വാർത്തകളുടെയും വിശകലങ്ങളുടെയും 'ഇ' സാധ്യതകളെ തിരിച്ചറിഞ്ഞ് കൊണ്ട് ഇലക്ട്രോണിക് മീഡിയകളിൽ ഇന്ന് വൻതരംഗങ്ങൾ ഉയർത്തുന്നവയാണ് ന്യൂസ് പോർട്ടലുകളും അനുബന്ധ ഓണ്‍ലൈൻ സൈറ്റുകളും. മൾട്ടി നാഷണൽ കമ്പനികൾ മുതൽ നാടൻ 'തട്ടുകട വ്യവസായി'കൾ വരെ ന്യൂസ് പോർട്ടലുകൾ തുടങ്ങുന്നുണ്ട്. രണ്ട് പേരുള്ളിടത്ത് നാല് പേർ വന്നാൽ മത്സരമുണ്ടാകുമെന്നത് കട്ടായം. ആ നാല് പേർ പത്ത് പേരായാൽ മത്സരത്തിന് ഒന്നുകൂടെ കടുപ്പം കൂടും. ആള് കൂടുന്നതിനനുസരിച്ച് മത്സരത്തിന്റെ ശക്തിയും വ്യാപ്തിയും വർദ്ധിക്കുമെന്നതും സ്വാഭാവികം. വിഷ്വൽ മീഡിയകൾക്കിടയിലെന്ന പോലെ അത്തരമൊരു മത്സരമാണ് വെബ്‌ലോകത്തും ഇപ്പോൾ നടക്കുന്നത്. കൂണ് പോലെ മുളച്ച് പൊന്തുന്ന ന്യൂസ് പോർട്ടലുകൾ.. വായനക്കാരെ ആകർഷിക്കാൻ അവർ ഇറക്കുന്ന നമ്പറുകൾ.. കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ. സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്നവർക്ക് ഈ വിഷയത്തിൽ ഏറെ പറയാനുണ്ടാവുമെന്നത് തീർച്ചയാണ്.
ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കിയെടുക്കുക, ഉള്ള വാർത്തകളെ അടിച്ചു പരത്തി രൂപം മാറ്റുക, ഭാവനയിൽ വാർത്തകൾ വിരിയിക്കുക തുടങ്ങി ഇത്തരം ന്യൂസ് പോർട്ടലുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഹിറ്റ് വിദഗ്ദ്ധർക്ക് പിടിപ്പത് പണിയാണ്. ആധികാരികതയുടെ ഒരു ശതമാനം പോലും പിൻബലമില്ലാതെ എന്തും എഴുതാനും പ്രചരിപ്പിക്കുവാനുമുള്ള ആഗോള ലൈസൻസ് കയ്യിലുള്ള മട്ടിലാണ് മിക്ക പോർട്ടലുകളുടെയും പ്രവർത്തന രീതി. ഒരു പത്രമോ ചാനലോ ആണെങ്കിൽ അവിടെ ചോദിക്കാനും പറയാനും ആളുണ്ടാവും. നിരവധി കൈകളിലൂടെയാണ് ഒരു വാർത്ത ജനിക്കുന്നതും പ്രചരിക്കുന്നതും. ഇവിടെ പോർട്ടലുകാർക്ക് മുകളിൽ ആകാശം, താഴെ ഭൂമി. അതിനിടയിൽ അതിരുകളില്ലാതെ പറന്ന് നടക്കുന്ന ലക്ഷക്കണക്കിന് വായനക്കാർ.
2013 ജൂണ്‍ പതിനാറിന് ഫേസ്ബുക്കിൽ പലരും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നെൽസൻ മണ്ടേലക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. (മണ്ടേല മരിക്കുന്നതിന് ഏതാണ്ട് ആറ് മാസങ്ങൾക്ക് മുമ്പ്. 2013 ഡിസംബർ ആറിനാണ് അദ്ദേഹം മരിക്കുന്നത്) അച്ഛൻ മരിച്ചിട്ട് പോലും എനിക്കിത്രയും സങ്കടം വന്നിട്ടില്ല എന്നൊക്കെ ചിലർ അടിച്ചു കാച്ചി. മണ്ടേലയുടെ ചിത്രങ്ങളും റീത്തുകളും കൊണ്ട് ഫേസ്ബുക്ക് നിറഞ്ഞു. പാവം മണ്ടേല ആശുപത്രിയിൽ കഞ്ഞിയും പയറും കഴിച്ച് പത്രം വായിച്ചു കൊണ്ടിരിക്കുകയാണപ്പോൾ. പണി പറ്റിച്ചത് നമ്മുടെ ഒരു ന്യൂസ് പോർട്ടലാണ്. മണ്ടേല അന്തരിച്ചതായി അവർ ബ്രേക്കിംഗ് കൊടുത്തു. വാർത്തയുടെ ആധികാരികത അറിയുന്നതിന് വേണ്ടി ഭേദപ്പെട്ട ന്യൂസ് ഏജൻസികൾ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. മണ്ടേലക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ ആരോ ആഹ്വാനം ചെയ്ത ഒരു വാർത്തയുണ്ട്. പച്ച മലയാളം തന്നെ വായിച്ചാൽ മനസ്സിലാകാത്ത നമ്മുടെ പോർട്ടലുകാരൻ മണ്ടേല, പ്രാർത്ഥന എന്നൊക്കെ കണ്ടപ്പോൾ വടിയായിക്കാണും എന്ന നിഗമനത്തിൽ വെച്ച് ചാമ്പിയതാണ്. വേറെയാരെങ്കിലും ബ്രേക്ക് ചെയ്യുന്നതിന് മുമ്പ് ചെയ്താലേ ഇത്തിരി ഹിറ്റ് കിട്ടൂ.. ആ ലിങ്ക് കാണേണ്ട താമസം ഫേസ്ബുക്ക് മല്ലുമാരുടെ കൂട്ടക്കരച്ചിലും തുടങ്ങി.
സിൽമാനടി കനകയുടെ മരണവും ഇതുപോലുള്ള ഒരു വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ആ വാർത്തയും കൂടുതൽ പ്രചരിച്ചത്. ഫേസ്ബുക്കിൽ ആദരാഞ്ജലി വിദഗ്ദരുടെ സ്റ്റാറ്റസുകൾ കണ്ട ഉടനെ കൈരളി, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകൾ വെണ്ടയ്ക്ക നിരത്തി. പാവം വിക്കിപീഡിയയും ടൈംസ് ഓഫ് ഇന്ത്യയും വരെ കനകയെ കൊന്നു. വാർത്ത കണ്ട് അമ്പരന്ന സിൽമാ പെങ്കൊച്ചിന് കൃത്യസമയത്ത് പത്രസമ്മേളനം നടത്താൻ തോന്നിയത് കൊണ്ട് ശവസംസ്കാരം കഴിയാതെ രക്ഷപ്പെട്ടു.
മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് എന്ന ടൈറ്റിലിൽ രാവിലെ പത്ത് മണിക്ക് ഒരു ന്യൂസ് പോർട്ടലുകാരന്റെ പോസ്റ്റ്. മമ്മൂട്ടി വാർത്ത നിഷേധിച്ചു എന്ന പേരിൽ ഉച്ചക്ക് രണ്ട് മണിക്ക് അവന്റെ തന്നെ വേറൊരു പോസ്റ്റ്. മമ്മൂട്ടിയുടെ രാഷ്ട്രീയ വാർത്ത സോഷ്യൽ മീഡിയയിൽ ഹിറ്റായി എന്ന് രാത്രി പതിനൊന്ന് മണിക്ക് വേറൊരെണ്ണം. ലക്ഷ്യം ഒന്ന് മാത്രം. ഇത്തിരി ഹിറ്റ്. മമ്മൂട്ടി രാഷ്ട്രീയത്തിൽ വന്നോ, വരുമോ, അദ്ദേഹം വല്ലതും പറഞ്ഞോ, പറഞ്ഞില്ലയോ എന്നതൊന്നും ഇതെഴുതി വിടുന്ന എമ്പോക്കികൾക്ക് പ്രശ്നമല്ല. ആരെക്കുറിച്ചും എന്തും എഴുതും. രാത്രിയാവുമ്പോഴേക്ക് ഒരു പതിനായിരം ഹിറ്റ് ഒപ്പിക്കണം. അതിന് സ്വന്തം തന്തയെയും തള്ളയെയും കൊല്ലണമെങ്കിൽ അതിനും റെഡി.
ഹിറ്റ് കൂട്ടാനുള്ള മറ്റൊരു വഴി ഞെട്ടിപ്പിക്കുന്നതോ ജിജ്ഞാസയുണർത്തുന്നതോ ആയ തലക്കെട്ടുകൾ നല്കി വാർത്ത നല്കുക എന്നതാണ്. 'എല്ലാവരും ഓടി വരൂ, അല്പം ഹിറ്റ് തരൂ' എന്നാണ് ഇത്തരം തലക്കെട്ടുകൾ ആക്രാന്തത്തോടെ വിളിച്ചു കൂവുന്നത്. 'പൃഥ്വിരാജിന് വെട്ടേറ്റു, ഗുരുതരാവസ്ഥയിൽ' എന്നൊരു തലക്കെട്ട് ഫേസ്ബുക്കിൽ കണ്ടെന്നിരിക്കട്ടെ. മിനുട്ടുകൾക്കുള്ളിൽ ആയിരക്കണക്കിന് ഹിറ്റുകൾ ആ ലിങ്കിലേക്ക് പ്രവഹിക്കും. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ നായകന് വെട്ടേൽക്കുന്നതും ഗുരുതരാവസ്ഥയിലാകുന്നതും ചിത്രീകരിക്കുന്ന ഷൂട്ടിംഗ് റിപ്പോർട്ട് ആയിരിക്കുമത്. അബദ്ധം തിരിച്ചറിഞ്ഞ വായനക്കാരൻ ഒരു വളിച്ച ചിരിയുമായി തിരിച്ചു പോകും. 'വി എസിനെ പുറത്താക്കി' എന്ന തലക്കെട്ട് കണ്ട് പോയി നോക്കിയാൽ കോത്താഴത്തെ എട്ടാം വാർഡ് മെമ്പർ വി എസ് കോരപ്പനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായ വാർത്തയാവും കാണുക. താഴെ ഇതൊന്ന് ഷെയർ ചെയ്യണേയെന്നുള്ള അഭ്യർത്ഥനയും. ഷെയറുകയല്ല, കയ്യെത്തും ദൂരത്താണെങ്കിൽ ചെകിടടക്കി ഒരെണ്ണം പൊട്ടിക്കാനാണ് തോന്നുക.
ഇക്കിളി സൈറ്റുകളാണ് ഈ ജനുസ്സിൽ പെടുത്താവുന്ന മറ്റൊരു കൂട്ടർ. ലോകത്ത് ഏറ്റവും കൂടുതൽ ഞരമ്പുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കേരളമാണെന്നാണല്ലോ പറയപ്പെടുന്നത്. (ആരു പറഞ്ഞു എന്ന് ചോദിക്കരുത്. ഇപ്പോൾ ഞാനാണ് പറഞ്ഞത്). അപ്പോൾ ആ ഞരമ്പ് ദാഹത്തിന് അനുഗുണമായ ഐറ്റംസ് ദിവസം നാല് നേരം വിളമ്പുകയെന്നതാണ് ഇവരുടെ പണി. അതിൽ വരുന്ന ടൈറ്റിൽസ് ഇവിടെ എഴുതാൻ കൊള്ളില്ല. ഫേസ്ബുക്കിൽ ഇത്തരം ലിങ്കുകൾ പറന്ന് നടക്കുന്നത് കാണാം. അത്തരം ലിങ്കുകളുടെ മാർക്കറ്റിംഗ് ഏജന്റുമാർക്ക് ലൈക്കോ കമന്റോ കൊടുത്താൽ ആജീവനാന്തം ഞരമ്പ് നിങ്ങളുടെ ഹോം പേജിൽ വന്നു വീണുകൊണ്ടിരിക്കും.
സങ്കടമതല്ല, ഇത്തരം പോർട്ടലുകളുടെയും ഫേസ്ബുക്ക് പേജുകളുടെയും ബഹളത്തിനിടയിൽ ശ്രദ്ധിക്കപ്പെടേണ്ട നിരവധി 'ഇ' ഇടങ്ങൾ തമസ്കരിക്കപ്പെടുന്നു എന്നതാണ്. നേരത്തെ സൂചിപ്പിച്ച പോലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളോ പ്രചാരണ വിദ്യകളോ ഉപയോഗിക്കാത്തത് മൂലം അവ കാഴ്ചയുടെയും വായനയുടെയും 'പരിധിക്ക് പുറത്താ'വുന്നു. മനോഹരമായ ലേ ഔട്ടിന്റെയും കബളിപ്പിക്കപ്പെടുന്ന തലക്കെട്ടിന്റെയും അഭാവത്തിൽ ഉയർന്ന ബൗദ്ധിക നിലവാരം പുലർത്തുന്ന രചനകളും ശ്രദ്ധിക്കപ്പെടേണ്ട സാമൂഹ്യ ഇടപെടലുകളും പുറം തള്ളപ്പെടുന്നു. തട്ടിപ്പ് തരികിട വിദ്വാന്മാർക്കാകട്ടെ ഹിറ്റോട് ഹിറ്റും!. ഇത്രയും പറഞ്ഞതിൽ നിന്ന് തെറ്റിദ്ധരിക്കരുത്. പുതുമയുള്ള തലക്കെട്ടുകൾ നല്കുന്നതോ വായനക്കാരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ പ്രയോഗിക്കുന്നതോ അല്ല ഇവിടെ ചർച്ച ചെയ്യുന്നത്. അത്തരം മാർക്കറ്റിംഗ് നീക്കുപോക്കുകൾ തീർത്തും അനിവാര്യമായ ഒരു സൈബർ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്നാൽ അവയൊന്നും തന്നെ വായനക്കാരെ പൂർണമായും കബളിപ്പിക്കുന്ന ഒരു തലത്തിലേക്ക് കടക്കുവാൻ പാടില്ല എന്ന് മാത്രം. ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന 'ഇ' ഇടങ്ങളെ കണ്ടെത്താനും അവയെ പ്രോത്സാഹിപ്പിക്കാനും കഴിയുന്നതോടൊപ്പം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് 'ക്ലിക്കു'കളെ നിയന്ത്രിക്കാനും സാധിക്കേണ്ടതുണ്ട്. സൈബർ ലോകത്ത് ഒരു ബ്രൗസിങ്ങ് സാക്ഷരത ആവശ്യമുണ്ട് എന്ന് ചുരുക്കം.അത്തരമൊരു സാക്ഷരത ഇലക്ട്രോണിക് മീഡിയകളിൽ വളർത്തിക്കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ എല്ലാ തലങ്ങളിലും നടക്കേണ്ടിയിരിക്കുന്നു.
ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ ഈ പോസ്റ്റിന്റെ തലക്കെട്ടിലേക്ക് വന്നില്ലല്ലോ എന്ന് മാത്രം ചോദിക്കരുത്. ഞാനിത്രയും പറഞ്ഞത് അത്തരം തലക്കെട്ടുകളെക്കുറിച്ച് മാത്രമാണ്.
Related Posts
കനകയുടെ മരണം കൂടുതൽ രേഖകൾ ലഭിച്ചു.. ശവസംസ്കാരം ദാ ഇപ്പോ ശരിയാക്കിത്തരാം
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.