ്റ്റിലെ ഫോട്ടോകളിൽ അധികവും ആഷിദ് ഷാ എടുത്തതാണ്. മനോഹരമായ ആ സ്റ്റില്ലുകൾക്ക് പ്രിയ ആഷിദ്, ഒരായിരം നന്ദി. കൂട്ടുകാർ എഫ് ബി യിൽ ടാഗ് ചെയ്ത ചില ഫോട്ടോകളും ഉണ്ട്. യു എ ഇ യിൽ മൂന്ന് ദിവസം ഞാൻ തങ്ങിയത് എന്റെ ജേഷ്ഠന്റെ മക്കളുടെ കൂടെയാണ്. ദുബായിൽ ജസീലയും ഭർത്താവ് ആരിസും, അജ്മാനിൽ സഹീറും ഭാര്യ സിൻസിയും, അബുദാബിയിൽ നിന്ന് വന്ന സമീറും.. ഓഫീസ് ജോലിയും മറ്റെല്ലാ പരിപാടികളും മാറ്റി വെച്ച് മൂന്ന് ദിവസവും അവരെന്നോടൊപ്പം ഉണ്ടായിരുന്നു. 

ഈ പുസ്തകം കടപ്പെട്ടിരിക്കുന്നത് കൈരളി ബുക്സിനോടും അതിന്റെ എം ഡി അശോക്‌ കുമാറിനോടുമാണ്. നവ എഴുത്തുകാരിൽ നിന്ന് കാശ് വാങ്ങി പുസ്തകം അടിച്ചു കൊടുക്കുന്ന പ്രസാധകരിൽ നിന്നും അദ്ദേഹം വേറിട്ട്‌ നില്ക്കുന്നത് കൊണ്ടാണ് ഈ പുസ്തകം യാഥാർത്ഥ്യമായത്. അക്കാര്യം കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പുസ്തക പ്രസാധന രംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടുവാൻ കൈരളിക്ക്‌ സാധിച്ചത് 'മലയാള വായന'യുടെ ഹൃദയത്തിൽ തൊടാൻ അശോക്‌ കുമാറിന് സാധിച്ചത് കൊണ്ട് കൂടിയാണ്.

ഷാർജ പുസ്തക മേളയുടെ ആവേശത്തോടൊപ്പം നില്ക്കുവാൻ
 കുടുംബ സമേതമാണ് അദ്ദേഹം എത്തിയത്. 

ദീർഘിപ്പിക്കുന്നില്ല. കൈരളി ബുക്സിന്റെ ഔട്ട്‌ ലെറ്റുകളിൽ 'നിനക്ക് തട്ടമിട്ടുകൂടേ പെണ്ണേ' ലഭിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലായി എണ്‍പതിലധികം ഏജൻസികളിലും പുസ്തകം ലഭിക്കും. അവയിൽ പ്രധാന നഗരങ്ങളിലെ ചിലത് താഴെ കൊടുക്കുന്നു.

Athira Books (Stadium Road, Calicut)
Athira Books (Gandhi Road, Calicut)
Big Mart (Vytila, Kochi) Big Mart (Nettoor, Ernakulam) 
December Books (Payyannur)
Kairali Books (kottayam)
Kairali Book House (kodungallur)
Prabhus (Trivandrum)
Pusthakashala (Pathanamthitta)
Azad Book Centre (Thodupuzha)
Kairali Books (Trichur)
Divya Books (Kollam)
Syndicate Books (Chemmad)
Thirurangadi Books (Manjeri)


നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് കൈരളിയുടെ വെബ്‌സൈറ്റിലൂടെ  ഓർഡർ നല്കുകയുമാവാം (kairalibooksonline.com).  ആമസോണിലും പുസ്തകം ലഭ്യമാണ്. 200 പേജുകളുള്ള പുസ്തകത്തിന്റെ വില 200 രൂപയാണ്   വി പി പി ആയി പുസ്തകം ആവശ്യമുള്ളവർ പൂർണമായ വിലാസവും കോണ്ടാക്റ്റ് നമ്പറും അയച്ചു തന്നാൽ (എന്റെ ഇമെയിൽ  vallikkunnu@gmail.com വിലാസത്തിലോ എഫ് ബി വഴിയോ മെസ്സേജ് അയച്ചാൽ മതി) തപാലിൽ അയക്കാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്യാം. വി പി പി ചാർജ് അടക്കം 220 രൂപ പുസ്തകം ലഭിക്കുമ്പോൾ നൽകിയാൽ മതി.

പുസ്തകം വാങ്ങി വായിക്കാൻ ശ്രമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക. 'ഇ' വഴികളിൽ നമുക്ക് വീണ്ടും കാണാം.  എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

Related Posts
തട്ടമിടാത്ത പുസ്തകത്തെക്കുറിച്ച്