കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിയേഴിന് പിടിയിലായ കൊടും ഭീകരൻ യാസീൻ ബട്കലിനെ ചോദ്യം ചെയ്യുന്നതിനിടെ എൻ ഐ എ ക്ക് ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിടുകയാണ്. മത്തങ്ങ വലിപ്പത്തിലുള്ള ലീഡ് സ്റ്റോറി. നീരജ് ചൗഹാൻ എഴുതിയ 'ഞെട്ടിക്കുന്ന റിപ്പോർട്ട്' ശ്രദ്ധയോടെ വായിച്ചു കഴിഞ്ഞതോടെ ഒരു കാര്യം ഞാൻ ഏതാണ്ട് ഉറപ്പിച്ചു. അടുത്ത പ്രധാനമന്ത്രി മോദി തന്നെ. ഇന്ത്യയിലെ കോർപറേറ്റ് മാധ്യമങ്ങളൊക്കെ അതിന് വേണ്ട പണികൾ തുടങ്ങിക്കഴിഞ്ഞു. ഈയിടെയായി നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പെയിഡ് സ്റ്റോറികളുടെ ശ്രേണിയിൽ ഏറ്റവും ഒടുവിലെത്തേതാണ് ഇത് (അവസാനത്തേതല്ല). ഈ സ്റ്റോറിയുടെ ഘടനയും അതിന്റെ കെട്ടും മട്ടും ഒരു ടിപ്പിക്കൽ ഫാബ്രിക്കേറ്റഡ് സ്റ്റോറിയുടെ എല്ലാ രൂപഭാവങ്ങളും ഉൾകൊള്ളുന്നവയാണ്. ഞെരിച്ച് പൊരിച്ചെടുത്ത ആവി പറക്കുന്ന നെയ്‌റോസ്റ്റ്. പെട്ടെന്ന് ചെലവാകും. വാർത്തയുടെ പിന്നിലെ രാഷ്ട്രീയം അറിയാത്ത സാധാരണക്കാരന്റെ ദിശാബോധത്തെ സ്വാധീനിക്കാനും വഴിതിരിച്ചു വിടാനും കഴിയുന്ന ത്രെഡ്.
ടൈംസ് ഓഫ് ഇന്ത്യയുടെ എക്സ്ക്ലൂസീവ് സ്റ്റോറി ഇങ്ങനെയാണ്. ഇന്ത്യയിലെ ഭീകരൻ പാക്കിസ്ഥാനിലെ ഭീകരനോട് ചോദിക്കുന്നു. "ഒരു ആറ്റം ബോംബ് കിട്ടുമോ" (ചൂടുള്ള ഒരു പഴം പൊരി കിട്ടുമോ എന്നൊക്കെ ചോദിക്കുന്ന പോലെ). "ഓ അതിനെന്താ ഇവിടെ അത് സുലഭമാണല്ലോ" എന്ന് മറുപടി. ഇന്ത്യൻ ഭീകരൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. പക്ഷേ അപ്പോഴേക്കും പണ്ടാരം പിടിച്ച ഒരു ഡൌട്ട് പാക്കിസ്ഥാൻ ഭീകരന്റെ തലയിൽ കത്തി. പഹയന് ഒടുക്കത്തെ ബുദ്ധിയാണ്. "ചങ്ങായീ, മീററ്റിൽ പൊട്ടിച്ചാൽ മുസ്ലിംകളും മരിക്കില്ലേ". ഒരൊന്നൊന്നര ഡൌട്ടാണ്. "അമുസ്ലിംകളെ മാത്രം തിരഞ്ഞു പിടിച്ചു കൊല്ലുന്ന ആറ്റം ബോംബുണ്ടോ" എന്ന് ഇന്ത്യൻ മുജാഹിദീൻ തിരിച്ചു ചോദിച്ചില്ല. ഭാഗ്യം. പകരം അയാൾ ഒരു എമണ്ടൻ ഐഡിയ പറഞ്ഞു. "അതിന് വഴിയുണ്ട്. ആറ്റം ബോംബ് പൊട്ടിക്കാൻ പോകുന്നു എന്ന് മീററ്റിലെ പള്ളികളിൽ ഒരു നോട്ടീസ് ഞാൻ പതിക്കും. മുസ്ലിംകളൊക്കെ സ്ഥലം വിടും".. രാംജി റാവുവിൽ തല വെട്ടിച്ച് ഇന്നസെന്റ് ചോദിക്കുന്ന പോലെ 'എങ്ങനുണ്ട്, എങ്ങനുണ്ട് എന്റെ ഐഡിയ' എന്ന് അയാൾ ചോദിച്ചു കാണണം. 'കിടിലൻ മോനേ' എന്ന് പാക്കിസ്ഥാനിലെ ഭീകരൻ പറഞ്ഞും കാണണം. പക്ഷേ അത് റിപ്പോർട്ടിൽ കൊടുക്കാൻ ടൈംസ് ഓഫ് ഇന്ത്യ വിട്ട് പോയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ തീരുമാനിച്ചുറപ്പിച്ച ആറ്റം ബോംബ് കൈമാറുന്നതിന് മുമ്പ് തന്നെ നമ്മുടെയൊക്കെ ഭാഗ്യത്തിന് ഭീകരൻ ഇന്ത്യൻ പോലീസിന്റെ പിടിയിലായി.
ഇന്ത്യൻ മുജാഹിദീനെ കഥാപാത്രമാക്കി ഒരു കഥ കുക്ക് ചെയ്തെടുക്കുമ്പോൾ മിനിമം ടീ വി സീരിയലിൽ തിരക്കഥ എഴുതുന്നവന്റെ ബുദ്ധിയെങ്കിലും കാണിക്കേണ്ടേ. കറിയിൽ അല്പം എരിവും പുളിയുമൊക്കെ നല്ലതാണ്. പക്ഷേ ഒരു കിലോ കോഴിയിലേക്ക് നാല് കിലോ കാന്താരി മുളക് ചേർക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യയിലെ പൊട്ടൻ ചെയ്തിരിക്കുന്നത് (പൊട്ടനല്ല, അതി ബുദ്ധിമാൻ). ഞാൻ ഈ ലേഖകന്റെ ടൈംസിലെ പ്രൊഫൈൽ നോക്കി. ഇന്ത്യൻ മുജാഹിദീൻ വിഷയമാക്കി സമാനസ്വാഭാവമുള്ള നിരവധി സ്റ്റോറികൾ തുടരെത്തുടരെ വന്നിട്ടുണ്ട്. എല്ലാം എൻ ഐ എ യിലെയും ഐ ബിയിലെയും 'വിശ്വസ്ത കേന്ദ്ര'ങ്ങളെ ഉദ്ധരിച്ചാണ്. മോദിയെ വധിക്കാൻ പദ്ധതിയിട്ട ഭീകരരുടെ റിപ്പോർട്ടുകളും അക്കൂട്ടത്തിലുണ്ട്. കൂട്ടി വായിക്കേണ്ട ഒരാവശ്യവുമില്ല, ഒന്നും കൂട്ടാതെ തന്നെ എല്ലാം വായിച്ചെടുക്കാൻ പറ്റും.
വർത്തമാനം ദിനപത്രം 03 Jan 2014
ലോകത്ത് ഭീകര രാജ്യങ്ങളുടെ പട്ടികയിലുള്ള ഇറാനും വടക്കൻ കൊറിയയുമൊക്കെ ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളുടെയും പിൻബലത്തോടെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഉണ്ടാക്കാൻ കഴിയാത്ത ന്യൂക്ലിയർ ബോംബ് ഇന്ത്യൻ മുജാഹിദീന്റെ നാല് കൂതറ മൊല്ലമാർ വിചാരിച്ചാൽ ഉണ്ടാക്കാൻ പറ്റുമോ?.. പോട്ടെ.. 'ന്നാ പോയി പൊട്ടിച്ചോ' എന്ന് പറഞ്ഞു നാലെണ്ണം പാക്കിസ്ഥാൻ കൊടുത്താലോ?. (ഉവ്വ്..അങ്ങനെ കൊടുത്താൽ കൊടുത്തവന്റെ തലയിലേക്ക് ആദ്യം ഒരെണ്ണം എറിഞ്ഞ ശേഷമായിരിക്കും ബാക്കിയുള്ളത് എടുത്ത് സഞ്ചിയിലിടുക. ഇന്ത്യയിൽ ഒരു ബോംബ് പൊട്ടിക്കുമ്പോൾ പാക്കിസ്ഥാനിൽ നൂറ്റമ്പതെണ്ണം പൊട്ടിച്ചു കളിക്കുന്ന പാർട്ടികളാണ്). ധൂം ത്രീ കഥയാണ്. ചോദ്യം പാടില്ല. പാക്കിസ്ഥാൻ കൊടുത്തൂന്ന് വിശ്വസിക്കുക. എന്നാൽ തന്നെ 'അടുത്ത തിങ്കളാഴ്ച കൃത്യം പത്ത് മണിക്ക് മീററ്റിൽ ആറ്റം ബോംബ് പൊട്ടിക്കുമെന്നു പള്ളിയിൽ നോട്ടീസ് എഴുതി ഒട്ടിക്കാൻ മാത്രം പൊട്ടൻമാരാണോ ഈ ലോകത്തിന് മുഴുവൻ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ ഭീകരർ?. ഇത്തരം സ്റ്റോറികൾ നിർവഹിക്കുന്ന ദൌത്യമെന്താണ്?. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പിടിയിലായ ആൾ കൊടിയ ഭീകരനാണ് എന്ന കാര്യത്തിൽ സംശയമില്ല. അത്തരം ഭീകരരോടും അവരുടെ തലതിരിഞ്ഞ ആശയങ്ങളോടും ഒരിക്കലും രാജിയാവാൻ സാമാന്യ ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യ ജീവിക്കും സാധ്യമല്ല. പക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് പടച്ചു വിടുന്ന ഇത്തരം അസംബന്ധങ്ങളോട് ബുദ്ധിയുള്ള ഒരു സമൂഹം എങ്ങിനെയാണ് പ്രതികരിക്കേണ്ടത്. ഒരു തുക്കടാ പത്രമല്ല, ഗിന്നസ് ബുക്കിൽ പേരുള്ള ലോകത്തെ ഏറ്റവും കൂടുതൽ വായനക്കാരുള്ള ഇംഗ്ലീഷ് പത്രത്തിന്റെ ബ്രേക്കിംഗ് സ്റ്റോറിയാണ് ഇതെന്നോർക്കണം. ദൗത്യം വ്യക്തമാണ്. സന്ദേശം കൃത്യമാണ്. കോണ്‍ഗ്രസിന്റെ ഭരണം കൊണ്ട് ഭീകരരുടെ കയ്യിൽ ന്യൂക്ലിയർ ബോംബ് വരെയെത്തി. ഇനി മോദി വരികയല്ലാതെ രക്ഷയില്ല.
ഇന്ത്യ ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ അതുണ്ടാവും. അതിനിടയിൽ സമാനമായ ഒരുപാട് മാധ്യമ കഥകൾ വരാനിരിക്കുന്നു.ആറ്റം ബോംബും ന്യൂക്ലിയർ ബോംബും മാത്രമല്ല, വധശ്രമങ്ങളെ അട്ടിമറിച്ച ധീരസാഹസിക കഥകളും എൻകൌണ്ടറുകളും വരാനിരിക്കുന്നുണ്ട്. ഇന്ത്യൻ കോർപറേറ്റ് ലോബികൾക്കും അവരുടെ കയ്യിലെ മാധ്യമങ്ങൾക്കും ഇനി പിടിപ്പത് പണിയാണ്. എൻ ഐ എ യിലെയും ഐ ബി യിലേയും മോദി ഭക്തരും തിരക്കിലായിരിക്കും. ദിവസം ഓരോന്ന് വെച്ച് നേരോടെ നിർഭയം നിരന്തരം ബ്രേക്കിംഗ് ന്യൂസുകൾ വന്നു കൊണ്ടിരിക്കും. അവയൊക്കെ കണ്ടും കേട്ടും മൂക്കത്ത് വിരൽ വെച്ച് നമുക്ക് പറയാം. തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ !!
Related Posts
ബോംബേയ്..ബോംബ്!!
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
കൈ വെട്ടിയവരോട് രണ്ട് വാക്ക്
കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തവര്‍
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
Recent Posts
തല്ല് കൊള്ളാന്‍ നേരം മുത്തപ്പനും വന്നു
സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്