സത്യത്തില്‍ സുകുമാരന്‍ നായര്‍ എന്‍ എസ് എസിന്റെ ജനറല്‍ സെക്രട്ടറി ആയ ശേഷമാണ് രമേശ് ചെന്നിത്തല ഒരു നായരാണെന്ന കാര്യം എന്റെ ശ്രദ്ധയില്‍ വന്നത്. അത് വരെ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചുറുചുറുക്കുള്ള ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. ഏറ്റവും ചെറുപ്രായത്തില്‍ കേരള മന്ത്രിസഭയിലും കേന്ദ്ര നേതൃത്വത്തിലും എത്തിപ്പെടാന്‍ ഭാഗ്യം ലഭിച്ച മതേതര മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് നേതാവ്.. അതായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പൊതു സങ്കല്പം. എന്നാല്‍ പെരുന്നയിലെ നായര്‍ അദ്ദേഹത്തിന്റെ ലോക്കല്‍ ഗാര്ഡിയന് ആയ നാള് മുതല്‍ രമേശ് ചെന്നിത്തല ഒരു നായര്‍ മാത്രമായിരിക്കുന്നു!!. പിടിച്ചു നില്ക്കാന് ഇങ്ങനെയൊരു ലോക്കല്‍ ഗാര്‍ഡിയനെ തിരഞ്ഞെടുക്കേണ്ടി വന്ന ഗതികേടാണ് ചെന്നിത്തലയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.
മന്നത്ത് പത്മനാഭന്, കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പി കെ നാരായണപ്പണിക്കര്‍ തുടങ്ങി എന്‍ എസ് എസ് എന്ന അന്തസ്സുള്ള സംഘടനയെ കേരളീയ പൊതുസമൂഹത്തിന്റെ മനസ്സും ആത്മാവുമറിഞ്ഞ് ഒരു നൂറ്റാണ്ടു കാലം ജീവിപ്പിച്ചു നിര്‍ത്തിയ വലിയ നേതാക്കന്മാരുടെ കസേരയിലാണ് കേരളത്തിന്റെ മത സൗഹാര്‍ദ്ദം പിച്ചിച്ചീന്തുമെന്ന പ്രതിജ്ഞയോടെ ഈ പുതിയ നായര്‍ കയറിയിരിക്കുന്നത്. എല്ലാ ജാതി മത വിഭാഗങ്ങളും പരസ്പരം ആദരിച്ചും അംഗീകരിച്ചും കഴിയുന്ന ഒരു ഭൂമിയാണ് നമ്മുടേത്. അധികാരത്തിലെത്തുന്നവരുടെ ജാതിയും ഉപജാതിയും നോക്കി മാര്‍ക്കിടുന്ന ഒരു സമ്പ്രദായം കേരളീയ സമൂഹത്തിനു പരിചിതമല്ല. താക്കോല്‍ സ്ഥാനങ്ങളില്‍ ആരിരുന്നാലും ശരി ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ല എന്ന പൊതുബോധമാണ് നമുക്കുണ്ടായിരുന്നത്. അതിലേക്കാണ് ജാതിയുടെ താക്കോലുമായി സുകുമാരന്‍ നായര്‍ ഉറഞ്ഞു തുള്ളുന്നത്. അവഗണിക്കപ്പെടേണ്ട ആ ഉറഞ്ഞു തുള്ളലിന് പരമാവധി കവറേജ് നല്കുവാന് ന്യൂസ് അവറുകാരുടേയും കവര്സ്റ്റോറിക്കാരുടെയും തള്ളിക്കയറ്റവും.
വെളുത്ത നായര്‍, കറുത്ത നായര്‍, ഡല്‍ഹി നായര്‍, കൊല്ലം നായര്‍ തുടങ്ങി സുകുമാരന്‍ നായരുടെ ഡിക്ഷ്ണറിയില് നായന്മാര്ക്ക് പല ഗ്രേഡുകളാണ്. ആ ഗ്രേഡുകള്ക്കനുസരിച്ചാണ് അദ്ദേഹം നായന്മാരെ സപ്പോര്‍ട്ട് ചെയ്യുന്നതും എതിര്‍ക്കുന്നതും. കേരള സര്‍ക്കാരില്‍ ഇപ്പോള്‍ നായന്മാര്ക്ക് കുറവൊന്നുമില്ല. ഇന്നത്തെ അവസ്ഥയില്‍ ഈ മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ പ്രോട്ടോകാള്‍ അനുസരിച്ച് തൊട്ടടുത്ത സ്ഥാനത്തുള്ളത് ഒരു നായരാണ്. പക്ഷെ അദ്ദേഹം കറുത്ത നായരായിപ്പോയി. എല്ലാ നിലക്കും കഴിവ് തെളിയിച്ച തിരുവഞ്ചൂരിനെ ആ സ്ഥാനത്തു നിന്ന് മാറ്റി ഒരു വെളുത്ത നായരെ കൊണ്ടുവന്നാല്‍ സാമുദായിക സമതുലനം യാഥാര്‍ത്ഥ്യമാവുമോ?. പാണനും പറയനും ചെറുമനും പുലയനും, ആശാരി, മൂശാരി, തട്ടാന്‍, കണിയാന്, അരയന്, ധീവരര്‍ തുടങ്ങി കേരളത്തിലെ എല്ലാ ജാതിവിഭാഗങ്ങളും താക്കോല്‍ സ്ഥാനങ്ങള്‍ ചോദിച്ചു വന്നാല്‍ അതില്‍ കുറ്റം പറയാന്‍ പറ്റുമോ? അതോ സുകുമാരന്‍ നായര്‍ പറയുന്ന ജാതികള്‍ക്കു മാത്രമേ താക്കോലുകള്‍ സൂക്ഷിക്കാന്‍ അവകാശമുള്ളൂ എന്നാണോ?. കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തില്‍ നായര്‍, ഈഴവര്‍, ദളിതര്‍ എന്നിങ്ങനെ ജാതിയെ അടയാളപ്പെടുത്തിയാല്‍ തന്നെ അവിടെയും ചില സമതുലനം വേണ്ടേ നായര്‍ സാബ്..
ഓരോ മന്ത്രിയുടെയും ജാതിയും ഉപജാതിയും നോക്കി കേരളത്തിലെ പൊതുസമൂഹത്തെ അപകടകരമായ രീതിയില്‍ വിഭജിച്ചതിനു സുകുമാരന്‍ നായര്‍ക്കുള്ള പങ്കു അദ്ദേഹം തന്നെ സ്വയം വിചാരണ നടത്തി കണ്ടെത്തുന്നത് നല്ലതാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും നയങ്ങളും നിലപാടുകളും അനുസരിച്ചിരിക്കും അവരുടെ കീഴില്‍ വിവിധ മതക്കാരും ജാതിക്കാരും വിശ്വാസമര്‍പ്പിക്കുന്നത്. അത്തരം പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ അതിന്റേതായ അടയാളങ്ങളും കാണും. ഗുജറാത്തില്‍ മോഡിയുടെ സര്‍ക്കാരില്‍ ഒരൊറ്റ മുസ്ലിമും ഇല്ല എങ്കില്‍ അതിനു മുസ്ലിംകള് നിലവിളിച്ചിട്ട് കാര്യമില്ല. ഒരൊറ്റ മുസ്ലിമും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയാണ് ഭൂരിപക്ഷ വോട്ടിലൂടെ അവിടെ അധികാരത്തിലെത്തിയത്. കഴിഞ്ഞ വി എസ് സര്‍ക്കാരില്‍ മുസ്ലിം പ്രാതിനിധ്യം വളരെ കുറവായിരുന്നു. അതുവെച്ചു സാമുദായിക സമതുലനം തകര്‍ന്നേ എന്ന് ബഹളം വെക്കുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നില്ല. മുസ്ലിംലീഗിന് സുപ്രധാന സ്ഥാനമുള്ള ഈ സര്‍ക്കാരില്‍ മുസ്ലിം മന്ത്രിമാര്‍ ആപേക്ഷികമായി കൂടുതലുണ്ട് എങ്കില്‍ അതിനെയും ആ അര്‍ത്ഥത്തില്‍ കാണുവാന്‍ സാധിക്കണം. അതിനെയാണ് വകതിരിവ് എന്ന് പറയുന്നത്. അത് സ്വയം ഉണ്ടാക്കി എടുക്കേണ്ടതാണ്. ചന്തയില്‍ നിന്ന് വാങ്ങാന്‍ കിട്ടില്ല.
ഇത്തരം ജാതിക്കോമരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നട്ടെല്ലില്ലെങ്കില്‍ അതിന്റെ സ്ഥാനത്ത് ഒരു വാഴത്തണ്ടെങ്കിലും വെച്ചു പിടിപ്പിക്കേണ്ടതാണ് . ഒരു കോണ്‍ഗ്രസ് നേതാവായി ജീവിക്കണമോ അതോ സുകുമാരന്‍ നായരുടെ സര്‍ട്ടിഫിക്കറ്റുള്ള ഒരു നായരായി ശിഷ്ടജീവിതം കഴിച്ചു കൂട്ടണമോ എന്ന് തീരുമാനിക്കേണ്ടത് രമേശ് ചെന്നിത്തല തന്നെയാണ്. ഒരു കോണ്‍ഗ്രസ് നേതാവായി ജീവിക്കണമെങ്കില്‍ സുകുമാരന്‍ നായരോട് നാവടക്കാന്‍ പറയാനുള്ള സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും കാണിക്കണം. അതിനു മാത്രമുള്ള ചങ്കൂറ്റമില്ലായെങ്കില് എന്‍ എസ് എസ് ആസ്ഥാനത്തെ താക്കോല്‍ ദ്വാരത്തിലൂടെ നുഴഞ്ഞു കയറി അവിടത്തെ ആട്ടുകട്ടിലില്‍ ഇനിയുള്ള കാലം കഴിച്ചു കുട്ടുന്നതായിരിക്കും ഇതിനേക്കാള്‍ നല്ലത്.