തോറ്റോടേണ്ടി വന്ന സമരക്കാരോട്

ഇടതു പക്ഷ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരാഴ്ചയായി നടത്തി വന്നിരുന്ന സമരം ഇന്നലെ അര്‍ദ്ധ രാത്രി പിന്‍വലിച്ചു. ബലേ ഭേഷ്.. മാണി കൊടുത്ത 'ഉറപ്പു'കളല്ല, പൊതു ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവാണ് സമരം പിന്‍വലിക്കാന്‍ ഇടതുപക്ഷ സംഘടനകളെ പ്രേരിപ്പിച്ചത്. തലച്ചോറിനുള്ളില്‍ ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പത്തിലെങ്കിലും ബുദ്ധിയുണ്ടായിരുന്നെകില്‍ ഇത്തരമൊരു സമരവുമായി അവര്‍ ഇറങ്ങിപ്പുറപ്പെടുമായിരുന്നില്ല. കേരളത്തിലെ പത്തു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ തെമ്മാടിത്തരത്തിനു കൂട്ട് നിന്ന് മൂന്നരക്കോടി ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ഇടതു നേതാക്കള്‍ക്ക് അര്‍ദ്ധ രാത്രിയിലെങ്കിലും വിവേകം ഉദിച്ചതിനു നന്ദി. ഇത്തരം ആഭാസ സമരങ്ങളെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കും മാണിക്കും പ്രത്യേക അഭിനന്ദനങ്ങള്‍.

കേരളത്തിലെ സഖാക്കള്‍ക്ക് വിവരമില്ല എന്ന് കോണ്‍ഗ്രസ്സുകാര്‍ വെറുതെ പറയുന്നതാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ ഇപ്പോള്‍ എനിക്കും സംശയമായിത്തുടങ്ങി. ശരിക്കും സഖാക്കള്‍ക്ക് വിവരമുണ്ടോ?.. ജനങ്ങളുടെ മനസ്സറിയുന്ന കാര്യത്തില്‍ ബാലകൃഷ്ണപ്പിള്ളയ്ക്കാണ് നിലവിലെ ഒന്നാം റാങ്ക്. (താഴെ നിന്ന് മോളിലോട്ട്). എന്നാല്‍ ആ റാങ്കിനെയും കടത്തിവെട്ടിയാണ് പിണറായി സഖാവ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. മുടിഞ്ഞ വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരേണ്ട സമയത്ത് പൊതു ഖജനാവിനെ കുഴിച്ചു മൂടുന്ന ഒരു സാമ്പത്തിക സംവിധാനത്തിന് വേണ്ടി വാദിച്ച് ജനങ്ങള്‍ക്കെതിരെ പട നയിക്കാനാണ് സഖാവ് തീരുമാനിച്ചത്.

ഒരു ആഭാസ സമരമായിരുന്നു ഇവിടെ നടന്നത് എന്ന് പറയാതെ വയ്യ. ജോലിക്കെത്തിയ അധ്യാപകരെ കരിഓയില്‍ ഒഴിച്ചും കുട്ടികളെ നായ്ക്കുരണപ്പൊടി വിതറിയും  അധ്യാപക സമൂഹത്തില്‍ നിന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത സമരമുറകള്‍ വരെ പരീക്ഷിക്കപ്പെട്ടു. നിലവിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ ഒരു നയാപൈസയുടെ കുറവോ വ്യതിയാനമോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല.മറിച്ച് അവര്‍ക്ക് മരണം വരെ ശമ്പളവും പെന്‍ഷനും ഉറപ്പു വരുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ഖജനാവിനെ പ്രാപ്തമാക്കുവാനുള്ള നടപടികകളാണ് മുന്നോട്ടു വെച്ചത്. ഒരു ആവറേജ് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകുന്ന സിമ്പിള്‍ കണക്കാണ് നമുക്ക് മുന്നിലുള്ളത്. പത്തു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് സര്‍ക്കാര്‍ ഖജനാവിലെ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ചിലവഴിക്കുന്നത്. ബാക്കിയുള്ള ഇരുപതു ശതമാനം കൊണ്ട് വേണം കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ വികസനവും ക്ഷേമവും നടപ്പിലാക്കാന്‍. കാലക്രമേണയെങ്കിലും ഈ സംവിധാനത്തിനൊരു മാറ്റം വരണം. അത് കേരളത്തിലെ പൊതുജനങ്ങളുടെ മൊത്തം ആവശ്യമാണ്‌. അതിനൊരു തുടക്കമെന്നോണമാണ് ഇപ്പോഴത്തെ പരിഷ്കാരങ്ങളെ കാണേണ്ടത്.

