ജോണ്‍ ബ്രിട്ടാസ് കിടിലൻ മാധ്യമ പ്രവർത്തകനാണ്. മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും നിരന്തരം വിഷയമാക്കാറുള്ളത് കൊണ്ട് ഈ ബ്ലോഗിൽ നിരവധി പോസ്റ്റുകൾ ബ്രിട്ടാസിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി എന്നതാണ് അവസാനമായി അദ്ദേഹത്തിനെക്കുറിച്ച് എഴുതിയത്. നല്ലത് ചെയ്‌താൽ ഒട്ടും മടിയില്ലാതെ അതിനെ അഭിനന്ദിക്കാറുണ്ട് എന്നർത്ഥം. അദ്ദേഹം സിനിമയിലോ നാടകത്തിലോ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. പക്ഷെ ഇതൊക്കെ കാണാൻ വിധിക്കപ്പെട്ട പ്രേക്ഷകനെ ഓർക്കുമ്പോൾ സങ്കടം വരുന്നുണ്ട്. പടത്തിന്റെ പ്രമോഷന് വേണ്ടി നായികയുടെ പിറകെ സ്ലോ മോഷനിൽ ഓടുന്ന ബ്രിട്ടാസിന്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഹെനിക്ക് വയ്യ ഇതൊക്കെ കണ്ടോണ്ട് മിണ്ടാണ്ടിരിക്കുവാൻ..
ഒരു വലിയ ജുബ്ബയിട്ട് കുടവയർ ആവുന്നത്ര മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും ജുബ്ബയ്ക്കൊക്കെ ഒരു പരിധിയില്ലേ. സിക്സ് പാക്ക് വേണമെന്നൊന്നും പറയുന്നില്ല. ഇന്നത്തെ മാധ്യമ പ്രവർത്തനത്തിന്റെ സ്വഭാവം വെച്ച് സിക്സ് പായ്ക്ക് പോയിട്ട് ടു പായ്ക്ക് ഉണ്ടാക്കാൻ വരെ കഴിയില്ല. അത്രമാത്രം 'കസേര കേന്ദ്രീകൃതമായ' ഒരു ഏർപാടായി മാധ്യമ പ്രവർത്തനം മാറിക്കഴിഞ്ഞു. ഡെസ്ക്കിലിരുന്നു ഒരാഴ്ചക്കുള്ള വാർത്ത ഒറ്റയിരുപ്പിന് എഴുതിയുണ്ടാക്കാം. വേണ്ടതൊക്കെ നെറ്റിൽ നിന്ന് കിട്ടും. ബാക്കി പണി മൊബൈലും ചെയ്യും. പുറത്തിറങ്ങേണ്ട ആവശ്യമില്ല. വാർത്ത വായിക്കുന്നവർക്കാകട്ടെ കഴുത്തിന് മുകളിലുള്ളതേ സ്ക്രീനിൽ കാണൂ.. കുടവയര് ടേബിളിനടിയിൽ പോവും. വിഷയം മാറണ്ട, നമുക്ക് ബ്രിട്ടാസിലേക്ക് തന്നെ വരാം. വാർത്ത വായിക്കുന്നത് പോലെയോ ഇന്റർവ്യൂ ചെയ്യുന്നത് പോലെയോ അല്ല നായകനാവുന്നത്. സരോജ് കുമാറിനോട് പാച്ചാളം പറഞ്ഞ പോലെ മുഖത്ത് ഇത്തിരി ഭാവമൊക്കെ വരണം. നവരസങ്ങളില്ലെങ്കിലും മിനിമം ഒന്നോ രണ്ടോ രസങ്ങളെങ്കിലും വേണം. ഇത്തിരി കഷ്ടപ്പെട്ടാലും ആ വയറൊന്ന് കുറച്ചിരുന്നെങ്കിൽ നായികയുടെ പിറകെ ഓടുന്നത് കാണാൻ ഒരു ചേലുണ്ടാകുമായിരുന്നു. ദോഷം പറയരുതല്ലോ, 'രണ്ടു പ്രണയചന്ദ്രനായ് ചേർന്നുദിച്ച കണ്ണുകൾ ' എന്ന ഗാനം അതിമനോഹരമായി ചിത്ര പാടിയിട്ടുണ്ട്. കൈതപ്രത്തിന്റെ മകൻ ദീപാങ്കുരന്റെ സംഗീതവും ടോപ്പ് ക്ലാസ്സാണ്. നന്നായി വിഷ്വലൈസും ചെയ്തിട്ടുണ്ട്. അതൊക്കെയാണെങ്കിലും 'ന്നാലും എന്റെ ബ്രിട്ടാസേ നിന്റെയൊരു തൊലിക്കട്ടി' എന്ന് അറിയാതെ പറഞ്ഞു പോവുകയാണ്.
പ്രിയ ബ്രിട്ടാസ്, സന്തോഷ് പണ്ഡിറ്റിന്റെ ക്ലാസിക് സിനിമയായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് എങ്ങിനെയൊക്കെയായിരുന്നു താങ്കൾ ആ ബഹുമുഖ പ്രതിഭയെ പരിഹസിച്ചിരുന്നത് എന്നത് ഞങ്ങളാരും മറന്നിട്ടില്ല. ഒരു ജനതയുടെ ആത്മാവിഷ്കാരം തീർത്ത കൈരളിയിൽ നിന്നും മർഡോക്കിന്റെ ആത്മാവിഷ്കാരമായ ഏഷ്യാനെറ്റിലേക്ക് താങ്കൾ ചാടിയ ഉടനെയായിരുന്നു അത്. പത്തിരുപത്തഞ്ച് പേരെ ഫ്ലോറിൽ വിളിച്ചു വരുത്തി അതിന് നടുക്ക് പാവം പണ്ഡിറ്റിനെയിരുത്തി തന്തൂരി അടുപ്പിലിട്ട് വേവിക്കുകയായിരുന്നു അന്ന് താങ്കൾ ചെയ്തത്. പണ്ഡിറ്റിനെ പരിഹസിക്കാനായി ഒരു ഭാഗത്ത് രാഹുൽ ഈശ്വറിനെയും മറുഭാഗത്ത് കുറെ മിമിക്രി താരങ്ങളെയും ഇരുത്തി നടത്തിയ ആ ചിത്ര വധം അത്ര പെട്ടെന്നൊന്നും ഞങ്ങൾക്ക് മറക്കാൻ സാധിക്കില്ല. അങ്ങനെയുള്ള ഭൂലോക വിമർശകനായ താങ്കൾ ഏതാണ്ട് പണ്ഡിറ്റിന്റെ അതേ സ്റ്റെപ്പുകളോടെ നായികക്ക് പിറകെ സ്ലോ മോഷനിൽ ഓടുമ്പോൾ ഞങ്ങളെപ്പോലുള്ള പണ്ഡിറ്റ് ഫാൻസുകൾക്ക് ചൊറിഞ്ഞു വരിക സ്വാഭാവികമാണ്. ആ ചൊറിച്ചിൽ താങ്കൾ സഹിച്ചേ പറ്റൂ.. എന്റെ ഫേസ്ബുക്ക് സുഹൃത്ത് മേരി ലില്ലി എഴുതിയത് അമ്മിക്കല്ലിന് കാറ്റ് പിടിച്ചത് പോലെ തെക്കോട്ടും വടക്കോട്ടും നടക്കുകയാണ് ഈ പാട്ടിൽ താങ്കൾ ചെയ്യുന്നത് എന്നാണ്. താങ്കളുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് അത്രയും ഞാൻ പറയുന്നില്ല. കൃഷ്ണനും രാധയിലും പണ്ഡിറ്റിന്റെ മുഖത്ത് വിരിഞ്ഞ അപാര ശൃംഗാര ഭാവങ്ങളെ പരിഹസിച്ച താങ്കളുടെ മുഖത്ത് ഈ പാട്ടിൽ ഒരു ഭാവവും കണ്ടില്ല എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.
ബ്രിട്ടാസ് തന്നെ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. ഈ പടത്തിൽ സഹകരിച്ചവരൊക്കെ വളരെ പ്രശസ്തരും പരിചയ സമ്പന്നരുമാണ്, ആകെയുള്ള ഒരു നെഗറ്റീവ് ജോണ്‍ ബ്രിട്ടാസ് മാത്രമാണ് എന്ന്. ഈ പ്രസ്താവനയോട് നൂറ് ശതാനം യോജിക്കാതെ വയ്യ. സംവിധാനം മധു കൈതപ്രം, തിരക്കഥ സി വി ബാലകൃഷ്ണൻ, ഗാനരചന കൈതപ്രം, പാടിയത് ചിത്ര.. അങ്ങനെ പോകുന്നു പരിചയ സമ്പന്നരുടെ നിര. പടം ഇറങ്ങുന്നതിന് മുമ്പ് റിവ്യൂ എഴുതാൻ പാടുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാകും. പോസ്റ്റർ മാത്രം കണ്ട് റിവ്യൂ എഴുതുന്ന വീരന്മാർ ഇവിടെ ധാരാളമുള്ളപ്പോൾ പാട്ട് കണ്ട് റിവ്യൂ എഴുതുന്നത് അത്ര വലിയ പാതകമൊന്നുമല്ല. എന്നാലും ഇനിയല്പം കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. തീമും സെറ്റപ്പും കണ്ടിട്ട് പടം നന്നാവാനുള്ള സാധ്യതയുണ്ട്. സി വി ബാലകൃഷ്ണന്റെ പ്രശസ്തമായ സുൽത്താൻ നാടിനെ ആസ്പദമാക്കിയാണ് ഈ സിനിമ. പൂർണമായും ഒമാനിൽ ചിത്രീകരിച്ചത്. കേന്ദ്ര കഥാപാത്രമായ ഉപേന്ദ്രനെ ബ്രിട്ടാസ് എങ്ങിനെ അവതരിപ്പിച്ചു എന്നത് സിനിമ കണ്ട ശേഷമേ പറയാൻ പറ്റൂ.. ഒരു പാട്ട് കണ്ട ശേഷം അതിനെ വിലയിരുത്തുന്നത് ശരിയാവില്ല. ഇത് ബ്രിട്ടാസിനെ വെറുതേ ഒന്ന് തോണ്ടാൻ വേണ്ടി മാത്രം ഇടുന്ന പോസ്റ്റാണ്. നമ്മുടെ സ്വന്തം പണ്ഡിറ്റിനെ കളിയാക്കിയതിനുള്ള ഒരു ചെറിയ പ്രതികാരം. ബ്രിട്ടാസിലെ നായകന് എല്ലാ ആശംസകളും.
Recent Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
ഇതാണെടാ അവതാരക.. ഇവളാണെടാ പുലി !
മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?
Related Posts
ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു