മോഡിയും സ്വാമിയും പിന്നെ അഖിലയും: പ്രളയകാലത്തെ ഹെലിക്കോപ്റ്റർ താരങ്ങൾ

നാളിതു വരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തിലൂടെയാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കടന്നു പോകുന്നത്. ആയിരങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയിരിക്കുന്നു. ലക്ഷക്കണക്കിന്‌ ജനങ്ങൾ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രമുഖ തീർത്ഥാടന കേന്ദ്രമായ ബദരീനാഥിലാണ് ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തം നടന്നിട്ടുള്ളത്. ഇന്ത്യൻ കരസേനയും വ്യോമസേനയും യുദ്ധ കാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഓരോ ജീവനും വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ കടുത്ത കാലാവസ്ഥയോട് മല്ലിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.  ഇന്ത്യൻ ജനതയുടെ മുഴുവൻ പിന്തുണയും പ്രാർത്ഥനകളും ജീവൻ രക്ഷാ പ്രവർത്തനം നടത്തുന്ന സൈനികർക്കും സന്നദ്ധ സാമൂഹ്യ സംഘങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നു.

രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഹെലിക്കോപ്റ്ററുകളുമായി ബന്ധപ്പെട്ട് വാർത്തകളിൽ സ്ഥാനം പിടിച്ച മൂന്ന് സംഭവങ്ങളെ ചെറിയ രൂപത്തിൽ വിശകലനം ചെയ്യുകയാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. നരേന്ദ്ര മോഡി, ശിവഗിരി മഠം സ്വാമിമാർ, പിന്നെ ഏഷ്യാനെറ്റിന്റെ ലേഖിക അഖില പ്രേമചന്ദ്രൻ. ഇവർ മൂന്നു പേരാണ് ഹെലിക്കോപ്റ്റർ എപ്പിസോഡുകളിലെ താരങ്ങളായത്. ആദ്യം മോഡിയുടെ കാര്യം നോക്കാം. ഒരു പ്രകൃതി ദുരന്തമുണ്ടായാൽ ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണം. ഗുജറാത്തിൽ നിന്ന് പോയ നിരവധി പേർ ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാർത്തയറിഞ്ഞപ്പോൾ ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ മോഡി ഉണർന്നു പ്രവർത്തിച്ചുവെങ്കിൽ അതിനെ സ്വാഗതം ചെയ്യേണ്ടതാണ്. പക്ഷേ ആളുകളെ രക്ഷിക്കുന്നതിലപ്പുറം പ്രകൃതി ദുരന്തത്തെ ഒരു പബ്ലിക് റിലേഷൻ ഡ്രാമയാക്കി മാറ്റുകയായിരുന്നു അദ്ദേഹം. പണം കൊടുത്ത് കൂടെ കൂട്ടിയ വാർത്താ സംഘത്തിന്റെ ഊതി വീർപ്പിച്ച ഇമേജ് ബിൽഡിങ്ങ് സ്റ്റോറികൾ പക്ഷേ, വിപരീത ഫലമാണുണ്ടാക്കിയത്.

പതിനയ്യായിരം പേരെ ഒറ്റയടിക്ക് രക്ഷിച്ചു കൊണ്ടു വന്നു എന്നാണ് മോഡി പാളയം വാദിച്ചത്. ലവനാര്, ഹോളിവുഡ് കഥാപാത്രം റാംബോയോ എന്ന് കോണ്ഗ്രസ് വക്താവിന് ചോദിക്കേണ്ടി വന്നത് അതുകൊണ്ടാണ്. എല്ലാ അത്യന്താധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഏഴു ദിവസം ഇന്ത്യൻ സേന ജീവൻ പണയം വെച്ച് ശ്രമിച്ചിട്ട് അത്രയും പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അതിനിടക്കാണ് ഹെലിക്കോപ്റ്ററും ഏതാനും ഇന്നോവ കാറുകളുമായി പോയ മോഡി രണ്ടു ദിവസത്തിനുള്ളിൽ പതിനയ്യായിരം പേരെ രക്ഷിച്ചുവെന്ന് നോട്ടീസടിച്ചത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഈ വീരവാദം തിരിച്ചടിക്കുന്നുവെന്നു മനസ്സിലായപ്പോഴാണ്‌ എണ്ണത്തിൽ അല്പം കുറവ് വരുത്തുവാൻ റാംബോ തയ്യാറായത്.

 അലസമായി വായിച്ചു തള്ളുന്ന വാർത്തകൾക്കപ്പുറം
പ്രളയത്തിന് ഞെട്ടിപ്പിക്കുന്ന ചില മുഖങ്ങളുണ്ട്. 
കണ്ണിൽ നിന്ന് മാഞ്ഞു പോകാത്ത ചില ദൃശ്യങ്ങളും..
പക്ഷേ അവയെപ്പോലും രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി
ഉപയോഗപ്പെടുത്തുന്നത് എന്തുമാത്രം പരിതാപകരമാണ്.

ശിവസേന മുഖപത്രമായ സാംന പോലും മോഡിയുടെ ഈ രാഷ്ട്രീയ നാടകത്തെ പരിഹസിക്കുകയുണ്ടായി. ഇത്തരം വേളകളിൽ സംസ്ഥാന രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം രാജ്യത്തെ മുഴുവൻ പൌരന്മാരുടേയും താത്പര്യങ്ങളാണ് നേതാക്കൾ സംരക്ഷിക്കാൻ ശ്രമിക്കേണ്ടത്. ഗുജറാത്തികളെ മാത്രമല്ല ദുരന്തത്തിൽ പെട്ട എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ രക്ഷിച്ചെടുക്കാൻ സന്നദ്ധ പ്രവർത്തകർ ഇന്ത്യൻ സേനയെ സഹായിച്ചിട്ടുണ്ടെന്നും സാംന തുറന്നെഴുതി. ഈ പി ആർ ശ്രമം ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടലിൽ മോഡിക്കുള്ള പങ്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള സി ബി ഐ രേഖകൾ പുറത്ത് വന്നത് എന്നത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. തന്നെ വധിക്കുവാനെത്തിയ അന്താരാഷ്‌ട്ര ബന്ധമുള്ള ഭീകരർ എന്ന മുദ്ര ചാർത്തിയാണ് മറ്റൊരു പി ആർ ഗൂഡാലോചനയുടെ ഭാഗമായ ഈ വ്യാജ ഏറ്റുമുട്ടൽ നടന്നത്.

തങ്ങളെ രക്ഷിക്കുവാൻ ഹെലിക്കോപ്റ്റർ എത്തുവാൻ അല്പം നേരം വൈകിയതിൽ വൻ പരാതിയുമായി ഇറങ്ങിത്തിരിച്ച ശിവഗിരി മഠം സന്യാസിമാരാണ് പ്രളയകഥയിലെ രസകരമായ മറ്റൊരു എപ്പിസോഡിലെ കഥാപാത്രങ്ങളായി മാറിയത്. എല്ലാ ലൗകിക സുഖങ്ങളും വെടിഞ്ഞ് ജീവിതം ദൈവത്തിലർപ്പിച്ച സന്യാസിമാർക്കായിരുന്നു തീർത്ഥാടനത്തിന് പോയ പതിനായിരക്കണക്കിന് സാധാരണ ഭക്ത ജനങ്ങളേക്കാൾ രക്ഷപ്പെടുവാൻ വെമ്പലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയ ശേഷം ഞങ്ങളുടെ കാര്യം നോക്കിയാൽ  മതി എന്ന് പറയേണ്ടിയിരുന്ന സ്വാമിമാർ മറ്റാരേയും തിരിഞ്ഞു നോക്കാതെ വി ഐ പി ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടാനുള്ള വെപ്രാളത്തിലായിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി,  നരേന്ദ്ര മോഡി, കെ സി വേണുഗോപാൽ, കെ സി ജോസഫ്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല തുടങ്ങി നിരവധി പേരെ ബന്ധപ്പെട്ട് ഞങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കൂ എന്നാണ് സ്വാമിമാർ പറഞ്ഞത്. മറ്റൊരു കാര്യം ഇവരുമായൊക്കെ ബന്ധപ്പെടാൻ പറ്റാവുന്ന രൂപത്തിൽ സൗകര്യപ്രദമായ സ്ഥലത്തായിരുന്നു അവരുണ്ടായിരുന്നത് എന്നതാണ്. എന്നാൽ പുറം ലോകവുമായി ഒട്ടും ബന്ധമില്ലാതെ ദുരന്ത സാഹചര്യങ്ങളിൽ കുടുങ്ങിക്കിടന്ന മറ്റു തീർത്ഥാടകരെക്കുറിച്ച് പറയുവാൻ ആളുണ്ടായില്ല. സാധാരണ വിശ്വാസികളെക്കാൾ ആത്മീയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നവർക്കാണ് ജീവിതത്തോട് കൂടുതൽ ആർത്തി കാണാറുള്ളത്‌. സ്വാമിമാരോ പുരോഹിതന്മാരോ മുസ്ലിയാക്കന്മാരോ എന്ന് ഇക്കാര്യത്തിൽ വ്യത്യാസമില്ല.

ഇത്തരം ദുരന്ത വാർത്തകൾക്കിടയിലും റേറ്റിംഗ് ചാർട്ടിൽ കണ്ണ് വെച്ച് സാഹസിക റിപ്പോർട്ടർമാരാകാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരാണ് ഹെലിക്കോപ്റ്റർ എപ്പിസോഡിലെ മറ്റൊരു കൂട്ടർ. ഏഷ്യാനെറ്റ് ലേഖിക അഖില പ്രേമചന്ദ്രനാണ് ഈ എപ്പിസോഡിൽ ഏറ്റവും തിളങ്ങിയത്. ഉത്തരാഖണ്ഡിൽ സൈനികർ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അവരുടെ ദൗത്യത്തെപ്പോലും തടസ്സപെടുത്തുന്ന രൂപത്തിൽ അഖില അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടുള്ള ഒരു പരാക്രമ റിപ്പോർട്ടിംഗ് നടത്തിയത്. ജാക്കിചാൻ സിനിമയിലെ ഒരു സ്റ്റണ്‍ഡ്‌ രംഗത്തെന്നപോലെയായിരുന്നു ഓട്ടവും ചാട്ടവും. മനുഷ്യർ സ്വന്തം ജീവൻ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിലാണ്. ലേഖിക താരപരിവേഷം നേടാനുള്ള പോരാട്ടത്തിലും. അവസാനം ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ കാറ്റിന്റെ ശക്തിയിൽ ദാ കിടക്കുന്നു ഏഷ്യാനെറ്റിന്റെ ജാക്കിചാൻ നിലത്ത്. ഈ തിരക്കിനിടയിൽ പാവം സൈനികർക്ക് അതിനെക്കൂടി ശ്രദ്ധിക്കേണ്ട ഗതികേടും.  


രക്ഷാപ്രവർത്തനത്തിനിടയിൽ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് സൈനികരടക്കം ഇരുപത് പേർ  മരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നിട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ എന്നോർക്കണം. അഖിലയുടെ പരാക്രമം സംപ്രേഷണം ചെയ്യുമ്പോഴും സ്ക്രോളിംഗ് ന്യൂസായി അതെഴുതിക്കാണിക്കുന്നുണ്ട്.  കടുത്ത കാലാവസ്ഥയോടും ദുരിത സാഹചര്യങ്ങളോടും മല്ലിട്ട് ജീവൻ പണയം വെച്ചുള്ള പോരാട്ടമാണ് ഇന്ത്യൻ സൈനികർ നടത്തിക്കൊണ്ടിരിക്കുന്നത്. അവർക്ക് തടസ്സമുണ്ടാക്കാതെ ദൂരെ നിന്നും അത് ചിത്രീകരിച്ച് പ്രേക്ഷകരിൽ എത്തിക്കേണ്ടതിന് പകരം കാട്ടികൂട്ടുന്ന കോപ്രായങ്ങൾ.. എല്ലാം സഹിക്കാമായിരുന്നു. പക്ഷേ വീണു കിടന്നിടത്ത് നിന്നുള്ള ഡയലോഗാണ് സഹിക്കാൻ പറ്റാതായത്. ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ ഇങ്ങനെ നിലത്ത് കിടന്നില്ലെങ്കിൽ പാറിപ്പോകുമെന്ന്!!.. ഹെലിക്കോപ്റ്റർ പൊങ്ങുമ്പോൾ എങ്ങിനെ കിടക്കണം എന്നതാണല്ലോ ഈ ദുരിതാശ്വാസ വാർത്തകൾക്കിടയിൽ ജനങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. സത്യം പറയാമല്ലോ, ടി വി തന്നെ തച്ചു പൊളിക്കാൻ തോന്നിപ്പോയി.

മ്യാവൂ : മുല്ലപ്പെരിയാർ വീണ്ടും നിറഞ്ഞു കവിയാൻ പോവുകയാണ്. നീല ടേപ്പുകളോ മറ്റു വാർത്തകളോ കിട്ടിയില്ലെങ്കിൽ ചാനൽ റിപ്പോർട്ടർമാർ അങ്ങോട്ട്‌ നീങ്ങേണ്ടതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
 'വർത്തമാന'ത്തിലും വായിക്കാം.

Recent Posts
'തങ്ങൾ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ..
മാതൃഭൂമിയുടെ ബ്ലൂഫിലിം വില്പന! പത്രത്തോടൊപ്പമുള്ള സംസ്കാരം 
മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യൽ അന്വേഷണം വേണം!!
സിന്ധു ജോയി സി പി എമ്മിലേക്ക്. ഹി.. ഹി..