വാട്സ് ആപ്പിലെ സരിത

ഇ-മാധ്യമങ്ങളിൽ പല തരം ഉത്സവങ്ങൾ നടക്കാറുണ്ട്. വിഷുവും ഓണവും പെരുന്നാളും വരുന്ന പോലെ ഇവിടെ ഉത്സവങ്ങൾ വാർത്തകളാണ്. ചൂടുള്ള വാർത്തകളുടെ ഉത്സവങ്ങൾ.. ആർത്തു വിളിച്ചും അട്ടഹസിച്ചും ലൈക്ക് ചെയ്തും ഷെയർ ചെയ്തും ഉയരുന്ന ആരവങ്ങൾ.. ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളിലേക്ക് നിമിഷങ്ങൾ കൊണ്ട് പകരുന്ന പടരുന്ന വാർത്തകൾ.. പ്രേമത്തിലും യുദ്ധത്തിലും വീണ്ടുവിചാരം കുറയും എന്ന് പറയുന്ന പോലെ ഈ ഉത്സവ കാലങ്ങളിലും വീണ്ടുവിചാരങ്ങൾ ഉണ്ടാവാറില്ല. ഒരു തരം ലഹരിയിൽ അറിയാതെ ആടുകയും പാടുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും മിക്കവരും. സരിതയുടെ നഗ്ന ക്ലിപ്പുകൾ ഉയർത്തിയ വാട്സ് ആപ്പ് തരംഗവും ഈ ഉത്സവക്കാഴ്ച്ചകളുടെ പതിവ് രീതികൾ തെറ്റിച്ചില്ല.  വാട്സ് ആപ്പ് എന്തെന്ന് അറിയാത്തവർ പോലും ഒറ്റ ദിവസം കൊണ്ട് അതിന്റെ ആരാധകരും പ്രായോജകരുമായി.

സരിതയുൾപെട്ട സോളാർ വിവാദവും കേരള രാഷ്ട്രീയത്തിൽ അതുയർത്തിയ പ്രശ്നങ്ങളും മാറ്റി നിർത്തി ഈ വാട്സ് ആപ്പ് എപ്പിസോഡിനെ വിശകലനം ചെയ്‌താൽ നമുക്ക് മനസ്സിലാകുന്നത്‌ എന്താണ്. ഭയപ്പെടേണ്ട ഒരു സാംസ്കാരിക മലിനത നമ്മുടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വളരെ ആഴത്തിൽ വേരോടിയിരിക്കുന്നു. ഇങ്ങനെയൊരു ക്ലിപ്പ് നമ്മുടെ കയ്യിൽ കിട്ടിയാൽ അവ ഉടനെ ഡിലീറ്റ് ചെയ്ത് മൊബൈൽ വൃത്തിയാക്കുന്നതിന് പകരം അത് സേവ് ചെയ്ത് മറ്റൊരു കൂട്ടുകാരന് അയച്ചു കൊടുക്കുന്നത് വഴി നിർവഹിക്കപ്പെടുന്ന ദൗത്യമെന്താണ്?. സരിത ഒരു അഴിമതിക്കേസിലെ കക്ഷിയാണെന്നതോ അവർ ലൈംഗിക ആരോപണങ്ങളിലും കേസുകളിലും ഉൾപെട്ടിട്ടുണ്ട് എന്നതോ അവരുടെ സ്വകാര്യതയെ ആഘോഷിക്കാനുള്ള ന്യായീകരണമല്ല. മറ്റൊരാൾ ചിത്രീകരിച്ചതല്ല, സന്തോഷത്തോടെ സ്വയം ചിത്രീകരിച്ച വീഡിയോകളാണ് എന്നൊരാൾ ടി വി ചർച്ചയിൽ പറയുന്നത് കേട്ടു. എങ്കിലെന്ത്?. സ്വയം സന്തോഷത്തോടെ ചിത്രീകരിച്ച എന്തും അങ്ങാടിയിൽ വില്പനയ്ക്ക് വെക്കാനുള്ള അവകാശമുണ്ടെന്നോ?. നൂറു പേർക്ക് ഫോർവേഡ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നോ?.
 
ധാർമികതയുടെ തലം മാറ്റി നിർത്തി വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യം എടുക്കുക. ഒരാൾക്ക്‌ അയാളുടെ (അല്ലെങ്കിൽ ഇണകൾക്ക് അവരുടെ) നഗ്ന ചിത്രങ്ങൾ എടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അവർക്ക് തമ്മിൽ അവ പരസ്പരം കൈമാറണമെന്ന് തോന്നിയാൽ അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്‌. എന്നാൽ മൂന്നാമതൊരു കക്ഷിക്ക് അവ കവർന്നെടുത്ത് പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമില്ല, അവകാശമില്ല. അത് അവരുടെ സ്വകാര്യതയിലേക്കുള്ള അന്യായമായ കടന്നു കയറ്റമാണ്. വളരെ ആഴത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ്. പോണ്‍ മൂവികൾ പരസ്യ വിപണനം ലക്ഷ്യം വെച്ച് നിർമിക്കുന്നവയാണ്. അത് കൊണ്ട് തന്നെ അതിലെ താരങ്ങൾ വിപണിയുടെ ഉത്പന്നങ്ങളാണ്. എന്നാൽ വ്യക്തികൾ സ്വകാര്യമായി പകർത്തുന്ന വീഡിയോകൾ ആ ഗണത്തിൽ പെടുന്നില്ല എന്നത് തിരിച്ചറിയപ്പെടണം.

ലൈംഗികതയോടുള്ള മലയാളിയുടെ അമിത താത്പര്യമാണ് ഈ വാട്സ് ആപ്പ് തരംഗം സൃഷ്ടിച്ചത് എന്ന അഭിപ്രായത്തോട് യോജിക്കുക വയ്യ. ഹാർഡ് കോർ പോണ്‍ മൂവികൾ ഇഷ്ടം പോലെ ലഭിക്കുന്ന സൈബർ സ്പേസിൽ ഒരു മലയാളി യുവതിയുടെ ഏതാനും ക്ലിപ്പുകൾ വൈറലാകേണ്ട ഒരു കാര്യവുമില്ല. പക്ഷേ സരിതയിലെ സെലിബ്രിറ്റി സ്റ്റാറ്റസാണ്‌ ആ വൈറലിന് കാരണമായത്‌. അപ്പോഴും നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഒരു സെലിബ്രിറ്റിയാണ് എന്നത് അവരുടെ സ്വകാര്യതയുടെ മേൽ ഉടമാവകാശം സ്ഥാപിക്കുവാനും അതിനെ പ്രചരിപ്പിക്കുവാനും നമുക്ക് അധികാരം നല്കുന്നുണ്ടോ എന്നത്.

അഴിമതിക്കേസിലെ പ്രതി എന്നതിലുപരി മാർക്കറ്റുള്ള ഒരു പ്രദർശന വസ്തു എന്ന നിലയ്ക്കാണ് മാധ്യമങ്ങൾ സരിതയെ ഉപയോഗിച്ചത്. അവരുൾപെട്ട തട്ടിപ്പിനേക്കാൾ അവരുടെ ശരീരമായിരുന്നു ഫോക്കസ് ചെയ്യപ്പെട്ടത്. ആ ഫോക്കസ് സരിതയും ആസ്വദിച്ചു തുടങ്ങിയപ്പോൾ ടി വി ഷോകളുടെയും സീരിയലുകളുടെയും വരവായി. ഈ വാട്സ് ആപ്പ് ചുഴലിക്കാറ്റ് പുറത്ത് വന്ന ദിവസം തന്നെയാണ് ഏഷ്യാനെറ്റ് ഏറെ പ്രചാരണ കോലാഹലങ്ങളോടെ അവരുടെ സരിത ടി വി ഷോ എയർ ചെയ്തത്. സരിത ഡാൻസ് ചെയ്യുന്ന സെലിബ്രിറ്റി ഷോയുടെ ക്ലിപ്പിംഗ് ടി വിയിലും അവരുടെ നഗ്നത ആഘോഷിക്കുന്ന ക്ലിപ്പിംഗ് വാട്സ്ആപ്പിലും വൈറൽ.. ഇവ രണ്ടും എങ്ങിനെ സിൻക്രനൈസ് ചെയ്തു വന്നു എന്ന പ്രസക്തമായ ഒരു ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. മലയാളിയുടെ ഞരമ്പ് ലക്ഷ്യമാക്കിയുള്ള മാധ്യമങ്ങളുടെ റേറ്റിംഗ് തന്ത്രങ്ങളും ഇതിന്റെ പിന്നിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയുക വയ്യ. ഒരു പോലീസ് കേസ് ഈ വിഷയത്തിൽ ഉണ്ടാകുന്ന പക്ഷം ആ ദിശയിലും ചില അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്.

ആരുടേയും സ്വകാര്യതകളെ മാനിക്കുക എന്നത് സംസ്കാരത്തിന്റെ പ്രാഥമിക പാഠങ്ങളിൽ ഒന്നാണ്. അത് തിരിച്ചറിയാതെ ആൾക്കൂട്ടത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തരും തന്റെ ഉള്ളിലെ സംസ്കാരത്തെക്കുറിച്ച് വ്യാകുലപ്പെടണം. തന്റെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഗോവിന്ദച്ചാമിയെക്കുറിച്ച് അസ്വസ്ഥനാകണം.  തിരിച്ചറിവിന്റെയും തിരുത്തലുകളുടെയും പ്രക്രിയ നമ്മുടെയുള്ളിൽ തന്നെ നിരന്തരം നടക്കുമ്പോഴാണ് നാം പൂർണ മനുഷ്യരാകുന്നത്.

Related Post
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

Recent Posts
പ്രവാസിക്കും വേണ്ടേ ഇത്തിരി ആരോഗ്യം? 
ഫറസാൻ ദ്വീപിലേക്ക്
പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്