വാഗാ അതിർത്തിയിലെ കാഴ്ചകൾ

വാഗാ അതിർത്തിയേയും അവിടുത്തെ കൗതുക കാഴ്ചകളേയും വെറുമൊരു ടൂറിസ്റ്റിന്റെ കണ്ണിലൂടെ മാത്രം നമുക്ക് നോക്കിക്കാണാൻ ആവില്ല. ഓരോ ഇന്ത്യക്കാരനും അവന്റെ ദേശത്തോടും അതിർത്തിയോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടവും സ്നേഹവും പകർന്നു നല്കുന്ന ഒരവസ്മരണീയ അനുഭവമാണ് വാഗ. അതൊരു വിനോദക്കാഴ്ച മാത്രമല്ല, അതിനുമപ്പുറമുള്ള ചിലതാണ്. ഇന്ത്യക്കാരെപ്പോലെ തന്നെ പാക്കിസ്ഥാനികൾക്കും അവരുടെ ദേശാഭിമാനത്തിന്റെ കൊടിയടയാളമാണ് വാഗ. വാഗയിൽ ഒരു വൈകുന്നേരം ചിലവഴിച്ചു കഴിഞ്ഞാൽ ജീവിതത്തിലൊരിക്കലും ആ സായന്തനത്തെ മറക്കാൻ കഴിയില്ല. ഓർമയുടെ ഓളങ്ങളിൽ വാഗ തെന്നിക്കളിച്ചു കൊണ്ടേയിരിക്കും. ആയിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ഏക പ്രവേശന കവാടമാണ് വാഗ. അതിർത്തികളിലെ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും വാർത്തകളും റിപ്പോർട്ടുകളും നിരന്തരം നാം കേൾക്കാറുണ്ട്. എന്നാൽ ഇരു രാജ്യത്തേയും പട്ടാളക്കാർ നേർക്ക്‌ നേരെ നിന്ന് കായികാഭ്യാസങ്ങൾ നടത്തുന്നതും അവസാനം കൈ കൊടുത്ത് പിരിയുന്നതും  വാഗയിൽ മാത്രം കാണുന്ന ദൃശ്യമാണ്.  വാഗ ഒരതിർത്തി മാത്രമല്ല. അതൊരു അനുഭവവും വികാരവും കൂടിയാണ്.

അമൃത്സറിൽ നിന്നും ചരിത്ര പ്രസിദ്ധമായ ഗ്രാൻഡ്‌ ട്രങ്ക് റോഡിലൂടെയാണ് വാഗയിലേക്കുള്ള ഞങ്ങളുടെ യാത്ര. ഇന്ത്യൻ അതിർത്തി കടന്ന് ലാഹോറിലേക്കാണ് ഈ റോഡ്‌ പോകുന്നത്. അക്ഷരാർത്ഥത്തിൽ ഇതൊരു രാജകീയ പാതയാണ്. (NH 1) ഏഷ്യയിലെ തന്നെ ഏറ്റവും പഴയതും നീളം കൂടിയതുമായ പാതകളിലൊന്ന്. ബംഗ്ളാദേശിലെ ചിറ്റഗോംഗിൽ നിന്ന് തുടങ്ങി ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും കടന്ന് അഫ്ഘാനിസ്ഥാനിലെ കാബൂളിലെത്തുന്ന ഈ മഹാപാത ചരിത്രത്തിന്റെ നിർണായകമായ നാൾവഴികൾക്കും ഐതിഹാസികമായ തേരോട്ടങ്ങൾക്കും ഏറെ സാക്ഷ്യം വഹിച്ചതാണ്. മൗര്യ സാമ്രാജ്യ കാലഘട്ടത്തിൽ തുടങ്ങി ഷേർഷയുടെയും മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും കാലത്തിലൂടെ രൂപം കൊണ്ട് വികസിച്ച പാത.. പതിനാറാം നൂറ്റാണ്ടിൽ ഷേർഷ സൂറിയാണ് തന്റെ ജന്മഭൂമിയെ തലസ്ഥാനമായ ആഗ്രയുമായി ബന്ധിപ്പിക്കുന്നതിന് ഈ പാതയെ നവീകരിച്ചത്‌. പിന്നീട് വന്ന മുഗൾ ചക്രവർത്തിമാർ അവരുടെ സാമ്രാജ്വത്തിന്റെ വ്യാപനത്തിനനുസരിച്ച് ഈ പാതയെ അതിർത്തികളിലേക്ക് വീണ്ടും നീട്ടി. ഖൈബർ ചുരവും കടന്ന് അത് കാബൂളിൽ തൊട്ടു. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഈ മഹാപാത പൂർണമായും ആധുനികവത്കരിക്കപ്പെട്ടു. രഥയാത്രകൾ, അധിനിവേശങ്ങൾ, മഹായുദ്ധങ്ങൾ.. നിർണായകമായ എത്രയെത്ര ചരിത്ര മുഹൂർത്തങ്ങൾക്ക് ഞങ്ങളുടെ കാർ കുതിച്ചു പായുന്ന ഈ വീഥി സാക്ഷ്യം വഹിച്ചിട്ടുണ്ടാവണം. വാഗയിലേക്കുള്ള യാത്രയിലുടനീളം ചരിത്രത്തിന്റെ കുളമ്പടികൾ ഞങ്ങളെ അനുഗമിക്കുന്നതായി തോന്നി. ഷേർഷയുടെയും അക്ബറിന്റെയും കുതിരപ്പടയാളികൾ ആരവങ്ങളുയർത്തി കടന്നു പോകുന്നതായി ഒരു തോന്നൽ.. ഗോതമ്പ് ചാക്കുകൾ നിറച്ചു വെച്ച കാളവണ്ടിയിൽ മീർ താക്കി മീറിന്റെ ഗസൽ വരികൾ ഈണത്തിൽ പാടി ഒരു കർഷകൻ കടന്നു പോയത് പോലെ...


രത്തൻ സിംഗിനൊപ്പം
അതിർത്തിയിലെ ബങ്കറിനുള്ളിൽ

കത്തുന്ന വെയിൽ.. നല്ല വിശപ്പുണ്ട്. പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉച്ച ഭക്ഷണം തയ്യാറാക്കി വണ്ടിയിൽ വെച്ചിട്ടുണ്ട്. പക്ഷേ ഒന്നിച്ചിരുന്ന് കഴിക്കാൻ സൗകര്യപ്രദമായ ഒരു സ്ഥലം കാണുന്നേയില്ല.. റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം വിജനമായ ഗോതമ്പ് വയലുകൾ.. ഇടയ്ക്കു ചില പട്ടാള പോസ്റ്റുകൾ.. പരിശോധനകൾ.. ചുട്ടു പൊള്ളുന്ന ചൂട്.. വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. രണ്ടു മണിയായിത്തുടങ്ങി.. അതിനിടെ വാഗ എന്ന് ബോർഡ് കണ്ടു. ഗ്രാമാതിർത്തിയാണ്. ഇന്ത്യൻ അതിർത്തിയിലേക്ക് ഇനി അല്പദൂരം മാത്രമേയുള്ളൂ. കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ തണൽ വൃക്ഷങ്ങളുള്ള ഇരിടം കണ്ടു. വണ്ടി നിർത്തി ഭക്ഷണം കഴിച്ചു. ദൂരെ കാണുന്ന കമ്പി വേലി ചൂണ്ടിക്കാട്ടി ഡ്രൈവർ രത്തൻ സിംഗ് പറഞ്ഞു. അതിനപ്പുറം പാക്കിസ്ഥാനാണ്. എന്റെ ഉള്ളൊന്ന് കാളി.. അതിർത്തിയിലാണ് ഇരിക്കുന്നത്. . വല്ല ബോംബും വരുമോ?.. വിളറി വെളുത്ത എന്റെ മുഖം കണ്ടപ്പോൾ അയാൾ പറഞ്ഞു. പേടിക്കാനില്ല.. ഇവിടെ അങ്ങിനെ കുഴപ്പമൊന്നുമുള്ള സ്ഥലമല്ല. രത്തൻ സിംഗിന് ഈ പ്രദേശങ്ങൾ പരിചിതമാണ്. എക്സ് മിലിട്ടറിയാണ് അദ്ദേഹം. എന്നെ ഒന്ന് കൂടി ഞെട്ടിക്കാനാണോ എന്നറിയില്ല. ഞങ്ങൾ ഇരുന്നതിന്റെ തൊട്ടപ്പുറത്തെ കിടങ്ങ് ചൂണ്ടിക്കാട്ടി പറഞ്ഞു. പട്ടാള ബങ്കർ ആണത്. സൈനികർ ഒളിച്ചിരിക്കുന്ന സ്ഥലം. അദ്ദേഹം അവിടെ പോയി നോക്കിയ ശേഷം എന്നെ അങ്ങോട്ട്‌ വിളിച്ചു. ഞാൻ മടിച്ചു നിന്നപ്പോൾ പറഞ്ഞു. ആജാവോ ഭായ്.. ഡറോ മത്.. കോയി ഭി നഹി ഇദർ.. ആ ധൈര്യത്തിൽ അദ്ദേഹത്തോടൊപ്പം ഞാനും ബങ്കറിൽ ഇറങ്ങി. നാലഞ്ച് പേർക്ക് സുഖമായി ഒളിച്ചിരിക്കാവുന്ന കിടങ്ങാണ്. ഇഷ്ടിക കൊണ്ട് കെട്ടിയുണ്ടാക്കിയത്. അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ ഇത്തരം കിടങ്ങുകളിലെല്ലാം സൈനികർ തോക്കുമായി കാവലുണ്ടാകും. ഞാൻ ബങ്കറിൽ നിന്ന് പുറത്തേക്ക് കടന്നതും പെട്ടെന്നൊരു വെടി പൊട്ടി. ഞെട്ടിത്തെറിച്ചു ഞാൻ പിറകിലേക്ക് ചാടി.. രത്തൻ സിംഗ് പൊട്ടിച്ചിരിക്കുന്നു. റോഡിലൂടെ പോകുന്ന കാറിന്റെ ടയർ പൊട്ടിയതാണ്.

