കോഴിക്കോട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയത് ചുംബനത്തിന് എതിരായ സമരമല്ല. തലയിൽ ഇത്തിരി വെട്ടമുണ്ടെങ്കിൽ മറൈൻ ഡ്രൈവിലേക്ക് വണ്ടി കയറാൻ നില്ക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടത് അതാണ്. അരപ്പിരി ലൂസാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. മോർച്ച പ്രവർത്തകർ നടത്തിയ ആക്രമ പ്രവർത്തനങ്ങളെ ഒരു ശതമാനം പോലും അംഗീകരിക്കുന്ന ആളല്ല ഞാൻ. ശുദ്ധ തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവുമാണ് അവർ ചെയ്തത്. ഒരു കാര്യം നാം മനസ്സിലാക്കണം, ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് (ചുംബനം നടക്കുന്നു എന്ന വാർത്തയുടെ പേരിലല്ല) അവർ നിയമം കയ്യിലെടുത്ത് ആക്രമണം നടത്തിയത്. ഇന്ത്യൻ നിയമപ്രകാരം ഹോട്ടലിലെന്നല്ല, ഒരു പൊതുസ്ഥലത്തും ഇത്തരം പ്രവർത്തനങ്ങൾ നടക്കാൻ പാടില്ല. അത് നിയമ വിരുദ്ധമാണ്. അനാശാസ്യ പ്രവർത്തനങ്ങളുടെ പട്ടികയിൽ ഏതൊക്കെ വരുമെന്ന് നിയമം പഠിച്ചവരോട് ചോദിച്ചാൽ മനസ്സിലാക്കാൻ പറ്റും. അത്തരം നിയമങ്ങളോട് എതിർപ്പുണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞ് സമരം ചെയ്യണം.
അപ്പോൾ വിഷയത്തിന്റെ മർമ്മം അതാണ്, ഈ ഹോട്ടൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു കേന്ദ്രമായി പ്രവത്തിക്കുന്നുണ്ടോ ഇല്ലയോ?, അല്ലാതെ രണ്ട് പേർക്ക് ചുംബിക്കാൻ പറ്റുമോ ഇല്ലയോ എന്നതല്ല. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു കണ്ടെത്തി നടപടിയെടുക്കണം, ഹോട്ടൽ എന്നന്നേക്കുമായി പൂട്ടി അതിന്റെ നടത്തിപ്പുകാരെ അഴിക്കുള്ളിലാക്കണം.അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം കയ്യിലെടുത്ത് ഫാസിസ്റ്റ് പ്രവണതകൾ കാണിച്ച യുവമോർച്ച പ്രവർത്തകരെ ശിക്ഷിക്കണം. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്ന് തെളിഞ്ഞാൽ വ്യാജ വാർത്ത പുറത്തുവിട്ട റിപ്പോർട്ടർക്കും ചാനലിനുമെതിരെ നിയമനടപടി വേണം. ഇതൊക്കെയാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ട ന്യായമായ നീക്കങ്ങൾ. ഇത്തരം കാര്യങ്ങളൊന്നും ആവശ്യപ്പെടാതെ കുറെ വടക്ക് നോക്കികൾ മറൈൻ ഡ്രൈവിൽ പോയി ചുംബിച്ച് പിരിഞ്ഞാൽ ഒരു പിണ്ണാക്കും കിട്ടില്ല.
ഈ വിഷയകമായി ഒരു ചർച്ചയിൽ എന്നെ പങ്കെടുപ്പിച്ച ബി ബി സി ക്ക് നന്ദി.
ഒരു കുരങ്ങിനെ നിങ്ങൾ കല്ലെടുത്തെറിഞ്ഞാൽ കുരങ്ങ് ഇങ്ങോട്ടും കല്ലെടുത്തെറിയും. നിങ്ങൾ പല്ലിളിച്ചു കാണിച്ചാൽ അവനും പല്ലിളിച്ചു കാണിക്കും. നിങ്ങൾ ആരെയെങ്കിലും ചുംബിച്ചാൽ കുരങ്ങും കുരങ്ങത്തിയെ ചുംബിക്കും. പടച്ചവൻ കൊടുത്തിട്ടുള്ള ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണമാണ് (അനുകരണമാണ്) കുരങ്ങ് നടത്തുന്നത്. ചുംബന സമരം നടത്തുന്നവരും ഏതാണ്ട് അതാണ് ചെയ്യാൻ പോകുന്നത്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണം. കോഴിക്കോട്ടെ ഹോട്ടലിൽ ചുംബനത്തിന് പകരം ലൈംഗിക വേഴ്ചയാണ് നടന്നതെങ്കിൽ മറൈൻ ഡ്രൈവിൽ ഇക്കൂട്ടർ പരസ്യമായി ലൈംഗിക വേഴ്ച നടത്താനും മുതിർന്നെന്നു വരും. കാരണം കുരങ്ങിന്റെ പ്രതിഷേധ മനശ്ശാസ്ത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്, ബുദ്ധിയോ വിവേകമോ അല്ല. മോറൽ പോലീസിങ്ങിനെതിരെ ജനകീയ വികാരം വളർത്തുവാനുള്ള ശ്രമങ്ങളെ പിന്തുണക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. എന്നാൽ അതിന് അവലംബിക്കുന്ന രീതികൾ നമ്മുടെ നാടിന്റെ സംസ്കാരത്തോട് യോജിക്കുന്നതാകണം. ഇത്തരം ചുംബന നാടകങ്ങൾ ഉള്ള പിന്തുണ കൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ..
യുവമോർച്ച ആക്രമത്തിനെതിരെ ഏറ്റവും ഫലപ്രദമായി പ്രതികരിച്ചത് കോഴിക്കോട്ടെ പയ്യന്മാരാണ്, ചുംബന ആഹ്വാനം നല്കിയ ഫ്രീക്കന്മാരും ഫ്രീക്കത്തികളുമല്ല. 'കോഴിക്കോട്ടെ ആങ്കുട്ട്യേളെ കണ്ടുക്കാ?' എന്ന് ആരും ചോദിച്ചു പോകുന്ന പ്രതികരണം. യുവമോർച്ചക്കാർ അടിച്ചു നിരപ്പാക്കിയ ഹോട്ടൽ അന്ന് വൈകുന്നേരം തന്നെ പയ്യന്മാർ തുറപ്പിച്ചു. തുറപ്പിച്ചു എന്ന് മാത്രമല്ല, ഹിറ്റായ ഹോട്ടലിനെ മെഗാ ഹിറ്റാക്കി. സീറ്റ് കിട്ടാതെ ആളുകൾ വലയുന്ന കാഴ്ച. യുവമോർച്ചക്കാർക്ക് ചെകിടത്ത് അടികിട്ടിയതിനേക്കാൾ വലിയ നാണക്കേടാണ് അത് വഴി വന്നിട്ടുള്ളത്. ഒരു അക്രമ പ്രവർത്തനത്തോട് ഇത്രയും സർഗാത്മകമായി അടുത്ത കാലത്തൊന്നും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല, യുവമോർച്ചക്കാരുടെ ആക്രമത്തോടെ ഹോട്ടൽ ഇപ്പോൾ ലോക പ്രശസ്തിയിലേക്ക് ഉയർന്നിരിക്കുകയാണ്. ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലല്ലേ ഹോട്ടലിന്റെ വാർത്തയും ചിത്രങ്ങളും വന്നിരിക്കുന്നത്. താമസിയാതെ തന്നെ സായിപ്പുമാർ വേറീസ് ഡൌണ് ടൌണ്? എന്ന് ചോദിച്ച് കോഴിക്കോട്ടെത്തും. നോക്കണേ, ഓരോരുത്തരുടെ ഭാഗ്യം വരുന്ന വഴികൾ.
തട്ടം ശരിക്കിടാതെ ഡൌണ് ടൌണിൽ അൻസിബ :)
മറ്റൊരു കാര്യം ഇത്തരം മാധ്യമ വാർത്തകൾ ഉണ്ടാകുമ്പോൾ ഭ്രാന്തിളകിയത് പോലെ വടിയും കുന്തവുമായി ഇറങ്ങാറുള്ളത് യുവമോർച്ചക്കാർ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കുട്ടിക്കുരങ്ങന്മാർ കഴിഞ്ഞ കാലങ്ങളിൽ ഇതുപോലുള്ള അഭ്യാസങ്ങൾ പലയിടത്തും പലവട്ടം നടത്തിയിട്ടുണ്ട്. (കേന്ദ്രം ഭരിക്കുന്നത് ബി ജെ പി ആയതിനാൽ യുവമോർച്ച പ്രവർത്തകർക്ക് ആക്രമത്തിനുള്ള മുസ്ലി പവർ ഇപ്പോൾ ഇത്തിരി കൂടിയിട്ടുണ്ട് എന്ന് മാത്രം). ഈ വിഷയത്തിൽ ഒരു പാർട്ടിയും മോശമല്ല എന്നർത്ഥം. ഉദാഹരണങ്ങൾ പറയേണ്ട ആവശ്യമില്ലാത്ത വിധം അവിതർക്കിതമായ വസ്തുതയാണിത്. അതുകൊണ്ട് തന്നെ ഇതൊരു യുവമോർച്ച ആക്രമപ്രശ്നം മാത്രമായി പരിമിതപ്പെടുത്തുന്നതിലും പന്തികേടുണ്ട്.
അപ്പോൾ പറഞ്ഞു വരുന്നത് വിഷയത്തിന്റെ മെറിറ്റ് നോക്കി പ്രതികരിക്കുക എന്നതാണ്. പത്രത്തിൽ വാർത്തയും വിവാദവും ഉണ്ടാക്കാൻ വേണ്ടി ലവ്, കിസ്സ് എന്നൊന്നും പറഞ്ഞ് നടന്നിട്ട് കാര്യമില്ല. എല്ലാത്തിനും അതിന്റേതായ സമയവും സ്ഥലവുമൊക്കെയുണ്ട്. അതൊക്കെ അറിഞ്ഞ് പ്രവർത്തിച്ചാൽ മനുഷ്യന്മാരെപ്പോലെ ജീവിക്കാം. അതല്ലെങ്കിൽ നാൽക്കാലികളെപ്പോലെ എവിടെ വെച്ചും എന്തുമാകാം.
Recent Posts
ബി ജെ പിയുടെ ഏഷ്യാനെറ്റ് ബഹിഷ്കരണം. സത്യമെന്താണ്?
ബഹറയിലെ സാൻഡ് ഡ്രൈവിംഗ്
വാട്ട്സ് ആപ്പിലെ സരിത
Related Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
Note: ഈ പോസ്റ്റിന് നേരെ ഉയർന്ന പ്രതികരണങ്ങളുടെ പാശ്ചാതലത്തിൽ 01.11.2014 ന് എന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ് കൂടെ ഇവിടെ ചേർക്കട്ടെ..
മറൈൻ ഡ്രൈവിലേക്ക് ചുംബിക്കാൻ പോകുന്നവർ വിചാരിക്കുന്നത് തങ്ങളെന്തോ സാമൂഹിക വിപ്ലവത്തിന്റെ മല മറിക്കാൻ പോവുകയാണെന്നാണ്. സഹതാപം തോന്നുന്നുണ്ട്. ഇന്ത്യയിൽ ചുംബനങ്ങൾ ആരും നിരോധിച്ചിട്ടില്ല. ചുംബനങ്ങളെ ഒരു അലവലാതി സദാചാരക്കാരനും എതിർത്തതായും കേട്ടിട്ടില്ല. കോഴിക്കോട് - തിരുവനന്തപുരം - കൊച്ചി എയർപോർട്ടുകളിലെ പുറത്തേക്കുള്ള കവാടങ്ങളിൽ വിദേശങ്ങളിൽ നിന്ന് വിമാനങ്ങൾ വരുമ്പോൾ ഒന്ന് പോയി നോക്കുക.. സ്നേഹവും വികാരവുമുള്ള ചുംബനങ്ങൾ കാണാം. വിമാനമിറങ്ങി വരുന്ന മകനെ പെറ്റമ്മ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത്. ഭാര്യ ഭർത്താവിനെ ഉമ്മ വെക്കുന്നത്. മക്കളെ കൈകളിൽ കോരിയെടുത്ത് പിതാക്കൾ ഉമ്മ വെക്കുന്നത്.. പകൽ വെളിച്ചത്തിൽ പരസ്യമായി ചെയ്യുന്ന ജീവനുള്ള ഉമ്മകളാണത്. സ്നേഹ ചുംബനങ്ങൾ.. എന്നാൽ ക്യാമറകൾക്കും വാർത്താ ചാനലുകൾക്കും വേണ്ടി നിങ്ങൾ നടത്താൻ പോകുന്ന ഈ 'ഫ്രാഡ്' ചുംബനങ്ങൾ ഇത്തരം ജീവനുള്ള ചുംബനങ്ങളുടെ നാലയലത്ത് വരുമോ?.
പരട്ട് സദാചാര പോലീസിനെ എതിർത്ത് തോല്പിക്കേണ്ടത് കൊച്ചിയിലെ ഏതാനും ഫ്രീക്കന്മാരുടെ മാത്രം ചുമതലയല്ല. സമൂഹത്തിന്റെ മൊത്തം ബാധ്യതയാണത്. അതിനു പ്രധാനമായും വേണ്ടത് രണ്ട് കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരണം നടത്തുകയാണ്.
1) വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ പഠിക്കുക.
2) സദാചാരം ബലപ്രയോഗത്തിലൂടെ അടിച്ചേല്പിക്കാൻ ശ്രമിക്കാതിരിക്കുക.
ധാർമിക മൂല്യങ്ങൾ എന്നത് മോശം സംഗതിയല്ല, അതുകൊണ്ട് തന്നെ അവ വളർത്തുവാൻ ശ്രമിക്കാം. പ്രസംഗിക്കാം. എഴുതാം. പക്ഷേ അതാരുടെ മേലും അടിച്ചേല്പിക്കരുത്.
ഇത്തരം സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടത് ജനങ്ങളുടെ മനസ്സറിയുന്ന ബോധവത്കരണ രീതികളാണ്. കുറെയാളുകൾ ഫ്രാഡ് ചുംബനം നടത്തി പിരിഞ്ഞത് കൊണ്ട് ജനങ്ങളിലേക്ക് മേൽപറഞ്ഞ ഒരു സന്ദേശവും എത്തുകയില്ല. മറൈൻ ഡ്രൈവിലെ സമരം കേരളീയന്റെ മനസ്സറിയാത്ത സമരമാണ്. അവന്റെ പൈതൃകത്തെ തിരിച്ചറിയാത്ത സമരമാണ്. അതുകൊണ്ട് തന്നെ പിന്തുണയ്ക്ക് പകരം പൊതുജനങ്ങളുടെ പുച്ഛമാണ് അത് വാരിക്കൂട്ടുക. യൂറോപ്യൻമാർ തുണിയഴിച്ചിട്ടോടി പ്രതിഷേധിക്കാറുണ്ട്. അവിടെ അത് പതിവാണ്. എന്നാൽ നമുക്കതിവിടെ പറ്റുമോ?. പിന്നെ ഇത്തരം അലമ്പ് പരിപാടികൾക്ക് അല്പം മീഡിയ കവറേജ് കിട്ടും. വിവാദമാകുന്ന എന്തിനും അത് ലഭിക്കാറുണ്ട്. സരിതക്കും ലഭിച്ചിട്ടുണ്ട്. പരസ്യമായും രഹസ്യമായും ജീവനുള്ള ചുംബനങ്ങൾ നല്കാൻ ഒരു വിലക്കുമില്ലാത്ത നാട്ടിൽ എന്തോ വലിയ വിപ്ലവം നടത്താനെന്ന പോലെ മറൈൻ ഡ്രൈവിലേക്ക് കൂട്ട ചുംബനം നടത്താൻ ഓടുന്നവരെ കോമാളികൾ എന്ന് വിളിക്കാൻ തന്നെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ പല സുഹൃത്തുക്കളും അതിലുണ്ടാവാം. അവരൊക്കെ ക്ഷമിക്കുക.
Final Point: അതേ സമയം ഈ സമരത്തെ കായികമായി നേരിടുന്നതിനെയും അതിന്റെ വളണ്ടിയർമാരെ അക്രമിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നു. ഫാസിസത്തിന്റെ മറ്റൊരു രൂപമാണത്.