അറബിക്ക് സർവകലാശാലയെന്ന ആറാം മന്ത്രി

അറബി ഒരന്താരാഷ്ട്ര ഭാഷയാണ്‌. ഇസ്രാഈൽ അടക്കം ലോകത്തെ ഇരുപത്തിയാറ് രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്ന്. (ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ചൈനീസ്‌, സ്പാനിഷ്‌ എന്നിവയാണ് മറ്റ് അഞ്ച് ഭാഷകൾ). ഒരു പൗരാണിക സെമിറ്റിക്ക് ഭാഷ എന്നതിലുപരി ആധുനിക ലോകത്ത് സജീവതയോടെ നിലനില്ക്കുന്ന ഒരു ഭാഷ എന്ന് വേണമെങ്കിലും അറബിയെ വിളിക്കാം. അറബി സംസാരിക്കുന്ന രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും പാരസ്പര്യവും മാത്രമല്ല, ദശലക്ഷക്കണക്കിന് പ്രവാസികൾ ഉപജീവന മാർഗത്തിന് ഉപയോഗപ്പെടുത്തുന്ന ഭാഷയെന്ന നിലയിലും അറബിയോട് കേരളീയർക്ക് ഒരു ബന്ധമുണ്ട്.  അതിനെല്ലാമുപരി അറബി ഭാഷ പഠിക്കാനും അതിൽ ഉന്നത ബിരുദം നേടാനും ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ കേരളത്തിലുണ്ട്.  ഇവയെല്ലാം പരിഗണിക്കുമ്പോൾ കേരളത്തിൽ ഒരു അറബി സർവകലാശാല സ്ഥാപിക്കുക എന്നത് അത്ര വലിയ പാതകമൊന്നുമല്ല. ഇത്രയും പറഞ്ഞത്  അറബിയെന്നല്ല, വിജ്ഞാന, ജോലി സാധ്യതകളും പഠിക്കാൻ തയ്യാറായി കുട്ടികളും മുന്നോട്ട് വരുന്ന ഏത് ഭാഷയുടെ പഠനത്തിനും ഉന്നത അക്കാദമിക് കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ആശയത്തോട് താത്വികമായി വിയോജിപ്പില്ല എന്ന് പറയാനാണ്. പിന്നെ എന്താണ് ഹേ നിങ്ങളുടെ പ്രശ്നം എന്ന് ചോദിക്കും. അത് പറയാനാണ് അഞ്ചാം മന്ത്രിയെ ഈ വിഷയത്തിലേക്ക് കൊണ്ട് വരുന്നത്. അദ്ദേഹത്തിന്റെ വരവിനെ വിശകലനം ചെയ്തു കഴിഞ്ഞാൽ പിന്നെ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യം വരില്ല.

അഞ്ചാം മന്ത്രി കൊണ്ട് ലീഗിനോ കേരളത്തിനോ ഒരുപകാരവും ഉണ്ടായിട്ടില്ല. അത് കൊണ്ട് ഉപകാരം കിട്ടിയത് ബി ജെ പി ക്ക് മാത്രമാണ്. പാർട്ടികൾ അവരുടെ പ്രാതിനിധ്യം അനുസരിച്ച് സ്ഥാനങ്ങൾ ചോദിക്കുന്നത് തികച്ചും സാധാരണമായ ഒരു സംഭവമാണ്. ലീഗിന് ആറ് മന്ത്രിമാർ വേണമെന്ന അവരുടെ ആവശ്യവും ആ അർത്ഥത്തിൽ സ്വാഭാവികമായിരുന്നു. പക്ഷേ കേരളത്തിലെ മാധ്യമങ്ങൾ ആ വിഷയത്തെ മതപരമായ ഒരു ധ്രുവീകരണ തലത്തിലേക്ക് വളർത്തിക്കൊണ്ടുവരുവാനാണ്‌ ശ്രമിച്ചത്. നമ്മുടെ മാധ്യമങ്ങളുടെ സാമൂഹ്യ വിരുദ്ധമായ മുഖം ഏറ്റവും അപകടകരമായ രൂപത്തിൽ വെളിപ്പെട്ടത് ആ നാളുകളിലാണ്‌. ലീഗാകാട്ടെ, പ്രസ്താവനകളിലൂടെയും സമീപനങ്ങളിലൂടെയും മാധ്യമങ്ങൾക്ക് ആ ധ്രുവീകരണം കത്തിച്ചു വളർത്തുന്നതിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. പ്രശ്നം എല്ലാവരുടെയും പിടിയിൽ നിന്ന് വിട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. ലളിതമായ പ്രാതിനിധ്യ വിഷയം എന്ന തലത്തിൽ നിന്ന് അവ ഭീമാകാര രൂപം പൂണ്ട് സാമുദായിക ബലാബലത്തിന്റെ വക്കിലെത്തി. ലീഗും കുടുങ്ങി, കോണ്‍ഗ്രസ്സും കുടുങ്ങി. ഒരു കമ്പവലി മത്സരത്തിന്റെ പിരിമുറുക്കം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഉയർന്ന് വന്നു.

ഇനി തലയൂരിയാൽ അണികൾ നേതാക്കന്മാരെ അടിച്ചു കൊല്ലും എന്ന അവസ്ഥ ലീഗിനും വന്നു.  അണികൾ ഒരു സുപ്രഭാതത്തിൽ അത്തരമൊരു മാനസികാവസ്ഥയിൽ എത്തിയതല്ലായിരുന്നു.   നേതാക്കളായിട്ടു തന്നെ പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും വളർത്തിക്കൊണ്ട് വന്നതായിരുന്നു. വർത്തമാന സാമൂഹ്യാവസ്ഥകളെ തിരിച്ചറിഞ്ഞ് ഈ ആവശ്യത്തിൽ നിന്ന് അല്പം പിറകോട്ട് പോകാൻ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കൾ തുടക്കം മുതൽ തന്നെ ലീഗിൽ ശ്രമിച്ചെങ്കിലും മറുവിഭാഗം ഹൈദരലി ശിഹാബ് തങ്ങളിലൂടെ മേൽക്കൈ നേടുന്ന കാഴ്ചയാണ് നാം കണ്ടത്. പക്ഷേ അപകടകരമായ സാമൂഹിക ധ്രുവീകരണത്തെക്കുറിച്ച് തിരിച്ചറിവ് വന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ  ആ കമ്പവലിയിൽ ലീഗ് വിജയിച്ചു. മഞ്ഞളാംകുഴി അലി മന്ത്രിയായി. ലീഗാണ് വിജയിച്ചത് എന്ന് പ്രത്യക്ഷത്തിൽ തോന്നിയെങ്കിലും വിജയിച്ചത് ലീഗായിരുന്നില്ല. സാമുദായിക ധ്രുവീകരണത്തിന്റെ കൊടിയടയാളങ്ങളായിരുന്നു. ബി ജെ പി യായിരുന്നു അതിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം കൊയ്തത്. അവരുടെ വോട്ട് ബാങ്കാണ് വളർന്നത്‌. പരിക്ക് പറ്റിയവരുടെ നിരയിൽ കോണ്‍ഗ്രസ്‌ മാത്രമല്ല ഉണ്ടായിരുന്നത്, ഇടതുപക്ഷ കക്ഷികളും ഉണ്ടായിരുന്നു. കാരണം ബി ജെ പി യുടെ വോട്ട് ബാങ്ക് വളരുന്നത്‌ ശൂന്യാകാശത്ത് നിന്ന് വോട്ടർമാർ ഇറങ്ങി വരുന്നത് കൊണ്ടല്ല, നിലവിലുള്ള പാർട്ടികളിൽ നിന്ന് കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നതിലൂടെയാണ്.


ബി ജെ പി യെ സംബന്ധിച്ചിടത്തോളം അവർ ചെയ്യുന്നത് ശുദ്ധ രാഷ്ട്രീയ പോരാട്ടമാണ്. അവരുടെ ആശയതലത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ അവർ ശ്രമിക്കും. അതൊരു ജനാധിപത്യ വോട്ടെടുപ്പ് പ്രക്രിയയിലെ തികച്ചും സ്വാഭാവികമായ രീതിയാണ്. ബി ജെ പി മാത്രമല്ല, എല്ലാ പാർട്ടികളും അവരുടെ ബേസ് ശക്തിപ്പെടുത്താൻ കിട്ടാവുന്ന അവസരങ്ങളൊക്കെ ഉപയോഗിക്കും. അത്തരം തന്ത്രങ്ങൾ ഉപയോഗിക്കാത്തവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മലർന്നടിച്ചു വീഴും. ജനങ്ങളുടെ മനസ്സ് കീഴടക്കുക എന്നതാണ് ജനാധിപത്യ വ്യവസ്ഥയിൽ അധികാരത്തിലേക്കുള്ള ഏക വഴി. ഹിറ്റ്ലർ പോലും അധികാരം പിടിച്ചെടുത്തത് ജനാധിപത്യ സംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് എന്നോർക്കണം . അപ്പോൾ പറഞ്ഞു വന്നത് ജനങ്ങളുടെ മനസ്സ് എതിർ ചേരിയിലുള്ള ഒരു പാർട്ടിക്ക് കൂളായി അടിച്ചെടുക്കാൻ അവസരമൊരുക്കുന്ന ആവശ്യങ്ങളും മുദ്രാവാക്യങ്ങളും ആര് ഉയർത്തുന്നോ അവർക്ക് പ്രായോഗിക ജനാധിപത്യ ബോധം തീരെയില്ല എന്നതാണ്. ഇവിടെയാണ്‌ അറബിക് സർവകലാശാലയുമായി ബന്ധപ്പെട്ട ആനുകാലിക ചർച്ചകളെ നാം വിലയിരുത്തേണ്ടത്. അഞ്ചാം മന്ത്രി വിഷയത്തിലെന്ന പോലെ മാധ്യമങ്ങൾ അവരുടെ പണി തുടങ്ങിക്കഴിഞ്ഞു. വർഗീയ അജണ്ടയേക്കാൾ സെൻസേഷനും റേറ്റിംഗുമാണ് അവരുടെ ലക്‌ഷ്യം. അത് കിട്ടാൻ പെറ്റ തള്ളയെ വിൽക്കേണ്ടി വന്നാൽ അതും ചെയ്യാൻ മടിക്കാത്ത മാധ്യമ സംസ്കാരമാണ് നമ്മുടെ നാട്ടിലുള്ളത്. കയ്പേറിയ ഈ സത്യത്തെ ശരിയാം വണ്ണം ഉൾക്കൊണ്ട ശേഷം വേണം അറബിക്ക് യൂണിവേഴ്സിറ്റിയെന്ന ആവശ്യം  ഉയർത്തിക്കൊണ്ടു വരുന്നവർ മുന്നോട്ട് പോകേണ്ടത്.  ഒരു സാമുദായിക ധ്രുവീകരണ വിഷയമായി ഇത് വളരാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുമ്പോൾ അത്തരമൊരു ആവശ്യവുമായി മുന്നോട്ട് പോകുന്ന ലീഗ് നേതാക്കളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന മുസ്‌ലിം സംഘടനകളും പ്രായോഗിക ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ ഇനിയും പഠിക്കേണ്ടതായിട്ടാണിരിക്കുന്നത്. ഇവിടെ ഒരു ചോദ്യം പ്രതീക്ഷിക്കുന്നുണ്ട്. മറ്റുള്ളവർ വിവാദമാക്കുന്നു എന്ന് കരുതി ന്യായമായ ഒരാവശ്യം ഉന്നയിക്കുന്നതിൽ നിന്നും പിറകോട്ട് പോകണമോ?. പ്രസക്തമായ ചോദ്യമാണ്. ന്യായമായ ആവശ്യങ്ങൾ എപ്പോഴും ഉന്നയിക്കാം. അതിൽ ആരെയും ഭയപ്പെടേണ്ടതില്ല. എന്നാൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ അത് നേടിയെടുക്കുന്നതിനേക്കാൾ വലിയ പുലിവാലുകളിലേക്ക് എത്തിക്കുമെന്ന് ഭയപ്പെടുന്ന സന്ദർഭങ്ങളിൽ അല്പം വിവേചന ബുദ്ധി ഉപയോഗിക്കുന്നത് നല്ലതാണെന്നേ പറഞ്ഞുള്ളൂ.

ഭാഷാ സർവകലാശാലകൾ എന്ന ആശയത്തോട് വിയോജിപ്പില്ലെങ്കിലും അറബി ഭാഷയ്ക്ക്‌ ഇങ്ങനെയൊരു സർവകലാശാല വന്നത് കൊണ്ട് കേരളത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നു കരുതുക വയ്യ. അറബി ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടാൻ ഇന്ന് കേരളത്തിലെ സർവകലാശാലകൾക്ക് കീഴിൽ പഠന പദ്ധതികളുണ്ട്. ആർട്സ് കോളേജുകളിൽ തന്നെ അതിന് വേണ്ടത്ര അവസരങ്ങളുണ്ട്. അതിന് പുറമേ അറബി ഭാഷക്ക് മാത്രമായി അറബിക് കോളേജുകളുമുണ്ട്. സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തതും അല്ലാത്തതും ഇവയിൽ പെടും. ഭാഷാപഠനം വളരെ ശാസ്ത്രീയമായ രീതിയിൽ ഈ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. ഇന്നത്തെ സർക്കാർ സർവകലാശാലകളുടെ അവസ്ഥകളും അവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ നമുക്കറിയാവുന്നതാണ്. ഒരു സർവകലാശാല വരുന്നത് കൊണ്ട് കുറെ അധികാര കേന്ദ്രങ്ങളും തസ്തികകളും ഫാക്കൽറ്റികളും ഉണ്ടാകുമെന്നതൊഴിച്ചാൽ ഇന്ന് കേരളത്തിൽ അറബി ഭാഷയുടെ ഉന്നത പഠനത്തിനു നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് വളരെയൊന്നും മാറ്റങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല.  അപ്പോൾ പിന്നെ എന്തിനാണ് പുതിയൊരു സർവകലാശാലക്ക് വേണ്ടി വാദിച്ചു കൊണ്ട് അനുദിനം വർഗീയവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ കൂടുതൽ അപകടപ്പെടുത്തുന്നത്?. ഒരുപക്ഷേ ഇത്തരമൊരാവശ്യം ലീഗിന് രാഷ്ട്രീയമായി ചില ഗുണം ചെയ്തേക്കും. വിഘടിച്ചു നില്ക്കുന്ന മുസ്‌ലിം സംഘടനകളെ ലീഗിന് അനുകൂലമായി എകീകരിക്കുവാൻ അതിന് സാധിച്ചേക്കും.  പക്ഷേ കേരളീയ പൊതുസമൂഹത്തിന് അത് ഗുണം ചെയ്തു കൊള്ളണമെന്നില്ല.

കേരളത്തിലെ അറബിഭാഷാ പഠനത്തിന്റെ പുരോഗതിക്ക് ഇത്തരമൊരു സർവകലാശാല അനിവാര്യമാണെന്ന് ലീഗിനും ഈ ആവശ്യവുമായി മുന്നോട്ട് പോകുന്ന മുസ്‌ലിം സംഘടനകൾക്കും തോന്നുന്നുവെങ്കിൽ അവർക്ക്  ചെയ്യാവുന്നത് ഈ ആവശ്യത്തെ കേരളീയ പൊതുസമൂഹത്തേയും മാധ്യമങ്ങളേയും ബോധ്യപ്പെടുത്തുന്നതിന് വേണ്ട ബൗദ്ധിക ചർച്ചകൾക്കും പി ആർ വർക്കുകൾക്കും നേതൃത്വം കൊടുക്കുക എന്നതാണ്. അത്തരമൊരു വിവേക പൂർണമായ സമീപനത്തിന് പകരം സമ്മർദ്ധ രാഷ്ട്രീയ വിലപേശലിലൂടെ അത് നേടിയെടുക്കാൻ ശ്രമിക്കുന്ന പക്ഷം അഞ്ചാം മന്ത്രി വിഷയത്തിലെ പരിണിതികളുടെ കൂടുതൽ ശക്തമായ ഒരു രണ്ടാം വരവിനെയാണ് കേരളം അഭിമുഖീകരിക്കേണ്ടി വരിക.


Recent Posts
അബുദാബിയിലെ അമ്പലം പറയുന്നതെന്തെന്നാൽ 
ഇരട്ട നീതിയെക്കുറിച്ച് ചർച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
ചെമ്മണ്ണൂർ തട്ടിപ്പ് : ആ വാർത്തയെവിടെ മാധ്യമങ്ങളേ? 
മല്ലൂസിന്റെ വാട്സ്ആപ്പ് പരാക്രമങ്ങൾ
ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം