പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?

ജി എസ് പ്രദീപ്‌ മുടിഞ്ഞ ഡയലോഗടി വീരനാണ് എന്ന് ഒരുവിധം മലയാളികൾക്കെല്ലാം അറിയാം. ആ തലക്കകത്ത് ഒരുപാട് കാര്യങ്ങൾ സേവ് ചെയ്ത് വെച്ചിട്ടുണ്ട് എന്നതും സത്യമാണ്. അദ്ദേഹത്തിന് വിജ്ഞാന കാര്യത്തിൽ മാത്രമല്ല, മറ്റ് ചില 'വിഷയ'ങ്ങളിലും അപാര കഴിവുണ്ടെന്ന് മലയാളീ ഹൗസ് കണ്ടവർക്കുമറിയാം. പക്ഷേ ആ തലക്കകത്ത് ഒരു കടുക് മണിത്തൂക്കം കോമണ്‍സെൻസ് (മമ്മൂട്ടിയുടെ ഭാഷയിൽ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും) ഇല്ല എന്ന് കഴിഞ്ഞ ദിവസമാണ് മനസ്സിലായത്‌. ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ട് ഈ മഹാ പണ്ഡിതൻ വിളമ്പിയ സാഹിത്യം കേരളക്കരയ്ക്ക് മൊത്തത്തിൽ അപമാനവും നാണക്കേടുമാണ് ഉണ്ടാക്കിയത്. വിഡ്ഢി ദിനത്തിൽ ജനിച്ച ആളാണെങ്കിലും നമ്മുടെ ഉപരാഷ്ട്രപതി ഒരു വിഡ്ഢിയല്ല എന്നാണ് ഗ്രാൻഡ്‌ മാസ്റ്റർ ആവർത്തിച്ചാവർച്ച് പറഞ്ഞത്. നോക്കണേ, വിവരക്കേടിന്റെ ആഴവും പരിസരബോധമില്ലായ്മയുടെ വ്യാപ്തിയും!!.
 
ഒരാൾ ബുദ്ധിമാനാണോ പൊട്ടനാണോ എന്ന് തീരുമാനിക്കുന്നത് അയാൾ ഏത് ദിവസം ജനിച്ചു എന്ന് നോക്കിയിട്ടല്ല, അയാളുടെ തലക്കകത്ത് എന്തുണ്ട് എന്ന് നോക്കിയാണ്. തലക്കകത്ത് ചകിരിനാരും ചളിവെള്ളവും ആണെങ്കിൽ വല്യ പെരുന്നാൾ ദിനത്തിൽ ജനിച്ചാലും കാര്യമൊന്നുമില്ല. വകതിരിവിന്റെ കുറവാണ് ഇതെന്ന് കരുതി സമാധാനിക്കാം. പക്ഷേ ഒരു ഹിമാലയാൻ വങ്കത്തവും ഗ്രാൻഡ്‌ മാസ്റ്റർ വേദിയിൽ പൊട്ടിച്ചു കളഞ്ഞു. രണ്ടു തവണ തുടർച്ചയായി ഈ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതിയാണ് ഹാമിദ് അൻസാരിയെന്ന്!!. പോരേ പൂരം!!. ഓസ്കാർ കൊടുക്കേണ്ട വങ്കത്തമാണ് 'വിജ്ഞാന രാക്ഷസൻ' വിളമ്പിയത്. ഡോ. എസ് രാധാകൃഷ്ണൻ എന്ന ഒരു പാവം മനുഷ്യനെക്കുറിച്ച് ഗ്രാൻഡ്‌ മാസ്റ്റർ സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു പഠിക്കണം.

ഞാൻ ജി എസ് പ്രദീപിനെ കുറ്റം പറയില്ല, ഓരോരുത്തർക്കും അവരവർക്ക് താങ്ങാൻ പറ്റാവുന്ന കോമണ്‍സെൻസായിരിക്കും പടച്ചോൻ കൊടുത്തിട്ടുണ്ടായിരിക്കുക. അത് ഏറിയും കുറഞ്ഞുമിരിക്കും. പക്ഷേ ചവിട്ടേണ്ടത് ഇമ്മാതിരി ഒരവതാരത്തെ ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന്റെ കത്തിയും കഴുത്തും ഏല്പിച്ചു കൊടുത്ത സംഘാടകരെയാണ്. അവരുടെ  തൊലിക്കട്ടിക്കാണ് ഒരു പത്മശ്രീ കൊടുക്കേണ്ടത്. മലയാളി ഹൗസിന്റെ ഒരു എപ്പിസോഡെങ്കിലും കണ്ട ഏതെങ്കിലും ഒരു ദൗർഭാഗ്യവാൻ ആ കമ്മറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതുപോലൊരു കൊലച്ചതി ഉണ്ടാവുമായിരുന്നില്ല.

ഉപരാഷ്ട്രപതിയെ പിറകിലിരുത്തിപ്പാടിയ ദേശീയ ഗാനത്തിന്റെ കാര്യമാണ് മറ്റൊന്ന്. ശശി തരൂരിന് ഏതോ ഒരു അവാർഡ് കൊടുക്കുന്ന പരിപാടിയായിരുന്നത്രേ അത്. (ദേശീയഗാനവും ശശി തരൂരും തമ്മിൽ പണ്ടേ അത്ര സുഖത്തിലല്ല). വരികളും വാക്കുകളും തെറ്റിച്ചു എന്ന് മാത്രമല്ല, അന്ത്യത്തിൽ ജയ ജയ എത്തിയതോടെ മൊത്തം കൊളമായി എന്ന് തന്നെ പറയണം. അവസാനത്തെ 'ജയ' ഗായകൻ അടിച്ചു മാറ്റിയപ്പോൾ ഉപരാഷ്ട്രപതിയും സദസ്സും ഒരുപോലെ മേലോട്ടു നോക്കി. എന്തൊരു നാണക്കേടാണ് എന്ന് നോക്കിയേ.. അവതാരകന്റെ വാചകമടി വിവരക്കേട് കൊണ്ടാണെന്ന് കരുതി സമാധാനിക്കാം. പക്ഷേ ദേശീയ ഗാനത്തോടുള്ള ഈ അവഹേളനത്തിന് ആരുത്തരം പറയും. ഉപരാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് ഇതിനകം തന്നെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അറിയുന്നു. ശശി തരൂരിന് അവാർഡ് കൊടുത്ത ശ്രീ നാരായണ ധർമ്മവേദി എന്ന സംഘടനയെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളതെന്നും ഇവരെ പൊതുരംഗത്തൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നും നേരത്തെ ഇന്റലിജൻസ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നതായും വാർത്തകളുണ്ട്. ഈ റിപ്പോർട്ടൊക്കെ അവഗണിച്ച് ഉപരാഷ്ട്രപതിയെ ഇങ്ങോട്ട് കൊണ്ടുവന്നവർ ആരാണ് എന്ന ചോദ്യവും ബാക്കി നില്ക്കുന്നു. ചക്കിന് വെച്ച വിവാദം തിരിഞ്ഞു മറിഞ്ഞ് കൊക്കിന് കൊള്ളുമോ? ഏതായാലും ശശി തരൂരിന്റെ കാര്യം വീണ്ടും പരുങ്ങലിലാകാതെയിരുന്നാൽ മതിയായിരുന്നു.


എന്റെ പേടി ഇതൊന്നുമല്ല, ഇനി രാഷ്ട്രപതി വരുമ്പോൾ നമ്മുടെ മറ്റേ പുള്ളി അവതാരകനായി എത്തുമോ എന്നാണ്. മലയാളി ഹൗസിലെ മിന്നും താരം രാഹുൽ ഈശ്വർ. അതിനുള്ള സാധ്യത വളരെക്കൂടുതലാണ്. കാരണം പുള്ളി നമ്മുടെ ആസാറാം ബാപ്പുവിന്റെ അടുത്ത ആളാണ്‌. ബാപ്പുവാണെങ്കിൽ ഉന്നതങ്ങളിൽ പിടിപാടുള്ള ആളും.!! ബാപ്പുവിന് അല്പം കൂടി ഇമേജുണ്ടാക്കിക്കൊടുക്കുവാനുള്ള ഒരഖിലേന്ത്യാ പര്യടനത്തിലാണ് പുള്ളിയുള്ളത് എന്നാണ് കേട്ടത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന കേസിൽ അന്വേഷണം നേരിടുന്ന ബാപ്പുവിനെ ന്യായീകരിച്ച് ഇതിനകം തന്നെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു നമ്മുടെ മലയാളീ ഹൗസ് കാസനോവ. ബെസ്റ്റ് കോമ്പിനേഷൻ..  ആസാറാംദൗത്യം വിജയിച്ചു കഴിഞ്ഞാലുടൻ ജോളിയായി പൊതുരംഗത്ത്‌ സജീവമാകാനുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിന്റെ ചാർട്ട് വരുമ്പോൾ എല്ലാവർക്കും അതിലൊരു കണ്ണ് വേണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഉപരാഷ്ട്രപതിയുടെ യോഗത്തിൽ സംഭവിച്ചത് പോലെ എന്തെങ്കിലും 'അത്യാഹിതം' നടന്ന ശേഷം പറഞ്ഞിട്ട് കാര്യമില്ല.

അവസാനിപ്പിക്കുന്നതിന് മുമ്പ് ജി എസ് പ്രദീപിനോട് ഒരഭ്യർത്ഥന കൂടി. ലോകത്തുള്ള പല കാര്യങ്ങളും താങ്കൾ തലക്കുള്ളിലാക്കി നടക്കുകയാണല്ലോ. അതിന്റെ കൂടെ ഒരു കണക്കു കൂടെ എടുക്കണം. ലോകത്ത് ഏപ്രിൽ ഫൂളിൽ ജനിച്ചവരുടെ എണ്ണമെത്ര?. ആണെത്ര?. പെണ്ണെത്ര?  ഫൂളെത്ര!!! വേറൊന്നിനും വേണ്ടിയല്ല, ഏതെങ്കിലുമൊക്കെ യോഗത്തിന് ഞങ്ങളെപ്പോലുള്ള പാവങ്ങളെയും അബദ്ധത്തിന് ആരെങ്കിലും അവതാരകരായി ക്ഷണിച്ചാൽ വെച്ച് കാച്ചാനാണ്.. ബുദ്ധിശക്തിയും ഓർമശക്തിയും കാണിച്ചു സദസ്സിനെ ഞെട്ടിക്കാനാണ്. യേത്??

മ്യാവൂ: ലോക എയിഡ്സ് ദിനത്തിലെങ്ങാനമാണ് ഉപരാഷ്ട്രപതി ജനിച്ചിരുന്നതെങ്കിൽ പ്രദീപ്‌ ഇങ്ങനെ പറഞ്ഞേനെ.. "എയിഡ്സ് ദിനത്തിൽ ജനിച്ച എയിഡ്സ് ഇല്ലാത്ത ഉപരാഷ്ട്രപതി".  (കടപ്പാട്: മധു ബാലൻ)  സിന്ധു ജോയി എന്ന ന്യൂസ് റീഡർ

Related Posts
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും

Recent Posts
ഈ വിധി പറയുന്നു, വിധിയല്ല ജീവിതം !! (13 Sept 2013)