കല്യാണവീട്ടിലും മരണ വീട്ടിലും രാഷ്ട്രീയമോ മതമോ നോക്കാതെ എല്ലാവരും
പങ്കെടുക്കുകയും വിജയിപ്പിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. എത്ര പരമ
ദുഷ്ടനാണ് മരിച്ചതെങ്കിലും 'ഹോ.. അങ്ങേര് എന്തൊരു നല്ല മനുഷ്യനായിരുന്നു'
എന്ന് ശവമടക്കിന് മുന്നേ പറയാത്തവൻ ഒരർത്ഥത്തിൽ ശവമാണ്. കല്യാണ ദിവസമാണെങ്കിൽ
പറയുകയും വേണ്ട. ഏത് കൊടിയ ശത്രുവും വരനെയും വധുവിനെയും ആശിർവദിക്കുകയും
ഒത്താലൊന്നു കെട്ടിപ്പിടിക്കുകയും ചെയ്യും. ഇതൊക്കെ നാട്ടുനടപ്പും സോ കാൾഡ് ഫോർമാലിറ്റീസുമാണ്. കല്യാണവും മരണവും പോലെ തന്നെയാണ് വാർഷികാഘോഷങ്ങളും. ഇത്തരം വേളകളിൽ പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ചൊറിയുന്നതും വിമർശിക്കുന്നതും ആണുങ്ങൾക്ക് ചേർന്ന പരിപാടിയല്ല. നല്ലത് പറയാനുണ്ടെങ്കിൽ പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക. ഈയൊരു പോളിസി മുന്നിൽ വെച്ച് കൊണ്ടായിരിക്കണം ഇന്ത്യാവിഷന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ കുഞ്ഞാലിക്കുട്ടിയും പിണറായി സഖാവും അവരെ ആശിർവദിച്ചത്. അത് പോലുള്ള ഒരു പരിപാടി തന്നെയാണ് എന്റെ ഈ പോസ്റ്റും.
നൂറ്റി ഇരുപത്തിയഞ്ച് വർഷം പിന്നിട്ട മുതു മുത്തശ്ശി മാധ്യമങ്ങളുള്ള കേരളത്തിൽ പത്ത് വർഷം പിന്നിടുക എന്നത് ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാകും. ശരിയാണ്. പത്ത് വർഷമെന്നത് ആപേക്ഷികമായി ഒരു ചെറിയ കാലയളവ് തന്നെയാണ്. പക്ഷേ കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുടെ വളർച്ചയും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് ഇന്ത്യാവിഷൻ പിന്നിട്ട പത്ത് വർഷങ്ങളെ അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല. ചടുലമായ ഒരു ദൃശ്യമാധ്യമ സംസ്കാരം കേരളത്തിന് പരിചയപ്പെടുത്തിയത് ഇന്ത്യാവിഷനാണ്. ഉണങ്ങിപ്പിടിക്കുന്ന അച്ചടി മഷികൾക്കപ്പുറത്ത് വാർത്തകൾക്ക് പിടക്കുന്ന ഒരു മനസ്സുണ്ടെന്ന് കാണിച്ചു തന്നതും അവരാണ്. നാടകങ്ങൾക്ക് രംഗ സജ്ജീകരണം നടത്തുന്നതിനിടക്ക് സമയം പോക്കാൻ വേണ്ടി ഭക്തി ഗാനങ്ങൾ ആലപിക്കുന്ന പോലെ സീരിയലുകൾക്കും ചിത്രഗീതങ്ങൾക്കുമിടയിലെ ഇടവേളകളിൽ ടൈം ഫില്ലിങ്ങിന് വേണ്ടിയുള്ള ഒരു വഴിപാട് ഏർപാടായി വാർത്തകൾ നിലനിന്നിരുന്ന കാലത്ത് ഇരുപത്തിനാലു മണിക്കൂറിന്റെ വാർത്താ ചാനൽ എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. അത്തരമൊരു പരീക്ഷണത്തെ വിജയിപ്പിച്ചു എന്ന് മാത്രമല്ല, നിരവധി മുഴുസമയ വാർത്താ ചാനലുകൾക്ക് ധൈര്യമായി കടന്നു വരുവാൻ കേരളത്തിന്റെ വാർത്താ മനസ്സിനെ പാകപ്പെടുത്തി എന്നത് കൂടിയാണ് അവർ നിർവഹിച്ച ചരിത്ര ദൌത്യം.
പുതിയ ഷർട്ടും ടൈയുമിട്ട് ആദ്യമായി സ്കൂളിൽ പോകുന്ന ഒരു എൽ കെ ജി കുട്ടിയുടെ രൂപ ഭാവങ്ങളോടെ രണ്ടായിരത്തി മൂന്ന് ജൂലൈ പതിനാലിന് നികേഷ് ആദ്യ വാർത്ത വായിക്കുമ്പോൾ ഇന്ത്യാവിഷൻ സ്റ്റുഡിയോ മാറുന്ന ഒരു ദൃശ്യ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂർ വാർത്ത പറയാൻ കേരളത്തിൽ എന്തുണ്ട് എന്നതായിരുന്നു അന്നത്തെ ചോദ്യം. വെറും ഇരുപത്തി നാല് മണിക്കൂറിൽ ഈ വാർത്തകളൊക്കെ ഉൾകൊള്ളിക്കുന്നതെങ്ങിനെ എന്നാണ് ഇന്നത്തെ ചോദ്യം. ഈ രണ്ടു ചോദ്യങ്ങൾക്കിടക്കുള്ള ദൂരം നികേഷിന്റെ എൽ കെ ജി ചിരിയിൽ നിന്ന് ഇന്നത്തെ വാർത്താ ചടുലതയിലേക്കുള്ള ദൂരമാണ്.
മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ ദൃശ്യ മാധ്യമ പ്രവർത്തകർ ഇന്ത്യാവിഷന്റെ കളരിയിൽ നിന്നാണ് പ്രാഗത്ഭ്യം നേടിയത്. നികേഷ് കുമാർ, പ്രമോദ് രാമൻ, ഗോപീകൃഷ്ണൻ, അനുപമ, എൻ പി ചന്ദ്രശേഖർ, ഷാനി പ്രഭാകർ, ഭഗത് ചന്ദ്രശേഖരൻ, പി ടി നാസർ, നിഷ പുരുഷോത്തമൻ, എം ഡി അജയ ഘോഷ് തുടങ്ങി ആ നിര വളരെ നീണ്ടതാണ്. അവരൊക്കെയും പുതിയ ലാവണങ്ങൾ തേടി ഇന്ത്യാവിഷൻ വിട്ടു പോയി. എന്നിട്ടും ഉള്ളവരെ മിനുക്കിയെടുത്ത്, പുതിയവരെ പരിശീലിപ്പിച്ച്, ഇന്ത്യാവിഷൻ തല താഴ്ത്താതെ നിവർന്ന് നില്ക്കുന്നു. നികേഷ് പോയാൽ ഇന്ത്യാവിഷൻ പൂട്ടുമോ? എന്ന ടൈറ്റിലിൽ മൂന്ന് വർഷങ്ങൾക്കു മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്നു. ചാനൽ പച്ച പിടിച്ച് തുടങ്ങുമ്പോൾ അതിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയ അമരക്കാരന്റെ തിരോധാനം ഉയർത്തുന്ന ആശങ്കകളായിരുന്നു അതിൽ പങ്ക് വെച്ചത്. നിരവധി കോണുകളിൽ നിന്നുയർന്ന അത്തരം ആശങ്കകളെ എം പി ബഷീറിന്റെ നേതൃത്വത്തിലുള്ള ടീം സമർത്ഥമായി മറികടന്നിരിക്കുന്നു എന്ന് വേണം പറയാൻ.
ഇന്ത്യാവിഷൻ പിന്നിട്ട പത്തു വർഷങ്ങൾ ഡോ. മുനീറിന്റെ മാനസിക സംഘർഷങ്ങളുടെ പത്ത് വർഷങ്ങൾ കൂടിയാണ്. ലീഗുകാരിൽ നിന്ന് പിരിപ്പിച്ചെടുത്ത കാശ് കൊണ്ട് ലീഗ്കാർക്കിട്ട് തന്നെ പണി കൊടുക്കുന്ന ഒരവസ്ഥയിൽ ആ സംഘർഷങ്ങളുടെ ഡോസും വ്യാപ്തിയും ഊഹിക്കാവുന്നതേയുള്ളൂ. എന്നാലും ഒരു പതിറ്റാണ്ടായി മുനീർ പിടിച്ചു നിൽക്കുന്നു. ഇന്ത്യാവിഷൻ ഇന്ന് കാണുന്നത് പോലെ നിലനിൽക്കുന്നതിൽ മുനീറിന്റെ ആ പിടിച്ചു നില്ക്കലിനു വലിയ പങ്കുണ്ട്. അല്ലായിരുന്നുവെങ്കിൽ എന്നേ ഇതൊരു ലീഗ് ചാനലായി മാറുമായിരുന്നു. പ്രശ്നങ്ങളിൽ സ്വന്തമായി നയ നിലപാടുകളില്ലാത്ത ഒരു നിർഗുണ പരബ്രഹ്മമായി ചാനൽ മുതലാളി മാറണം എന്ന അഭിപ്രായക്കാരനല്ല ഈയുള്ളവനെങ്കിലും എഡിറ്റോറിയൽ ടീമിന് മുനീർ നല്കിയ പൂർണ സ്വാതന്ത്ര്യമാണ് ഇന്ത്യാവിഷന്റെ നിലനില്പിന്റെ അടിത്തറയായത് എന്ന് പറയാതെ വയ്യ.
ഇന്ന് മറ്റേതൊരു മലയാള ചാനലിനോടും കിടപിടിക്കാവുന്ന ഒരു പ്രൊഫഷനൽ ടീം ഇന്ത്യാവിഷനുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല രണ്ട് വാർത്താ അവതാരകർ. വീണയും സനീഷും. ന്യൂസ് നൈറ്റ് അവരുടെ കൈകളിൽ ഭദ്രമാണ്. ഈ വർഷത്തെ ഏറ്റവും നല്ല വാർത്താ അവതാരകനുള്ള അവാർഡും സനീഷിനാണ്. എ സഹദേവൻ, അഭിലാഷ് മോഹൻ, മനീഷ് നാരായണൻ തുടങ്ങി കൈകാര്യം ചെയ്യുന്ന പരിപാടികളെ തീർത്തും വ്യത്യസ്തവും മികവുറ്റതുമാക്കാൻ കഴിവുള്ള ഒരു ടീമും അവർക്കുണ്ട്. സ്റ്റുഡിയോക്ക് പുറത്ത് ശക്തമായ ഒരു റിപ്പോർട്ടിംഗ് നിരയും. 24 ഫ്രെയിംസ്, പൊളിട്രിക്സ്, ഗ്രേറ്റ് ഇന്ത്യൻ സർക്കസ്, ബോക്സ് ഓഫീസ്, വാരാന്ത്യം തുടങ്ങി എണ്ണം പറഞ്ഞ ചില 'പേറ്റന്റു'കളും അവരുടേതായിട്ടുണ്ട്.
പിന്നിട്ട വഴികളിൽ വാർത്തകളുടെ ലോകത്ത് അതിരുകളും അരുതുകളും പാലിക്കാതെ ഇന്ത്യാവിഷൻ പലതും ചെയ്തിട്ടുണ്ട്. അവയുടെ നൈതികത മറ്റൊരു വേളയിൽ ചർച്ച ചെയ്യാവുന്നതാണ്. പക്ഷേ അവയ്ക്കിടയിലും വാർത്തകളുടെ കൗതുകത്തെ ഒരു കുറ്റാന്വേഷണ നോവലിന്റെ എപ്പിസോഡുകൾ പോലെ സംഭ്രമ ജനകമായി നിലനിർത്തുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്. നിരന്തരം വേട്ടയാടിയ പ്രതിസന്ധികളാണ്, അവയെ അതിജയിക്കാനുള്ള പോരാട്ടങ്ങളാണ്, ഈ ചാനലിന്റെ പരിമിത വിജയത്തിന് കാരണമായത്. ആ വിജയം തുടർന്നുണ്ടാകണമെങ്കിൽ പത്ത് വയസ്സിന്റെ മൂപ്പിനെയല്ല, പത്തിന്റെ ചെറുപ്പത്തെക്കുറിച്ചാണ് അതിന്റെ അണിയറ പ്രവർത്തകർ ബോധവാൻമാരാകേണ്ടത്.
Related Posts
ഫൗസിയ മുസ്തഫ, കെയര് ഓഫ് ഇന്ത്യാവിഷം
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
ഇന്ത്യാവിഷന് ചിരിക്കുന്നു, ഡോ: മുനീര് കരയുന്നു.
ഇന്ത്യാവിഷന് ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു
ഇന്ത്യാവിഷന്: ഇപ്പോള് ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി