ഭരിക്കുന്ന ആളുടെ നെഞ്ചളവോ ഇട്ടിരിക്കുന്ന കോട്ടിന്റെ വിലയോ അടിസ്ഥാന വർഗത്തെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. ടി വി യിലൂടെ കേൾക്കുന്ന പ്രധാനമന്ത്രിയുടെ എമണ്ടൻ പ്രസംഗങ്ങളും അവരെ സംബന്ധിച്ചിടത്തോളം സൂപ്പർ താര സിനിമകളിലെ ഡയലോഗുകൾക്ക് സമാനമാണ്. അവരുടെ പ്രശ്നം അവരുടെ ജീവിതമാണ്. തുറിച്ചു നോക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളാണ്. അരവിന്ദ് കേജരിവാൾ ഡൽഹി ഭരിച്ച നാല്പത്തിയൊമ്പത് ദിവസങ്ങളിൽ അവരുടെ അടിസ്ഥാന പ്രശ്നങ്ങളിലേക്കാണ് അദ്ദേഹം ആദ്യമായി ശ്രദ്ധ തിരിച്ചത്. വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷൻ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ അജണ്ടയെ മുന്നോട്ടു നയിച്ചത്. കേന്ദ്രം ഭരിക്കുന്ന മോഡിയുടെ അജണ്ടകൾ കഴിഞ്ഞ ഒമ്പത് മാസമായി ഡൽഹിക്കാർ കാണുന്നുണ്ട്. അധികാരത്തിന്റെ ഇടനാഴികകളിൽ അംബാനിമാരും അഡാനിമാരും അത്യധികം സംപ്തൃതരായി ചിരിച്ചു നടക്കുന്നത് അവർ കേൾക്കുന്നുണ്ട്. എണ്ണക്കമ്പനികളുടേയും ബഹുരാഷ്ട്ര കുത്തകകളുടേയും കൂട്ടച്ചിരികൾ ഉയരുന്നത് അവർ അറിയുന്നുണ്ട്. നൂറ് ദിവസത്തിനുള്ളിൽ ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം മുഴുവൻ തിരിച്ചെത്തിക്കും എന്ന് വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയവർ നൂറല്ല, ഇരുന്നൂറ്റി അമ്പത് നാളുകൾ പിന്നിട്ടിട്ടും ഈ വിഷയത്തിൽ ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്നവർ തിരിച്ചറിഞ്ഞിട്ടുണ്ട്. കള്ളപ്പണക്കാരുടെ പട്ടിക പത്രങ്ങൾ പുറത്ത് വിട്ടിട്ടും നീണ്ട മൗനത്തിലാണ് ഭരണകൂടം എന്നത് അവരെ ഭയപ്പെടുത്തുന്നുണ്ട്. അമർഷം ഉള്ളിലൊളിപ്പിച്ച് പല്ല് ഞെരിച്ചവർക്ക് പ്രതികരിക്കാൻ കേജരിവാൾ ഒരവസവരം നല്കി. അതവർ അതിമനോഹരമായി ഉപയോഗപ്പെടുത്തി. മുസ്ലിം സമൂഹത്തിന്റെ പിന്തുണ പതിച്ചു നല്കിയ ഡൽഹി ഇമാമിനോട് താങ്കളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമില്ല എന്നും എല്ലാ മത വിശ്വാസികളും പുരോഹിതന്മാരുടെ കല്പനകളില്ലാതെ തന്നെ ഞങ്ങൾക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞതിലൂടെ വർഗീയ രാഷ്ട്രീയത്തിനോടുള്ള നിലപാട് തുറന്നു പറഞ്ഞപ്പോൾ ആ ധീരതയെ, സത്യസന്ധതയെ ജനം മാറോടണച്ചു എന്നും പറയാം.
ജാങ്കോ… നീ അറിഞ്ഞാ .. ഞാന്‍ പെട്ടു |
അധികാരം മണത്തപ്പോൾ മറുകണ്ടം ചാടിയ കിരണ്‍ ബേദിയെന്ന അവസരവാദിക്ക് കിട്ടിയ അടി എല്ലാ ഓപ്പർച്യൂണിസ്റ്റുകൾക്കും ഒരു പാഠവുമാണ്. 'ജാങ്കോ… നീ അറിഞ്ഞാ .. ഞാന്‍ പെട്ടു' എന്ന കോമഡി ഡയലോഗാണ് കിരണ്‍ബേദി ഇപ്പോൾ മനസ്സിൽ പറയുന്നുണ്ടാകുക. ബി ജെ പിയുടെ പതനം ഇത്ര ദയനീയമാക്കിയത് കിരണ്‍ബേദിയുടെ വരവോട് കൂടിയാണെന്ന് കാണാൻ കഴിയും. അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെയും അടിസ്ഥാന വർഗ്ഗ മുന്നേറ്റത്തിന്റെയും അതിശക്തമായ പ്ലാറ്റ്ഫോമിൽ നിന്നാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അധികാരക്കസേര തേടി കിരണ്‍ബേദി പോയത്. സാധ്യതകളുടെ രാഷ്ട്രീയം കളിക്കാൻ നമ്മുടെ നാട്ടിലും സൂപ്പർ താരങ്ങൾ വരെ ഇറങ്ങിയിരിക്കുന്ന ഇക്കാലത്ത് ഡൽഹി നല്കുന്ന സന്ദേശം ചെറുതല്ല. ആ സന്ദേശം തിരിച്ചറിയാൻ നമ്മുടെ സുരേഷ് ഗോപിമാർക്ക് സാധിച്ചാൽ ഇലക്ഷൻ റിസൾട്ട് വന്ന ശേഷം ഗോപിയാകാതെ കഴിയാൻ പറ്റും. കോണ്‍ഗ്രസിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. പൂജ്യം സീറ്റുമായാണ് അവർ മൂന്നാം സ്ഥാനം പിടിച്ചെടുത്തത്. ഡൽഹിയിൽ വോട്ട് പിടിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പോയപ്പഴേ ഉറപ്പിച്ചതാണ്. ഇതിങ്ങനയേ വരൂ എന്ന്. അതുകൊണ്ട് അക്കാര്യം വിടാം.
കേജരിവാളിന്റെ മുന്നിലുള്ളത് കടുത്ത വെല്ലുവിളികളാണ്. ഒരു വിമോചന നായകന്റെ പരിവേഷമാണ് ജനമനസ്സിൽ അദ്ദേഹത്തെക്കുറിച്ച് ഇപ്പോഴുള്ളത്. ഭരണ രംഗത്ത് ചില മാന്ത്രിക നീക്കങ്ങളാണ് പൊതുജനം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകളായിരിക്കും അദ്ദേഹത്തിൻറെ ഏറ്റവും വലിയ വെല്ലുവിളികളും. അമർഷം ഉള്ളിലൊതുക്കി നില്ക്കുന്ന ഒരു കേന്ദ്ര ഭരണ കൂടത്തിൽ നിന്നും എത്ര മാത്രം പിന്തുണ അദ്ദേഹത്തിന്റെ പദ്ധതികൾക്ക് ലഭിക്കുമെന്ന് കണ്ടറിയണം. പ്രത്യേകിച്ചും കേന്ദ്ര ഭരണത്തിന്റെ സിരാകേന്ദ്രം താവളമാക്കിയാണ് അദ്ദേഹത്തിന് ഭരണം നടത്തേണ്ടത്. തങ്ങളുടെ താത്പര്യങ്ങൾ ഹനിക്കപ്പെടുമെന്ന് നൂറ് ശതമാനം ഉറപ്പുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളും അവരുടെ അജണ്ടകളെ സമർത്ഥമായി സംരക്ഷിക്കുന്ന കോർപ്പറേറ്റ് മാധ്യമങ്ങളും കേജരിവാളിന്റെ രക്തം കുടിക്കുവാനുള്ള അവസരത്തിനായി കാത്തിരിക്കും.
"ഞാൻ അരവിന്ദ് കേജരിവാളാണ് എന്നത് കൊണ്ടല്ല അവർ എന്നെ ഭയപ്പെടുന്നത്. ഞാൻ നിങ്ങളിലൊരാളാണ് എന്നത് കൊണ്ടാണ്. അവർ ഭയപ്പെടുന്നത് എന്നെയല്ല, നിങ്ങളെയാണ്" എന്ന കേജരിവാളിന്റെ വാക്കുകൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള സൂചിക കൂടിയാണ്. നിങ്ങളിലൊരാളാണ് ഞാനെന്ന് പറയുമ്പോൾ മാത്രമല്ല, അത് ബോധ്യപ്പെടുത്തും വിധം രാഷ്ട്രീയ അജണ്ടകൾ സെറ്റ് ചെയ്യുന്നിടത്ത് വിജയിക്കുമ്പോഴാണ് ഒരു ജനകീയ നേതാവ് ജനിക്കുന്നത്. ജനപക്ഷ രാഷ്ട്രീയത്തിന്റെ ആത്മാവ് ആ അജണ്ടകളിലാണ് നിലകൊള്ളുന്നത്. കേജരിവാൾ ഇന്ത്യൻ അടിസ്ഥാന വർഗത്തിന് നല്കുന്ന പ്രതീക്ഷയും അവിടെയാണ്. അതുകൊണ്ട് തന്നെ മുമ്പത്തേക്കാൾ അഭിമാനത്തോടെ നമുക്കിപ്പോൾ പറയാൻ സാധിക്കും. ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം.
Recent Posts
ബറാക്കേ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്
ലാലിസം തെളിയിച്ചത് സോഷ്യൽ മീഡിയയുടെ കരുത്ത്
10 Facts Subramaniam Swamy should know about Malappuram
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്