മൂന്ന് വ്യത്യസ്ത മേഖലകളിൽ സ്വന്തം പ്രയത്നത്തിലൂടെ അസാധാരണ വിജയം കൈവരിച്ചവരാണ് ഈ മൂന്ന് പേരും. പൊതുസമൂഹത്തിന്റെ ആദരവ് അർഹിക്കുന്നവർ, അവരുടെ സ്നേഹവും അംഗീകാരവും ലഭിക്കേണ്ടവർ. പക്ഷേ അതുണ്ടാകുന്നില്ല. എന്തുകൊണ്ട്? ഒരാൾ നന്നാവുന്നത് കാണുന്നതിലുള്ള മലയാളിയുടെ സ്വതസിദ്ധമായ കെറുവാണ് ഇവർ മൂന്ന് പേരോടുമുള്ള സമീപനത്തിന് കാരണം എന്ന് ചിലർ പറയാറുണ്ട്. ആ വാദത്തോട് യോജിക്കുക വയ്യ. ദേശീയ തലത്തിൽ ഇവരേക്കാൾ വിജയിച്ച മലയാളികൾ ഉണ്ടായിട്ടുണ്ട്. അവരോടൊന്നും കേരള ജനത ഈ കെറുവ് കാണിച്ചിട്ടില്ല. അല്പം വകതിരിവിന്റെ കുറവും ഇത്തിരി അഹങ്കാരത്തിന്റെ പ്രകടനങ്ങളുമാണ് കാരണമെന്ന് പറയുന്നവരുമുണ്ട്. അതിനോടും യോജിക്കുക വയ്യ. ഇതിനേക്കാൾ അഹങ്കാരികളും വകതിരിവില്ലാത്തവരും ജനപിന്തുണയിൽ ഒട്ടും കുറവില്ലാതെ ഇവിടെ ജീവിച്ചു പോകുന്നുണ്ട്. പിന്നെ എന്താണ്?. ഒരേയൊരു കാരണമേ നമുക്ക് കണ്ടെത്താൻ കഴിയൂ. തങ്ങളെ വളർത്തി വലുതാക്കിയ സമൂഹത്തോട് സ്ഥായിയായി കൊണ്ട് നടക്കുന്ന പുച്ഛം.
ശ്രീശാന്തിനും രഞ്ജിനിക്കുമാണ് ഈ ആഴ്ചയിൽ എട്ടിന്റെ നറുക്ക് വീണത്. ഇവരുടെ മൂന്നു പേരുടെയും ഗ്രേഡിലേക്ക് കടന്നു കയറാൻ കിണഞ്ഞു പരിശ്രമിക്കുന്ന കലാഭവൻ മണിയ്ക്കും ഒരു ചെറിയ നറുക്ക് കിട്ടി. ഞാൻ ക്രിക്കറ്റ് അധികം കാണാറില്ല, (കളിയോടുള്ള താത്പര്യക്കുറവല്ല, അത്ര ഒഴിഞ്ഞ സമയം ഇല്ലാത്തത് കൊണ്ടാണ്). ശ്രീശാന്ത് ഇന്ത്യ കണ്ട ഏറ്റവും നല്ല ഫാസ്റ്റ് ബൌളർമാരിൽ ഒരാളാണെന്ന് അറിയാം. ഏതാണ്ട് രണ്ടരക്കോടിയോളം രൂപ ഈ സീസണിൽ മാത്രം കളിയിലൂടെ നേടിയ ചെറുപ്പക്കാരൻ. എന്നിട്ടും പത്തു ലക്ഷം രൂപയ്ക്കു വേണ്ടി എന്തുകൊണ്ട് കളിക്കളത്തിൽ ഈ കൊടും ചതി ചെയ്തു. വാതുവെപ്പുകാരൻ എറിഞ്ഞു കൊടുത്ത പണത്തോടുള്ള ആർത്തി മാത്രമാണെന്ന് കരുതുക വയ്യ. അതിന്റെ എത്രയോ ഇരട്ടി പണം ഒരു കൊച്ചു പരസ്യത്തിൽ തല കാണിച്ചാൽ കിട്ടും. പിന്നെ എന്താണ്?. കളി കാണാൻ ഗ്രൗണ്ടിലും ടി വിക്ക് മുന്നിലുമിരിക്കുന്ന കാണികളോടുള്ള അടങ്ങാത്ത പുച്ഛം. ഇവറ്റകളെയൊക്കെ എങ്ങനെയും പറ്റിക്കാമെന്ന തോന്നൽ. നൈറ്റ് ക്ലബ്ബിൽ പോകുന്നതോ ചിയർ ഗേൾസും സിനിമാ നടികളുമായി ചുറ്റിക്കറങ്ങുന്നതോ ക്രിക്കറ്റ് പ്രേമികളെ ബാധിക്കേണ്ട പ്രശ്നമല്ല. മറാഠി നടിയാണോ ലക്ഷ്മി റായിയാണോ എന്നൊന്നും ചർച്ച ചെയ്ത് തല പുണ്ണാക്കേണ്ട കാര്യവും നമുക്കില്ല. അതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. പക്ഷേ കാണികളെ വഞ്ചിക്കരുത്. കളിക്കളത്തിൽ എന്ത് തന്ത്രവും പയറ്റാം. സൂത്രയും ശക്തിയും പ്രയോഗിക്കാം. കളി കണ്ടിരിക്കുന്നവനോട് മനസ്സിൽ ഇത്തിരി ആദരവ് വേണം. ഏതൊരു കളിയുടെയും അടിസ്ഥാന പാഠങ്ങളിൽ ഒന്നാണത്. ശ്രീശാന്ത് അത് തെറ്റിച്ചു കളഞ്ഞു. ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം പ്രതിഭാശാലിയായ ഒരു കളിക്കാരൻ അണഞ്ഞു പോകുന്നത് നമുക്ക് കാണേണ്ടി വന്നു. എന്തുമാത്രം സങ്കടകരമാണിത്.
കൊച്ചി എയർപോർട്ടിൽ സാധാരണ യാത്രക്കാരെപ്പോലെ ക്യൂ നിൽക്കാൻ തയ്യാറാവാത്തതാണ് രഞ്ജിനിയുടെ നറുക്കിനു കാരണം. ക്യൂ നില്കുന്നവരെ വകഞ്ഞു മാറ്റി സുനാമി വന്നത് പോലെ കൗണ്ടറിലേക്ക് ഇടിച്ചു കയറിയ രഞ്ജിനിയോട് യാത്രക്കാരിലൊരാൾ ക്യൂ പ്ലീസ് പറഞ്ഞപ്പോഴാണ് ഷട്ടപ്പ് പറഞ്ഞ ശേഷം 'മലയാല' മങ്ക ഭരണിപ്പാട്ട് തുടങ്ങിയത് എന്നാണ് റിപ്പോർട്ട്. മാത്രമല്ല പോലീസിനെ സ്വാധീനിച്ച് പാവം യാത്രക്കാരനെതിരെ 'സ്ത്രീ പീഡന'ത്തിന് കേസും. അതെന്തോ ആവട്ട്.. ദുഫായീന്ന് വരികയായിരുന്നത്രേ സുനാമി. വാക്കിലും പ്രവൃത്തിയിലും ശരീര ഭാഷയിലും സാധാരണക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ പുച്ഛം വാരിവിതറുന്ന ഇത്തരം ജന്മങ്ങളെ കാശും ടിക്കറ്റും കൊടുത്ത് എഴുന്നള്ളിപ്പിക്കുന്ന പ്രവാസി മണ്ടന്മാരെ വേണം ചവിട്ടാൻ.
ശ്രീശാന്തിന്റെയും രഞ്ജിനിയുടെയും കൂടെ പൃഥ്വിരാജിനെ ഇവിടെ സൂചിപ്പിക്കേണ്ട ആവശ്യമില്ല. സമാനമായ ഒരു ഇമേജ് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും അദ്ദേഹത്തെക്കുറിച്ചുണ്ട് എന്നതിനാൽ പരാമർശിക്കുന്നു എന്ന് മാത്രം. ഇത്തരമൊരു ഇമേജ് ക്രൈസിസ് ഉണ്ട് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അതിനെ മറികടക്കുവാൻ വേണ്ട ശ്രമങ്ങൾ പൃഥ്വിരാജിൽ നിന്ന് ഈയിടെയായി കാണുന്നുണ്ട്. അതിൽ അദ്ദേഹം ഒരളവ് വരെ വിജയിച്ചിട്ടുമുണ്ട്. പൃഥ്വിരാജ് എന്തെങ്കിലും കാരണവശാൽ ഈ ലിസ്റ്റിൽ നിന്ന് ഔട്ടാവുകയാണെങ്കിൽ ആ വിടവ് നികത്തുന്നതിനു വേണ്ടി കലാഭവൻ മണി റെഡിയായി നില്ക്കുന്നുണ്ട്. തന്റെ വണ്ടി പരിശോധിച്ച വനപാലകരുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തതാണ് മണിയുടെ ലേറ്റസ്റ്റ് വീരകൃത്യം.
എത്ര വലിയ പ്രതിഭകളായാലും ഒരു കാര്യം ഓർക്കുന്നത് നന്ന്. പൊതുസമൂഹത്തോട് പുച്ഛമനോഭാവം പുലർത്തിക്കൊണ്ടും അവരെ കൊച്ചാക്കിക്കൊണ്ടും ഏറെക്കാലം മുന്നോട്ട് പോകാൻ കഴിയില്ല. ശ്രീശാന്തോ രഞ്ജിനിയോ മണിയോ പൃഥ്വിരാജോ ആരോ ആകട്ടെ സമൂഹത്തെക്കാൾ വലുതായി എന്ന തോന്നൽ വന്നു തുടങ്ങുമ്പോൾ തിരിച്ചറിയുക, അവരോഹണം തുടുങ്ങുകയായി.
Recent Posts
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം
Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു