നീ.. കൊ.. ഞ.. ഭ. (നീയും കൊറച്ച് ഞങ്ങളെ ഭരിച്ചോ)

കോണ്‍ഗ്രസ്‌ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് ന്യൂ ജനറേഷന്‍ സിനിമാ സ്റ്റൈലില്‍  ഇനി പറയാനുള്ളത് ഇത് മാത്രം. നീ.. കൊ.. ഞ.. ഭ. (നീയും കൊറച്ച് ഞങ്ങളെ ഭരിച്ചോ). അച്ഛനപ്പൂപ്പന്മാരായിട്ട് തുടങ്ങി വെച്ച ഒരു കലാപരിപാടിയാണിത്. നീയായിട്ടത് മുടക്കേണ്ട. ഇത് ഇങ്ങനെയൊക്കെ പര്യവസാനിക്കുമെന്ന്  ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് മുതലേ അറിയാവുന്ന കാര്യമാണ്. പ്രിയങ്കയാണോ നീയാണോ എന്ന കാര്യത്തില്‍ മാത്രമേ ഇത്തിരി കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുള്ളൂ.. അതിപ്പോള്‍ മാറിക്കിട്ടി. ഇനി എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ച് ഒന്നോ രണ്ടോ കിരീടാവശികളെ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് തരണം. അടുത്ത തലമുറയ്ക്ക് വേണ്ടിയാണത്. അവരെ കാക്കയ്ക്കും പരുന്തിനും ഇട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ. ബുദ്ധിമുട്ടാണേല്‍ വേണ്ട.. പ്രിയങ്കയുടെ കുട്ടികളുണ്ടല്ലോ.. അവര്‍ക്ക് ഹോര്‍ലിക്സും ഹാപ്പി ജ്യൂസുമൊക്കെ കൊടുത്ത് പെട്ടെന്ന് വളര്‍ത്തിയെടുക്കണം. അടുത്ത തലമുറ അവരെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളും. അത് കൊണ്ട് ഇനി ഒട്ടും അമാന്തിച്ചു നിക്കേണ്ട.. നീ. കൊ.. ഞ.. ഭ.

രാഹുലിനെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഒരു സ്റ്റാര്‍ട്ടിംഗ് പഞ്ചിന് വേണ്ടി ചുമ്മാ എഴുതി എന്ന് മാത്രം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ അവരുടെ പാരമ്പര്യ സ്വത്താണ്. വില കണക്കു കൂട്ടി എടുക്കാന്‍ കഴിയാത്തവിധം അമൂല്യമായ ഒരു നിധി. ഇന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥയില്‍ കോണ്‍ഗ്രസിന്‌ മുന്നോട്ടു വെക്കാന്‍ കഴിയുന്ന ഏറ്റവും തിളക്കമുള്ള രാഷ്ട്രീയ നേതാവ് തന്നെയാണ് രാഹുല്‍. ഇന്ത്യന്‍ യൗവനത്തിന്റെ പ്രതീക്ഷകള്‍ക്കും ഭാവി തലമുറയുടെ സ്വപ്ന സങ്കല്പങ്ങള്‍ക്കും ഇത്തിരിയെങ്കിലും ചിറകു മുളപ്പിക്കാന്‍ കോണ്‍ഗ്രസ്‌ പാളയത്തില്‍ ഇന്ന് രാഹുലിനോളം കഴിവുള്ള മറ്റൊരു യുവ നേതാവില്ല എന്നത് അവിതര്‍ക്കിതമാണ്.

അഞ്ചാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് വായ്നോക്കി നടക്കുകയും മറ്റൊരു തൊഴിലിനും കൊള്ളാതാവുമ്പോള്‍ ജനസേവനത്തിന് ഇറങ്ങുകയും ചെയ്യുന്ന രാഷ്ട്രീയ രംഗത്തെ വീരശൂര പരാക്രമികകളുമായി നെഹ്‌റു കുടുംബത്തിലെ രാഷ്ട്രീയ പാരമ്പര്യത്തെ നമുക്ക് തുലനം ചെയ്യാനാവില്ല. നെഹ്‌റു കുടുംബത്തിന്റെ ചരിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും സ്വതന്ത്രാനന്തര ഇന്ത്യയുടെ ബഹുമുഖ മാറ്റത്തിന്റെയും ചരിത്രമാണ്. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു കുടുംബമില്ല എന്ന് തന്നെ പറയാം. അന്താരാഷ്‌ട്ര പ്രശസ്തമായ കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, ഹാര്‍വാഡ് സര്‍വകലാശാലകളില്‍ നിന്നാണ് രാഹുലില്‍ എത്തിനില്‍ക്കുന്ന നെഹ്‌റു കുടുംബത്തിലെ അഞ്ചു തലമുറകള്‍ വിദ്യാഭ്യാസം നേടിയത്. മോത്തിലാല്‍ നെഹ്രുവില്‍ നിന്ന് തുടങ്ങുന്നതാണ് ആ ചരിത്രം. കടല്‍ കടക്കുന്നത് മഹാപരാധമായി കണക്കാക്കിയിരുന്ന പൌരാണിക ഹിന്ദു വിശ്വാസത്തെയും ബ്രാഹ്മണ സഭകളുടെ എതിര്‍പ്പുകളെയും അതിജയിച്ചാണ് അദ്ദേഹം വിദേശ സര്‍വകലാശാലയില്‍ നിന്ന് (കേംബ്രിഡ്ജ്) നിയമ ബിരുദം നേടുന്നതും നിരന്തരം കടല്‍ യാത്രകള്‍ നടത്തി ജോലിയില്‍ തുടര്‍ന്നതും. പഴയ ജയ്പൂര്‍ പ്രവിശ്യയിലെ ദിവാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ സഹോദരന്‍ നന്ദലാല്‍ നെഹ്‌റു. കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സമ്പന്നമായ ഒരു കുടുംബ പാരമ്പര്യം അവര്‍ക്കുണ്ട്.

രണ്ടു തവണ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ ആവുകയും ഗാന്ധിജിയോടപ്പം സ്വാതന്ത്ര്യ സമരത്തില്‍ നിസ്തുല പങ്കു വഹിക്കുകയും ചെയ്ത അദ്ദേഹത്തില്‍ നിന്നാണ് മകനായ ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീടുള്ള സംഭവ വികാസങ്ങള്‍ ആധുനിക ഇന്ത്യയുടെ ചരിത്രമാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും ചരിത്രമാണ്. നെഹ്രുവില്‍ നിന്ന് മകള്‍ ഇന്ദിരയും ഇന്ദിരയില്‍ നിന്ന് മകന്‍ രാജീവും ഏറ്റെടുത്ത രാഷ്ട്രീയ ദൌത്യങ്ങള്‍ വര്‍ത്തമാന ഇന്ത്യയുടെ പൊതുധാരയുടെ ഭാഗമാണ്. അതാര്‍ക്കും വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല.  ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാതെ പൊരുതിയ ആ കുടുംബ പരമ്പരയിലെ അഞ്ചാമത്തെ തലമുറയെയാണ് രാഹുല്‍ പ്രതിനിധീകരിക്കുന്നത്. എല്ലാ രാജ്യക്കാരെയും പോലെ ഇന്ത്യക്കാരും സൗന്ദര്യാസ്വാദകരാണ്. ഇത്തരി സൗന്ദര്യമുള്ള നേതാക്കന്മാരെ ഇന്ത്യന്‍ സമൂഹം പെട്ടെന്ന് തിരിച്ചറിയും. കാശ്മീരി ബ്രാഹ്മണ കുടുംബത്തിലെ സ്വരൂപ്‌ റാണിയായിരുന്നു മോത്തിലാല്‍ നെഹ്രുവിന്റെ ഭാര്യ. അതുകൊണ്ട് തന്നെ ഒരു കാശ്മീരി ആപ്പിളിനെ ഓര്‍മിപ്പിക്കും വിധം ചുവന്നു തുടുത്ത സുമുഖന്മാരും സുമുഖികളുമാണ് നെഹ്രു കുടുംബത്തിലെ പിന്മുറക്കാര്‍.

Malayalam News 21 Jan 2013

സംഭവ ബഹുലമായ ഒരു കുട്ടിക്കാലമോ ആഹ്ലാദാരവങ്ങളുയര്‍ത്തുന്ന ഒരു പഠനകാലമോ രാഹുലിനില്ല. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് വീട്ടിനുള്ളില്‍ വെച്ചാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത്. ബാല്യ കാലത്ത് കണ്ട പേടിപ്പിക്കുന്ന ദൃശ്യങ്ങളില്‍ ഒന്ന് വെടിയുണ്ടകളാല്‍ ചിന്നിച്ചിതറിയ മുത്തശ്ശിയുടെ ശവശരീരമാണ്. കൂട്ടിയോജിപ്പിക്കാന്‍ പോലും സാധിക്കാത്ത വിധം പല കഷണങ്ങളായി ചിതറിത്തെറിച്ച അച്ഛന്റെ ശരീരമാണ് പിന്നീട് കാണുന്നത്. ഒരു കുഞ്ഞിന്റെ ജീവിതത്തെ ഇത്തരം ദൃശ്യങ്ങള്‍ എത്രമാത്രം വിഭ്രമജനകവും ഇരുളടഞ്ഞതുമാക്കുമെന്നു പറയേണ്ടതുണ്ടോ?. പക്ഷെ പൊതുജീവിതത്തില്‍ രാഹുലും  പ്രിയങ്കയും അത്തരം ദൃശ്യങ്ങളുടെ തടവുകാരായി പ്രത്യക്ഷപ്പെട്ടിട്ടില്ല. മറിച്ച് അസാമാന്യമായ ക്ഷമയും പക്വതയുമാണ്‌ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ അവര്‍ കാഴ്ച വെച്ചത് .

നമുക്ക് ഏതൊക്കെ രൂപത്തില്‍ രാഹുലിനെ പരിഹസിക്കാമെങ്കിലും ആ യുവാവ്  നാളിതുവരെ കാഴ്ച വെച്ച അനിതര സാധാരണമായ പക്വതയെ വില കുറച്ചു കാണാന്‍ പറ്റില്ല. കൗമാരത്തിന്റെയും യൗവനത്തിന്റെയും കുസൃതികളില്‍ ചിലതൊക്കെ അവനില്‍ നിന്ന് ഉണ്ടായിട്ടുണ്ടാവാം. പക്ഷെ രാഷ്ട്രീയ രംഗത്തുള്ള മറ്റു പലരില്‍ നിന്നും നാം കണ്ടും കേട്ടും ശീലിച്ച അറപ്പും വെറുപ്പുമുളവാക്കുന്ന വാക്കുകളോ പ്രവര്‍ത്തനങ്ങളോ നാളിതു വരെ ആ യുവാവില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. സഹാനുഭൂതിയുടെയും അനുകമ്പയുടെയും വേണ്ടത്ര ഉദാഹരങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കുമപ്പുറം ഇന്ത്യന്‍ യുവത്വം രാഹുലില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അധികാരത്തെ കീശ വീര്‍പ്പിക്കാനും കട്ട് മുടിക്കാനുമുള്ള അവസരമായി കാണുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ തന്നെ പല നേതാക്കളുമായും തട്ടിച്ചു നോക്കുമ്പോള്‍ രാഹുല്‍ ഒരു ചെറിയ പ്രതീക്ഷ തന്നെയാണ്.  

ഒരവസരം രാഹുലിനും ലഭിക്കേണ്ടതുണ്ട്. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത  കിഴവന്‍മാരെയും കിഴവികളേയും കൊണ്ട് നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ന്യൂ ജനറേഷന്റെ ഹൃദയത്തുടിപ്പുകളുള്ള ഒരു യുവനിരയുടെ സാന്നിധ്യം അനിവാര്യമാണ്. കോണ്‍ഗ്രസില്‍ മാത്രമല്ല, എല്ലാ പാര്‍ട്ടികളിലും അതാവശ്യമുണ്ട്. ജയലളിതയുടെ മുന്നില്‍ പന്നീര്‍ ശെല്‍വം നില്‍ക്കുന്ന പോലെ രാഹുലിന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാതെ നയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ആ യുവാവിനെ വിമര്‍ശിക്കാനും തിരുത്താനും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതൃത്വത്തിന് കഴിയണം. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് രാഹുലിന്റെ പേര് നിര്‍ദ്ദേശിച്ച എ കെ ആന്റണിയെപ്പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് അതിനുള്ള നട്ടെല്ലും ത്രാണിയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

രാഹുലിന് സ്തുതി പാടുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ് എന്ന് കരുതരുത്. സ്കൂളിന്റെ നാലയലത്ത് പോയിട്ടില്ലാത്ത, സ്വന്തം പേര് പോലും കൂട്ടിയെഴുതാന്‍ കഴിയാത്ത ക്രിമിനലുകളും ഗുണ്ടകളും നിയമ സഭകള്‍ക്കകത്തും പാര്‍ലിമെന്റിനകത്തും നിരവധിയുണ്ട്. ഒരു പാര്‍ട്ടിയില്‍ മാത്രമല്ല, ഏതാണ്ട് എല്ലാ പാര്‍ട്ടികളിലും അത്തരക്കാരെ കാണാം. തോക്കിന്റെയും ഗുണ്ടായിസത്തിന്റെയും ശക്തിയില്‍ മാത്രം ജനങ്ങളെ വിറപ്പിച്ചു നിറുത്തുന്ന നേതാക്കളെക്കൊണ്ട് 'സമ്പന്ന'മാണ് ഉത്തരേന്ത്യ. അവരുടെയൊക്കെ കൈകളില്‍ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളുടെ രാഷ്ട്രീയ ഭാഗധേയം ഏല്പിച്ചു കൊടുക്കുന്നതിനേക്കാള്‍ ബുദ്ധിപരമാണ് വിദ്യാഭ്യാസവും പക്വമായ രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു ചെറുപ്പക്കാരനില്‍ ഇത്തിരി പ്രതീക്ഷ അര്‍പ്പിക്കുന്നത്. രാഹുല്‍ ജി, അപ്പോള്‍ എല്ലാം പറഞ്ഞ പോലെ.. നീ.. കൊ.. ഞ.. ഭ..

Recent Posts
തോറ്റോടേണ്ടി വന്ന സമരക്കാരോട്
ബോംബേയ്..ബോംബ്‌!!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!