അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്‌

അവാര്‍ഡ് കിട്ടിയിട്ടില്ല, ഉടനെ കിട്ടും. നോമിനേഷന്‍ പോയിട്ടുണ്ട്. ജൂറി തകൃതിയായി വീഡിയോകള്‍ പരിശോധിച്ച് വരികയാണ്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ വെച്ച് അമൃത എന്ന പെണ്‍കുട്ടി ഏതാനും പൂവാലന്മാരെ ഒറ്റയ്ക്ക് നേരിട്ടു എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ഏഷ്യാനെറ്റ് അവതരിപ്പിച്ച സൂപ്പര്‍ ഡൂപ്പര്‍ ആക്ഷന്‍ ത്രില്ലറിനാണ് അവാര്‍ഡ് ലഭിക്കാന്‍ പോകുന്നത്. ലോകത്തെ എല്ലാ ചാനലുകളേയും ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റിന്റെ ഈ ക്ലിപ്പ് ഫൈനല്‍ ലിസ്റ്റില്‍ കടന്നു കഴിഞ്ഞതായാണ് പോസ്കാര്‍ കമ്മറ്റിയില്‍ നിന്ന് ചോര്‍ന്നു കിട്ടിയിരിക്കുന്ന വിവരം. അവാര്‍ഡ് ലഭിക്കുന്നത് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലല്ല, മറിച്ച് കോമഡി വിഭാഗത്തിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത!!.

കരാട്ടെ, കുങ്ഫൂ, കളരി എന്നീ അഭ്യാസ മുറകളിലൂടെ നാല് പുരുഷ കേസരികളെ അമൃത ഒറ്റയ്ക്ക് ഇടിച്ചു പരത്തി എന്നാണ് ഏഷ്യാനെറ്റ് പ്രഖ്യാപിച്ചത്. ബ്രേക്കിംഗ് ന്യൂസായി അത് അവതരിപ്പിക്കുക മാത്രമല്ല പ്രത്യേക വാര്‍ത്താ ബുള്ളറ്റിനിലും ന്യൂസ് അവറിലും അമൃതയെ സ്റ്റുഡിയോയില്‍ കൊണ്ട് വന്ന് സംഭവ വികാസങ്ങളുടെ ഒരൊന്നൊന്നര അവതരണം നടത്തുകയും ചെയ്തു. ബ്ലാക്ക്‌ ബെല്‍റ്റ്‌. കരാട്ടെ. കുങ്ഫൂ.. കളരിപ്പയറ്റ്.. എന്നിവയെപ്പറ്റി മാറി മാറിയുള്ള വിശദീകരണങ്ങള്‍.. ഇടിച്ചു ചമ്മന്തിയാക്കിയതിന്റെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍..പിന്നെ മോമ്പൊടിക്ക് ഇച്ചിരി സ്ത്രീ ശാക്തീകരണവും. ഹോ.. നമ്മുടെ  കവര്‍ സ്റ്റോറിക്കാരിയുടെ ആവേശം കാണേണ്ടത് തന്നെയായിരുന്നു. (മുമ്പ് നടന്ന മറ്റൊരു കവര്‍ സ്റ്റോറി ആരും മറന്നു കാണില്ല എന്ന് കരുതട്ടെ) വാര്‍ത്ത ക്ലിക്കായതോടെ മാറ്റു ചാനലുകളും പത്രങ്ങളും അതേറ്റു പിടിച്ചു. ഒരു പോത്ത് മുന്നില്‍ പോയാല്‍ മറ്റു പോത്തുകള്‍ പിറകെ പോകും എന്നാണല്ലോ..ഒറ്റ രാത്രി കൊണ്ട് അമൃത താരമായി. സോഷ്യല്‍ മീഡിയകളിലും പത്രങ്ങളിലും ജ്വലിച്ചു നിന്നു. എങ്ങും അമൃത ഫാന്‍സുകളുടെ ബഹളമായി. കരീന കപൂറിന് പോലും ഇത്രയും ആരാധകരെ കിട്ടിയിട്ടുണ്ടാവില്ല. കരാട്ടെയിലൂടെ സ്ത്രീ ശാക്തീകരണം എന്ന  മുദ്രാവാക്യം പോലും പിറന്നു വീണു.

വീരശൂര നായികാ പരിവേഷത്തില്‍ നിന്നും ഒരു കോമഡി താരമായി അമൃത മാറിയത് മനോരമ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട ഒരു ക്ലിപ്പോട് കൂടിയാണ്. എന്ത് പറയുമ്പോഴും ചെയ്യുമ്പോഴും മുകളിലൊരാള്‍ കണ്ടിരിക്കുന്നുണ്ട് എന്ന ഓര്‍മ വേണം. അമൃതയുടെ ഈ ജാക്കി ചാന്‍ സാഹസങ്ങളൊക്കെ മുകളിലൊരാള്‍ റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടായിരുന്നു. ബേക്കറി ജംഗ്ഷനിലെ കോര്‍പ്പറേഷന്റെ ലൈവ് ക്യാമറ!!. വിവരാവകാശ നിയമ പ്രകാരം മനോരമ ന്യൂസാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ കൈക്കലാക്കി പുറത്തു വിട്ടത്. വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റും അമൃതയും പറഞ്ഞ കാര്യങ്ങളും തമ്മില്‍ പുലബന്ധം പോലുമില്ല. തല്ലുന്നതും തല്ലു കൊള്ളുന്നതും പുരുഷ കേസരികളാണ്. അമൃതയുടെ അച്ഛനും സുഹൃത്തും ചേര്‍ന്നാണ് പൂവാലന്മാരെ കൈകാര്യം ചെയ്തത്. അമൃതയുടെ കാരാട്ടയുടെയോ കുങ്ഫുവിന്റെയോ പൊടി പോലും ദൃശ്യങ്ങളില്‍ ഇല്ല. ആ തിരക്കിനിടയില്‍ അമൃത ആരോയോ ഉന്തുന്നുണ്ട്‌. അതാണ്‌ ഏഷ്യാനെറ്റ്‌ പൊലിപ്പിച്ചു കടത്തനാട്ട് മാക്കത്തിന്റെ കളരിപ്പയറ്റാക്കി മാറ്റിയത്.



ഏഷ്യാനെറ്റ്‌ പറഞ്ഞത് ഇങ്ങനെ 


സംഭവിച്ചത് ഇങ്ങനെ 

തന്നെ പരിഹസിച്ചവര്‍ക്കെതിരെ പ്രതികരിക്കുന്നതിനു അമൃത മുന്‍കൈ എടുത്തു എന്നത് ശരി തന്നെ. അതിനവര്‍ അഭിനന്ദനം അര്‍ഹിക്കുകയും ചെയ്യുന്നു. പക്ഷെ നാല് പുരുഷന്മാരെ ഒറ്റയ്ക്ക് അടിച്ചു നിലം പരിശാക്കി എന്നൊക്കെ ചാനലില്‍ വന്നു വിളിച്ചു കൂവിയിട്ടു വേണമോ അഭിനന്ദനം ഏറ്റു വാങ്ങാന്‍. വാര്‍ത്തയുണ്ടാക്കുന്നതും അല്പം സെന്‍സേഷന്‍ ചേരുവകള്‍ ചേര്‍ക്കുന്നതും കൊള്ളാം. പക്ഷെ ഇതുപോലുള്ള ഡ്രാമകള്‍ ഉണ്ടാക്കി അവതരിപ്പിക്കരുത്. കേരളത്തിലെ പൊതു സമൂഹത്തെയും പ്രേക്ഷകരെയും ഒരു പോലെ പൊട്ടന്മാരാക്കുകയാണ് അമൃത എപ്പിസോഡിലൂടെ ഏഷ്യാനെറ്റും അതിന്റെ ചുവട് പിടിച്ചു മറ്റു മാധ്യമങ്ങളും ചെയ്തിട്ടുള്ളത്. പൂവാലന്മാരെ കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടികളോട് വലിയ ആദരവുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ചുണയും തന്റേടവുമുള്ള പെണ്‍കുട്ടികളാണ് ഇപ്പോഴത്തെ വിദ്യാലയങ്ങളിലും ക്യാമ്പസുകളിലുമുള്ളത്. ശല്യം ചെയ്യുന്ന പൂവാലന്മാരെ കൈകാര്യം ചെയ്യാനും വേണ്ടി വന്നാല്‍ ചെരുപ്പൂരി അടിക്കാനും അവര്‍ക്കറിയാം. അങ്ങനെ ചെയ്യുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇന്നുണ്ട്. പക്ഷെ അവരൊന്നും ഇതുപോലുള്ള കള്ളക്കഥകള്‍ ഉണ്ടാക്കി ഹീറോ ചമയാന്‍ ശ്രമിക്കാറില്ല. സ്വയ രക്ഷക്ക് വേണ്ടി പൊരുതാനുള്ള പെണ്‍കരുത്തിനെ പ്രോത്സാഹിപ്പിക്കുവാനല്ല, അത്തരം ശ്രമങ്ങളെ അപഹസിക്കാനാണ് ഇത്തരം തിരക്കഥ നാടകങ്ങള്‍ ഉപകരിക്കുകയുള്ളൂ.

മ്യാവൂ : അധികമായാല്‍ അമൃതയും വിഷം.

Related Posts
കവര്‍ സ്റ്റോറിക്കാരേ, ഓടരുത് !!
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല