മാധ്യമത്തിനെന്താണ് ഈജിപ്തിൽ കാര്യം?

ഈജിപ്തിൽ നിന്ന് വരുന്ന വാർത്തകൾ ജനാധിപത്യ സ്നേഹികളെയും സമാധാന കാംക്ഷികളേയും ഒരുപോലെ വേദനിപ്പിക്കുന്നു. മുല്ലപ്പൂവിന്റെ സുഗന്ധത്തിന് പകരം ഈജിപ്തിന്റെ ചത്വരങ്ങളിൽ കരിഞ്ഞ മാംസത്തിന്റെയും വെടിപ്പുകയുടെയും ഗന്ധം ഉയരുകയാണ്. അറബ് ലോകത്ത് വിരുന്ന് വന്ന വസന്തം പതിയെ പിന്മാരുകയാണോ അതോ ആ വസന്തം അതിന്റെ അനിവാര്യമായ ചരിത്ര പഥങ്ങളിലൂടെ മുന്നോട്ട് പോവുകയാണോ എന്ന് തീർത്തും പറയാറായിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. മുല്ലപ്പൂ വിപ്ലവങ്ങൾ താത്കാലികമായെങ്കിലും ചോരയൊഴുകുന്ന ബുള്ളറ്റ് വിപ്ലവങ്ങൾക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു. ഈജിപ്തിൽ നിന്നെത്തുന്ന ദാരുണമായ ചിത്രങ്ങളും കരളലിയിപ്പിക്കുന്ന വീഡിയോകളും നല്കുന്ന വേദനയും അതിന്റെ വൈകാരികതയും മാറ്റി നിർത്തി ഈജിപ്തിലെ സംഭാവികാസങ്ങളെ വിലയിരുത്താനുള്ള ശ്രമമാണ് ഈ കൊച്ചു കുറിപ്പ്.

ഹുസ്നി മുബാറക്കിന്റെ മുപ്പത് വർഷത്തെ ഭരണത്തിൽ ഈജിപ്ത് പൊതുവെ ശാന്തമായിരുന്നു. സൈനിക ശക്തിയുടെ പിൻബലത്തിൽ ഒരു പട്ടാള മേധാവി നടത്തുന്ന ഭരണത്തിൽ സമാധാനമുണ്ടായിരുന്നു എന്ന് പറയുന്നത് ഒരു തമാശ പ്രയോഗമാണെങ്കിലും മുബാറക്കിന് ശേഷമുള്ള വിപ്ലവാനന്തര അവസ്ഥകളെ പരിഗണിക്കുമ്പോൾ തമാശക്കപ്പുറം അതിന് ചില അർത്ഥതലങ്ങൾ കൂടി കൈവരുന്നുണ്ട്‌. രക്തരഹിത വിപ്ലവങ്ങളാണ് മുല്ലപ്പൂവിനെ മുല്ലപ്പൂവാക്കിയത്. പക്ഷേ ഒരു മുല്ലപ്പൂവിനെ മുല്ലപ്പൂവായി തന്നെ നിലനിർത്തണമെങ്കിൽ വലിയ ശ്രദ്ധ വേണം. അനവസരത്തിലുള്ള ഒരു തലോടൽ പോലും അതിനെ നശിപ്പിച്ചു കളയും. ഈജിപ്തിൽ മുസ്‌ലിം ബ്രദർഹുഡ് ചെയ്തത് അനവസരത്തിൽ തലോടുകയല്ല, ആ മുല്ലപ്പൂവിനെ തന്നെ പിച്ചിയെടുക്കാൻ ശ്രമിക്കുകയാണ്.

ഹുസ്നി മുബാറക്കിന്റെ ഭരണത്തിനെതിരെ ഉയർന്നു വന്ന ജനകീയ പ്രക്ഷോഭങ്ങളെ ബ്രദർഹുഡ് സമർത്ഥമായി ഹൈജാക്ക് ചെയ്യുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഹൈജാക്ക് ചെയ്യുവാൻ മുസ്ലിം ഹൈന്ദവ തീവ്രവാദ ശക്തികൾ ശ്രമിച്ചപ്പോൾ അതിനെ ബുദ്ധിപരമായി തടയിട്ടത് സ്വാന്തന്ത്ര്യ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന മതേതര നേതൃത്വമാണ്. അവരുടെ സമർത്ഥവും സമയോചിതവുമായ ഇടപെടലുകളാണ് വർഗീയ ശക്തികളെ ഒരു പരിധി വരെ തോല്പിച്ചത്. ഈജിപ്തിൽ അത്തരമൊരു നേതൃത്വം ഇല്ലാതെ പോയത് പതിറ്റാണ്ടുകളായി പതുങ്ങിക്കിടക്കുകയായിരുന്ന ബ്രദർഹുഡിന് തലപൊക്കാൻ ഒരു സുവർണാവസരമാണ് നല്കിയത്. തീവ്രവികാരങ്ങളുമായി സമര മുഖത്തുള്ള ഒരു ജനതയെ ഒരു കൊടുങ്കാറ്റിനെന്നപോലെ മറ്റൊരു തീരത്തേക്ക് എത്തിക്കുവാൻ എളുപ്പമുണ്ട്. ബ്രദർഹുഡിന്റെ  കേഡർ സ്വഭാവവും ആസൂത്രിത പദ്ധതികളും ചത്വരങ്ങളിലെ സമരവീര്യത്തെ റാഞ്ചിപ്പറക്കുകയായിരുന്നു എന്ന് വേണം പറയാൻ.

ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുവാൻ പട്ടാളത്തിന് അവകാശമില്ല. അതുകൊണ്ട് തന്നെ മുർസിയെ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയ സൈന്യത്തെ തരിമ്പും ന്യായീകരിക്കുവാൻ ഞാനില്ല. ഈജിപ്തിൽ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായി പിടഞ്ഞു വീഴുന്ന ഓരോ മനുഷ്യ ജീവനോടും കലർപ്പില്ലാതെ ഐക്യദാർഢ്യമുണ്ട്, പ്രാർത്ഥനകളുണ്ട്. പക്ഷേ അവരെ ചട്ടുകങ്ങളാക്കി ഉപയോഗപ്പെടുത്തുന്ന ബ്രദർഹുഡിനോട് തികഞ്ഞ പുച്ഛവുമുണ്ട്. ചത്വരങ്ങളിൽ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വലിയ വിഭാഗം വൈകാരികമായ ഒരൊഴുക്കിന്റെ ഭാഗമായി അണി ചേരുന്നവരാണ്. ഒരു വികാരതീവ്ര പ്രഭാഷണത്തിന് അവരെ മറ്റൊരു തീരത്തേക്ക് കൊണ്ട് പോകാൻ പറ്റും. കാറ്റിൽ പറക്കുന്ന അപ്പൂപ്പൻ താടി പോലെയാണത്. അത്തരം പാവങ്ങളെ സമരമുഖങ്ങളിൽ മനുഷ്യ കവചമായി ഉപയോഗപ്പെടുത്തുന്നവർക്ക് കൃത്യമായ അജണ്ടകളുണ്ട്.
 


വർത്തമാന ഈജിപ്തിനെ അടയാളപ്പെടുത്തുമ്പോൾ വകതിരിവോടെ മനസ്സിലാക്കേണ്ടുന്ന ഒരു യാഥാത്ഥ്യമുണ്ട്. പട്ടാളം ഒരു സുപ്രഭാതത്തിൽ ഭരണം അട്ടിമറിക്കുകയായിരുന്നില്ല. മറിച്ച് മുർസിയുടെ നയങ്ങളും ഭരണ നീക്കങ്ങളും പൊരുതി നേടിയ ജനാധിപത്യ സങ്കല്പങ്ങളെ മത തീവ്രവാദത്തിന്റെ ആലയിൽ കൊണ്ട് ചെന്ന് കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ധരിച്ച പൊതുജനം തെരുവിൽ കലാപമുയർത്തിയത്തിന്റെ പരിണിതഫലമായിരുന്നു. മുർസിയുടെ ജനാധിപത്യ സർക്കാർ അധികാരത്തിലിരുന്ന നാളുകളിലും ചത്വരങ്ങളിൽ ചോര ചിന്തിയിട്ടുണ്ട്. പതിനായിരങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈജിപ്തിലെ പോരാട്ടം ആത്യന്തികമായി സൈന്യവും പൊതുജനവും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞു കൂടാ. ആഴത്തിൽ പരിശോധിച്ചാൽ മിതവാദികളും താരതമ്യേന മതേതര മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരുമായ വിഭാഗവും ബ്രദർഹുഡിന്റെ നേതൃത്വത്തിലുള്ള മത തീവ്രവിഭാഗവും തമ്മിലുള്ള തുറന്ന സംഘട്ടനമാണ് എന്ന് കാണാം. സൈന്യം അതിലൊരു ഭാഗത്തുണ്ട് എന്ന് മാത്രം. അതുകൊണ്ട് കൂടിയാണ് ജനാധിപത്യ സർക്കാരിനെ 'അട്ടിമറിച്ച' സൈനിക ഭരണത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചത്. മുർസിയെ തിരിച്ച് വിളിക്കാതെ സർക്കാരുമായി യാതൊരു ചർച്ചകളുമില്ല എന്ന ബ്രദർഹുഡിന്റെ സമീപനവും ഈ കലുഷിതമായ സാഹചര്യത്തിൽ എത്രമാത്രം വിവേകപൂർണമാണ് എന്ന് ആലോചിക്കേണ്ടതുണ്ട്. മൃതദേഹങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബ്രദർഹുഡിന്റെ ഗ്രിപ്പ് കൂടുമെന്നതാണോ ഈ ചർച്ചാ നിരാസത്തിന് പിന്നിലെ ലോജിക്ക്.
  
ഈജിപ്തിലെ കലാപങ്ങൾക്ക് വിശുദ്ധ യുദ്ധത്തിന്റെ രക്തസാക്ഷിത്വ പരിവേഷം നല്കി തീവ്രവികാരം ഉയർത്തി വിടുവാൻ ആഗോളാടിസ്ഥാനത്തിൽ തന്നെ ശ്രമങ്ങളുണ്ട്. അത്രത്തോളം പോകില്ലെങ്കിലും മാധ്യമം പത്രത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കാർമികത്വത്തിൽ നമ്മുടെ കേരളക്കരയിലും ചില ഈജിപ്ത് തരംഗങ്ങൾ ഉയർത്താനുള്ള ശ്രമങ്ങളുണ്ട്. മാധ്യമം പത്രത്തിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളും റിപ്പോർട്ടുകളും ആ ദിശയിൽ ഉള്ളതാണ്. ഈജിപ്തിനോടോ ജനാധിപത്യത്തോടോ ഉള്ള അമിത സ്നേഹമല്ല ബ്രദർഹുഡ് മുന്നോട്ട് വെക്കുന്ന ആശയതലത്തിലെ ചങ്ങാത്തത്തിലാണ് ഈയൊരു ഐക്യദാർഢ്യത്തിന്റെ ചരട് കിടക്കുന്നത്. ഒരു രാജ്യത്തിന്റെ അധികാരക്കൈമാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നതിനിടയിൽ മരിക്കുന്നവരെ മതവിധി പ്രകാരമുള്ള ശഹീദ് (രക്തസാക്ഷി) എന്ന് വിളിക്കാൻ പറ്റുമോ?. രാഷ്ട്രീയപ്പോരാളികൾ എന്നതല്ലേ അവർക്ക് കൂടുതൽ അനുയോജ്യമായ വിശേഷണം. ഈജിപ്തിനെ വായിക്കുന്നതിൽ ഇക്കൂട്ടർക്ക് പറ്റുന്ന തെറ്റ് ഒട്ടും  യാദൃശ്ചികമല്ല, ഭരണവ്യവസ്ഥയെക്കുറിച്ചും മതരാഷ്ട്രത്തെക്കുറിച്ചുമുള്ള അടിസ്ഥാന കാഴ്ചപ്പാടിന്റെ കൂടി ഭാഗമായിട്ട് വേണം അതിനെ കാണുവാൻ.
         
ചുരുക്കിപ്പറഞ്ഞാൽ ഈജിപ്തിൽ നടക്കുന്നത് ജനാധിപത്യ പ്രക്ഷോഭങ്ങൾക്കപ്പുറമുള്ള തീക്കളിയാണ്. മതതീവ്രവാദത്തിന്റെ താവളത്തിലേക്ക് പൊതുജനങ്ങളെ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ. അത്തരം ശ്രമങ്ങൾ തന്നെയാണ് മുല്ലപ്പൂ വിപ്ലവത്തെ ഇന്ന് കാണുന്ന ദുരന്തത്തിലേക്ക് എത്തിച്ചതും. പതിറ്റാണ്ടുകളുടെ പട്ടാള ഭരണത്തിൽ നിന്നും ഒട്ടും ഭിന്നമല്ലാത്ത മറ്റൊരു ഭരണ സംവിധാനത്തിലേക്കാണ് രാജ്യം പോകുന്നത് എന്ന ഭയമാണ് ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിൽ വന്ന സർക്കാരിനെതിരെ പ്രക്ഷോഭം നടത്താൻ പൊതുജനങ്ങളെ പ്രേരിപ്പിച്ചത്. വൈകാരിക പക്വത കൈവന്നിട്ടില്ലാത്ത ഒരു സമൂഹത്തിലും ജനാധിപത്യം അതിന്റെ പരിപൂർണമായ അർത്ഥത്തിൽ വിജയിക്കില്ല. അവ പലപ്പോഴും മോബോക്രസിയിലേക്ക് വഴി തിരിഞ്ഞു പോകാനിടയുണ്ട്. മുസ്‌ലിം ബ്രദർഹുഡ് അവരുടെ അജണ്ടകൾ മാറ്റി വെച്ച് മുല്ലപ്പൂ വിപ്ലവത്തെ അതിന്റെ സ്വാഭാവിക പരിവർത്തനത്തിലേക്ക് നീങ്ങാൻ അനുവദിച്ചാൽ ഈജിപ്തിലെ പ്രശ്നങ്ങൾക്ക് താത്കാലിക ശാന്തി ലഭിക്കും. അതല്ല പ്രക്ഷോഭങ്ങളെ ആളിക്കത്തിച്ച് ഈജിപ്ത് ജനതയെ ഇരുചേരികളിലാക്കി പോരടിപ്പിക്കാണ് അവർ പോകുന്നതെങ്കിൽ ചോരപ്പുഴകളുടെ ദുരന്ത വാർത്തകളുമായി നമുക്ക് പ്രഭാതങ്ങളെ വരവേൽക്കേണ്ടി വരും.

Related Posts
മീഡിയ വണ്‍ : തുടക്കം കസറി

Recent Posts
ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പർഹിറ്റ്‌
സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!!
പാവം സോളാർ എന്ത് പിഴച്ചു?