ഈ വിധിയെ പരിഹസിക്കുന്നവരുണ്ടാകാം. പൊതുജനവികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച വിധിയാണ് എന്ന് അപഹസിക്കുന്നവരും കാണും. ഒരു വിധിയോടെ സ്ത്രീ പീഡനങ്ങൾ ഇല്ലാതാകുമോ എന്ന് ചോദിക്കുന്നവരും ഉണ്ടായേക്കാം. എന്നാൽ ഒന്നോർക്കുക. രാജ്യം പ്രതിഷേധാഗ്നിയിൽ കത്തിയമർന്ന ഈ പീഡനത്തിലെ പ്രതികളെ വെറുതെ വിട്ടിരുന്നുവെങ്കിൽ അത് നല്കുന്ന സന്ദേശമെന്തായിരിക്കും.ഫേസ്ബുക്ക് സ്റ്റാറ്റസുകളും ബ്ലോഗുകളുമെഴുതാൻ എളുപ്പമുണ്ട്. എന്നാൽ കഴുകന്മാരെപ്പോലെ കൊത്തിത്തിന്നാൻ നടക്കുന്ന മനുഷ്യപ്പിശാചുകൾക്കിടയിൽ നമ്മുടെ അമ്മമാർക്കും പെങ്ങന്മാർക്കും ജീവിച്ചു പോകുക അത്ര എളുപ്പമല്ല. അവരുടെ ജീവിതം തെല്ലെങ്കിലും സുരക്ഷിതമാകണമെങ്കിൽ കുറ്റവാളികൾക്കെതിരെയുള്ള നിയമങ്ങൾ കുറ്റമറ്റതും ശക്തവുമാകണം. തങ്ങളുടെ ജീവനും മാനവും വിലമതിക്കുന്ന ഒരു സമൂഹവും സർക്കാരും ചുറ്റുമുണ്ടെന്ന് അവരെക്കൂടി ബോധ്യപ്പെടുത്തണം. അത്തരമൊരു ബോധ്യപ്പെടുത്തലാണ് ഈ വിധി.
പീഡനത്തിന് കീഴടങ്ങുക എന്നതാണ് തങ്ങളുടെ വിധിയെന്നും ജീവിതമെന്നും കരുതി കണ്ണീർ വാർക്കുന്ന പതിനായിരക്കണക്കിന് പെണ്‍കുട്ടികളോട് ഈ വിധിയിലൂടെ രാജ്യം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. വിധിയല്ല ജീവിതം!!. അത്തരം വിധികളെ അതിജയിക്കേണ്ടതുണ്ട്, കീഴടക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ മുഴുവൻ ആത്മാവും ശരീരവും തങ്ങളോട് ഒപ്പമുണ്ടെന്നും ഇത്തരം പീഡകരുടെ മൃഗീയതയോട് ഒരു ശതമാനം പോലും രാജിയാവാൻ അത് തയ്യാറല്ല എന്നും ഈ വിധി പ്രഖ്യാപിക്കുന്നു. പൊരുതാനും ചെറുത്തു നില്ക്കാനുമുളള ബാല്യം തിരിച്ചു പിടിക്കണമെന്നും ഈ വിധി സ്ത്രീ സമൂഹത്തോട് പറയുന്നുണ്ട്.
സ്ത്രീകളെ പ്രദർശനവസ്തുവും പരസ്യ ഉരുപ്പടിയുമായി അവതരിപ്പിക്കുന്ന ദൃശ്യ-സിനിമാ-ടിവി-മാധ്യമ സംസ്കാരം, കൊച്ചു കുട്ടികൾക്ക് പോലും ലഭ്യമാകുന്ന രൂപത്തിലുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, തുറന്ന ലൈംഗികതയ്ക്കും അതിരുവിട്ട സുഖഭോഗ ജീവിത ക്രമത്തിനും വേണ്ടത്ര പ്രചാരണം കൊടുക്കുന്ന സിനിമകളും സീരിയലുകളും, അക്രമികളെയും ഗുണ്ടകളെയും നായകപരിവേഷം നല്കി അവതരിപ്പിക്കുന്ന ന്യൂ ജനറേഷൻ കലാവൈകൃതങ്ങൾ, 'വരാന്തയും പുറമ്പോക്കും' തുറന്നിട്ട് ലൈംഗിക പ്രചോദനം സൃഷ്ടിക്കുന്ന വസ്ത്രധാരണ രീതികൾ.. അനിവാര്യമായ തിരിച്ചറിവുകളുടെ പട്ടിക നീളുകയാണ്. അവയെക്കൂടി ഇത്തിരി പരിഗണിക്കണമെന്ന് പറയുന്നത് സദാചാര പ്രസംഗമാണെങ്കിൽ അത്തരം ചില പ്രസംഗങ്ങൾ കൂടി ആധുനിക സമൂഹത്തിന് ആവശ്യമുണ്ട്. നമ്മുടെ അമ്മ പെങ്ങന്മാരുടെ പുഞ്ചിരിയാണ്, നിലവിളിയല്ല, നമ്മുടെ പ്രിയോരിറ്റിയിൽ സ്ഥാനം പിടിക്കുന്നതെങ്കിൽ.
മനുഷ്യാവകാശപ്രശ്നങ്ങളും അന്താരാഷ്‌ട്ര വികാരങ്ങളുമൊക്കെയുയർത്തി വധശിക്ഷക്കെതിരെ ശക്തമായ എതിർപ്പുകൾ വരും നാളുകളിൽ ഉണ്ടാവാനിടയുണ്ട്. വിധിയോടുള്ള പൊതു തരംഗം അവസാനിച്ചു കഴിഞ്ഞാൽ അവ കൂടുതൽ ശക്തി പ്രാപിച്ചേക്കും. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ ഉയർന്ന കോടതികളിലെത്തും. കുറ്റവാളികളെക്കുറിച്ചുള്ള വൈകാരികമായ ഒരു റിപ്പോർട്ടോ സെൻസേഷൻ സൃഷ്ടിക്കുന്ന ഒരു ഫോട്ടോയോ വീഡിയോയോ മതി പൊതുവികാരം ചാഞ്ചാടാൻ. അത്തരമൊരു ചാഞ്ചാടൽ ഉണ്ടാകുന്ന പക്ഷം കോടതികളെ അത് സ്വാധീനിക്കുമോ എന്നും ഇപ്പോൾ പറയുക വയ്യ. എല്ലാം കാത്തിരുന്നു കാണുക തന്നെ വേണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇത്തരം വിവാദമായ കേസുകളിൽ കാണിക്കുന്ന ഏത് വിട്ടുവീഴ്ചകളും സമൂഹത്തിന് നല്കുന്ന സന്ദേശം അപകടകരമായിരിക്കും. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ നാല് പ്രതികളേയും എത്രയും പെട്ടെന്ന് പൊതുജനമധ്യത്തിൽ തൂക്കിലേറ്റുക എന്നത് തന്നെയാണ് ഇരകൾ ആവശ്യപ്പെടുന്നതും അർഹിക്കുന്നതുമായ സാമൂഹ്യനീതി.
Related Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!
Recent Posts
പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?
ടി പി വിധിയുടെ സാമ്പിൾ വെടിക്കെട്ട്