പുതുതായി ജോലിക്ക് ചേരുന്നവരുടെ പെന്‍ഷന്‍ വ്യവസ്ഥകളില്‍ ലോകം മുഴുക്കെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു സംവിധാനം (പങ്കാളിത്ത പെന്‍ഷന്‍) കേരളത്തിനു കൂടി ബാധകമാക്കുമ്പോള്‍ നായ്ക്കുരണപ്പൊടി ചൊറിഞ്ഞ പോലെ ഇത്രമാത്രം അസ്വസ്ഥമാകേണ്ട കാര്യമുണ്ടായിരുന്നോ? പുതുതായി ജോലിക്ക് ചേരാനിടയുള്ളവര്‍ക്ക് നാല്പതു വര്‍ഷം കഴിഞ്ഞു കിട്ടാന്‍ പോകുന്ന പെന്‍ഷനെക്കുറിച്ചാണ് ഇവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നത്. നാല്പതു കൊല്ലം കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ എന്തൊക്കെ നടക്കുമെന്ന് ഇപ്പോള്‍ പറയുക വയ്യ. നമ്മള്‍ ഇന്ന് കാണുന്ന പോലെ അന്ന് സ്കൂളുകളും കോളെജുകളും ഉണ്ടാവുമോ എന്ന് പോലും പറയാന്‍ പറ്റില്ല. വിവര സാങ്കേതിക വിദ്യയും അതിന്റെ രീതികളും അത്രമേല്‍ വേഗത്തിലാണ് വളര്‍ന്നു വികാസം പ്രാപിക്കുന്നത്. ഒരു സ്കൂളിലും പോകാതെ ഒരു നായ്ക്കുരണപ്പൊടിയും ഏല്‍ക്കാതെ കുട്ടികള്‍ ഓണ്‍ലൈനായി കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാലമാണ് വരാന്‍ പോകുന്നത്. കോത്താഴത്ത് ജീവിക്കുന്ന കുട്ടി ന്യൂയോര്‍ക്ക് ഓണ്‍ലൈന്‍ കോളേജിലെ റെഗുലര്‍ സ്റ്റുഡന്റ് ആയിരിക്കും. അപ്പോള്‍ ഇവിടെ പെന്‍ഷനെന്നല്ല, ശമ്പളം കൊടുക്കാന്‍ തന്നെ വകുപ്പും മന്ത്രിയും ഉണ്ടാവുമോ എന്ന് പറയാന്‍ പറ്റില്ല. പശു തന്നെ ചാകാന്‍ കിടക്കുമ്പോഴാണ് നാല്പതു കൊല്ലം കഴിഞ്ഞു പാല് വിറ്റു കിട്ടുന്ന കാശ് ഏതു ബാങ്കിലിടണമെന്ന കാര്യത്തെക്കുറിച്ച് മുടിഞ്ഞ സമരം നടത്തിയത്.

ഖജനാവ് മുടിക്കുന്ന പെന്‍ഷന്‍ തുകയെക്കുറിച്ച് വ്യാകുലപ്പെടുന്ന സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടു വരുക എന്നതാണത്. മനുഷ്യന്റെ ശരാശരി ആയുസ്സ് കൂടുന്നതിനനുസരിച്ച് ലോക രാജ്യങ്ങളൊക്കെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടു വരികയാണ്. നമുക്കും എന്ത് കൊണ്ട് ആ രീതി സ്വീകരിച്ചു കൂടാ?. അമ്പതും അമ്പത്തഞ്ചും വയസ്സില്‍ മിക്കവരും തട്ടിപ്പോയിരുന്ന പഴയ കാലത്തെ തോത് വെച്ചാണ് നമ്മുടെ പെന്‍ഷന്‍ പ്രായം നിജപ്പെടുത്തിയിരുന്നത്. അതുകൊണ്ട് തന്നെ അക്കാലത്ത് കൂടുതല്‍ പെന്‍ഷന്‍ കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പെന്‍ഷന്‍ പേപ്പറുകള്‍ ശരിയായി വരുന്നതിനു മുമ്പ് തന്നെ കക്ഷിയെ 'തെക്കോട്ട്‌' എടുത്തിട്ടുണ്ടാവും!. പക്ഷെ ഇപ്പോള്‍ സ്ഥിതി അതല്ല. പെന്‍ഷന്‍ പറ്റിയ ശേഷമാണ് പലരും ജിമ്മില്‍ പോയിത്തുടങ്ങുന്നത് തന്നെ!. പിന്നെയും ഒരമ്പത് കൊല്ലം ജീവിക്കാനുള്ള സെറ്റപ്പും ഗെറ്റപ്പും ഇന്ന് മിക്കവര്‍ക്കും ഉണ്ട്. അമ്പത്തഞ്ചിലും ആളുകള്‍ യുവാക്കളാണ്. (അറുപത്തൊന്നു കഴിഞ്ഞ മമ്മൂട്ടിയാണ് പത്തു നൂറു പേരെ അടിച്ചു പത്തിരിയാക്കുന്നത്. ബഷീറിന്റെ നോവല്‍ സിനിമയാക്കുമ്പോള്‍ ' ബാല്യകാല സഖാ'വായി എത്തുന്നതും മമ്മൂട്ടി തന്നെ!)

സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം നാല്പതും അമ്പതും കൊല്ലം പെന്‍ഷന്‍ കൊടുത്ത് കൊണ്ടിരിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. പെന്‍ഷന്‍ ലാഭിക്കാന്‍ വേണ്ടി എല്ലാവരും പെട്ടെന്ന് 'തെക്കോട്ട്‌ പോകൂ' എന്ന് പറയുന്നത് ശരിയല്ല. മറിച്ച് നിലവിലെ വ്യവസ്ഥകളില്‍ മാറ്റമുണ്ടാക്കുകയാണ് ആവശ്യം. പെന്‍ഷന്‍ പ്രായം ഏറ്റവും ചുരുങ്ങിയത് 65 എങ്കിലും ആക്കേണ്ടിയിരിക്കുന്നു!..( ഞാനിതു വളരെ മുമ്പേ പറഞ്ഞതാണ്). അമേരിക്ക, പോളണ്ട്, നോര്‍വേ, ഇസ്രാഈല്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 67 ആണ് എന്നോര്‍ക്കുക. യു കെയില്‍ അറുപത്തിയെട്ടാക്കാനുള്ള പടിപടിയായ ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നമുക്ക് ഇതല്പ്പം ഓവറാണ് എന്ന് തോന്നുന്നുവെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷം കുറക്കുന്നത് കൊണ്ട് എനിക്ക് വിരോധവുമില്ല:).

തോറ്റോടേണ്ടി വന്ന സമരക്കാരോട് ഒരു വാക്ക് കൂടി പറയട്ടെ. ഇനിയെങ്കിലും സമര രംഗത്ത് ഇറങ്ങുന്നതിനു മുമ്പ് നാല് വട്ടം ആലോചിക്കുക. നിങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. പൊതു ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്നവരാണ്. മരിക്കുവോളം പെന്‍ഷന്‍ വാങ്ങാന്‍ ഇരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വിവരംകെട്ട ഏതെങ്കിലും രാഷ്ട്രീയ  നേതാക്കളോടല്ല, പൊതുജനത്തോടാണ് നിങ്ങള്‍ക്ക് കടപ്പാട് വേണ്ടത്. അവരുടെ നികുതിപ്പണമാണ് നിങ്ങളുടെ ചോറ്. അത് മറക്കാതിരുന്നാല്‍ ഇത്തരം സമരാഭാസങ്ങള്‍ നടത്തി സ്വയം നാറാതിരിക്കാന്‍ കഴിഞ്ഞേക്കും. 

Related Posts
പെന്‍ഷന്‍ പ്രായം 65 ആക്കണം !!
മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്

Recent Posts
ബോംബേയ്..ബോംബ്‌!!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!