ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality

കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ മലബാർ ഗോൾഡിൽ ഞാൻ പോയിരുന്നു. മുടിഞ്ഞ തിരക്കാണ് അവിടെ. സ്വർണം എടുക്കാൻ വരുന്നവർ ക്യൂ നില്ക്കുകയാണ്. മൂന്ന് നിലകളിലായി ഒരു തൃശൂർ പൂരത്തിന്റെ ആളുണ്ട്. ലാലേട്ടന്റെ ഗ്യാരന്റിയുള്ളത് കൊണ്ടാവണം, മുന്നും പിന്നും നോക്കാതെ പറഞ്ഞ പണം കൊടുത്ത് ആളുകൾ സ്വർണം വാങ്ങിക്കൊണ്ടു പോകുന്നു. ഞങ്ങൾ പണിക്കൂലിയിൽ അല്പം വിലപേശാൻ തുടങ്ങിയതോടെ രണ്ട് ഐറ്റംസിൽ നല്ല ഡിസ്കൌണ്ട് തന്ന് ബാക്കിയുള്ളതിലൊക്കെ ആ ഡിസ്കൌണ്ടിന്റെ ഇരട്ടി പണിക്കൂലിയിട്ടാണ് ബില്ല് തന്നത്. നല്ല പാൽചായയും ബിസ്കറ്റും ഫ്രീയായി കിട്ടിയതിനാൽ കൂടുതൽ തർക്കിക്കാനും തോന്നിയില്ല.  മാത്രമല്ല, വേറെയെവിടെയെങ്കിലും പോയാൽ കാര്യങ്ങൾ ഇതിനേക്കാൾ കഷ്ടമാവുകയും ചെയ്തേക്കാം. ലാലേട്ടനെ മോശം പറയിപ്പിക്കുന്നതും ശരിയല്ലല്ലോ. പറഞ്ഞ കാശും കൊടുത്ത് ഞങ്ങളും സ്വർണം വാങ്ങി. എയർ ഹോസ്റ്റസ് ഹിറമോസ കൊണ്ട് വന്ന സ്വർണമായിരുന്നോ അതെന്ന് പടച്ചോനറിയാം.

കള്ളക്കടത്തിലൂടെ കൊണ്ട് വരുന്ന സ്വർണം മലബാർ ഗോൾഡുകാർ വാങ്ങിയോ ഇല്ലയോ എന്നത് സർക്കാരും പോലീസും കണ്ടെത്തട്ടെ. വാങ്ങിയാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. റാഹിലമാരും ഹിറമോസമാരും അവർക്ക് പിന്നിലുള്ള സ്വർണമാഫിയക്കാരും കേരളത്തിലേക്ക് ബിസ്കറ്റുകൾ കൊണ്ടുവരുന്നത് വൈകുന്നേരത്തെ കട്ടം ചായയിൽ മുക്കിത്തിന്നാനല്ല, സ്വർണ വ്യാപാരികൾക്ക് വില്ക്കാനാണ്. മലബാർ ഗോൾഡിന്റെ  ചെയർമാൻ  തന്നെ ഇന്നലെ ടെലിവിഷൻ ചർച്ചയിൽ പറഞ്ഞത് മാർക്കറ്റിൽ ഉള്ള സ്വർണത്തിൽ ബഹുഭൂരിപക്ഷവും കള്ളക്കടത്തിലൂടെ എത്തുന്നതാണ് എന്നാണ്. പ്രതിവർഷം അറുപതോ എഴുപതോ ടണ്‍ സ്വർണം ഇന്ത്യൻ വിപണിക്ക് ആവശ്യമുണ്ട്. ഇതിൽ ഏകദേശം രണ്ട് ടണ്‍ മാത്രമാണത്രേ നിയമപരമായി ഇറക്കുമതി ചെയ്യപ്പെടുന്നത്. അപ്പോൾ ബാക്കിയുള്ളതിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

കഴിഞ്ഞ ആറ് മാസത്തിനിടക്ക് ഏതാണ്ട് നൂറു കിലോ സ്വർണം കേരളത്തിലെ എയർപോർട്ടുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപ്പെടുന്ന സ്വർണത്തിന്റെ എത്രയോ ഇരട്ടിയായിരിക്കും പിടിക്കപ്പെടാതെ പോകുന്നത് എന്നതുറപ്പാണ്. കരിപ്പൂർ എയർപോർട്ടിലെ മുൻ കസ്റ്റംസ് കമ്മീഷണർ പറയുന്നത് പത്തു കൊല്ലം പഴക്കമുള്ള അവിടത്തെ ബ്ലാക്ക് ആൻഡ്‌ വൈറ്റ് സ്കാനറുകളിൽ സ്വർണമെന്നല്ല, ഒരു ചുക്കും കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ്. വല്ലവനും ഒറ്റു കൊടുക്കുമ്പോഴോ അബദ്ധത്തിൽ പെട്ടി തുറന്ന് നോക്കുമ്പോഴോ കണ്ടെത്തുന്ന ബിസ്കറ്റുകളാണ് പത്രത്തിലും ചാനലിലും പ്രത്യക്ഷപ്പെടുന്നത്. ബാക്കിയുള്ളതെല്ലാം ബ്യൂട്ടി മീറ്റ്‌ ക്വാളിറ്റി എന്ന് പണ്ടാരോ പറഞ്ഞ പോലെ നാട്ടാരെ തന്നെ മീറ്റ്‌ ചെയ്യാനെത്തും. വിശ്വാസം അതല്ലേ എല്ലാം...


ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. രാവിലെ സ്വർണം വാങ്ങാനുള്ള ജ്വല്ലറിക്കാരന്റെ പരസ്യം. ഉച്ചയ്ക്ക് അത് വീട്ടിൽ വെച്ചോണ്ടിരിക്കാതെ പണയം വെക്കാനുള്ള ബ്ലേഡുകാരന്റെ പരസ്യം. വൈകിട്ട് വിറ്റ് കിട്ടിയ കാശ് കൊണ്ട് കള്ള് കുടിക്കാനുള്ള പരസ്യം. കാശ് കിട്ടിയാൽ ഏത് പണ്ടാരമടങ്ങുന്ന പരസ്യത്തിലും അഭിനയിക്കാൻ നമ്മുടെ സൂപ്പർ താരങ്ങൾ ഒരുക്കമാണ്. വിസിലടിച്ചും ആർത്ത് വിളിച്ചും അവരെ താരങ്ങളാക്കിയ പൊതുജനം ഏത് വണ്ടിക്ക് തല വെച്ചാലും കുഴപ്പമില്ല. കാശ് കീശയിൽ വരണം. ലാലേട്ടൻ മാത്രമല്ല, എല്ലാ ഏട്ടന്മാരും ഇക്കാര്യത്തിൽ കണക്കാണ്. നാല് നേരം മര്യാദക്ക് തലയിൽ തേച്ചാൽ ഒറ്റ മുടിയും ബാക്കിയില്ലാതെ കൊഴിഞ്ഞു പോകുന്ന ഹെയർ ഓയിലിന്റെ പരസ്യത്തിൽ വരുന്നത് കുടുംബ നായകനാണ്. അങ്ങേരുടെ തലയിലെ കഷണ്ടി ഇപ്പോൾ ഏതാണ്ട് മൂർദ്ധാവിൽ എത്തിയിട്ടുണ്ട്. വളരെ പാട് പെട്ടാണ് ചീകിയൊതുക്കി അത് മറച്ചു വെക്കുന്നത്.