വാഗ അതിർത്തിയിലെത്തിയപ്പോൾ അവിടെ വലിയ ക്യൂ കാണുന്നുണ്ട്. ടിക്കറ്റിന് വേണ്ടിയുള്ള ക്യൂവാണ്. ഇരു രാജ്യങ്ങളുടെയും സൈനിക പരേഡ് നടക്കുന്ന ഭാഗത്തേക്ക് പ്രവേശനം ടിക്കറ്റ് മൂലമാണ്. കർശനമായ പരിശോധനക്ക് ശേഷമാണ് ആളുകളെ കടത്തി വിടുന്നത്. ഞങ്ങളും ക്യൂ നിന്ന് ടിക്കറ്റ് വാങ്ങിച്ചു. വില്ലേജ് അതിർത്തിയിലെ സൈനിക ചൂണ്ടു പലകകൾ ഇവിടെ നിന്ന് കാണാം. ലാഹോറിലേക്ക് ഇരുപത്തിരണ്ടു കിലോമീറ്ററാണ് ദൂരം. അമൃത്സറിലേക്കു മുപ്പത്തിരണ്ട്.  കൃത്യം നാല് മണിക്ക് അതിർത്തിയിലേക്കുള്ള ഗേറ്റ് തുറന്നു. ഇരുവശവും കുതിരപ്പടയാളികളുടെ അകമ്പടിയോടെ പുല്ല് വിരിച്ച പാതയിലൂടെ ഉള്ളിലേക്ക് കുറച്ച് നടന്നപ്പോൾ ഒരു വലിയ ഗ്യാലറി കണ്ടു.  അവിടെയാണ് സൈനിക അഭ്യാസങ്ങളും അതിർത്തിയിലെ പ്രത്യേക ചടങ്ങുകളും നടക്കുന്നത്. ഗ്യാലറിയിൽ ഇരുന്നു സുഖമായി വീക്ഷിക്കാം. ഇന്ത്യയുടെ അതിർത്തിക്കിപ്പുറത്ത് ഇന്ത്യൻ ഗ്യാലറി. അപ്പുറത്ത് പാക്കിസ്ഥാൻ ഗ്യാലറി. നടുവിൽ ഒരു മതിലും ചെറിയ ഗേറ്റും. പാക്കിസ്ഥാനും ഇന്ത്യക്കും വെവ്വേറെ ഗേറ്റുകളാണ്. ആ ഗേറ്റുകൾക്കിടയിൽ ഏതാനും അടി ഒഴിഞ്ഞ ഭാഗമുണ്ട്. നോ മാൻസ് ലാൻഡ് ആയിരിക്കണമത്. അവിടെയാണ് കൊടി മരമുള്ളത്. ഒരു ഭാഗത്തെ കൊടിമരത്തിൽ ഇന്ത്യയുടെ പതാക. മറുഭാഗത്ത് പാക്കിസ്ഥാന്റേത്.

ടിക്കറ്റിന് വേണ്ടിയുള്ള നീണ്ട ക്യൂ




പാക്കിസ്ഥാൻ ഗ്യാലറിയും ബാബ് ആസാദിയും ദൂരെ കാണാം.

അതിർത്തി രേഖയിലുള്ള ഇരുമ്പ് ഗേറ്റ് കടന്ന് പാക്കിസ്ഥാൻ ഭാഗത്ത് അല്പം മാറി ഒരു വലിയ കോണ്‍ക്രീറ്റ് ഗേറ്റുണ്ട്. ബാബ് ആസാദി എന്ന് അതിനു മുകളിൽ എഴുതി വെച്ചിട്ടുണ്ട്. ഇന്ത്യൻ ഭാഗത്തും സമാനമായ ഒരു കോണ്‍ക്രീറ്റ് ഗേറ്റ്. ഇന്ത്യ എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഈ കോണ്‍ക്രീറ്റ് ഗേറ്റുകൾക്കും അതിർത്തി രേഖക്കും ഇടയിലുള്ള ഭാഗത്താണ് രണ്ടു രാജ്യങ്ങളുടെയും പട്ടാളക്കാരുടെ ചടങ്ങുകൾ നടക്കുന്നത്. ഇതിനകം ഇന്ത്യൻ ഭാഗത്തെ ഗ്യാലറി ഏതാണ്ട് നിറഞ്ഞു കഴിഞ്ഞു. പാക്കിസ്ഥാൻ ഭാഗത്ത് ആളുകൾ കുറവാണ്. ചടങ്ങുകൾ ആരംഭിക്കാൻ പോവുകയാണ്. പാക്കിസ്ഥാൻ ഭാഗത്ത് നിന്ന് ആരവങ്ങൾ കേൾക്കാം.. ജിയേ ജിയേ പാക്കിസ്ഥാൻ വിളികൾ .. അതിനിടയിൽ തക്ബീറുകൾ.. ഇന്ത്യൻ ഭാഗത്ത് ജയ്‌ ഭാരത്‌ വിളികൾ.. വന്ദേ മാതരം ഉച്ചത്തിൽ ആലപിക്കുന്നവർ.. ശബ്ദ മുഖരിതമായ അന്തരീക്ഷം.. രണ്ട് രാജ്യക്കാർ.. അതിർത്തിക്കപ്പുറത്തും ഇപ്പുറത്തും സ്വന്തം ദേശത്തിന് വേണ്ടി ശബ്ദമുയർത്തുകയാണ്. പെടുന്നനെയാണ് പടുകൂറ്റൻ സൗണ്ട് ക്യാബിനുകളിൽ നിന്നും ആവേശമുണർത്തുന്ന ആ ഗാനമുയർന്നത്..

യേ ദേശ് ഹേ വീർ ജവാനോം കാ....
അൽബേലോം കാ മസ്താനോം കാ..
ഇഷ് ദേശ് കാ യാരോം ക്യാ കെഹ്നാ..

മുഹമ്മദ്‌ റഫിയുടെ അനശ്വര ശബ്ദം.. ആ ശബ്ദ വീചികൾ ഗ്യാലറികളിൽ  ഒരു വിദ്യുത് തരംഗം പ്രവഹിപ്പിച്ചത് പോലെ... ആർപ്പ് വിളികളോടെ ഒരു പറ്റം കുട്ടികളും സ്ത്രീകളും ഗ്യാലറിയിൽ നിന്ന് താഴോട്ടിറങ്ങിയോടുന്നു.. പിന്നെ ആ പാട്ടിനൊപ്പിച്ച നൃത്തമാണ്.. ദിലീപ് കുമാറും വൈജയന്തി മാലയും ബാംഗ്ര നൃത്തത്തിന്റെ ചുവടുകളുമായി അവർക്കൊപ്പമുള്ളത് പോലെ.. ഗ്യാലറി മൊത്തം ഇളകിയാടുന്നു. റഫിയുടെയും ബൽബീറിന്റെയും  ഓരോ വരികളും ഇന്ത്യയെന്ന വികാരത്തെ കത്തിജ്വലിപ്പിക്കുകയായിരുന്നു എന്ന് പറയാം.. ഒരു ഗാനം കേട്ടിട്ട് ഇത് പോലെ രോമ കൂപങ്ങൾ എഴുന്നേറ്റു നിന്ന സന്ദർഭം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. ആ സമയത്തിന്റെയും  സ്ഥലത്തിന്റെയും പ്രത്യേകത, ഒപ്പം പാക്കിസ്ഥാൻ ഭാഗത്ത് നിന്ന് കേട്ട ചില എതിർ ആരവങ്ങൾ..  മറ്റൊരു സമയത്തും സന്ദർഭത്തിലുമായിരുന്നെങ്കിൽ ഈ ഗാനം ഇത്ര വികാരം ഉണർത്തുമായിരുന്നില്ല. പാട്ട് കഴിഞ്ഞതോടെ കുട്ടികൾ തിരിച്ച് ഗ്യാലറിയിലേക്ക് കയറി.. തലയിൽ ഒരു പ്രത്യേക തൊപ്പി ധരിച്ച ഒരു പട്ടാള ഓഫീസർ മുന്നോട്ട് വന്നു. ശ്വാസം നിർത്താതെ നീട്ടി വലിച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. പട്ടാളക്കാർ പരേഡിന് മുമ്പ് ഇത്തരം ശബ്ദമുണ്ടാക്കാറുണ്ട് (Bellowing). അതോടെ എല്ലാവരും നിശ്ശബ്ദരായി. പിന്നീട് യൂണിഫോമിൽ അല്ലാത്ത ഒരു പട്ടാള ഉദ്യോഗസ്ഥൻ മൈക്കെടുത്ത് മുന്നോട്ട് വന്നു. ഉച്ചത്തിൽ ജയ് ഹിന്ദും വന്ദേ മാതരവും ചൊല്ലി. ജനങ്ങളെക്കൊണ്ട് അതേറ്റു ചൊല്ലിച്ചു. അദ്ദേഹത്തിന്റെ സംസാരവും ശബ്ദവും ഒരു പ്രത്യേക ആവേശമുണർത്തുന്നതായിരുന്നു. ഇന്ത്യൻ ഭാഗത്തെ ചടങ്ങുകളുടെ മുഖ്യ അവതാരകൻ അദ്ദേഹമാണ്. ആൾകൂട്ടത്തിന്റെ മനസ്സ് കൃത്യമായ പഠിച്ച കൌശലക്കാരനായ ആർമി ഓഫീസറാണ് അദ്ദേഹമെന്നത് ആ ചടങ്ങുകൾ അവസാനിച്ചതോടെ മനസ്സിലായി. അത്ര വിദഗ്ദമായാണ് അദ്ദേഹം ഇന്ത്യൻ ഭാഗത്തെ ആൾകൂട്ടത്തെ കൈകാര്യം ചെയ്തത്. അവരുടെ സിരകളിൽ ദേശാഭിമാനത്തിന്റെ രക്തം തിളപ്പിച്ചത്. 

പെണ്‍കുട്ടിക്ക് പതാക കൈമാറുന്നു. 




പാക്കിസ്ഥാൻ ഭാഗത്ത് നിന്ന് ആരവങ്ങൾ ഉയരുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ ആരവമുയർത്താൻ അദ്ദേഹം തന്ത്രപൂർവ്വം ഗ്യാലറിയെ പ്രോത്സാഹിപ്പിച്ചു. കുട്ടികളെക്കൊണ്ട് പാട്ടിനൊപ്പിച്ച് നൃത്തം കളിപ്പിച്ചു.  'മേരെ ദേശ് കി ധർത്തീ സോനാ ഉഗ്ലേ.."  നൃത്ത പ്രധാനമായ ദേശഭക്തി ഗാനങ്ങൾ തുടർച്ചയായി ക്യാബിനിലൂടെ ഒഴുകുന്നുണ്ട്. അതിനിടെ ഷാരൂഖ് ഖാന്റെയും അക്ഷയ് കുമാറിന്റെയും ഡാൻസ് നമ്പറുകളും വരുന്നുണ്ട്. അവയിലൊക്കെയും ഇന്ത്യയെന്ന വികാരം ഉണർത്തുന്ന വരികളുണ്ട്.  പാട്ടിനും ഡാൻസിനുമിടയിൽ ഒരു കൊച്ചു പെണ്‍കുട്ടിയെ ഗ്യാലറിയിൽ നിന്ന് വിളിച്ചു വരുത്തി ആ ഓഫീസർ അവളുടെ കയ്യിൽ ഒരു ഇന്ത്യൻ പതാക കൊടുത്തു. ആ പതാകയുമായി ഗേറ്റിലേക്ക് ഓടാൻ പറഞ്ഞു. അവൾ ആദ്യമൊന്നു പകച്ചു നിന്നു. ഗ്യാലറിയിൽ നിന്ന് താളത്തിലുള്ള കയ്യടികൾ ഉയർന്നതോടെ അവൾ പതിയെ ഓട്ടം തുടങ്ങി.. അതോടെ മിലിട്ടറിയുടെ ബാൻഡ് വാദ്യവും ആരംഭിച്ചു. ഇന്ത്യൻ പതാക പാറിപ്പറപ്പിച്ച്  അതിർത്തി രേഖയിലേക്ക് ഓടുന്ന ആ പെണ്‍കുട്ടിയുടെ കാലടികൾക്കൊപ്പിച്ച് ഗ്യാലറിയിൽ നിന്ന് താളാത്മകമായ കയ്യടി. ഒരു പ്രത്യേക ആവേശത്തിൽ ജനങ്ങളെ കോരിത്തരിപ്പിച്ചു നിർത്തുന്ന ചടങ്ങുകൾ.. അതിർത്തിയിലെ ഭടന്റെ കയ്യിൽ പതാകയേൽപിച്ച് അവൾ മടങ്ങി.. കുഞ്ഞിന്റെ അമ്മയാണെന്ന് തോന്നുന്നു അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നു.

പിന്നീട് വന്നത് കുതിരപ്പടയാളികൾ.. അവയ്ക്ക് പിറകെ പ്രത്യേക വേഷം ധരിച്ചെത്തിയ സൈനികർ.. ഏല്ലാവരും ബി എസ് എഫ് (Boarder Security Force) ജവാന്മാർ.. അവരുടെ പരേഡ്..  മുട്ട് വളക്കാതെ നെറ്റിയിലേക്ക് കാലുയർത്തിക്കൊണ്ടുള്ള പ്രത്യേക സ്റ്റെപ്പുകളും താഴോട്ടുള്ള അമർത്തിച്ചവിട്ടും. അത് കാണേണ്ടത് തന്നെ. അവർ നേരെ പോയത് ഗേറ്റിലേക്ക്.. ഗേറ്റിന് സമീപത്ത് അവരെത്തിയതും ഇന്ത്യൻ ഗേറ്റ് തുറന്നു. അവർ ഗേറ്റ് കടന്ന് അപ്പുറത്തേക്ക് പോകുമോ എന്ന് തോന്നിപ്പോയി. അത്രയും വേഗതയിലാണ് അവരുടെ മാർച്ച്.. ഉടനെ പാക്കിസ്ഥാന്റെ ഗേറ്റും തുറന്നു. അവിടെ നിന്ന് അവരുടെ സൈനികരും പരേഡുമായി എത്തി. കാക്കിയിൽ ബി എസ് എഫ്. കടും പച്ചയിൽ പാക്കിസ്ഥാൻ റെയ്ഞ്ചേഴ്സ്.. ഇന്ത്യയും പാക്കിസ്ഥാനും നേർക്ക്‌നേർ.. അതിനിടയിൽ ഒരിന്ത്യൻ സൈനികൻ മുന്നോട്ട് വന്നു. അതേ പോലെ പാക്കിസ്ഥാനി സൈനികനും. പാക്കിസ്ഥാനി സൈനികൻ അതി തീഷ്ണമായ നോട്ടത്തോടെ ഇന്ത്യൻ സൈനികന്റെ നേരെ കാലുയർത്തി തറയിൽ ആഞ്ഞു ചവിട്ടി. ഇന്ത്യൻ സൈനികനാവട്ടെ അതിനേക്കാൾ രൂക്ഷമായ നോട്ടത്തോടെ ഒരു പ്രത്യേക ശബ്ദമുയർത്തി കാൽ ഉയർത്തി തിരിഞ്ഞ് വളഞ്ഞ് തറയിൽ ആഞ്ഞു ചവിട്ടി. പാക്കിസ്ഥാൻ സൈനികന്റെ മൂക്ക് തെറിച്ചു പോകുമോ എന്ന് തോന്നിപ്പോയി. അത്രയും അടുത്ത് കൂടിയാണ് ഇന്ത്യൻ സൈനികന്റെ ബൂട്ട് കടന്ന് പോയത്.. ഇരുവശത്തെയും ഗ്യാലറിയിൽ ശ്വാസ മടക്കിപ്പിടിച്ച് കാണികൾ.. എന്തും സംഭവിക്കാവുന്ന മുഹൂർത്തം.. എനിക്ക് നെഞ്ചിടിപ്പ് കൂടി.. നിലത്ത് ആഞ്ഞ് ചവിട്ടിക്കൊണ്ടും നെഞ്ച് വിരിച്ച് പരസ്പരം ആക്രോശിച്ച് കൊണ്ടുമുള്ള ഈ അഭ്യാസം വീണ്ടും ആവർത്തിച്ചു. പിന്നീടവർ പിന്മാറി.. ശരിക്കും ശ്വാസം വീണത്‌ അപ്പോഴാണ്‌.

മുൻകൂട്ടി പ്ളാൻ ചെയ്ത അഭ്യാസങ്ങളാണ് ഇവയെങ്കിലും അസ്വാഭാവികമായ എന്തെങ്കിലും സംഭവിച്ചാൽ പ്രശ്നങ്ങൾ ഉണ്ടായിക്കൂടെന്നില്ല. പക്ഷേ അവയെല്ലാം നിയന്ത്രണ വിധേയമാക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങളും ഉയർന്ന സൈനിക മേധാവികളും ഇരുപക്ഷത്തുമുണ്ട്. ഗ്യാലറിയിൽ കാണികൾ നിയന്ത്രണം വിട്ടാലും നിമിഷങ്ങൾക്കുള്ളിൽ അവ പൂർവ സ്ഥിതിയിൽ എത്തിക്കാൻ സൈനികർ ജാഗരൂകരാണ്. ഇന്ത്യൻ ഭാഗത്ത് നിന്ന് പാക്കിസ്ഥാൻ ഗ്യാലറിയെ നോക്കി ആക്രോശിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും സൈനികർ തടയുന്നത് കണ്ടില്ല. അതുപോലെ തിരിച്ചിങ്ങോട്ടും അവിടെ നിന്ന് വരുന്നുണ്ട്. പക്ഷേ അത്തരം ശബ്ദ കോലാഹലങ്ങൾക്കപ്പുറം മറ്റെന്തെങ്കിലും ഉണ്ടായാൽ അത് നിയന്ത്രിക്കുന്നതിന് ശക്തമായ സൈനിക സാന്നിധ്യം ഇരുഭാഗത്തുമുണ്ട്. ഈ ഗ്യാലറിയിൽ നിന്ന് അപ്പുറത്തെ ഗ്യാലറിയിലേക്ക് ഒരു കല്ല്‌ വന്ന് വീണാൽ മതി പ്രശ്നങ്ങളുണ്ടാവാൻ. അതുകൊണ്ട് തന്നെ ഗ്യാലറിയിലെ ചലനങ്ങൾ അവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മൊബൈൽ ജാമറുകൾ ഉണ്ടെന്ന് തോന്നുന്നു. സിഗ്നൽ ലഭിക്കുന്നില്ല. സുരക്ഷാ കാരണങ്ങൾ കൊണ്ടാവാനിടയുണ്ട്. 



കൊടി താഴ്ത്തൽ ചടങ്ങ്..
Sunday Plus - Malayalam News 27 April 2014

ചില തടവുകാരുടെ കൈമാറ്റവും യാത്രികർ അതിർത്തി ക്രോസ് ചെയ്യുന്നതും കണ്ടു. ഇന്ത്യയിൽ നിന്ന് അങ്ങോട്ടും അവിടെ നിന്ന് ഇങ്ങോട്ടും യാത്രികരുണ്ട്‌. പട്ടാള മേധാവികൾ ചില രേഖകളിൽ ഒപ്പ് വെക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്നു. പിന്നീടാണ് പ്രധാന ചടങ്ങായ പതാക താഴ്ത്തൽ നടന്നത്. രണ്ട് വനിതാ ജവാന്മാർ അതിർത്തി ഗേറ്റിന് അപ്പുറത്തുള്ള കൊടിമരത്തിന്റെ ഭാഗത്തേക്ക് മാർച്ച്‌ ചെയ്തു. അവർക്ക് പിറകിൽ കൃത്യമായ ചുവടുകളോടെ ആറ് ബി എസ് എഫ് ജവാന്മാരും. പാക്കിസ്ഥാൻ ഭാഗത്ത് നിന്ന് അത് പോലെ ആറു പേർ.. ഓരോ വിഭാഗവും അവരുടെ പതാകകളെ സല്യൂട്ട് ചെയ്തു. X ആകൃതിയിലാണ് പതാകകൾ താഴ്ത്തുന്നത്. ഇന്ത്യൻ ഭാഗത്തെ പതാകയുടെ ചരടുകൾ റോഡിന് എതിർവശത്തേക്കാണ് വലിച്ചു താഴ്ത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ ഭാഗത്തേത് നേരെ തിരിച്ചും. തുടക്കത്തിൽ കണ്ടത് പോലെ പരസ്പരം ആക്രോശിക്കുന്ന രൂപത്തിൽ ശബ്ദമുയർത്തിക്കൊണ്ടുള്ള ചവിട്ട് അഭ്യാസങ്ങളും ഇതിനിടയിൽ നടന്നു. ഒരേ സമയം പതാകകൾ താഴ്ത്തി. ഇന്ത്യൻ പതാകയും പാക്കിസ്ഥാൻ പതാകയും ഒരു പ്രത്യേക ബിന്ദുവിൽ കൂട്ടിമുട്ടുമോ എന്ന് തോന്നി. ഇല്ല. കൃത്യമായ അകലം അവക്കിടയിലുണ്ട്. ഇരുഭാഗത്തെയും ജനങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. തക്ബീർ ധ്വനികളാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്ന് കൂടുതൽ കേൾക്കുന്നത്. ജയ് ഹിന്ദ്‌ വിളികൾ ഇന്ത്യൻ ഭാഗത്തും.

താഴ്ത്തിയ പതാക നാലായി മടക്കി ഇരുകൈകളും നീട്ടി ഒരുയർന്ന സൈനികോദ്യോഗസ്ഥൻ ഏറ്റുവാങ്ങി. പ്രസവിച്ചു വീണ ഒരു കൊച്ചു കുഞ്ഞിനെ സൂക്ഷ്മതയോടെ എടുത്തു കൊണ്ട് പോകുന്ന പോലെ ആ പതാകയും കൊണ്ട് സൈനികർ ഇന്ത്യൻ ക്യാമ്പിലേക്ക് മടങ്ങി. വലിയ ശബ്ദത്തോടെ ഗേറ്റുകൾ വലിച്ചടക്കുന്നതിനു തൊട്ടു മുമ്പ് ഇന്ത്യൻ പട്ടാളക്കാരൻ പാക്കിസ്ഥാൻ പട്ടാളക്കാരനെ  ഹസ്തദാനം ചെയ്തു. ഈ ചടങ്ങുകൾക്കിടയിലെ ആദ്യത്തെതും അവസാനത്തേതുമായ ഹസ്തദാനം. അത് കണ്ട് പലരും കയ്യടിച്ചു. ബ്യൂഗിൾ സംഗീതം ഉച്ചത്തിൽ മുഴങ്ങി. അതിർത്തിയിലെ ചടങ്ങുകൾ അവസാനിക്കുകയാണ്. കാണികൾക്ക് പിരിഞ്ഞു പോകാം. അവരവരുടെ വീടുകളിലേക്ക്.. പക്ഷേ പട്ടാളക്കാർ പോകേണ്ടത് ബാരക്കുകളിലേക്കാണ്. മുൾവേലികൾ കൊണ്ട് വേർതിരിക്കപ്പെട്ട അതിർത്തികളിലേക്കാണ്. ഗോതമ്പ് പാടങ്ങളുടെ ഓരങ്ങളിൽ കുഴിച്ചുണ്ടാക്കിയ ഒറ്റപ്പെട്ട ബങ്കറുകളിലേക്കാണ്‌. ഓരോ ഇന്ത്യക്കാരന്റെയും ജീവനും സ്വത്തിനും ഈ രാജ്യത്തിന്റെ മണ്ണിനും അവർ കാവൽ നില്ക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ..

ഇന്ത്യൻ സേനയോടും അതിലെ ഓരോ ജവാനോടും വല്ലാതെ ഇഷ്ടം തോന്നുന്ന ഒരു മനസ്സാണ് ഓരോ യാത്രികനും വാഗ നല്കുന്ന സമ്മാനം. ചക്രവാളങ്ങൾ ചുവപ്പണിഞ്ഞ ആ മൂവന്തി നേരത്ത് ഗ്രാൻഡ്‌ ട്രങ്ക് റോഡിന്റെ വിശാലതയിൽ ഒരു മൂളിപ്പാട്ടോടെ രത്തൻ സിംഗിന്റെ ഡ്രൈവിംഗ്.. അതിർത്തിയിലെ മുള്ളുവേലികളും ബങ്കറുകളും പതിയെ പതിയെ വിദൂരതയിലേക്ക് പോയ്മറഞ്ഞു.. ഇരുട്ട് പരന്നു തുടങ്ങുന്ന ഗോതമ്പ് പാടങ്ങളുടെ ഓരങ്ങളിൽ നിന്ന് ഒരു ബാംഗ്ര നൃത്തത്തിന്റെ ആരവം കേൾക്കുന്നുണ്ടോ.. 

യേ ദേശ് ഹേ വീർ ജവാനോം കാ...
അൽബേലോം കാ മസ്താനോം കാ..
ഇഷ് ദേശ് കാ യാരോം ക്യാ കെഹ്നാ..
യേ ദേശ് ഹെ ദുനിയാ കാ ഗഹനാ..

Related Posts
വഹ്ബ ക്രെയ്റ്റര്‍: മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര
ഹിറാ ഗുഹയില്‍ ഒരു രാത്രി
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്ക്