അൽ മൊയ്തുവിന്റെ കള്ള് ജിഹാദ്

ഫേസ്ബുക്കിലെ മെസ്സേജ് ബോക്സിലേക്ക് ഒരു യൂടൂബ്  ലിങ്ക് തിരുകിക്കയറ്റിയിട്ട് ഒരാൾ ഇന്നലെ പറഞ്ഞു.. 'ബഷീർക്കാ ഇതൊന്ന് കണ്ട് അഭിപ്രായം പറയൂ'. ഇത്തരം ലിങ്ക് അയച്ചു തരുന്നവരോട് സാധാരണ പറയാറുള്ളത് പോലെ 'അല്പം തിരക്കിലാണ്.. സമയം പോലെ നോക്കാം' എന്ന് പറഞ്ഞ് ഒഴിവാക്കി. പക്ഷേ അതേ ലിങ്ക് തന്നെ മറ്റു ചിലരും കൈമാറിയപ്പോൾ ഇതെന്തെടാ സാധനം എന്ന് നോക്കാൻ വേണ്ടിയാണ് ലിങ്ക് വഴി യൂ ടൂബിൽ കയറിയത്. കണ്ടു കഴിഞ്ഞപ്പോൾ തോന്നി സാധനം കൊള്ളാമല്ലോ എന്ന്. എന്നാൽ പിന്നെ ഒന്ന് ഷെയറിക്കളയാം എന്ന് കരുതിയാണ് ഈ പോസ്റ്റ്‌. 'അൽ മൊയ്തു' ഒരു വലിയ സംഭവമൊന്നുമല്ല. പതിനെട്ടു മിനുട്ട് മാത്രമുള്ള ഒരു ഷോർട്ട് ഫിലിം. അതിന്റേതായ പരിധികളും പരിമിതികളും ഒരു അമച്വർ സംരംഭമെന്ന നിലക്കുള്ള ബാലാരിഷ്ടതകളും ധാരാളമുള്ള ഒരു സാധനം. എന്നാലും ഒരു മീഡിയ സറ്റയർ എന്ന നിലക്ക് ഒരു ചെറിയ പടക്കം പൊട്ടിക്കാൻ  'അൽ മൊയ്തു' ശ്രമിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

വാർത്തകളുടെ രാഷ്ട്രീയം നമുക്കെല്ലാം പരിചിതമാണ്. ജേർണലിസം കോഴ്സുകളിൽ ക്ലാസ്സെടുക്കാൻ വരുന്ന വിദ്വാന്മാരൊക്കെ ആദ്യം പറയുന്ന ഒരു ഡയലോഗുണ്ട്. 'പട്ടി മനുഷ്യനെ കടിച്ചാൽ അത് വാർത്തയല്ല. മനുഷ്യൻ പട്ടിയെ കടിച്ചാൽ അത് വാർത്തയാകും' എന്ന്. ആളുകൾക്ക് വായിക്കാനും കാണാനും ഹരമുള്ള എന്തെങ്കിലും 'വെറൈറ്റി' വേണം എന്നത് കൂടിയാണ് അപ്പറഞ്ഞതിന്റെ ഭാഷാർത്ഥം. പക്ഷേ 'വെറൈറ്റി' വരുത്താൻ വേണ്ടി ഉറക്കത്തിൽ കണ്ടത് വാർത്തയാക്കി എഴുതരുത് എന്നതും ജേർണലസത്തിന്റെ ബാലപാഠമാണ്. പക്ഷേ അത്തരം ബാലപാഠങ്ങൾ നൂറ് വരിക്കാരെ കൂടുതൽ കിട്ടാൻ വേണ്ടി നമ്മുടെ മാധ്യമങ്ങൾ നിരന്തരം ബലി കഴിക്കുന്നു. റേറ്റിംഗ് ചാർട്ടുകൾക്കും എ ബി സി കണക്കുകൾക്കും വേണ്ടി എല്ലാ ബാലപാഠങ്ങളും വിസ്മരിക്കപ്പെടുന്നു. കൂടുതൽ വിറ്റഴിക്കപ്പെടുന്നതെന്തോ അതാണ്‌ ഒരു ഉപഭോക്തൃ സമൂഹത്തിലെ 'സത്യം'. കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാർത്തയാണ് ഒരു മാധ്യമ സമൂഹത്തിലെ സത്യം. അത് പൈങ്കിളിയാണെങ്കിലും ക്രിക്കറ്റാണെങ്കിലും തീവ്രവാദമാണെങ്കിലും അതിൽ കയറി പിടിക്കുക എന്നതാണ് രീതി. വിപണിയുടെ രാഷ്ട്രീയം അതാണ്‌. മാധ്യമങ്ങളുടെ രാഷ്ട്രീയവും അത് തന്നെ.


കേരളത്തിലെ വനിതാ പ്രസിദ്ധീകരണങ്ങൾ അടിച്ചു കസറുകയാണ്. പരസ്യങ്ങളുടെ പ്രളയം കാരണം മാസികയിൽ നിന്ന് ദ്വൈവാരികയിലേക്ക് എല്ലാവരും മാറിക്കഴിഞ്ഞു. എന്നിട്ടും രക്ഷയില്ലാതെ ഒടുക്കത്തെ പരസ്യങ്ങൾ വരുമ്പോൾ ഒരു വാരികക്ക് പകരം രണ്ടെണ്ണം അച്ചടിച്ച് കൊടുക്കുകയാണ്. അധികം താമസിയാതെ ഈ വനിതകളും മഹിളകളുമൊക്കെ വാരികകളായി മാറും. സെക്സും ഫാഷനും ഗോസിപ്പും സമാസമം ചേർത്ത് ഇത്തിരി ആരോഗ്യവും ബാക്കി വാരഫലരാശികളും ചേർത്ത് വിളമ്പിയാൽ ഇറങ്ങിയ ദിവസം തന്നെ ന്യൂസ് സ്റ്റാന്റ് കാലി. അതാണ്‌ ഇപ്പോഴത്തെ ട്രെൻഡ്. അപ്പോൾ അതാണ്‌ ഇപ്പോഴത്തെ സത്യവും മാധ്യമ ധർമവും.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നേറ്റീവ് ബാപ്പയോട് പ്രമേയത്തിലും അവതരണത്തിലും സാമ്യത പുലർത്തുന്നുണ്ട് അൽ മൊയ്തു. ആദ്യത്തേത് മ്യൂസിക് വീഡിയോയും ഇത് ഷോർട്ട് ഫിലിമുമാണ്. രണ്ടിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മാമുക്കോയയാണ്. നേറ്റീവ് ബാപ്പ സൃഷ്‌ടിച്ച ഒരു പ്രൊഫഷനൽ ഇമ്പാക്റ്റ് അൽ മൊയ്തുവിനു ഉണ്ടാക്കാൻ കഴിയുമോ എന്നറിയില്ല. പക്ഷേ ആ സംഗീത ആൽബത്തിന്റെ തീവ്രമായ അർത്ഥ തലങ്ങൾ മനസ്സിലാക്കിയെടുക്കാൻ പ്രയാസമുള്ള സാധാരണക്കാരനും അൽ മൊയ്തു എളുപ്പം വഴങ്ങും. കയ്യിൽ തസ്ബീഹ് മാല (ജപമാല) പിടിച്ച് കള്ള് കച്ചവടം നടത്തുന്ന മലപ്പുറം കാക്കയുടെ കഥാപാത്രത്തെ കള്ള് ജിഹാദിലേക്ക് സന്നിവേശിപ്പിച്ച രീതി നന്നായിട്ടുണ്ട്. വീര്യമുള്ള കള്ള് നല്കി ആളുകളെ മയക്കിക്കിടത്തിയ ശേഷം തലയിൽ പൊന്നാനിത്തൊപ്പി കമഴ്ത്തിയാണ് അൽ മൊയ്തു മതം മാറ്റം നടത്തുന്നത്. ഇത്തരം കഥകൾ ആളുകൾ വിശ്വസിക്കുമോ എന്ന് ചോദിച്ചാൽ ലവ് ജിഹാദ് വിശ്വസിച്ച കിഴങ്ങന്മാർ ഇതും വിശ്വസിക്കും എന്നാണ് സെൻസേഷൻ എക്സ്പേർട്ടിന്റെ മറുപടി. തീവ്രവാദ വിഷയത്തിൽ എന്ത് കൊടുത്താലും അത് വിശ്വസിക്കുന്ന പരുവത്തിലേക്ക്‌ വർത്തമാന സാമൂഹ്യ മനസ്സ് വളർന്നു കഴിഞ്ഞു എന്ന് സാരം.    