രാഷ്ട്രീയക്കാരുടെയും പൊതുപ്രവർത്തകരുടെയും അഴിമതിക്കെതിരെ എക്സ്ക്ലൂസീവും ഇൻവെസ്റ്റിഗേഷനും കൊണ്ട് അയ്യരുകളി നടത്തുന്ന നമ്മുടെ മാധ്യമങ്ങൾ പരസ്യക്കാരന്റെ മുന്നിൽ ഉടുതുണിയഴിച്ച് കമിഴ്ന്ന് കിടക്കുന്ന കാഴ്ചയും നാം കണ്ടു. കേരളത്തിലെ എയർപോർട്ടുകളിലൂടെ കടത്തപ്പെടുന്ന സ്വർണം എവിടെയെത്തുന്നു എന്നതിനെക്കുറിച്ച് ഒരു ഇൻവെസ്റ്റിഗേഷനും നാളിതു വരെ കണ്ടിട്ടില്ല. ഇത്രയധികം സ്വർണം ഇവിടെ നിന്ന് പിടിക്കപ്പെട്ടിട്ടും അത് വാങ്ങി വില്ക്കുന്ന പരസ്യ മുതലാളിമാരെക്കുറിച്ച് ഒരു എക്സ്ക്ലൂസീവും ഇത് വരെ വന്നിട്ടില്ല. പിടിക്കപ്പെട്ട കള്ളക്കടത്തുകാരൻ മലബാർ ജ്വല്ലറിയുടെ പേര് പറഞ്ഞിട്ടും അത് മുക്കുവാനാണ് നേരോടെ നിർഭയം മാധ്യമ പ്രവർത്തനം നടത്തുന്ന സകല ചാനലുകളും പ്രമുഖ പത്രങ്ങളും ശ്രമിച്ചത്. ദോഷം പറയരുതല്ലോ, എന്തൊക്കെ തരികിടകൾ കാണിച്ചാലും മലയാളത്തിലെ ചില ന്യൂസ് പോർട്ടലുകളാണ് ഈ വാർത്ത ആദ്യമായി പുറത്തു വിട്ടത്. സോഷ്യൽ മീഡിയയിലൂടെ അത് പടർന്ന് കയറിയപ്പോൾ നിവൃത്തിയില്ലാതെയാണ് മുതലാളിയുടെ പേര് പറയാൻ പോലും മാധ്യമ പുലികൾ നിർബന്ധിതരായത്.  സോഷ്യൽ മീഡിയ ഇല്ലായിരുന്നുവെങ്കിൽ ഈ പന്നികൾ ഈ വാർത്തയും മുക്കുമായിരുന്നു. പേരിന് വേണ്ടി വൈകിട്ട് ചർച്ച നടത്തിയപ്പോൾ കേൾവി കേട്ട മാധ്യമ പുലി പോലും ജ്വല്ലറി മുതലാളിയുടെ മുന്നിൽ പൂച്ചയായി ചോദ്യം ചോദിക്കുന്നതാണ് കണ്ടത്. ഞങ്ങൾക്ക് തരുന്ന പരസ്യം മുടക്കല്ലേ പൊന്നു മുതലാളീ എന്ന് മുഖത്ത് ഒട്ടിച്ചു വച്ചത് പോലുള്ള ഭവ്യതയും കണ്ടു.

മലബാർ ഗോൾഡോ കല്യാണോ ആലുക്കാസോ മറ്റേതെങ്കിലും ജ്വല്ലറി ഗ്രൂപ്പോ കള്ളക്കടത്തുകാരിൽ നിന്നും സ്വർണക്കട്ടികൾ വാങ്ങുന്നുണ്ടോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. കള്ളക്കടത്തിലൂടെ ഇവിടെയെത്തുന്ന ടണ്‍ കണക്കിന് സ്വർണം മറ്റെവിടെ പോകാനാണ് എന്ന് ഊഹിച്ചെടുക്കാൻ ഒരു പണത്തൂക്കം ബുദ്ധി ഉപയോഗിച്ചാൽ മാത്രം മതി.

Recent Posts
രമ്യ നമ്പീശന്‍ കുളിക്കുന്നു. എല്ലാവരും ഓടി വരൂ!!
ശ്വേതയും ബോള്‍ഡ്നെസ്സും പിന്നെ പീഡാംബാരക്കുറുപ്പും
പുലിക്കാട്ട് : ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര