മഅ്ദനിക്ക് മനുഷ്യാവകാശമുണ്ടോ? ഉണ്ടോ?

ഡിസംബര്‍ പത്ത് ലോക മനുഷ്യാവകാശ ദിനമാണ്. ഭൂമിയില്‍ പിറന്നു വീണ ഓരോ മനുഷ്യനും അവകാശപ്പെട്ട അടിസ്ഥാന നീതിയുടെ ഓര്‍മപ്പെടുത്തലായി അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ലോകം ഈ ദിനം ആചരിച്ചുവരുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ദിനാചരണം. ലോകത്തിന്റെ വിവിധ കോണുകളില്‍ ദുരന്ത പൂര്‍ണമായ ജീവിതാവസ്ഥകളിലൂടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെട്ടു യാതന അനുഭവിക്കുന്ന ഒരാളെയും അബദ്ധത്തില്‍ പോലും ഓര്‍ത്തുപോകാതിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ദിനം ഒരശുഭ ദിനമാണ്. ചില കാര്യങ്ങള്‍ തുടരെത്തുടരെ ഓര്‍ക്കാനും മറ്റു ചിലവ മറവിയുടെ മരവിച്ച കോണിലേക്ക് തള്ളിയിടാനും പൊതുസമൂഹം ശ്രമിക്കാറുണ്ട്. അങ്ങനെ തള്ളിയിടപ്പെട്ട മറവിയുടെ ഓരോരത്ത് ഒരു മനുഷ്യനുണ്ട്. അബ്ദുല്‍ നാസര്‍ മഅ്ദനി. ലോക മനുഷ്യാവകാശ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ഉയരുന്ന അതിദീനമായ കരച്ചില്‍ മഅ്ദനിയുടെതായിരിക്കും. വര്‍ഷങ്ങളായി തടവറയില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന നീതിനിഷേധത്തിന്റെ ഹൃദയഭേദകമായ കരച്ചില്‍.

ഇന്ത്യയിലെ നൂറ്റിയിരുപത്തിനാല് കോടി മനുഷ്യര്‍ക്ക്‌ ഒരു ഭരണഘടനയാണുള്ളത്. ഒരു പീനല്‍ കോഡും. മഅ്ദനിക്ക് മാത്രമായി ഒരു പീനല്‍ കോഡുള്ളതായി അറിയില്ല. അദ്ദേഹത്തിനു മാത്രമായി ഒരു ഇന്റലിജന്‍സ് നടപടിക്രമം ഉള്ളതായും കേട്ടിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏതു പൌരനും അവകാശപ്പെട്ട മനുഷ്യാവകാശങ്ങള്‍ അദ്ദേഹത്തിനു മാത്രമായി നിഷേധിക്കപ്പെടുന്നത്. കോയമ്പത്തൂര്‍ ബോംബു സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി 1998 മാര്‍ച്ച്‌ 31 മുതല്‍ 2008 മെയ്‌ 12 വരെ വിചാരണത്തടവുകാരനായി മഅ്ദനിക്ക് ജയിലില്‍ കഴിയേണ്ടി വന്നു.  ജയിലഴികള്‍ക്കുള്ളില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഒരു പതിറ്റാണ്ട് എന്ന് പറയാന്‍ എളുപ്പമുണ്ട്. ട്രെയിനും ബസ്സും വരുന്നതിനു വേണ്ടി പത്തു മിനുട്ട് കാത്തുനില്‍ക്കുമ്പോള്‍ നാം അനുഭവിക്കാറുള്ള അസ്വസ്ഥതകള്‍ മനസ്സിലോര്‍ക്കുക. ഒരു വിധി വരുന്നതിനു വേണ്ടി നീണ്ട പത്തുവര്‍ഷങ്ങള്‍ ഇരുമ്പഴികള്‍ക്കുള്ളില്‍ ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് കാത്തിരിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ മാനസികനിലയോര്‍ക്കുക. നമ്മുടെ നീതിവ്യവസ്ഥയുടെ മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമുയര്‍ത്തിയാണ് മഅദനി ജയിലിനു പുറത്തേക്ക് വന്നത്.

ജയില്‍ വാസത്തിന്റെ രണ്ടാം പര്‍വ്വത്തിലാണ് അദ്ദേഹം  ഇപ്പോഴുള്ളത്. ഒരു പതിറ്റാണ്ടിന്റെ ജയില്‍ വാസം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ സ്വീകരിക്കാന്‍ പോയ ആഭ്യന്തര മന്ത്രി തന്നെയാണ് രണ്ടാമത്തെ ജയില്‍വാസത്തിനു മഅ്ദനിയെ പിടിച്ചു കൊടുത്തയച്ചത്‌. 2010 ഓഗസ്റ്റ്‌ പതിനേഴിന് കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളുടെയും ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു  കൊണ്ട് പോയത്. ചോദ്യം ചെയ്തു തിരിച്ചയക്കുമെന്നതായിരുന്നു അന്ന് പ്രചരിക്കപ്പെട്ടിരുന്നത്. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലേക്കുള്ള ആ യാത്ര  ഇപ്പോള്‍ രണ്ടര വര്‍ഷത്തോടടുക്കുകയാണ്. വിചാരണപ്രഹസനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!!.


വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നു എന്നത് മാത്രമല്ല, കര്‍ശന ഉപാധികള്‍ക്ക് വിധേയമായ ജാമ്യാപേക്ഷകള്‍ പോലും നിരന്തരം തള്ളപ്പെടുന്നു.  മരുന്നും ചികിത്സയും ലഭിക്കാതെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുന്നു. പ്രമേഹം തളര്‍ത്തുന്ന ശരീരത്തിന് ചലന ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതീവ ഗുരുതരമായ രോഗങ്ങളെ അഭിമുഖീകരിക്കുമ്പോഴും വിദഗ്ദ ചികിത്സകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തപ്പെടുന്നു. പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ പെരുമഴയാണ് അദ്ദേഹത്തെ പൊതിഞ്ഞു നില്‍ക്കുന്നത്. മഅ്ദനിക്ക് മാത്രം എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ഡോ. സെബാസ്റ്റ്യന്‍ പോളിനൊപ്പം കഴിഞ്ഞ ദിവസം പരപ്പന ജയില്‍ സന്ദര്‍ശിച്ച ഒരു യുവജന സംഘടന നേതാവ് ഫേസ്ബുക്കില്‍ എഴുതിയത് മൂന്നു ദിവസമായി മഅ്ദനിയുടെ മൂക്കില്‍ നിന്ന് രക്തവും പഴുപ്പും പുറത്തു വരുന്നു എന്നാണ്. പാരസെറ്റമോള്‍ ഗുളിക മാത്രമാണ് പ്രതിവിധിയായി അദ്ദേഹം കഴിച്ചു കൊണ്ടിരിക്കുന്നതത്രേ!!!.

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്ന് തെളിയുന്ന പക്ഷം ഇന്ത്യന്‍ നിയമ വ്യവസ്ഥ അനുശാസിക്കുന്ന ഏറ്റവും ശക്തമായ ശിക്ഷ തന്നെ നല്‍കണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ കുറ്റം തെളിയിക്കപ്പെടുന്നത് വരെ അദ്ദേഹം ഒരു കുറ്റവാളിയല്ല, സംശയത്തിന്റെ നിഴലില്‍ കഴിയുന്ന ഒരു വിചാരണത്തടവുകാരന്‍ മാത്രം. ഇന്ത്യയിലെ മറ്റു വിചാരണത്തടവുകാര്‍ക്ക് ലഭിക്കുന്ന മനുഷ്യാവകാശങ്ങള്‍ മഅ്ദനിക്കും ലഭിക്കേണ്ടതുണ്ട്. ജാമ്യം നല്കാതിരിക്കാനും മതിയായ ചികിത്സ നിഷേധിക്കുവാനും ദുരിതപൂര്‍ണമായ ജയില്‍ സാഹചര്യങ്ങളില്‍ പീഡിപ്പിക്കുവാനും ഏത് പീനല്‍ കോഡാണ് അനുശാസിക്കുന്നത്?.

മഅ്ദനിയുടെ പഴയ കാല പ്രസംഗങ്ങളോടും  നയനിലപാടുകളോടും  ഒട്ടും യോജിപ്പുള്ള ആളല്ല ഈ ലേഖകന്‍.  കേരളീയ മുസ്ലിം സമൂഹത്തില്‍ വര്‍ഗീയ വാദത്തിന്റെ ഏറ്റവും അപകടകരമായ വിഷവിത്തുക്കള്‍ വിതക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖന്‍ മഅ്ദനി തന്നെയാണ്. മതേതര സമൂഹത്തിന്റെ സമ്യക്കായ നിലനില്പിന് ആഴത്തില്‍ മുറിവേല്പിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രചാരണങ്ങള്‍ക്ക് അക്കാലത്ത് കഴിഞ്ഞിട്ടുണ്ട് എന്നതും ശരി തന്നെ. തീവ്രവാദ പ്രവര്‍ത്തങ്ങളുടെ പാതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മഅ്ദനിയുടെ ദുരവസ്ഥയില്‍ നിന്ന് പാഠങ്ങള്‍ ഏറെ പഠിക്കാനുണ്ട് താനും. എന്നാല്‍ മഅ്ദനിയുടെ പ്രസംഗങ്ങളേക്കാള്‍ വിഷലിപ്തമായ പ്രസംഗങ്ങളും പ്രചാരണങ്ങളും നടത്തിയ തൊഗാഡിയമാര്‍ക്കും താക്കറെമാര്‍ക്കും ബാധകമല്ലാത്ത ഒരു നിയമം മഅ്ദനിക്ക് മേല്‍ മാത്രം ചുമത്തപ്പെടുന്നതില്‍ നീതികേടുണ്ട്‌.

വര്‍ത്തമാനം 04 Dec 2012

ഷാഹിനയുടെ അനുഭവം പേടിച്ച്  മാധ്യമ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ശബ്ദിക്കാന്‍ മടിക്കുന്നു. മഅ്ദനിക്കെതിരെ സാക്ഷി പറഞ്ഞ രണ്ടു പേരെ അഭിമുഖം നടത്തി തെഹല്‍കയില്‍ എഴുതിയ ലേഖനത്തിലൂടെ സത്യാവസ്ഥ  പുറത്തു പറഞ്ഞ ഷാഹിന ഇന്ന് കര്‍ണാടക പോലീസ് ചുമത്തിയ വ്യാജ കേസില്‍ പെട്ട് കോടതികള്‍ കയറിയിറങ്ങുകയാണ്. അതുകൊണ്ട് തന്നെ 'സുരക്ഷിത' മേഖലകളില്‍ എക്സ്ക്ലൂസീവ് സ്റ്റോറികളുണ്ടാക്കി റിസ്ക്കെടുക്കാതെ നടക്കുവാനാണ് മാധ്യമ പുലികള്‍ക്ക് താത്പര്യം. ഷാഹിന ചെയ്ത അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നു. കോടതികളാകട്ടെ തെളിവുകള്‍ക്കും നിയമങ്ങള്‍ക്കുമപ്പുറം മാധ്യമങ്ങളിലെയും തെരുവുകളിലെയും ആരവങ്ങള്‍ക്ക് ചെവി കൊടുക്കുന്നു!! കണ്ണേ, മടങ്ങുക !!

ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കൂടുതല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ശബ്ദിക്കേണ്ടിയിരിക്കുന്നു. മഅ്ദനിക്കും മനുഷ്യാവകാശമുണ്ടെന്ന് ചുരുങ്ങിയ പക്ഷം ഈ വരുന്ന മനുഷ്യാവകാശ ദിനത്തിലെങ്കിലും അവര്‍ വിളിച്ചു പറയേണ്ടിയിരിക്കുന്നു. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും അവശേഷിക്കുന്നുവെങ്കില്‍ അവര്‍ ആ ശബ്ദങ്ങള്‍ക്ക്‌ പിന്തുണ കൊടുക്കേണ്ടിയിരിക്കുന്നു.  ദേശീയ മാധ്യമങ്ങളിലും കര്‍ണാടകയിലെ പ്രാദേശിക മാധ്യമങ്ങളിലും അത്തരം ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നതിനു  ഇനിയും അമാന്തം നേരിടുന്ന പക്ഷം കര്‍ണാടക ജയിലില്‍ നിന്ന് നാം കേള്‍ക്കേണ്ടി വരിക ഒരു മരണ വാര്‍ത്തയാണ്.

Related Posts
ഷാഹിന തീവ്രവാദി തന്നെ!!!
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ 
ഷാഹിന: വാര്‍ത്തയെ കൊല്ലുന്ന വിധം
കൈ വെട്ടിയവരോട് രണ്ട് വാക്ക്