ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ..

ഇന്നലെ കൈരളി പീപ്പിൾ ചാനലിൽ ചൂടുള്ള ഒരു ചർച്ചയുണ്ടായിരുന്നു. ഫേസ്ബുക്ക്‌ ഓഫീസുകളിൽ തൊഴിലാളികൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മാർക്ക്‌ സക്കർബർഗ് നിരോധിച്ചു എന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് എസ് വി പ്രദീപ് നയിച്ച ചർച്ച.. ഫേസ്ബുക്ക്‌ സ്ഥാപകൻ തന്നെ തന്റെ ഓഫീസുകളിൽ ഫേസ്ബുക്ക്‌ നിരോധിച്ചു എന്നത് ചൂടുള്ള വാർത്തയാണ്. അതിനെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കുന്നത് നല്ല കാര്യവുമാണ്. പക്ഷേ ഇത്തരമൊരു ചൂടു വാർത്ത മറ്റെവിടെയും കാണാത്തത് കൊണ്ട് എന്തോ ഒരു പന്തികേട് തോന്നി. ഗൂഗിളിൽ ഈ വാർത്ത തിരഞ്ഞു നോക്കി. പൊടി പോലും കാണുന്നില്ല. പക്ഷേ മറ്റൊരു വാർത്തയുണ്ട്. പല അന്താരാഷ്‌ട്ര മാധ്യമങ്ങളിലും അത് വന്നിട്ടുണ്ട്. കുട്ടികൾ ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നതിനെ മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തുന്നത് ശരിയായ സമീപനമല്ല എന്നും അവരുടെ സാങ്കേതിക കാര്യങ്ങളിലുള്ള വളർച്ചയേയും വ്യക്തി വികാസത്തേയും അത് ബാധിക്കുമെന്നും സക്കർബർഗ്  ഒരു ചർച്ചയിൽ പറഞ്ഞതായുള്ള വാർത്തയാണത്.

പടച്ചോനെ, ഒരാഴ്ച പഴക്കമുള്ള  ഈ വാർത്തയെങ്ങാനും ആരെങ്കിലും ട്രാൻസ്ലേറ്റ് ചെയ്ത് കുളമാക്കിയോ എന്നായിരുന്നു എന്റെ ആദ്യ സംശയം. മുമ്പ് 'ഹോട്ട് ഡോഗ്' വാർത്ത ദേശാഭിമാനി കൊടുത്തത് പോലെ.. അറുപത്തിയെട്ട് പട്ടികളെ ഒരാൾ പത്തു മിനുട്ടിൽ തിന്നു എന്നായിരുന്നു  ദേശാഭിമാനി അന്ന് വെച്ച് കാച്ചിയത്. സാൻഡ്‌ വിച്ച് ഉണ്ടാക്കുമ്പോൾ അതിനുള്ളിൽ ഇടുന്ന വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ സോസജിനാണ് ഹോട്ട് ഡോഗ് എന്ന് പറയുക. അതിനെയാണ് ദേശാഭിമാനി പട്ടിയാക്കി വാർത്ത കാച്ചിയത്. അറുപത്തെട്ട് പട്ടികൾ.. അതും പത്ത് മിനുട്ടിൽ.. !!!

  പഴയ ഹോട്ട് ഡോഗ്

അതുപോലെയുള്ള വല്ല പരിഭാഷാ അബദ്ധങ്ങളും വന്നോ എന്നായിരുന്നു എന്റെ സംശയം. ഏതായാലും സംശയം തീർക്കാൻ ഫേസ്ബുക്കിൽ ഒരു സ്റ്റാറ്റസ് ഇട്ടു.  'സക്കർബർഗ് ഫേസ്ബുക്ക്‌ നിരോധിച്ച വാർത്ത' നിങ്ങളാരെങ്കിലും എവിടെയെങ്കിലും കണ്ടോ എന്ന് ചോദിച്ചു കൊണ്ട്.. ഉടനെ വന്നു ഒരു സുഹൃത്തിന്റെ കമന്റ്. Facebook to block Facebook എന്ന പേരിൽ ടൈംസ്‌ ഓഫ് ഇന്ത്യയിൽ ഒരു വാർത്ത.

ആ വാർത്തയുടെ നിജസ്ഥിതി അറിയാൻ പോയി നോക്കിയപ്പോഴാണ് തമാശ..  ടൈംസ്‌ ഓഫ് ഇന്ത്യയിൽ ഒരു കോളമുണ്ട്. സാങ്കല്പിക വാർത്തകൾ എഴുതി തമാശയുണ്ടാക്കുക.  Mocktale എന്നാണ് അവർ ആ പംക്തിക്ക്  കൊടുത്തിരിക്കുന്ന പേര് തന്നെ.  ഇന്നലെ ആ പംക്തിയിൽ ഒരു തമാശക്കാരൻ ഒരു വാർത്തയെഴുതി. Facebook to block Facebook എന്ന ടൈറ്റിലിൽ.. എഴുതിയ ആളുടെ പേര് തന്നെ ജോക്ക് സിംഗ് എന്നാണ്. സർദാർജിമാർ പണ്ടേ മുടിഞ്ഞ തമാശക്കാരാണല്ലോ. ആ ടൈറ്റിലിന് തൊട്ട് താഴെ വെണ്ടയ്ക്ക അക്ഷരത്തിൽ ടൈംസ്‌ ഓഫ് ഇന്ത്യ ഇങ്ങനെ കൊടുത്തിട്ടുണ്ട്. കൈരളിക്കാരനുണ്ടോ അതൊക്കെ നോക്കുന്നു. കണ്ടത് പാതി കാണാത്തത് പാതി ടപ്പേന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തു. അത് പോരാഞ്ഞിട്ട് വൈകിട്ട് ഈ രംഗത്തെ വിദഗ്ദന്മാരെ വിളിച്ചു വരുത്തി അര മണിക്കൂർ കിടിലൻ ചർച്ചയും.


പുതിയ ഹോട്ട് ഡോഗ് വന്ന വഴി

ബ്രേക്കിംഗ് ന്യൂസിന്റെ വെണ്ടയ്ക്ക..

 കഥയറിയാതെ ആട്ടം കാണുന്ന രാഹുൽ ഈശ്വർ ചർച്ചയിൽ കത്തിക്കയറുന്നു.


ചർച്ചയുടെ ഏതാനും ഭാഗം ഈ വീഡിയോയിൽ കാണാം. 
യൂടൂബിൽ അപ്‌ലോഡ്‌ ചെയ്തിരുന്ന ഈചർച്ച കൈരളി പിന്നീട് ഡിലീറ്റ് ചെയ്തു.  

'ബഹുമുഖ പ്രതിഭ' രാഹുൽ ഈശ്വറായിരുന്നു ഈ ചർച്ചയിലെ പ്രധാന താരം. കിട്ടിയ ചാൻസിൽ പുള്ളി കത്തിക്കയറി. സക്കർബർഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാത്രമല്ല, തന്നെപ്പോലുള്ളവർ പലപ്പോഴും പറയുന്ന വാദങ്ങൾക്ക് സപ്പോർട്ട് നല്കുന്നതാണ് സക്കർബർഗിന്റെ തീരുമാനം എന്നൊക്കെ വെച്ച് കീച്ചി. സത്യം പറയാമല്ലോ, അതൊക്കെ കേട്ടപ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് ഡൌട്ടായിപ്പോയി.  ചർച്ചയിൽ പങ്കെടുത്ത എന്റെ സുഹൃത്ത് വി കെ ആദർശ് ഈ വാർത്തയുടെ നിജസ്ഥിതി പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടിട്ട് പോലും കൈരളി കുലുങ്ങിയില്ല എന്നതാണ് അതിലേറെ വലിയ തമാശ.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ വാർത്താ മാധ്യമങ്ങളുടെ സ്ഥിതിയിതാണ്. വല്ലതും വല്ലിടത്തു നിന്നും കേൾക്കും. അതെന്താണെന്നോ അതിന്റെ സത്യാവസ്ഥ എന്താണെന്നോ നോക്കാതെ വെച്ചങ്ങു കാച്ചും. മാങ്ങക്ക് എറിയുന്ന പോലെ.. കൊണ്ടാൽ കൊണ്ടു, പോയാൽ പോയി!. അത്തരം പല വാർത്തകളുടെയും സത്യാവസ്ഥ പരിശോധിക്കാൻ നമുക്കാർക്കും കഴിയുകയില്ല. അതിനുള്ള മാർഗവുമുണ്ടാകില്ല. കണ്ണടച്ച് വിശ്വസിക്കുകയല്ലാതെ.. ഇവിടെ ഭാഗ്യത്തിന് ടൈംസ് ഓഫ് ഇന്ത്യയുടെ  തമാശപ്പേജ് കിട്ടിയത് കൊണ്ട് വാർത്തയുടെ ഉറവിടം പിടി കിട്ടി എന്ന് മാത്രം. അല്ലായിരുന്നെങ്കിൽ പാവം സക്കർബർഗ് തെണ്ടിപ്പോയേനെ !! ഫേസ്ബുക്കിനെയല്ലേ നിരോധിച്ചു കളഞ്ഞത് !!

Note: കൈരളി ചർച്ചയെ ന്യായീകരിച്ചു കൊണ്ട് വാർത്താ അവതാരകൻ തന്നെ രംഗത്ത് വന്നിരിക്കുന്നു. കമന്റ് കോളം ശ്രദ്ധിക്കുക.

Related Posts
മെഹർ തരാർ കോ മിലേഗാ?.. പിന്നല്ലാതെ മിലേഗാ മിലേഗാ..
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ.. 
ബ്രിട്ടാസ് നായകൻ ! കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്
 കനകയുടെ മരണം കൂടുതൽ രേഖകൾ ലഭിച്ചു.. ശവസംസ്കാരം ദാ ഇപ്പോ ശരിയാക്കിത്തരാം