ആധുനിക വാർത്താവിനിമയ വിപ്ലവത്തിന്റെ ബൈ പ്രൊഡക്റ്റുകളിലൊന്നായ ചാനലുകൾ ദൃശ്യ ശ്രാവ്യ സാങ്കേതികതയും വിവരവിനിമയ വേഗതയും ഒന്നിച്ചു ചേർന്നുണ്ടായതാണ്. വാർത്തകളുടെ വിനിമയ സാധ്യതകളെയെയും അതിന്റെ വ്യാപാര സാധ്യതകളെയും ഒരുപോലെ ഉത്തേജിപ്പിച്ച് നിത്യജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറിയ മാധ്യമം. അതുകൊണ്ട് തന്നെ അതെത്രമാത്രം ആഴത്തിൽ ഒരു തലമുറയുടെ വികാര വിചാരങ്ങളെ സ്വാധീനിക്കുന്നു (ഗുണപരമായോ അല്ലാതെയോ) എന്നതിൽ അത്ഭുതത്തിന് അവകാശമില്ല. മലയാളികളുടെ ദൃശ്യസംസ്കാരത്തിലേക്ക് ആദ്യമായി കടന്നു വന്ന സ്വകാര്യ ചാനൽ ഏഷ്യാനെറ്റാണ്. സർക്കാർ ചാനലുകളുടെ ദൃശ്യസങ്കല്പങ്ങളെയും കാഴ്ചപ്പാടുകളെയും അടിമുടി തകർത്തു കൊണ്ടാണ് ഏഷ്യാനെറ്റ് മലയാളികളുടെ സ്വീകരണ മുറികളിലേക്ക് പതിയെ കടന്നുവന്നത്. ആ കടന്നുവരവ് രാജകീയമായ ഒരു സ്ഥിരതാമസത്തിന്റെ അടയാളങ്ങൾ കാണിച്ചു തുടങ്ങിയതോടെ വ്യവസായ വിപ്ലവമെന്നും ഹരിത വിപ്ലവമെന്നും പറയുന്ന പോലെ ഒരു ദൃശ്യവിപ്ലവത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുകയായിരുന്നു. സ്വകാര്യ ചാനലുകളുടെ ഒരു പ്രളയം തന്നെ തുടർന്നുണ്ടായി. വെളിപ്പറമ്പിൽ ശീമക്കൊന്ന തഴച്ചു വളരുന്ന പോലെ അവയിലോരോന്നും വളർന്നു തുടങ്ങി.
'അടിച്ചു പൊളി' എന്ന പദത്തിന്റെ ഓൾഡ് ജനറേഷൻ അർത്ഥം എല്ലാം തകർത്തു നശിപ്പിക്കുക എന്നതാണ്. എന്നാൽ ആ പദത്തിന്റെ ന്യൂ ജനറേഷൻ അർത്ഥം അതിമനോഹരം, അതിഗംഭീരം എന്നൊക്കെയാണ്. ഈ രണ്ട് അർത്ഥ തലങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട് പറഞ്ഞാൽ കേരളം കടന്നു പോകുന്നത് ഒരു 'അടിച്ചു പൊളി' കാലഘട്ടത്തിലൂടെയാണ്. പഴയ തലമുറയുടെ ശീലങ്ങളും കുടുംബാന്തരീക്ഷവും പതിയെ തകർന്നു കൊണ്ടിരിക്കുന്നു. ആ തകർച്ചയെ അഥവാ 'അടിച്ചുപൊളി'യെ വേദനയോടെ തിരിച്ചറിഞ്ഞ് ചിലരെങ്കിലും ദീർഘനിശ്വാസമുതിർക്കുമ്പോൾ പുതിയ തലമുറ ആ തകർച്ചയെ ഒരാഘോഷമാക്കി അഥവാ 'അടിച്ചുപൊളി'യാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഒരേ പദത്തിന് രണ്ടർത്ഥം കൈവന്നിരിക്കുന്നത് പോലെ ഒരേ സാമൂഹികാവസ്ഥയെ രണ്ട് തലമുറകൾ രണ്ട് വ്യത്യസ്ത തലങ്ങളിലാണ് വായിക്കുന്നത്.
ഓരോ വീട്ടിലേയും മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും ഗൃഹനായികമാരാണ്. ആ നായികമാരെ തങ്ങളുടെ സ്ക്രീനിലേക്ക് ഫെവിക്കോൾ കൊണ്ടെന്ന പോലെ ഒട്ടിച്ചു നിർത്തുന്നതിലാണ് ചാനലുകൾ വിജയിച്ചിട്ടുള്ളത്. സീരിയലുകളും റിയാലിറ്റി ഷോകളുമായി അവരെ ബിസിയാക്കി നിർത്തുന്നിടത്ത് ഒരു കുടുംബത്തിന്റെ അഭ്യന്തര ഭരണം ട്രാക്ക് മാറി ഓടുന്നുണ്ട് എന്നത് വലിയ സൂക്ഷ്മനിരീക്ഷണം നടത്താതെ തന്നെ തിരിച്ചറിയാൻ പറ്റുന്ന ഒന്നാണ്. ഭാര്യയും ഭർത്താവും മാതാപിതാക്കളും മക്കളും തമ്മിൽ നിരന്തരമായി നടക്കേണ്ട ആശയ വിനിമയങ്ങൾക്കും സ്നേഹ സ്പർശങ്ങൾക്കും സമയം കണ്ടെത്താൻ പ്രയാസപ്പെടും വിധം ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് ടി വി റിമോട്ടിനോടൊപ്പം ഓടുകയാണ് നമ്മൾ. ഭാര്യക്കും മക്കൾക്കും ഫോണ് വിളിക്കുമ്പോൾ അതെത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് അവർ കാണിക്കുന്ന ധൃതിയെക്കുറിച്ച് ഒരു ഗൾഫ് സുഹൃത്ത് ആകുലപ്പെട്ടത് ഓർക്കുന്നു. കടലിനക്കരെ തങ്ങൾക്കു വേണ്ടി വിയർപ്പൊഴുക്കുന്ന ഒരു പാവം മനുഷ്യ ജന്മത്തിന്റെ ആകെയുള്ള ആശ്വാസം ഈ ടെലിഫോണ് ഭാഷണങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാത്തത് കൊണ്ടല്ല, മറിച്ച് ഏതാനും മിനുട്ടുകൾ നീണ്ടുനിൽക്കുന്ന ആ സംഭാഷണങ്ങൾ പോലും ടി വി പരിപാടികളിലെ കൊമ്മേർഷ്യൽ ബ്രേക്കുകൾക്കിടയിൽ ഒതുക്കിത്തീർക്കുവാനുള്ള വ്യഗ്രത കൊണ്ടാണ്.
നമ്മുടെ ജീവിത ചുറ്റുപാടുകളുടെ ഒരു സ്വഭാവം വെച്ച് മുതിർന്ന പുരുഷന്മാരെ വീട്ടിനുള്ളിൽ ചടഞ്ഞു കൂടാൻ ലഭിക്കുക ഇത്തിരി പ്രയാസമാണ്. അതുകൊണ്ട് തന്നെ ചാനലുകളുടെ മുഖ്യ ഇര സ്ത്രീകളും കുട്ടികളുമാണ്. സീരിയലുകളുടെയും കണ്ണീർ കഥകളുടെയും പിന്നിലെ സിമ്പിൾ മനശ്ശാസ്ത്രം അതാണ്. കണ്ണീരിനോടുള്ള സ്ത്രീകളുടെ വീക്നെസിൽ പിടിച്ച് നായികയെ പരമാവധി കരയിപ്പിക്കുന്നതിനു വേണ്ട സിറ്റുവേഷൻ സൃഷ്ടിച്ചെടുത്താൽ ടാം റേറ്റിംഗിനെ പേടിക്കേണ്ടതില്ല. കരച്ചിലിന്റെ 'ഗ്രാവിറ്റി' അനുസരിച്ച് ടാം റേറ്റിംഗിന്റെ ഗ്രാഫ് മുകളിലേക്ക് പോകും.
കരച്ചിൽ പോലെ തന്നെ സ്ത്രീകളുടെ മറ്റൊരു വീക്നെസ് സാരിയും ഡിസൈനർ വസ്ത്രങ്ങളുമാണ്. കണ്ണ് മഞ്ഞളിക്കുന്ന വസ്ത്രങ്ങളുടുത്തു ഫാഷൻ പരേഡിലെന്ന പോലെ സ്ത്രീകൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ തന്നെ ഒരുമാതിരി സ്ത്രീകളൊന്നും ചാനൽ മാറ്റില്ല. കഥയിലോ സിറ്റുവേഷനിലോ ശ്രദ്ധയില്ലെങ്കിലും ആ സാരിയുടെ പളപളപ്പിൽ അരമണിക്കൂർ പോകുന്നതറിയില്ല. ഇതൊക്കെ കൃത്യമായി കണക്കുകൂട്ടി ത്തന്നെയാണ് ഇത്തരം സീരിയലുകൾ അണിയിച്ചൊരുക്കുന്നത്. കഥയേക്കാളും കഥാപാത്രങ്ങളുടെ അഭിനയത്തേക്കാളും അവർ ധരിക്കുന്ന വസ്ത്രങ്ങളാണ് സ്ത്രീകളെ ചാക്കിടുവാൻ ഏറ്റവും നല്ലത് എന്ന് ഏക്താ കപൂറിന്റെ സീരിയലുകളാണ് ഇന്ത്യൻ മാധ്യമ രംഗത്തെ പഠിപ്പിച്ചത് എന്ന് തോന്നുന്നു. ബോളിവുഡ് ഫാമിലിയിൽ നിന്നും ചാനൽ മേഖലക്ക് ലഭിച്ച 'വലിയ സംഭാവന'യായിരുന്നു ഏക്താ കപൂർ. അവരുടെ സീരിയളുടെ വിജയത്തിന്റെ ഫോർമുല തന്നെയാണ് മലയാള ചാനലുകളും ഇപ്പോൾ പകർത്തിക്കൊണ്ടിരിക്കുന്നത്
ഈ കണ്ണീർ / സാരി വിപണന തന്ത്രം എല്ലാ ചാനലുകളും പരീക്ഷിക്കുമ്പോൾ ഏത് കാണണമെന്ന കണ്ഫ്യൂഷൻ സ്വാഭാവികം. ബ്രേക്കിംഗ് ടൈമിൽ ചാനൽ മാറി മാറി കണ്ടുകൊണ്ടിരിക്കാം. മുടിഞ്ഞ ബിസിയാകുമെന്നർത്ഥം. ഇതിനിടയിൽ കരയുന്ന കുഞ്ഞോ, സ്കൂളിൽ നിന്നെത്തിയ മകനോ പ്രിയോറിറ്റി ലിസ്റ്റിൽ നിന്ന് പുറംതള്ളപ്പെടുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവിന്റെ കാര്യം പിന്നെ പറയാനുണ്ടോ?
ചാനലുകളുടെ അമിതമായ സ്വാധീനം കേരളീയ സാമൂഹ്യാന്തരീക്ഷത്തിൽ അയല്പക്ക ബന്ധങ്ങളിലും ചെറിയ തോതിലുള്ള അകൽച്ചകൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് വേണം പറയാൻ. അയൽവീടുകളിലെ സ്ത്രീകൾ ഒന്നിച്ചൊരിടത്ത് ഒത്തുചേർന്ന് സൊറ പറഞ്ഞിരുന്നത് പഴയ ഗ്രാമപ്രദേശങ്ങളിലെ ഒരു പതിവ് കാഴ്ചയായിരുന്നു. മിക്കപ്പോഴും ഉച്ചയൂണിനു ശേഷമായിരിക്കും ഇതുപോലൊരു ഒത്തുചേരൽ നടക്കുക. തലയിൽ പേൻ നോക്കിയും കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും ദു:ഖങ്ങളും സന്തോഷങ്ങളും പരസ്പരം പങ്ക് വെച്ചും ഒരു കുടുംബമെന്ന തോന്നൽ സൃഷ്ടിച്ചിരുന്ന ഒത്തുചേരലുകൾ.. ഇന്നിപ്പോൾ അത്തരം കാഴ്ചകൾ പോയ്മറഞ്ഞിരിക്കുന്നു. മിക്ക വീടുകളിലെയും സ്ത്രീകൾ ടി വി സെറ്റുകൾക്ക് മുമ്പിൽ ചടഞ്ഞിരിക്കുകയാണ്.
ഒഴിവു വേളകളിൽ പുറത്തിറങ്ങിയും കൂട്ടുകാരൊത്ത് പലവിധ കളികളിലേർപ്പെട്ടും കഴിഞ്ഞിരുന്ന കുട്ടിക്കാലം ഓർക്കുന്നവരാണ് നമ്മിൽ ഏറെയും. ആ കാലത്തിന്റെ മധുരിക്കുന്ന ഓർമകളെ നെഞ്ചേറ്റുന്നവർ. എന്നാൽ ടി വി യ്ക്കും ഇന്റർനെറ്റിനും അഡിക്റ്റുകളായ നമ്മുടെ കുട്ടികകൾക്ക് അത്തരം സൗഹൃദങ്ങളും കളികളും ഇന്ന് അന്യമാണ്. ടി വി ക്കും കമ്പ്യൂട്ടർ സ്ക്രീനുകൾക്കും മുന്നിലെ അരണ്ട വെളിച്ചത്തിൽ പകലും രാത്രിയും കഴിച്ചു കൂട്ടുന്ന അവധിക്കാലങ്ങളാണ് അവർക്ക് മുന്നിലുള്ളത്. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നുള്ള മായികമായ വിർച്വൽ സൗഹൃദങ്ങളിൽ അഭിരമിക്കുമ്പോഴും തൊട്ടപ്പുറത്തെ വീട്ടിലെ സമപ്രായക്കാരന്റെ മനസ്സറിയാത്ത ബാല്യങ്ങൾ.. അയൽപക്ക ബന്ധങ്ങളിൽ, സാമൂഹ്യ സൗഹൃദങ്ങളിൽ വലിയ മതിലുകൾ രൂപപ്പെടുന്നത് നാം തിരിച്ചറിയാതെ പോകുന്നു.
പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചാനലുകളുടെ മത്സരം മുറുകി ഇപ്പോൾ കാര്യങ്ങൾ 'മലയാളി ഹൗസി'ൽ എത്തിനില്ക്കുകയാണ്. സൂര്യ ടി വി യുടെ പുതിയ പരീക്ഷണമാണിത്. പടിഞ്ഞാറൻ നാടുകളിൽ റേറ്റിംഗ് ചാർട്ടുകൾ തകർത്തോടിയ 'ബിഗ് ബ്രദർ' റിയാലിറ്റി ഷോകളുടെ ഒരു മലയാളി പതിപ്പ്. ഏതാനും സെലിബ്രിറ്റികളെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിനുള്ളിൽ അടച്ചിടുന്നു. പിന്നെ അവർ കാട്ടിക്കൂത്തുന്ന പേക്കൂത്തുകൾ നൂറ്റൊന്നു ക്യാമറ വെച്ച് ഒപ്പിയെടുത്ത് ലൈവായി പ്രേക്ഷകർ വിളമ്പുന്നു. ബിഗ് ബ്രദർ ഷോകളുടെ ഒരു ഫോർമാറ്റ് ഇതാണ്. സൂര്യ ടി വിയും ഇത് തന്നെയാണ് ചെയ്യുന്നത്. ജി എസ് പ്രദീപ്, സന്തോഷ് പണ്ഡിറ്റ്, രാഹുൽ ഈശ്വർ, സിന്ധു ജോയി, ചിത്ര അയ്യർ, പിന്നെ ഉടുത്തും ഉടുക്കാതെയും ശരീര പ്രദർശനം നടത്താൻ പാകത്തിലുള്ള ഏതാനും തരുണീ മണികളും. അവരുടെ ഊണും ഉടുപ്പും കിടപ്പും പാട്ടും കൂത്തും അനുബന്ധ മസാലകളും നേരെ നമ്മുടെ സ്വീകരണ മുറിയിലേക്ക്. ആവി പറക്കുന്ന തന്തൂരി റൊട്ടി പോലെ ഓവനിൽ നിന്ന് നേരിട്ട് തീന്മേശയിലേക്ക്. നമ്മുടെ കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എല്ലാം പ്രൈം ടൈമിൽ എത്തുന്ന ഈ ആഭാസത്തിന്റെ കാഴ്ചക്കാർ.. ഒരു സംസ്കാരം എങ്ങിനെയാണ് പടി കടന്നു പോകുന്നത് എന്നും നമുക്കന്യമായിരുന്ന മറ്റൊരു സംസ്കാരം എങ്ങിനെയാണ് പടികടന്നു വരുന്നത് എന്നും അറിയുവാൻ വലിയ ഗവേഷണങ്ങളുടെയൊന്നും ആവശ്യമില്ല.
കുടുംബചാനലുകൾ എന്ന ഗണത്തിൽ പെടുത്തി സംപ്രേഷണ അനുമതി നേടിയെടുത്തിട്ടുള്ള ഇത്തരം ചാനലുകളിൽ എന്ത് വരണം എന്ത് വരരുത് എന്ന് നിശ്ചയിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരവസ്ഥയുണ്ട്. സിനിമകളിൽ പേരിന് ഒരു സെൻസർ ബോർഡെങ്കിലുമുണ്ട്. ടി വി കളിലാവട്ടെ എന്ത് അസംബന്ധങ്ങൾ കുത്തി നിറച്ച പരിപാടികളാണെങ്കിലും യാതൊരു സ്ക്രീനിങ്ങും കൂടാതെ നേരിട്ട് നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്. മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന വീട്ടിലെ അംഗംങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന ടി വി പരിപാടികൾക്ക് വേണ്ട മിനിമം ചട്ടക്കൂട് പോലും അതിലംഘിക്കുന്ന ഇത്തരം ഷോകളെ 'നിങ്ങളുടെ കയ്യിൽ റിമോട്ടില്ലേ' എന്ന ഒറ്റ ചോദ്യത്തിലൂടെ മാത്രം സർക്കാരുകൾക്ക് നേരിടാൻ കഴിയുമോ?. ഇത്തരം ഷോകൾ ഒരുമിച്ചിരുന്നു കാണുക വഴി മാതാപിതാക്കളും കുട്ടികളും തമ്മിലും സഹോദരീ സഹോദരന്മാർ തമ്മിലും ഉണ്ടാകുന്ന മാനസിക വ്യതിയാനങ്ങളെ അതർഹിക്കുന്ന ഗൗരവത്തിൽ പഠന വിധേയമാക്കേണ്ടതല്ലേ?
ചാനലുകൾ കാണിക്കുന്ന ഇൻഫോടെയിൻമെന്റ് വിഭാഗത്തിൽ പെട്ട പരിപാടികളെ കണ്ടില്ലെന്നു നടിക്കുന്നില്ല. നിങ്ങൾക്കുമാകാം കോടീശ്വരൻ പോലുള്ള ഷോകൾ വിനോദത്തോടൊപ്പം ഇത്തിരി വിജ്ഞാന കൗതുകവും കുട്ടികളിൽ ജനിപ്പിക്കാൻ കാരണമാകുന്നു. പക്ഷേ അത്തരം പരിപാടികളുടെ ഗുണപരമായ സ്വാധീനത്തെപ്പോലും ആഭാസ പ്രദർശനങ്ങളും അസംബന്ധ റിയാലിറ്റി ഷോകളും നശിപ്പിച്ചു കളയുന്നു എന്നതാണ് അവസ്ഥ. കുട്ടികൾക്ക് വേണ്ടിയുള്ള ഡാൻസ് പരിപാടികൾ പോലും സിനിമയിലെ അരോചകമായ നൃത്തച്ചുവടുകളുടെയും ഫാഷൻ വസ്ത്രങ്ങളുടെയും ചെറുപതിപ്പായി അവതരിപ്പിക്കുന്നിടത്ത് കലയാണോ അതോ അനുകരണ ഭ്രാന്താണോ വളരുന്നത്?
ചാനലുകളെ വീടിന് പുറത്താക്കാൻ നമുക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. നമ്മുടെ ചുറ്റുപാടുകളെ അറിയാനും അറിയിക്കാനും ഇത്തരം മാധ്യമങ്ങൾ അനിവാര്യമാണ്. പക്ഷേ എന്ത് കാണണമെന്നതിലും എത്ര നേരം കാണണമെന്നതിലും നമുക്ക് ചില തിരിച്ചറിയലുകൾ ആവശ്യമുണ്ട്. നമ്മുടെ സാമൂഹ്യ ബോധങ്ങളെയും ബോധ്യങ്ങളെയും കടന്നാക്രമിക്കുന്ന ചാനൽ കാഴ്ചകളിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കുവാനുള്ള വകതിരിവ്. അതില്ലായെങ്കിൽ ചാനലുകൾ നമ്മുടെ സംസ്കാരത്തെ മാത്രമല്ല, നമ്മളെത്തന്നെ കൊത്തിക്കൊണ്ടു പോകും.(ശബാബ് വാരികകക്ക് വേണ്ടി എഴുതിയത് - "ചാനലുകൾ കേരളത്തെ കൊത്തിക്കൊണ്ടു പോകുന്നു". ലക്കം 44, ജൂണ് 7, 2013)
Related Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്ത്താവ്)