ബി ജെ പിയുടെ ഏഷ്യാനെറ്റ് ബഹിഷ്കരണം. സത്യമെന്താണ്?

ഏഷ്യാനെറ്റും ബി ജെ പിയും തമ്മിൽ പിണങ്ങിയിരിക്കുകയാണ്. ചാനലിനെ ബഹിഷ്കരിക്കുകയാണെന്ന് ബി ജെ പി പ്രഖ്യാപിച്ചു. അവരുടെ ചർച്ചകളിൽ ബി ജെ പി പ്രതിനിധികളാരും പങ്കെടുക്കുകയില്ലെന്ന് പാർട്ടി നേതൃത്വം പത്ര സമ്മേളനം നടത്തി പറഞ്ഞു. ഏഷ്യാനെറ്റ് തന്നെ അത് വലിയ വാർത്തയാക്കി. അവരുടെ വെബ്‌ എഡിഷനുകളിൽ ഈ ബഹിഷ്കരണ വാർത്ത തുടരെത്തുടരെ അപ്ഡേറ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആ ബഹിഷ്കരണത്തെ വിശകലനം ചെയ്യുന്ന ഒരു പ്രത്യേക പരിപാടിയും അവർ അവതരിപ്പിച്ചു. അജണ്ട എന്ന വാർത്താ വിശകലന പരിപാടിയിലാണ് ബി ജെ പി ബഹിഷ്കരണം വിഷയമായത്. ഏഷ്യാനെറ്റിനെതിരെ ബി ജെ പി ഉയർത്തുന്ന ആരോപണങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞ് അതിനുള്ള ചാനലിന്റെ പ്രതികരണങ്ങൾ ആയിരുന്നു ഈ പരിപാടിയിൽ. മോദിയുടെ അമേരിക്കൻ സന്ദർശനം ഏഷ്യാനെറ്റ് വളരെ മോശമായാണ് റിപ്പോർട്ട്‌ ചെയ്തത് എന്ന ബി ജെ പിയുടെ ആരോപണത്തെ സത്യമല്ലെന്ന് തെളിയിക്കുവാൻ അന്ന് നല്കിയ ചില റിപ്പോർട്ടുകളുടെ ക്ലിപ്പിംഗ് കാണിച്ചു. സത്യം പറഞ്ഞാൽ ബി ജെ പി മുഖപത്രം പോലും പറയാത്തത്ര ആവേശത്തിൽ മോഡി ഭക്തി വഴിഞ്ഞൊഴുകുന്ന റിപ്പോർട്ടുകളാണ് ഏഷ്യാനെറ്റ്‌ കൊടുത്തിട്ടുള്ളത്. ഇങ്ങനെയൊക്കെ ഞങ്ങൾ കൊടുത്തിട്ടും നിങ്ങൾ എന്തിനാണ് പിണങ്ങിയത് എന്നാണ് ചാനൽ ചോദിക്കുന്നത്. സങ്കടം തോന്നിപ്പോയി ആ ചോദ്യം കേട്ടിട്ട്.

ഏഷ്യാനെറ്റ് പറയുന്നത് സത്യമാണ്. കാലു പിടിച്ചവന്റെ വാല് പിടിക്കുന്ന പണിയാണ് ബി ജെ പി ചെയ്തത്. കേരളത്തിൽ ബി ജെ പിക്ക് മാർക്കറ്റ്‌ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ അവരുടെ പ്രധാന പണി. ബി ജെ പി യുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളിൽ  അവരുടെ നേതാക്കളെ വിളിച്ചു വരുത്തി ചർച്ചയിൽ വേണ്ടത്ര സമയം കൊടുത്ത് ആ പാർട്ടിക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കിക്കൊടുത്തതിൽ പ്രധാന പങ്കു ഏഷ്യാനെറ്റിന് തന്നെയാണ്. കെ സുരേന്ദ്രനെ അന്തിച്ചർച്ചകളിലെ താരമാക്കിയതും ഏഷ്യാനെറ്റ് തന്നെ. സുരേന്ദ്രന് ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയിൽ ഒരു കിടക്കയും കക്കൂസും ഉണ്ടെന്ന് പോലും പറയപ്പെട്ടിരുന്നു. രാവിലെ പത്തുമണി ചർച്ചയിൽ സ്റ്റുഡിയോയിൽ ഇരിക്കുന്ന സുരേന്ദ്രൻ തന്നെ വൈകിട്ട് നാല് മണി ചർച്ചയിലും ഉണ്ടാവും. അതേ സുരേന്ദ്രനെ ഒമ്പത് മണിയുടെ ന്യൂസ് അവറിലും കാണാം. ചുരുക്കത്തിൽ തീറ്റയും കുടിയും കിടത്തവും എല്ലാം ഏഷ്യാനെറ്റിൽ തന്നെ എന്ന് തോന്നുന്ന രൂപത്തിലായിരുന്നു പോക്ക്. ഏഷ്യാനെറ്റ് സുരേന്ദ്രനെ ഇങ്ങനെ താരമാക്കിയപ്പോഴാണ് മറ്റ് ചാനലുകളും സുരേന്ദ്രനെ പിടിക്കാൻ തുടങ്ങിയത്. സുരേന്ദ്രൻ മാത്രമല്ല, അഡ്വ. ശ്രീധരൻ പിള്ളയും എം ടി രമേശും ഇല്ലാത്ത വാർത്തകൾ വളരെ അപൂർവമായിരുന്നു ഏഷ്യാനെറ്റിൽ..

ഏഷ്യാനെറ്റ്‌ ചെയർമാൻ രാജീവ് ചന്ദ്രശേഖർ പ്രമുഖ ബി ജെ പി നേതാവാണ്‌. സ്വന്തന്ത്ര പ്രതിനിധിയായാണ്‌ രാജ്യസഭയിൽ അദ്ദേഹം ഇരിക്കുന്നതെങ്കിലും ബി ജെ പിയുടെ തിങ്ക്‌ ടാങ്കിൽ ഒരാളാണ്. ബി ജെ പി യുടെ നയങ്ങളും നിലപാടുകളും ആസൂത്രണം ചെയ്യുന്ന കരട് രേഖ തയ്യാറാക്കാൻ (vision 2025) മുമ്പ് പാർട്ടി വിശ്വസിച്ച് ഏല്പിച്ചയാൾ. മോഡി സ്തുതി നിറഞ്ഞൊഴുകുന്ന കുറിപ്പുകൾ അദ്ദേഹത്തിന്റെ ബ്ലോഗിലും കാണാം. രണ്ടായിരത്തി ഒമ്പതിലെ ബി ജെ പി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പത്ത് കോടി രൂപയാണ് ഇദ്ദേഹം നല്കിയത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എത്ര നല്കിയെന്ന് അറിയില്ല. ഏതായാലും ഒരു തവണ കാലാവധി പൂർത്തിയാക്കിയ അദ്ദേഹത്തെ ബി ജെ പി വീണ്ടും എം പി യാക്കിയിരിക്കുകയാണ്. അദ്ദേഹമാണ് ഇപ്പോൾ ചാനലിന്റെ പ്രധാന ഉടമ. അതുകൊണ്ട് തന്നെ ബി ജെ പി ക്ക് ഏഷ്യാനെറ്റ്‌ നല്കിയിരുന്ന പിന്തുണയിൽ ആരും അത്ഭുതപ്പെട്ടിരുന്നുമില്ല.


പിന്നെ ഇപ്പോൾ എന്താണ് സംഭവിച്ചിട്ടുള്ളത്?. ബി ജെ പി ചാനലെന്ന പേരുദോഷം മാറ്റാൻ വേണ്ടി ആ പാർട്ടിയും ബി ജെ പി നേതാക്കളും ചേർന്ന് കളിക്കുന്ന ഒരു നാടകമാണ് ഇതെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ബി ജെ പി അനുകൂല നിലപാടുകളുടെ പശ്ചാത്തലം വെച്ചാണ് ഇത്തരമൊരു വാദഗതി ഉയർന്നിട്ടുള്ളത്. ടി എൻ ഗോപകുമാറിന് പകരം എഡിറ്ററായി എം ജി രാധാകൃഷ്ണൻ വന്നതോടെയാണ് ബി ജെ പി പിണങ്ങിയത് എന്ന് മറ്റു ചിലരും പറയുന്നു. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ മകൻ സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ആളല്ല എന്നും ബി ജെ പി അനുകൂല വാർത്തകൾ അദ്ദേഹം സെൻസർ ചെയ്യുന്നു എന്നുമാണ് ഇതിന് തെളിവായി പറയുന്നത്.

ഈ രണ്ട് വാദഗതികളിലും അല്പം ലോജിക്ക് ഉണ്ടെങ്കിലും എനിക്ക് തോന്നുന്നത് മറ്റൊരു കാരണമാണ് . ബി ജെ പി നേതാക്കളും അവരുടെ ബുദ്ധിജീവികളും ഏഷ്യാനെറ്റിനെ സ്വന്തം ചാനലായി കണ്ടു. കഴിഞ്ഞ കാലങ്ങളിൽ ആ ചാനലിൽ നിന്ന് കിട്ടിയ പിന്തുണയും മുതലാളി നമ്മുടെ ആളാണെന്ന ഉൾബോധവും അത്തരമൊരു വിശ്വാസം അവരിൽ ശക്തിപ്പെടുത്തി. ജന്മഭൂമിയും ജനം ടി വിയും പോലെ ബി ജെ പിയെയും സംഘ പരിവാർ രാഷ്ട്രീയത്തേയും പിന്തുണയ്ക്കുന്ന ഒരു മാധ്യമ സ്ഥാപനം എന്ന നിലയ്ക്ക് പലയിടങ്ങളിലും ഏഷ്യാനെറ്റിനെ അവർ പ്രോത്സാഹിപ്പിച്ചു. അങ്ങിനെയുള്ള ചാനലിൽ നിന്ന് മേമ്പൊടിയ്ക്ക് ചെറിയ ബി ജെ പി വിമർശനങ്ങൾ വന്നതോടെ അവർ അസ്വസ്ഥരായി. "ഹേ.. നമ്മുടെ ചാനൽ നമ്മളെ തന്നെ വിമർശിക്കുകയോ" എന്ന ഒരു ലൈനിൽ കാര്യങ്ങൾ വളർന്നു. വളരെ അടുത്ത ആളുകൾ വിമർശിക്കുമ്പോഴാണല്ലോ മനസ്സ് കൂടുതൽ വേദനിക്കുക. ഇതോടൊപ്പം പുതിയ എഡിറ്ററുടെ വരവും ഇത്തിരി  ശങ്കകൾ ഉണ്ടാക്കി. രമേശും മറ്റും കയറിക്കളിച്ചു തന്റെ ടി വി പ്രസൻസ് കുറഞ്ഞു വരുന്നുണ്ടോ എന്ന സംശയം കെ സുരേന്ദ്രനിൽ ഒരുതരം കോമ്പ്ളക്സ് ജനിപ്പിക്കുകയും ചെയ്തിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ ഇമ്മാതിരി എല്ലാ 'അളിഞ്ഞ മനശ്ശാസ്ത്ര'വും ഒറ്റയടിക്ക് പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ബഹിഷ്കരണം ജനിച്ചു.

ബഹിഷ്കരണം വന്ന സ്ഥിതിക്ക് ഏഷ്യാനെറ്റിനോട് പറയാനുള്ളത് ബേജാറാകേണ്ട എന്നാണ്. ഏറെക്കാലം പിടിച്ചു നില്ക്കാൻ ബി ജെ പി ക്ക് കഴിയില്ല. അവർ തിരിച്ചു വരും. അതുവരെ ബി ജെ പി ക്ക് പകരം 'സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷനകനായ' അഡ്വ. ജയശങ്കരിനെ വിളിച്ചാൽ മതി. ഒരു വെടിക്ക് രണ്ട് പക്ഷി. 'നിഷ്പക്ഷ'വും നടക്കും ബി ജെ പിയും നടക്കും. ബി ജെ പി ക്കാർ പറയുന്നതിനേക്കാൾ കൂളായി അദ്ദേഹം മോഡിയേയും സംഘപരിവാർ രാഷ്ട്രീയത്തേയും സംരക്ഷിച്ചു കൊള്ളും. അക്കാര്യം പൊട്ടന്മാരായ ആളുകൾക്ക് പെട്ടെന്ന് പിടികിട്ടാതിരിക്കാൻ ചില നമ്പറുകൾ പുള്ളി പ്രയോഗിക്കുകയും ചെയ്തു കൊള്ളും. നിഷ്പക്ഷതയ്ക്ക് കേട് പറ്റുകയില്ല, ബി ജെ പി ലൈൻ പറയുകയും ചെയ്യാം.


മറ്റൊരു രസകരമായ തമാശയുമുണ്ട്. അത് പറയാതെ പോകുന്നത് ശരിയല്ല. ബി ജെ പി തങ്ങളെ ബഹിഷ്കരിച്ചുവെന്ന് ബഹളം വെക്കുന്ന ഏഷ്യാനെറ്റ്‌ കോണ്‍ഗ്രസ്‌ വക്താവ് രാജ്മോഹൻ ഉണ്ണിത്താനെ കഴിഞ്ഞ ഒന്നേ കാൽ വർഷമായി ബഹിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ന്യൂസ് അവർ ചർച്ചയിൽ ഏഷ്യാനെറ്റിന്റെ ബി ജെ പി വിധേയത്വം ചൂണ്ടിക്കാട്ടി വിനു വി ജോണിന് വായടപ്പൻ മറുപടി കൊടുത്തതിന്റെ പേരിലാണ് ഈ വിലക്ക് ഇപ്പോഴും തുടരുന്നത്. ആ വിലക്ക് പിൻവലിക്കുവാൻ ഏഷ്യാനെറ്റ്‌ തയ്യാറുണ്ടോ? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാർ ആകുന്നതിന് മുമ്പ് ഈ ചോദ്യത്തിന് മറുപടി പറയാൻ അവർക്ക് സാധിക്കണം. നിങ്ങൾക്ക് ഒരു പാർട്ടിയുടെ വക്താവിനെ ബഹിഷ്കരിക്കാമെങ്കിൽ പാർട്ടികൾക്ക് തിരിച്ചും അതാവമല്ലോ.. തലയിൽ ആൾതാമസമുള്ള ആരും ബി ജെ പി യിൽ ഇല്ലാത്തത് കൊണ്ടാണ് കേരളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റിനെ അവർ ബഹിഷ്കരിച്ചത് എന്നാണ് പുതിയ എഡിറ്റർ എം ജി രാധാകൃഷ്ണൻ പ്രതികരിച്ചത്. ആ പ്രസ്താവനയെ മാനിക്കുന്നു. പക്ഷേ തലയിൽ ആൾതാമസമുള്ള ആൾക്കാർ ഏഷ്യാനെറ്റിൽ ഉണ്ടെങ്കിൽ ഉണ്ണിത്താന്റെ വിലക്കും പിൻവലിക്കൂ.

അവസാനിപ്പിക്കാം.. കേരളത്തിലെ ദൃശ്യമാധ്യമങ്ങളിൽ ഏഷ്യാനെറ്റിനുള്ള സ്ഥാനം വളരെ വലുതാണ്‌. സമർത്ഥരായ നിരവധി മാധ്യമ പ്രവർത്തകർ, കുറ്റമറ്റ സാങ്കേതിക സംവിധാനങ്ങൾ, നല്ല വ്യൂവർഷിപ്പ്. പ്രശാന്ത് രഘുവംശത്തിന്റെ നേതൃത്വത്തിലുള്ള കിടിലൻ ഡൽഹി ബ്യൂറോ (ഉള്ളത് പറയണമല്ലോ, ഏഷ്യാനെറ്റിന്റെ പ്രകടമായ ബി ജെ പി അനുകൂല നിലപാടിന് അപവാദമായി വാർത്തകളിൽ നിഷ്പക്ഷത പുലർത്താനും അകലങ്ങളിലെ ഇന്ത്യ പോലുള്ള നിലവാരം പുലർത്തുന്ന പരിപാടികൾ അവതരിപ്പിക്കാനും ഈ ബ്യൂറോക്ക് പോയ നാളുകളിൽ കഴിഞ്ഞിട്ടുണ്ട്). ഇത്തരം പോസിറ്റീവുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു മാറ്റം ഏഷ്യാനെറ്റിനും നല്ലതാണ്.  ഏതെങ്കിലും പാർട്ടിക്ക് വേണ്ടിയുള്ള മാമാപ്പണി നിർത്തുക. ഇത്തിരി സെൻസേഷന് വേണ്ടി കേരളത്തിലെ മത സൗഹാർദ്ദം തകർക്കുന്ന വാർത്തകളെ ആളിക്കത്തിക്കാതിരിക്കുക. വാർത്തകളിൽ മുതലാളിയുടെ രാഷ്ട്രീയം കലർത്താതെ മുന്നോട്ട് പോവുക. അങ്ങിനെയായാൽ മലയാളത്തിലെ ഒന്നാം നിര ചാനലായി തുടരാൻ പറ്റും. അതിന് പകരം ബി ജെ പി യുടെ ഈ തന്ത്രത്തിൽ വീണ് മാപ്പപേക്ഷിക്കാനും അവരുടെ മുട്ടിലിഴയാനും അനർഹർമായ പ്രാതിനിധ്യം നല്കി സന്തോഷിപ്പിക്കാനും ശ്രമിക്കുന്ന പക്ഷം വാർത്തയുടെ സത്യം മരിക്കും. നിഷ്പക്ഷമതികളായ ജനം ചാനലിനെ പതിയെ കൈവിടും. ജസ്റ്റ് റിമമ്പർ ദാറ്റ്‌!!!

Recent Posts
വാട്ട്സ് ആപ്പിലെ സരിത
ബഹറയിലെ സാൻഡ് ഡ്രൈവിംഗ്