ബിംബങ്ങളും ചമത്കാരങ്ങളുമില്ലാതെ പറയാനുള്ളത് നേർക്ക്‌ നേരെ പറയാനാണ് അഷ്ക്കറും റമീസും ചേർന്നൊരുക്കിയ ഈ ഷോർട്ട് ഫിലിം ശ്രമിച്ചിട്ടുള്ളത്. എന്നിരുന്നാലും കുറേക്കൂടി ഭംഗിയാക്കാമായിരുന്നു എന്നൊരു തോന്നലാണ് കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായത്. മാമുക്കോയയെ ഒട്ടും ഉപയോഗപ്പെടുത്തിയില്ല എന്ന് തന്നെ പറയണം. കീലേരി അച്ചുവിന്റെ ലുക്കുണ്ടെങ്കിലും കഥാപാത്രം ആവശ്യപ്പെടുന്ന ഭാവങ്ങൾ ആ മുഖത്ത് വന്നു കണ്ടില്ല. ഫ്രീയായിട്ട് അഭിനയിച്ചതാണോ എന്തോ?.. കൊല്ലം ഷാഫിയെ മാപ്പിളപ്പാട്ട് ആൽബങ്ങളിലാണ് കണ്ടിട്ടുള്ളത്. മൊഞ്ചത്തി, തഞ്ചത്തി, കൊഞ്ചത്തി എന്നിങ്ങനെ ഷാഫി പാടുന്ന പാട്ടുകൾ ചാനലുകളിലോ മറ്റോ തല പൊക്കുമ്പോൾ തന്നെ ജീവനും കൊണ്ട് ഓടുകയാണ് എന്റെ പതിവ്. ആ ഷാഫിയെ ഈ ആൽബത്തിൽ ഒരു വ്യത്യസ്തമായ ഭാവത്തിൽ കണ്ടപ്പോൾ സന്തോഷം തോന്നി. വളരെ നന്നായി എന്നൊന്നും പറഞ്ഞു കൂടെങ്കിലും മോശം പറയിപ്പിച്ചിട്ടില്ല.

തീവ്രവാദ ആശയങ്ങളെയും അവ വിറ്റ് ജീവിക്കുന്നവരെയും എതിർത്ത് തോൽപ്പിക്കണമെങ്കിൽ തീവ്രവാദത്തെ ഒരു പണ്ഡിറ്റ്‌ ഫിലിമാക്കി അവതരിപ്പിക്കാതിരിക്കണം. ദൗർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ മാധ്യമങ്ങളിൽ അധികവും ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്‌. മാധ്യമങ്ങൾ നടത്തുന്ന അത്തരം കോമഡികളെ അമച്വർ രൂപത്തിലെങ്കിലും ചെറുതായൊന്ന് കുടയുവാൻ അൽ മൊയ്തുവിന് കഴിഞ്ഞിട്ടുണ്ട്. തീവ്രവാദം എങ്ങിനെ ജനിക്കുന്നു എന്നത് അറിഞ്ഞും മനസ്സിലാക്കിയുമാണ്‌ അതിന് ചികിത്സിക്കേണ്ടത്.  ലവ് ജിഹാദ് കഥകൾ അവതരിപ്പിച്ചത് പോലെ പത്രമോഫീസിലെ പണ്ഡിറ്റുമാരുടെ അളിഞ്ഞ ഭാവനയുടെ ഒരു ബൈ പ്രൊഡക്റ്റാക്കി തീവ്രവാദത്തെ അവതരിപ്പിക്കുമ്പോൾ ശരിക്കും ഊരിച്ചിരിക്കുക യഥാർത്ഥ തീവ്രവാദികൾ ആയിരിക്കുമെന്നത് മനസ്സിലാക്കാതെ പോകരുത്. തീവ്രവാദമെന്നത് ഒരു സമൂഹത്തിന്റെ മരണമാണ്. അതിനെ കുറേക്കൂടി ബുദ്ധിപരമായും ഗൗരവമായും സമീപിക്കണം. 

Recent Posts
വഹ്ബ ക്രെയ്റ്റർ: മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര
ആം ആദ്മി കേരള ഘടകത്തിന് അഞ്ച് ഉപദേശങ്ങൾ
FB Poll: കേജരിവാളിന് തകർപ്പൻ ലീഡ്. മോദി മൂന്നാം സ്ഥാനത്ത് 

Related Posts
തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!
ഷക്കീല മതി, വിശ്വരൂപം വേണ്ട!!
ബോംബേയ്..ബോംബ്‌!!
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
ഷാഹിന തീവ്രവാദി തന്നെ!!!
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല