തട്ടമിടാത്ത പുസ്തകത്തെക്കുറിച്ച്

പ്രിയ സുഹൃത്തുക്കളേ,
ഈ ബ്ലോഗിൽ പ്രസിദ്ധീകരിച്ച നാന്നൂറ്റി അമ്പതിലധികം പോസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങൾ കൂട്ടിച്ചേർത്ത് ഒരു പുസ്തകം ഇറങ്ങുകയാണ്. 'നിനക്ക് തട്ടമിട്ടൂടേ പെണ്ണേ' എന്ന ടൈറ്റിലിൽ. കൂടുതൽ വായിക്കപ്പെട്ട ഒരു പോസ്റ്റിന്റെ തലക്കെട്ട് നല്കി എന്ന് മാത്രമേയുള്ളൂ. മതം, കല, സാഹിത്യം, വാർത്താ വ്യാപാരം, സിനിമ, യാത്ര തുടങ്ങി വിവിധ മേഖലകളെ പരാമർശിക്കുന്ന മുപ്പത്തിയൊന്ന് ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. കൈരളി ബുക്സ് (കണ്ണൂർ) ആണ് പ്രസാധകർ. രണ്ടായിരത്തി ഏഴ് ജൂണ്‍ മാസത്തിലാണ്  ബ്ലോഗിങ്ങിലേക്ക് കടക്കുന്നത്‌. മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സോഫ്റ്റ്‌ കോപ്പികൾ സൂക്ഷിച്ചു വെക്കാനുള്ള ഒരിടമായാണ് ബ്ലോഗ്‌ തുടങ്ങിയതെങ്കിലും പിന്നീട് ആനുകാലിക വിഷയങ്ങളിലുള്ള പ്രതികരണ വേദിയായി ബ്ലോഗിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. തുടക്ക കാലങ്ങളിൽ ബ്ലോഗിൽ ഉണ്ടായിരുന്ന സജീവത ഇപ്പോൾ കുറഞ്ഞു വന്നിട്ടുണ്ട് എന്നറിയാം. ആഴ്ചയിൽ ഒന്നും രണ്ടും പോസ്റ്റുകൾ ഇട്ടിരുന്ന കാലത്തിൽ നിന്ന് മാസത്തിൽ ഒന്ന് പോലും എഴുതാത്ത അവസ്ഥയിൽ ഇപ്പോൾ എത്തിയിട്ടുണ്ട്. എഴുത്തുകൾ കൂടുതലും ഫെയ്സ്ബുക്കിലേക്ക് മാറിയതാണ് പ്രധാന കാരണം. എന്നാലും നൂറ് കണക്കിന് വായനക്കാർ ദിവസവും ഈ ബ്ലോഗിൽ എത്തുന്നു എന്ന് ബ്ലോഗർ സ്റ്റാറ്റിറ്റിക്സ് കാണിക്കുന്നുണ്ട്. വീണ്ടും ഇവിടെ സജീവമാകാനുള്ള ആവേശം നല്കുന്നത് അതാണ്‌. എന്റെ പ്രിയ വായനക്കാരോടുള്ള കടപ്പാടുകളും ഇഷ്ടവും വാക്കുകളിൽ ഒതുങ്ങുന്നതല്ല.
  
എഴുതുന്ന കാര്യം പെട്ടെന്ന് കൂടുതൽ പേരിലേക്ക് എത്തുന്നതിനും ഷെയർ ചെയ്യപ്പെടുന്നതിനും പ്രതികരണങ്ങൾ കൂടുതലായി ലഭിക്കുന്നതിനും ബ്ലോഗിനേക്കാൾ നല്ലത് ഫെയ്സ്ബുക്ക്‌ ആണ് എന്നതിനാൽ ബ്ലോഗ്‌ അവഗണിക്കപ്പെട്ടുപോകാറാണ് പതിവ്. എന്നാൽ ഫെയ്സ്ബുക്കിൽ എഴുതുന്ന എത്ര ഗഹനമായ വിഷയവും ചർച്ചകളും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താഴ്ന്ന് താഴ്ന്ന് 'പാതാള'ത്തിലേക്ക് പോകും. പിന്നീട് വായിക്കപ്പെടുവാനോ റഫർ ചെയ്യാനോ പ്രയാസമാണ്. എന്നാൽ ബ്ലോഗിൽ നേരെ തിരിച്ചാണ്. ഓരോ ലേഖനവും അതിന് ലഭിക്കുന്ന പ്രതികരണങ്ങളും എത്ര കാലം കഴിഞ്ഞാലും എളുപ്പത്തിൽ തിരഞ്ഞു പിടിക്കാനും റെഫർ ചെയ്യാനും സാധിക്കും. പുതിയ വായനക്കാരെത്തി വീണ്ടും വീണ്ടും വായിക്കപ്പെടുകയും ചെയ്യും. മാത്രമല്ല, നമ്മൾ എഴുതുന്നത്‌ നമ്മുടേതായ ഒരിടത്ത് കൃത്യമായി സൂക്ഷിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്.  അതുകൊണ്ട് തന്നെ ബ്ലോഗെഴുത്തിന്റെ നല്ല കാലത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കണം എന്നാണ് എന്നോടെന്ന പോലെ ബ്ലോഗർമാരായ മറ്റു സുഹൃത്തുക്കളോടും അഭ്യർത്ഥിക്കാനുള്ളത്.

ബ്ലോഗിലൂടെ ഒരു വലിയ സൗഹൃദ വലയം എനിക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ കടുത്ത വിമർശകരേയും. എല്ലാ വിഭാഗത്തിലും പെട്ട സുഹൃത്തുക്കളും വിമർശകരും ഉണ്ട്. പോസ്റ്റുകളുടെ വിഷയമനുസരിച്ച് ഇവരുടെ വരവും പോക്കും മാറിക്കൊണ്ടിരിക്കും എന്ന് മാത്രം. ഇടത്പക്ഷവും വലത്പക്ഷവും സംഘിയും സുഡാപ്പിയുമെല്ലാം പോസ്റ്റുകളുടെ സ്വഭാവമനുസരിച്ച് ഈ പട്ടികയിൽ വന്നും പോയുമിരുന്നിട്ടുണ്ട്. അതത്ര കാര്യമാക്കാറില്ല. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയുടെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി പറയുക എന്നതാണ് പ്രധാനം. അതിന് ഈ ബ്ലോഗും എന്റെ എഫ് ബി പ്രൊഫൈലുമെല്ലാം സഹായകമായിട്ടുണ്ട്.

ഇതെന്റെ രണ്ടാമത്തെ പുസ്തകമാണ്. യുവത ബുക്സ് പ്രസിദ്ധീകരിച്ച  'ഫലസ്തീൻ പോരാട്ടത്തിന്റെ നാൾവഴി' എന്നതാണ് ആദ്യ പുസ്തകം. ഏതാണ്ട് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണത് പ്രസിദ്ധീകരിച്ചത്.  സോഷ്യൽ മീഡിയയും നവ മാധ്യമ എഴുത്തിന്റെ സംസ്കാരവും വരുന്നതിന് ഏറെ മുമ്പ്.

എന്റെ ഒരു പ്രസാധക സുഹൃത്താണ് ഇങ്ങനെയൊരു പുസ്തകം ഇറക്കുന്നതിനെക്കുറിച്ച് ആദ്യമായി താത്പര്യം പ്രകടിപ്പിച്ചത്. പല തവണ അദ്ദേഹം അത് സൂചിപിച്ചപ്പോൾ ലേഖനങ്ങൾ തെരഞ്ഞെടുത്ത് പുസ്തകത്തിന് വേണ്ട എഡിറ്റിംഗുകൾ നടത്തിയും പുതിയവ ചിലത് ഉൾപ്പെടുത്തിയും മാറ്റർ റെഡിയാക്കിക്കൊടുത്തു. അപ്പോഴാണ്‌ പുസ്തക പ്രസിദ്ധീകരണത്തിന്റെ ചിലവിൽ പ്രധാന ഭാഗം എഴുത്തുകാരൻ തന്നെ വഹിക്കണം എന്ന നിബന്ധന അറിയുന്നത്. അന്വേഷിച്ചപ്പോൾ ഇപ്പോഴത്തെ ഏതാണ്ട് എല്ലാ പ്രസാധകരുടെയും രീതി അതാണെന്ന് അറിഞ്ഞു. പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങൾ മാത്രമേ ഇങ്ങനെയല്ലാതെ പ്രസിദ്ധീകരിക്കൂ. പുസ്തക വിപണി പ്രതിസന്ധി നേരിടുന്നതിനാൽ അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാലും , നമ്മൾ തന്നെ കാശിറക്കി പുസ്തകം അടിച്ചിറക്കുന്ന രീതിയോട് മാനസികമായി യോജിക്കാൻ കഴിയാത്തതിനാൽ വളരെ സൗഹൃദപൂർവ്വം ആ ഉദ്യമത്തിൽ നിന്ന് പിന്മാറി. അക്കാര്യം ഫെയ്സ്ബുക്കിലൂടെ ഒരു സ്റ്റാറ്റസ് ആയി ഇട്ടു. അതിനെത്തുടർന്ന് മൂന്ന് പ്രസാധകർ കാശ് കൊടുക്കാതെ തന്നെ പുസ്തകം ഇറക്കാൻ തയ്യാറായാണെന്ന് അറിയിച്ചു. കൂട്ടത്തിൽ പുസ്തകങ്ങൾ നന്നായി ചെയ്യുന്ന കൈരളി ബുക്സിനെ ഏല്പിക്കുകയും ചെയ്തു. 

നവമ്പർ പതിമൂന്നിന് ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ 'നിനക്ക് തട്ടമിട്ടൂടേ പെണ്ണേ' പ്രകാശനം ചെയ്യപ്പെടും.  വൈകിട്ട് 6 മണി മുതൽ ഏഴ് മണി വരെയാണ് ചടങ്ങിന് അനുവദിക്കപ്പെട്ട സമയം.  Literature Forum ആണ് വേദി. യു എ ഇ യിലുള്ള പ്രിയ സുഹൃത്തുക്കൾ ചടങ്ങിന് എത്താൻ ശ്രമിക്കുക. രണ്ട് ദിവസം ഞാൻ ഷാർജയിൽ ഉണ്ടാവും. ബ്ലോഗർമാരും വായനക്കാരും ഫെയ്സ്ബുക്ക്‌ സുഹൃത്തുക്കളുമായി നിരവധി പേർ യു എ ഇ യിലുണ്ട്. കഴിയുന്നത്ര പേരെ കാണാൻ ശ്രമിക്കാം.


പ്രകാശനത്തിന് ശേഷം കൈരളി ബുക്സിന്റെ ഔട്ട്‌ ലെറ്റുകളിൽ പുസ്തകം ലഭിക്കും. www.kairalibooksonline.com എന്ന വെബ്സൈറ്റിലൂടെ ഓർഡർ നല്കുകയും ആവാം. ഏതാണ്ട് 200 പേജുകൾ ഉള്ള പുസ്തകത്തിന്റെ വില 200 രൂപയാണ്   വി പി പി ആയി പുസ്തകം ആവശ്യമുള്ളവർ പൂർണമായ വിലാസവും കോണ്ടാക്റ്റ് നമ്പറും അയച്ചു തന്നാൽ (എന്റെ ഇമെയിൽ വിലാസത്തിലോ vallikkunnu@gmail.com എഫ് ബി വഴിയോ മെസ്സേജ് അയച്ചാൽ മതി) തപാലിൽ അയക്കാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്യാം. വി പി പി ചാർജ് അടക്കം 220 രൂപ പുസ്തകം ലഭിക്കുമ്പോൾ നൽകിയാൽ മതി.  ഷാർജ പുസ്തക മേളയിൽ മെയ് നാല് മുതൽ തന്നെ പുസ്തകം ലഭ്യമാകും. കൈരളി ബുക്സ് സ്റ്റാൾ Hall No. 5, Stall No. 48. Mobile 0527315805

For online purchase : 1) Amazonhttp://www.amazon.in/Ninak-Thattamittoode-Penne-Basheer-Vallikkunnu/dp/9385366556

2) Kairali Books : http://kairalibooksonline.com/books/35-2015-11-04-07-08-15/231-2015-11-04-09-23-52

അക്കാദമിക നിരൂപണ രംഗത്തും മാധ്യമ വിമർശന രംഗത്തും സജീവമായ ഷാജി ജേക്കബ് സാറാണ് പുസ്തകത്തിന് മുഖവുര എഴുതിയിട്ടുള്ളത്. ഇങ്ങനെയൊരു പുസ്തകം പുറത്തിറക്കുവാൻ എന്നെ പ്രേരിപ്പിക്കുകയും വേണ്ട നിർദ്ദേശങ്ങൾ അപ്പപ്പോൾ നല്കുകയും ചെയ്ത അദ്ദേഹത്തോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.  പുസ്തകത്തെക്കുറിച്ച് അദ്ദേഹമെഴുതിയ മനോഹരമായ റിവ്യൂ ഇതോടൊപ്പം ചേർക്കുകയാണ്. ഇത്രയുമൊന്നും ഞാനർഹിക്കുന്നില്ല എന്നത് ശരിയാണ്. എന്റെ പരിമിതകളെക്കുറിച്ച തികഞ്ഞ ബോധ്യത്തോട് കൂടി തന്നെയാണ് പുസ്തകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ഇതോടൊപ്പം ചേർക്കുന്നത്. പറയാനുള്ളത് മറയില്ലാതെ പറയുന്നു എന്ന അർത്ഥത്തിൽ  ഇതൊരു തട്ടമിടാത്ത പുസ്തകമാണ്. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകാം. പുസ്തകം വാങ്ങുവാനും വായിക്കുവാനും അഭിപ്രായം പറയുവാനും പ്രിയ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

= = = = = = = = = = = =

സൈബർ മാധ്യമങ്ങളും സംവാദ രാഷ്ട്രീയവും

ഷാജി ജേക്കബ്


Avenues and public venues from now on are eclipsed by the screen, by electronic displays, in a preview of the ‘vision machines’ just around the corner’ എന്ന് പോൾ വിറിലിയോ എഴുതിയത് രണ്ടുപതിറ്റാണ്ടു മുൻപാണ്. 1994-ൽ ഇവിടെനിന്നും  എത്ര മുന്നോട്ടു പോയിരിക്കുന്നു നമ്മുടെ സാമൂഹ്യ, മാധ്യമ, ഇന്ദ്രിയാനുഭൂതികൾ! ശൃംഖലിത (networked) മാധ്യമങ്ങളും അവ സൃഷ്ടിക്കുന്ന ഡിജിറ്റൽ, പങ്കാളിത്ത സാധ്യതകളും നവ-സാമൂഹ്യ മാധ്യമങ്ങളുടെ വിനിമയലോകത്തെ അനുദിനം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യസ്ഥലങ്ങളിൽനിന്ന് സംവാദങ്ങൾ മാധ്യമസ്ഥലങ്ങളിലേക്കു കൂടുമാറിയതാണ് ആധുനികാനന്തര രാഷ്ട്രീയ-സാഹിതീയ പൊതുമണ്ഡലങ്ങളുടെ സവിശേഷ സ്വഭാവങ്ങളിലൊന്ന്. രാഷ്ട്രീയത്തിൽ ടെലിവിഷൻ തുടക്കമിട്ട ഈ മാറ്റത്തെ സാമൂഹ്യമാധ്യമങ്ങൾ ഏറെ മുന്നോട്ട് കൊണ്ടുപോയിരിക്കുന്നു. പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്ന് പങ്കാളിത്ത ജനാധിപത്യത്തിലേക്കുണ്ടായ ദിശാവ്യതിയാനത്തിന്റെ കാലമാപിനിയായി രാഷ്ട്രീയത്തിൽ ഈ മാറ്റം വിലയിരുത്തപ്പെടുമ്പോൾ, ആധുനികതയുടെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ അപനിർമിതിയായി സൈബർസാഹിത്യമണ്ഡലം സ്വയം നിർവ്വചിക്കുന്നു. നവമാധ്യമങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്ന ഇത്തരമൊരു സാംസ്‌കാരികക്കുതിപ്പിനു സമാന്തരമായി പരമ്പരാഗത മാധ്യമങ്ങളും നവമാധ്യമ സാങ്കേതികതകളുപയോഗപ്പെടുത്തി സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നു. മുഖ്യധാരാ പൊതുമണ്ഡലത്തിന്റെ നിർവാഹകത്വം ഏറ്റെടുത്തിരുന്ന ആധുനികമാധ്യമങ്ങളിൽനിന്നു ഭിമായി ബദൽ പൊതുമണ്ഡലങ്ങളുടെ നിർമിതിയിലാണ് നവ-സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകൾ വ്യാപകമായി ശ്രദ്ധിക്കുന്നത്. മിക്കപ്പോഴും ആധുനിക മാധ്യമങ്ങളുടെകൂടി പങ്കാളിത്തത്തോടെയാവും നവമാധ്യമങ്ങളുടെ സാമൂഹ്യ ഇടപെടലുകൾ നടപ്പാകുക. അറബ് വസന്തവും അണ്ണാഹസാരെ പ്രസ്ഥാനവുമൊക്കെ ഉദാഹരണമാണ്. ഫേസ്ബുക്ക് വിപ്ലവം, ട്വിറ്റർ വിപ്ലവം എന്നൊക്കെ വിളിക്കപ്പെടുമ്പോഴും ഇവയുടെ തുടക്കം ടെലിവിഷനിലും (അൽ-ജസീറ മുതൽ ഇന്ത്യൻ വാർത്താചാനലുകൾ വരെ) വളർച്ച സാമൂഹ്യമാധ്യമങ്ങളിലും വ്യാപനം മൊബൈൽഫോണിലുമായിരുന്നു എന്നതു കാണാതിരുുകൂടാ. ആധുനികമാധ്യമങ്ങളിൽനിന്നു  ഭിന്നമായ വൈയക്തിക, പങ്കാളിത്ത അനുഭവങ്ങളും ചെലവുകുറവും യുവാക്കളുടെ സാന്നി ധ്യവും സാങ്കേതികതയുടെ സൗകര്യങ്ങളും ബഹുമാധ്യമ (multi media ) സ്വരൂപവും മറ്റും മറ്റും കൊണ്ട് നവമാധ്യമങ്ങൾക്ക് മേൽക്കൈ ലഭിച്ചു എതാണ് ശ്രദ്ധേയം.

ഏതർഥത്തിലും, കൂടുതൽ ജനാധിപത്യപരവും വൈയക്തികവും സ്വതന്ത്രവും ശൃംഖലാബദ്ധവും ആഗോളവും മറ്റുമായ സ്വഭാവങ്ങളിലേക്കും സ്വരൂപങ്ങളിലേക്കും വ്യാപിക്കുന്ന സംവാദാത്മക പൊതുമണ്ഡലത്തിന്റെ വിനിമയസ്ഥലങ്ങളായി മാറുന്നു, സൈബർ, നവ, സാമൂഹ്യ മാധ്യമങ്ങൾ. ഡിജിറ്റൽ ജനാധിപത്യം, ശൃംഖലിത പൊതുമണ്ഡലം തുടങ്ങിയ പരികല്പനകൾ രൂപപ്പെടുത്തി നവമാധ്യമ, സാമൂഹ്യ ചിന്തകർ ഈയവസ്ഥ വിശകലനം ചെയ്യുന്ന പശ്ചാത്തലമിതാണ്.

മലയാളത്തിലും ഇത്തരമൊരു സാഹചര്യം രൂപംകൊണ്ടു കഴിഞ്ഞിരിക്കുന്നു. ടെലിവിഷൻ നിർമിച്ചുകൊണ്ടിരിക്കുന്ന സംവാദാത്മക രാഷ്ട്രീയപൊതുമണ്ഡലത്തിന്റെ പരിമിതികളും സാധ്യതകളും  ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ്. നവ-സാമൂഹ്യ മാധ്യമങ്ങളുടെ പങ്കാളിത്ത-ഡിജിറ്റൽ ജനാധിപത്യ സംവാദസാധ്യതകളും ചർച്ചചെയ്യപ്പെട്ടു വരുന്നു. വ്യക്തിഗത ബ്ലോഗുകളുടെ പ്രചാരം ഇപ്പോൾ കുറവാണ്. ട്വിറ്ററിൽ പരിമിതമായ ആശയവിനിമയമേ നടക്കൂ. അതുകൊണ്ടുതന്നെ മുഖ്യമായും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെടുന്ന അഭിപ്രായങ്ങളും ലേഖനങ്ങളുമാണ് നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ സംവാദരൂപങ്ങൾക്കു തുടക്കമിടുന്നത്. നൂറുകണക്കിനു മലയാളികൾ ഈ രംഗത്തു സജീവമാണ്. ഉദാഹരണത്തിന്, തോമസ് ഐസക്ക്, വി.ടി. ബൽറാം, കെ.ജെ. ജേക്കബ് തുടങ്ങിയവരുടെ രാഷ്ട്രീയവിശകലനങ്ങളും ഹരീഷ് വാസുദേവന്റെയും മറ്റും പാരിസ്ഥിതിക ഇടപെടലുകളും ടി.ടി. ശ്രീകുമാർ, ജെ. ദേവിക, മുരളി തുമ്മാരുകുടി തുടങ്ങിയവരുടെ സാമൂഹിക-രാഷ്ട്രീയ വിമർശനങ്ങളും സൃഷ്ടിക്കുന്ന സംവാദങ്ങളുടെ ലോകം ശ്രദ്ധിച്ചാൽ മതി. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്കു സമാന്തരമായ (മിക്കപ്പോഴും മുന്നോടിയുമായ) ഒരു സംവാദാന്തരീക്ഷത്തിനു രൂപംകൊടുക്കാൻ ഇത്തരം നൂറുകണക്കിനാളുകളുടെ സാമൂഹ്യ മാധ്യമ സാന്നിധ്യത്തിനു കഴിയുന്നു. രാഷ്ട്രീയം, മതം, ജാതി, സിനിമ, കല, സാഹിത്യം, സ്ത്രീ, പരിസ്ഥിതി, വികസനം, ആസൂത്രണം, അഴിമതി, വർഗീയത..... എന്നി ങ്ങനെ ഏതു വിഷയത്തിലും  ഇന്ന് മലയാളത്തിൽ ഏറ്റവും ക്രിയാത്മകമായ സംവാദങ്ങളും ഏറ്റവും സംവാദാത്മകമായ ആശയവിനിമയങ്ങളും നടക്കുന്നത് നവ-സാമൂഹ്യ മാധ്യമങ്ങളിലാണ്. സ്വാഭാവികമായും രാഷ്ട്രീയ-സാഹിത്യ പൊതുമണ്ഡലങ്ങളുടെ നിർമിതിയിലും നിലനിൽപ്പിലും സൈബർ മാധ്യമങ്ങളുടെ സാധ്യതകളന്വേഷിക്കുക എന്നുവച്ചാൽ സമീപകാല കേരളീയ പൊതുമണ്ഡലത്തിന്റെ ചരിത്രമെഴുതുക എന്നുതന്നെയാണയാണർഥം.


ബഷീർ വളളിക്കുന്ന് മുഖ്യമായും തന്റെ ബ്ലോഗിലും (vallikkunnu.com) ഓണ്‍ലൈൻ പത്രമാസികകളിലൂടെ ഫേസ്ബുക്കിലും മറ്റും നടത്തുന്ന ഇടപെടലുകളിൽ നിന്നു തെരഞ്ഞെടുത്ത മുപ്പത്തി ഒന്ന് രചനകളുടെ അച്ചടിരൂപമാണ് ഈ പുസ്തകം. മാധ്യമപരമോ സാങ്കേതികമോ ആയ ഒരു പിൻനടത്തമായല്ല ഇതിനെ കാണേണ്ടത്, മറിച്ച് ഇന്നും  ബഹുഭൂരിപക്ഷം മലയാളികൾക്കും പ്രാപ്യമായ വായനയുടെ പരമ്പരാഗത മാധ്യമരൂപങ്ങളിലേക്ക് നവ-സാമൂഹ്യ മാധ്യമങ്ങൾക്കു സംഭവിക്കുന്ന ഭാവാന്തരം മാത്രമായാണ്. അഥവാ, നവ-സാമൂഹ്യ മാധ്യമങ്ങളിൽ തുടക്കമിടുന്ന സാംസ്‌കാരിക ഇടപെടലുകളുടെ രാഷ്ട്രീയം ആധുനിക മാധ്യമങ്ങളിലേക്കുകൂടി നടത്തുന്ന സ്ഥാനാന്തരത്തിന്റെ പാഠരൂപമെന്ന നിലയിൽ.

പൊതുവെ സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചു പറയാറുളള രണ്ടു പരിമിതികളും-അവയുടെ ഹ്രസ്വതയും തന്മൂലമുളള ആഴക്കുറവും-മറികടക്കുന്നവയാണ് വളളിക്കുന്നിന്റെ ലേഖനങ്ങൾ.

2007 മുതലുളള കാലത്ത് നൂറുകണക്കിനു രചനകളിലൂടെ ലക്ഷക്കണക്കിനു വായനക്കാരെ നേടിയ (മുപ്പതിനായിരത്തിലധികം പ്രതികരണങ്ങൾ; ഓരോ രചനയ്ക്കും ആയിരക്കണക്കിന് വായനക്കാരും) തന്റെ ബ്ലോഗിൽ നിന്ന് തെരഞ്ഞെടുത്തവയാണ് ഭിന്നവിഷയങ്ങളെക്കുറിച്ചുളള ഈ ലേഖനങ്ങൾ. മതം, മാധ്യമം, സാഹിത്യം, കല, സ്ത്രീ, ജീവിതമൂല്യങ്ങൾ എിങ്ങനെ ഭിന്നമണ്ഡലങ്ങളിൽ നടത്തുന്ന കാലികവും സൂക്ഷ്മവും വിമർശനാത്മകവും രാഷ്ട്രീയ സ്വഭാവമുളളതുമായ ഇടപെടലുകളാണ് ഇവയോരോന്നും. നിരവധി ദിശകളിലുളള സംവാദങ്ങൾക്കു തുടക്കമിടുന്നവയോ തുടർച്ച സൃഷ്ടിക്കുവന്നയോ ആണ് ഓരോന്നും.

മതമാണ് ബഷീറിന്റെ മുഖ്യ സംവാദമണ്ഡലം. ദേശീയ മുസ്ലിമിൽ നിന്നും രാഷ്ട്രീയ ഇസ്ലാമിലേക്കു സംഭവിച്ച തലകീഴ്മറിയലിന്റെ ഇന്ത്യൻ പശ്ചാത്തലം മുതൽ ജിഹാദികളുടെയും വംശവൈരത്തിന്റെയും ബാഹ്യ-ആഭ്യന്തര യുദ്ധങ്ങളിൽ ഒരേപോലെ പൊളളിത്തിളയ്ക്കുന്ന ആഗോള ഇസ്ലാമിന്റെ രാഷ്ട്രീയപരിവർത്തനങ്ങൾ വരെയുളളവ എത്രയെങ്കിലും ലേഖനങ്ങളിൽ ബഷീർ ചർച്ചചെയ്യുന്നു. കാലികമായ പ്രശ്‌നസന്ദർഭങ്ങളിലും പ്രകോപനങ്ങളിലും നിന്നുതുടങ്ങി ഇസ്ലാമിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ജീവിതവഴികളിലും മൂല്യബന്ധങ്ങളിലുംകൂടി സഞ്ചരിച്ച് അത് മാനവികതയുടെ പൂർണ്ണചന്ദ്രന്മാരെ സ്വപ്നം കാണുന്നു. യാതൊരു വിട്ടുവീഴ്ചയുമില്ല, രാഷ്ട്രീയഇസ്ലാമിന്റെ വിപര്യയങ്ങളുടെ നേർക്കുളള തന്റെ നിലപാടുകളിൽ ബഷീറിന്. മതം, വിശ്വാസം, തീവ്രവാദം, മാധ്യമം, കല, സാഹിത്യം, സ്ത്രീ എന്നു വേണ്ട, ഏതു വിഷയത്തിന്റെ ചർച്ചയിലും ഇസ്ലാമിന്റെ രാഷ്ട്രീയാസ്തിത്വത്തെ പ്രശ്‌നവൽക്കരിക്കുകതെയാണ് ബഷീറിന്റെ രീതി.


രണ്ടുകാഴ്ചപ്പാടുകൾ ഭദ്രവും കൃത്യവുമായി ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നു തന്റെ ലേഖനങ്ങളിലും ഇടപെടലുകളിലും ഉടനീളം ബഷീർ. ഒന്ന്‌, ഇസ്ലാമിക മതമൗലികവാദവും തീവ്രവാദവും ഭീകരവാദവും മതാത്മകം മാത്രമായ പ്രതിഭാസങ്ങളല്ല, അവയ്ക്ക് ചരിത്രാത്മകവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമൊക്കെയായ പശ്ചാത്തലങ്ങളും വേരുകളും സ്വഭാവങ്ങളുമുണ്ട്. സ്വാഭാവികമായും പ്രശ്‌നപരിഹാരത്തിന് ഒറ്റമൂലികളല്ലാ; സമഗ്രമായ സാമൂഹ്യചികിത്സയാണ് വേണ്ടത്. രണ്ട്, ഇസ്ലാമിന്റെ വിശ്വാസധാരയെന്നത് ഹിംസയുടെ പ്രത്യയശാസ്ത്രമല്ല. അതുകൊണ്ടുതന്നെ യഥാർഥ മുസ്ലിം മൗലിക-തീവ്ര-ഭീകരവാദങ്ങളിലേക്കു വ്യതിചലിക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെയും വ്യക്തികളെയും തളളിപ്പറയുകതന്നെവേണം.

ഈ രണ്ടു നിലപാടുകൾ മുൻനിർത്തിയാണ് ഏതു ജീവിതമൂല്യമണ്ഡലത്തോടും ബന്ധപ്പെടുന്ന ഇസ്ലാമിനെക്കുറിച്ചുളള തന്റെ വീക്ഷണങ്ങൾ ബഷീർ അവതരിപ്പിക്കുന്നത്. വിശ്വാസിയും ജനാധിപത്യവാദിയും മതേതര മാനവികതയുടെ വക്താവുമായ ഒരു മുസ്ലിമിന്റെ സാമൂഹ്യചിന്തകളായി മാറുന്നു, അതുവഴി ഈ രചനകൾ.

കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ അവയുടെ അതിവൈകാരികതകൊണ്ടു സൃഷ്ടിക്കുന്ന പ്രതിപ്രവർത്തനങ്ങളിൽനിന്നാണ് തുടക്കം. ഇറാഖിലും സിറിയയിലും മുസ്ലിങ്ങൾ പരസ്പരം വെടിവച്ചു കൊല്ലുമ്പോൾ മൗനംപാലിക്കുന്ന 'വിശ്വാസികൾ' ഗസയിലെ കൂട്ടക്കൊലക്കുനേരെ ശബ്ദമുയർത്തുന്നതിന്റെ അർഥശൂന്യതയെക്കുറിച്ചാണ് 'നിനക്കു തട്ടമിട്ടൂടെ പെണ്ണേ' എന്ന ലേഖനം. മുസ്ലിങ്ങളെ മുസ്ലിങ്ങൾ കൊന്നാലും അമുസ്ലിങ്ങൾ കൊന്നാലും ഒരുപോലെ അതിനെതിരെ രംഗത്തുവരാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രവാചകന്റെ കാലം മുതൽ നവമാധ്യമങ്ങളുടെ കാലംവരെയും ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഗസയിലെ അടിസ്ഥാന പ്രശ്‌നം മതമല്ല, രാഷ്ട്രീയമാണ്; രാഷ്ട്രീയാധിനിവേശമാണ് എന്നു മനസ്സിലാക്കി അതിനോടു പ്രതികരിക്കുന്നതിനു പകരം മതവികാരം ഇളക്കിവിടുകയാണ് പലരും ചെയ്യുന്നതെന്ന് ബഷീർ വിമർശനമുന്നയിക്കുന്നു.

മുസ്ലിം തീവ്രവാദത്തിനെതിരെ ലേഖനങ്ങളെഴുതുന്ന ബഷീർ ഹിന്ദുവർഗീയതയെക്കുറിച്ച് എന്തുകൊണ്ടെഴുതുന്നില്ല എന്ന ചോദ്യത്തിനുളള പ്രതികരണമാണ് ശ്രദ്ധേയമായ മറ്റൊരു രചന. 'കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്തവർ'. മുസ്ലിങ്ങൾ വിതയ്ക്കുന്ന തീവ്രവാദത്തിന്റെ കാറ്റിനെതിരെ മുസ്ലിങ്ങൾതന്നെ രംഗത്തുവരേണ്ടതിന്റെ ആവശ്യമാണ് ബഷീർ ഉയിക്കുന്നത്. ഹിന്ദു തീവ്രവാദത്തെ തോല്പിച്ചുകൊണ്ടിരിക്കുന്നത് മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ അല്ല, ഹിന്ദുക്കൾക്കിടയിലെ തന്നെ മിതവാദികളാണ് എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്രവാചകവചനങ്ങളും പ്രവൃത്തികളും മുൻനിർത്തി, യഥാർഥ മുസ്ലിം ആരായിരിക്കണം, എന്തായിരിക്കണം എന്ന്‌ ഗ്രന്ഥകാരൻ തുറെഴുതുന്നു: "മതത്തിന്റെ 'സംരക്ഷകരിൽ' ഭൂരിഭാഗവും താത്വികമായി മതവിരുദ്ധരാണ് എന്നതാണ് ആധുനിക ലോകത്തിന്റെ വലിയ ദുരന്തങ്ങളിൽ ഒന്ന്‌. ബോംബും കലാഷ്‌നിക്കോവുമായി ഇസ്ലാമിനെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരുകൂട്ടം വികാരജീവികൾ...ലോകത്തിന്റെ പല കോണുകളിലായി അവരുടെ നെറ്റ് വർക്ക് ശക്തിപ്പെട്ടു വരികയാണ്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭരണകൂടമോ അതല്ലെങ്കിൽ സമാന സ്വഭാവമുളള തീവ്രവാദ ഗ്രൂപ്പുകളോ ഉയർത്തുന്ന താത്വിക ന്യായീകരണങ്ങളെക്കുറിച്ചല്ല, കാലാകാലങ്ങളായി നടക്കുന്ന സായുധപോരാട്ടങ്ങളിലെ മൃഗീയ സമീപനങ്ങളെക്കുറിച്ചാണ് പറയാൻ ആഗ്രഹിക്കുന്നത്. ചന്തയ്ക്ക് കൊണ്ടുപോകുന്ന അറവ് മാടുകളെപ്പോലെ മനുഷ്യരെ ഒരു ട്രക്കിൽ കുത്തിനിറച്ച് കൊണ്ടുപോയി വിജനമായ മരുഭൂമിയിൽ വൈക്കോൽ കൂനകൾ കൂട്ടിയിടുന്നത് പോലെ കൂട്ടിയിട്ട ശേഷം തുരുതുരാ വെടിവെച്ച് കൊല്ലുമ്പോൾ വിളിക്കുന്നത് അല്ലാഹു അക്ബർ എന്ന മുദ്രാവാക്യമാണ്. പാക്കിസ്ഥാനിലെ സ്‌കൂളിലേക്ക് ഇരച്ചുകയറി നൂറിലധികം കുഞ്ഞുങ്ങളെ നിരത്തിനിർത്തി വെടിവെച്ച് കൊന്നപ്പോൾ വിളിച്ചതും അല്ലാഹു അക്ബർ എന്ന്‌ തന്നെ. അങ്ങാടികളിലും ചന്തകളിലും നിത്യോപയോഗസാധനങ്ങൾ വാങ്ങിക്കാൻ വരുന്ന് നിരപരാധികളുടെ ഇടയിൽ ചാവേറായി പൊട്ടിതെറിക്കുമ്പോഴും വിളിക്കുന്നത് അല്ലാഹു അക്ബർ എന്നാണ്. ജനാധിപത്യവ്യവസ്ഥയിൽ വോട്ട് ചെയ്തതിന്റെ പേരിൽ പാവം മനുഷ്യരുടെ കൈവിരലുകൾ മുറിച്ചെടുക്കുമ്പോഴും വിളിക്കുന്നത് അല്ലാഹു അക്ബർ എന്ന്‌ തന്നെ. അകാരണമായി ഒരു മനുഷ്യനെ കൊല്ലുവൻ ഈ ഭൂമുഖത്തെ മുഴുവൻ മനുഷ്യരെയും കൊന്നവന് സമാനനാണെ വിശുദ്ധ ഖുർആന്റെ സുവ്യക്തമായ അധ്യാപനങ്ങളെ ഭ്രാന്തമായി തമസ്‌കരിച്ചുകൊണ്ടാണ് ഈ അല്ലാഹു അക്ബർ വിളി ഉയരുന്നത്. ഒരു ജനതയോടുളള വിദ്വേഷം അവരോട് അനീതി പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൂടാ എന്ന വിശുദ്ധകല്പനക്കെതിരിലാണ് ഈ മനുഷ്യപ്പിശാചുക്കളുടെ കഠാരകൾ ഉയരുന്നത്. നജ്‌റാനിൽ നിന്നും മദീനയിലെത്തിയ ക്രിസ്തീയ പുരോഹിതന്മാർക്ക് പ്രാർഥന നടത്താൻ തന്റെ വിശുദ്ധപളളിയുടെ ഒരു ഭാഗം വിട്ടു കൊടുത്ത പ്രവാചകനിൽ നിന്ന് പാഠം പഠിക്കാത്ത വിഡ്ഢികളാണ് അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം വെട്ടുന്നതും കൊല്ലുന്നതും. ഐ.എസ്. എന്നോ അൽഖായിദ എന്നോ അല്ല ഇവർക്ക് പേരിടേണ്ടത് 'അൽ കഴുതകൾ' എന്നാണ്'.

മുസ്ലിം സ്ത്രീ സിനിമയിലഭിനയിച്ചുകൂടാ, ലോകകപ്പ് ഫുട്‌ബോൾ കണ്ടുകൂടാ, സാഹിത്യവും  കലയും ആവിഷ്‌ക്കരിച്ചുകൂടാ....എന്നിങ്ങനെ മനുഷ്യജീവിതത്തിൽ മറ്റുളളവർ ചെയ്യുതൊന്നും  ചെയ്യാൻ മുസ്ലിം സ്ത്രീക്കവകാശമില്ല എന്ന മട്ടിൽ  മുഴുവൻ ലോകത്തിനും മുന്നിൽ പരിഹാസപാത്രമാകുന്ന എത്രയോ കല്പനകളും വിലക്കുകളുമാണ് ചില മുസ്ലിം പുരോഹിതർ പുറത്തിറക്കുന്നത്! മതതീവ്രവാദത്തിന്റെ നാനാരൂപത്തിലും ഭാവത്തിലുമുളള ഇത്തരം പ്രഖ്യാപനങ്ങൾ ബുദ്ധിരാഹിത്യം മാത്രമാണെന്ന് ബഷീർ തറപ്പിച്ചു പറയും. പ്രവാചകനെ നിന്ദിച്ചു കാർട്ടൂണ്‍ വരച്ച ചാർലി ഹെബ്‌ദോ മാസികയുടെ നേർക്കുനടത്തിയ കിരാതമായ ആക്രമണത്തെയും പ്രവാചകനെ  മോശമായി ചിത്രീകരിച്ച 'ഇന്നസെൻസ് ഓഫ് മുസ്ലിംസ്' എന്ന സിനിമക്കെതിരെ നടന്ന കലാപങ്ങളെയും അപലപിക്കുന്ന ലേഖനങ്ങളും മുന്നോട്ട് വെക്കുന്നത്, സംയമനവും സമാധാനവും പാലിച്ചു മാത്രമേ പ്രവാചകനോടും മനുഷ്യരോടും നീതിചെയ്യാൻ ഇസ്ലാമിനു കഴിയൂ എന്ന നിലപാടാണ്. കണ്ണിനുപകരം കണ്ണ് എന്നതാവരുത് വിശ്വാസിയുടെ നീതിശാസ്ത്രവും ഇസ്ലാമിന്റെ രാഷ്ട്രീയവും.

മാധവിക്കുട്ടിയുടെ മതംമാറ്റം മുതൽ റംസാൻ മാസത്തെ 'തീറ്റമത്സരം' വരെയും വാർത്താചാനലുകളുടെ ഇസ്ലാംവിരുദ്ധത മുതൽ സാമൂഹ്യമാധ്യമങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങൾവരെയും ചർച്ചചെയ്യുന്ന രചനകളിലുളളതും മറ്റൊരു നിലപാടല്ല. 'ഇസ്ലാമോഫോബിയ' പോലെ തന്നെ  മനുഷ്യവിരുദ്ധവും എതിർക്കപ്പെടേണ്ടതുമാണ് ഇസ്ലാമിക തീവ്രവാദവും എന്ന ഉറച്ചവിശ്വാസം ബഷീറിനുണ്ട്. ദേശീയ മുസ്ലിം എന്ന ആധുനിക രാഷ്ട്രീയമൂല്യത്തിന്റെ പ്രസക്തിയും മതേതരമാനവികതയുടെ സാർവലൗകിക സാംഗത്യവും എടുത്തുപറഞ്ഞുകൊണ്ടെഴുതപ്പെടുന്നവയാണ് ഈ പുസ്തകത്തിലെ മറ്റു പല രചനകളും. യാത്രാവിവരണക്കുറിപ്പുകളായെഴുതപ്പെടുന്ന മൂന്നു രചനകൾപോലും ഇസ്ലാമിക ജീവിതത്തിന്റെ നേരും നെറിയും പ്രവാചകപാരമ്പര്യത്തിന്റെ വിശുദ്ധികളും മുന്നോട്ട് വയ്ക്കുന്നവയാണ്.

 മാധ്യമം, സാഹിത്യം, കല, സ്ത്രീ, ജീവിതമൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുളള സംവാദങ്ങളും പൊതുവിൽ സ്വീകരിക്കുന്ന നിലപാട്, സമകാലികമായ സാമൂഹ്യചിന്തകൾ പാലിക്കേണ്ട മതേതരവും മാനവികവും ജനാധിപത്യപരവും ലിംഗസമത്വപരവുമൊക്കെയായ കാഴ്ചപ്പാടുകളോടു സമീകരിച്ചുകൊണ്ടുളളതാണ്. പരമ്പരാഗത മാധ്യമങ്ങൾ നവ മാധ്യമങ്ങൾക്കു മുന്നിൽ  പരാജയപ്പെടുന്നതിന്റെ മാനങ്ങളായാലും സാഹിത്യം കൈവരിക്കേണ്ട മാനവികതയുടെ തലങ്ങളായാലും ജനപ്രിയത്വത്തിന്റെ സൂത്രവാക്യങ്ങൾ വാരിപ്പുണരുന്ന തിരക്കിൽ സാമൂഹ്യപ്രതിബദ്ധത മറന്നു പോകുന്ന മാധ്യമങ്ങളുടെ സ്വഭാവങ്ങളായാലും ലാളിത്യം, മിതത്വം, പരിസ്ഥിതിബദ്ധത തുടങ്ങിയവ മതമൂല്യങ്ങളും ജീവിതശൈലികളുമായി മാറേണ്ടതിനെക്കുറിച്ചുളള സാമൂഹ്യപാഠങ്ങളായാലും പ്രവാസിമലയാളിയുടെ ജീവിതക്കാഴ്ചകളിൽ വരേണ്ട അനിവാര്യമായ സമീപനമാറ്റങ്ങളായാലും ബഷീറിന്റെ ചിന്തകൾ സുദൃഢങ്ങളും നിലപാടുകൾ സുവ്യക്തങ്ങളുമാണ്. മലയാളിയുടെ സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലുകൾ സാമൂഹ്യമാധ്യമങ്ങളിൽ തിടംവയ്ക്കുന്നതിന്റെ വർത്തമാനകാല ഉദാഹരണങ്ങളാകുന്നു, ഈ ലേഖനങ്ങൾ. അതിനപ്പുറം, സൈബർമാധ്യമങ്ങളിൽ നടക്കുന്ന വിമർശനാത്മകവും സംവാദാത്മകവുമായ പൊതുമണ്ഡലനിർമ്മിതിയുടെ ഏറ്റവും ശ്രദ്ധേയമായ മലയാളമാതൃകയുമാണ് 'നിനക്കു തട്ടമിട്ടൂടേ പെണ്ണേ....'

നിനക്കു തട്ടമിട്ടൂടേ പെണ്ണേ
ബഷീർ വളളിക്കുന്ന്
കൈരളി ബുക്‌സ്, കണ്ണൂർ
2015, വില : Rs. 200

Post update: നന്ദിയുണ്ട് പ്രിയരേ, നന്ദി