റിമോട്ടും കസേരയുമെടുത്ത് സ്ഥലം വിട്ട പ്രേക്ഷകരെ തിരിച്ചു ഇങ്ങോട്ട് തന്നെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പാവം ഷാജഹാൻ ചന്ദ്രികയിൽ നിന്ന് ഹൈദരലി ശിഹാബ് തങ്ങളെ പുറത്താക്കിയത്. 'തങ്ങൾ ചന്ദ്രിക വിട്ടു' എന്ന ബ്രേക്കിംഗ് ന്യൂസ് അങ്ങനെയാണ് പിറക്കുന്നത്. കെ പി മുഹമ്മദ് ഷാഫി ചന്ദ്രിക ഓണ്‍ലൈനിൽ എഴുതിയ രസകരമായ ലേഖനത്തിൽ ഈ ബ്രേക്കിംഗ് ന്യൂസ് വന്ന വഴിയും അതിന്റെ വഴിത്തിരുവുകളും വിശദമായി പറയുന്നുണ്ട്.
ചന്ദ്രികയോടും ശിഹാബ് തങ്ങളോടും ഇത്തിരി കെറുവുള്ള ആരോ ചെന്ന് ഷാജഹാന് ഒരു സ്കൂപ്പ് കൊടുത്തു. പത്രത്തോടും പാർട്ടിയോടുമുള്ള അഭിപ്രായ വ്യത്യാസം മൂലം ശിഹാബ് തങ്ങൾ ചന്ദ്രികയുടെ പ്രിൻറർ & പബ്ലിഷർ സ്ഥാനത്തു നിന്ന് രാജി വെച്ചു. അതിന് തെളിവായി അവസാന പേജിൽ പ്രിൻറർ & പബ്ലിഷർ സ്ഥാനത്ത് ശിഹാബ് തങ്ങളുടെ പേരുള്ള ഒരു പഴയ പത്രവും പേരില്ലാത്ത ഒരു പുതിയ പത്രവും കാണിച്ചു കൊടുക്കുകയും ചെയ്തു.. അടിച്ചു മോളേ.. എന്ന് ഇന്നസന്റ് പറഞ്ഞത് പോലെ ബ്രേക്കിംഗ് കിട്ടിയ സന്തോഷത്തിൽ മുന്നും പിന്നും നോക്കാതെ ഷാജഹാൻ കാച്ചി. 'തങ്ങൾ ചന്ദ്രിക വിട്ടു'. ഇ കെ സുന്നി വിഭാഗത്തിന്റെ നിർദേശ പ്രകാരമാണ് രാജിയെന്നു തുടങ്ങിയ ചില മസാലകളും കൂടെ ചേർത്തു. ചന്ദ്രികയുടെ ഒന്നാം പേജിൽ മാസ്റ്റർ ഹെഡ്ഡിന് തൊട്ടു താഴെ മാനേജിംഗ് ഡയരക്ടർ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് എഴുതി വെച്ചിട്ടുള്ളത് ലോട്ടറി അടിച്ച സന്തോഷത്തിൽ ഷാജഹാൻ ശ്രദ്ധിച്ചില്ല.
ഷാഫിയുടെ ലേഖനത്തിൽ പറയുന്നു. മുപ്പത് വർഷത്തിലധികം പ്രിൻറർ & പബ്ലിഷർ സ്ഥാനം വഹിച്ചിരുന്നത് സി കെ താനൂർ അയിരുന്നു. അദ്ദേഹം വിരമിച്ചപ്പോൾ ആ ചുമതല പി കെ കെ ബാവയെ ഏല്പിച്ചു. ആ നിയമനത്തിന് ന്യൂസ് പേപ്പർ രെജിസ്ട്രാർ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നത് വരെയുള്ള കാലഘട്ടത്തിൽ മാനേജിംഗ് ഡയരക്ടർ എന്ന നിലക്ക് ശിഹാബ് തങ്ങൾ ആ ചുമതല കൂടി വഹിച്ചു. പി കെ കെ ബാവയുടെ നിയമനത്തിന്റെ രേഖകൾ ശരിയായി വന്നതോടെ അദ്ദേഹത്തിൻറെ പേര് എഴുതിത്തുടങ്ങി.
തമാശയതല്ല, മുസ്ലിം ലീഗിലെ ഉരുൾപൊട്ടൽ ഏഷ്യാനെറ്റ് പുറത്തു വിട്ടതോടെ മറ്റു മാധ്യമങ്ങൾ അതേറ്റു പിടിച്ചു. ഷാഫിയുടെ വാക്കുകൾ ഉദ്ധരിക്കാം. "പ്രായാധിക്യം മൂലമാണ് തങ്ങൾ സ്ഥാനമൊഴിഞ്ഞതെന്നു 'ലീഗ് നേതൃത്വം വ്യക്തമാക്കി' എന്ന് ഇന്ത്യാവിഷൻ അവകാശപ്പെട്ടു. ഇ കെ വിഭാഗം സുന്നികൾ സമസ്ത എന്ന പുതിയ പത്രം തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം എന്ന് കേരള കൗമുദി കണ്ടെത്തി. ചന്ദ്രികയുടെ പ്രിൻറർ ആൻഡ് പബ്ലിഷർ സ്ഥാനത്ത് തങ്ങൾ കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ എത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണ് എന്ന ഹിമാലയൻ അബദ്ധം കൗമുദി, ദീപിക എന്നിവയുടെ വാർത്തയിലുണ്ട്. തങ്ങൾ നാല് വർഷമായി ചന്ദ്രികയുടെ പ്രിന്ററും പബ്ലിഷറും ആയിരുന്നുവെന്ന് മംഗളവും കണ്ടു പിടിച്ചു".
നോക്കൂ നിങ്ങൾ.. ഇങ്ങനെയാണ് ഈ പഹയന്മാർ വാർത്തകൾ ഉണ്ടാക്കുന്നത്. എവിടെ നിന്നെങ്കിലും എന്തെങ്കിലും കിട്ടിയാൽ ബാക്കിയൊക്കെ ഊഹിച്ചങ്ങു ഒരു കാച്ച് കാച്ചുകയാണ്. വാർത്തയുടെ അബദ്ധം പെട്ടെന്ന് പുറത്തറിഞ്ഞത് കൊണ്ട് പത്രങ്ങളുടെ പ്രിന്റ് എഡിഷനുകൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ അവയിലും ഈ ബ്രേക്കിംഗ് ന്യൂസ് ഇടം പിടിച്ചേനെ.. മിക്കവാറും പത്രങ്ങളിൽ പഴയ പോലെ ഫീൽഡ് റിപ്പോർട്ടർമാർ കുറവാണ്. ചാനലിന് മുന്നിൽ കുത്തിയിരുന്ന് വാർത്ത കോപ്പിയടിക്കുകയാണ് ഇപ്പോഴത്തെ രീതി. വെറുതെ വെയില് കൊള്ളേണ്ടല്ലോ. ഈ വാർത്ത ഒരു വമ്പൻ അബദ്ധമായിരുന്നു എന്ന് നമുക്കിപ്പോൾ അറിയാവുന്നത് കൊണ്ട് വിവിധ മാധ്യമങ്ങൾ ഷാജഹാന്റെ വാർത്തയെ അധികരിച്ചുണ്ടാക്കിയ തമാശകൾ നമുക്കാസ്വദിക്കാൻ പറ്റി. അല്ലായിരുന്നെങ്കിൽ അതൊക്കെയും സത്യമാണെന്ന് കരുതി നാം വിഴുങ്ങിയേനെ. ഗൾഫ് യുദ്ധകാലത്ത് ദുബായിലെ ഫ്ലാറ്റിലിരുന്ന് ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ലൈവ് കൊടുത്തിരുന്ന വീരമോഹനൻമാർ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു. എ സി റൂമിലിരുന്ന് ചിക്കൻ സാന്ഡ്വിച്ച് കടിച്ചു വലിക്കുമ്പോഴാണ് പുള്ളി എന്റെ ഒരു മീറ്റർ അപ്പുറത്ത് ബോംബ് പൊട്ടി എന്ന് ലൈവ് കൊടുത്തിരുന്നത്!. ജീവൻ പണയം വെച്ചുള്ള റിപ്പോർട്ടിംഗിന് അവാർഡും ഫലകങ്ങളും കിട്ടുകയും ചെയ്തു. ഇതാണ് മാധ്യമ ലോകം.
കാര്യമെന്തായാലും മീഡിയ വണ്‍ അന്തസ്സ് കാട്ടി. പ്രായം കുറവാണെങ്കിലും അല്പം പക്വത കാണിച്ചു. ഷാജഹാന് ഈ 'വാർത്ത' എത്തിച്ചു കൊടുത്ത വീരന്മാർ ആദ്യ പരീക്ഷണം നടത്തിയത് മീഡിയ വണ്ണിന്റെ അടുത്തായിരുന്നു. ബ്രേക്കിംഗ് വെണ്ടക്ക കൊടുക്കുന്നതിന് മുമ്പ് ചന്ദ്രികയിൽ വിളിച്ചു ചോദിക്കാനുള്ള മാന്യത അവർ കാണിച്ചു. അതുകൊണ്ട് തന്നെ ബ്രേക്ക് ചെയ്തു കാലൊടിക്കേണ്ട ഗതികേടുണ്ടായില്ല.
ഭാഗ്യത്തിന് 'തങ്ങൾ ചന്ദ്രിക വിട്ടു' എന്ന് പറയാനേ ഷാജഹാന് തോന്നിയുള്ളൂ.. പടച്ചോൻ കാത്തതാണ്. 'തങ്ങൾ ലീഗ് പിരിച്ചു വിട്ടു മക്കത്തു പോയി' എന്നെങ്ങാനും പറഞ്ഞിരുന്നുവെങ്കിലോ?.. ഉടൻ മാതൃഭൂമിയിൽ ബ്രേക്കിംഗ് ന്യൂസ് വരും. 'തങ്ങൾ മക്കത്തെത്തി, ഇനി നാട്ടിലേക്കില്ല'. വൈകാതെ ഇന്ത്യാവിഷനിൽ മത്തങ്ങ. 'നാട്ടിൽ പിരിച്ചു വിട്ട ലീഗിന് മക്കത്ത് യൂനിറ്റുണ്ടാക്കും'. മനോരമ വിടുമോ? 'ലീഗിന് ആദരാഞ്ജലി, മലപ്പുറത്ത് കണ്ണീർ പ്രവാഹം' ഒപ്പം തങ്ങൾ മക്കത്തേക്ക് മുങ്ങിയ റൂട്ട് മാപ്പും പോയ വിമാനത്തിൽ കഴിച്ച ചപ്പാത്തിയുടെ എണ്ണവും വെച്ചൊരു കിടിലൻ ക്ലിപ്പിംഗും.. പിന്നെ കൗമുദി, മംഗളം, ദീപിക തുടങ്ങിയ പരാന്ന ഭോജികൾ മക്കയിൽ നിന്നുള്ള എസ്ക്ലൂസീവ് കൊണ്ട് ഒരു അയ്യര്‍ കളി തന്നെ നടത്തും. അതാണ് ഞാൻ പറഞ്ഞത്. എല്ലാം പടച്ചോൻ കാത്തതാണ്.
Related Posts
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
ഷാജഹാനേ, ഇത് കണ്ണൂരാ..