ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂടണം

റേറ്റിംഗ് കൂട്ടുന്നതിനു മാധ്യമങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ അവകാശമുണ്ട്‌?. ജസിന്ത സല്‍ദാനയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന ഒരു വലിയ ചോദ്യമിതാണ്. കര്‍ണാടക ഉഡുപ്പി  സ്വദേശിനിയായ ജസിന്തയുടെ മരണത്തെക്കുറിച്ച വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. പക്ഷെ അവരുടെ മരണത്തിലേക്ക് നയിച്ച മാധ്യമ നാടകം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ രീതികള്‍ കൂടി ചോദ്യം ചെയ്യപ്പെടുമോ എന്ന് ഭയന്നാണോ എന്നറിയില്ല കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിക്കാതെ പോയ ഒരു വാര്‍ത്തയാണിത്. എന്നാല്‍ വിദേശ മാധ്യമങ്ങളില്‍ ചൂട് പിടിച്ച വിവാദങ്ങള്‍ ഈ മരണവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്. റേറ്റിംഗ് കൂട്ടാന്‍ വേണ്ടി രണ്ടു റേഡിയോ ജോക്കികള്‍ (മാധ്യമ ജോക്കര്‍മാര്‍ എന്നും വിളിക്കാം) നടത്തിയ തമാശ നാടകമാണ് രണ്ടു കുട്ടികളുടെ അമ്മയായ ജസിന്തയുടെ മരണത്തിലേക്ക് നയിച്ചത്. വാര്‍ത്തകള്‍ ശേഖരിക്കുമ്പോഴും അത് പുറത്തു വിടുമ്പോഴും മാധ്യമങ്ങള്‍ പാലിക്കേണ്ട സാമാന്യ മര്യാദകളെക്കുറിച്ച ഗഹനമായ ഒരു വിചാരം ഈ മരണം ആവശ്യപ്പെടുന്നുണ്ട്.

സെലിബ്രിറ്റികളുടെ ഗര്‍ഭമാണ് മാധ്യമങ്ങളിലെ ഹോട്ട് പ്രോപര്‍ട്ടി.  അത് ബ്രിട്ടീഷ് രാജകുമാരിയുടെതാവുമ്പോള്‍ ഡബിള്‍ ഹോട്ടാവും.  സെലിബ്രിറ്റികളുടെ ഗര്‍ഭം നാല് ക്യാമറ വെച്ചു ചിത്രീകരിച്ചു കാശുണ്ടാക്കാനാണ് നമ്മള്‍ നോക്കുന്നത്. പക്ഷെ ബ്രിട്ടീഷ് രാജകുമാരിയുടെ ഗര്‍ഭം പോയിട്ട് കൊട്ടാരത്തിലെ പട്ടിയുടെ ഗര്‍ഭം പോലും മാധ്യമങ്ങള്‍ക്ക് ചിത്രീകരിക്കാന്‍ കിട്ടില്ല. ഗര്‍ഭത്തിന്റെ വാര്‍ത്തകള്‍ കൊണ്ട് വേണം അവര്‍ക്ക് ജീവിച്ചു പോകാന്‍. കെയ്റ്റ് രാജകുമാരിയുടെ വയറു വേദനയുടെയും ഛര്‍ദ്ദിയുടെയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് പാപ്പരാസി മാധ്യമങ്ങള്‍ എത്തിയത് ലണ്ടനിലെ  കിംഗ്‌ എഡ്വാര്‍ഡ് ആശുപത്രിയിലെ നഴ്സായ പാവം ജസിന്തയുടെ അടുത്താണ്.

രാജകുമാരിയുടെ ഗര്‍ഭ വാര്‍ത്ത  പുറത്തുവന്നതിന്റെ പിറ്റേ ദിവസമാണത്. അതിരാവിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഇല്ലാത്തതിനാല്‍ ജസിന്തക്ക് കോള്‍ അറ്റന്‍ഡ് ചെയ്യേണ്ടി വന്നു. എലിസബത്ത്‌ രാജ്ഞിയാണെന്ന് പറഞ്ഞാണ് ഓസ്ട്രേലിയന്‍ 2Day എഫ് എം റേഡിയോയില്‍ നിന്നുള്ള മെല്‍ ഗ്രീഗ് വിളിക്കുന്നത്‌. കൂടെ ചാള്‍സ് രാജകുമാരനായി മൈക്കള്‍ ക്രിസ്റ്റ്യനും. കെയ്റ്റിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കാന്‍ രാജ്ഞി  നേരിട്ട് വിളിച്ചപ്പോള്‍ ജസിന്ത ടെലിഫോണ്‍ തന്റെ സഹപ്രവര്‍ത്തകക്ക് കൈമാറി.  'പേടിക്കാനൊന്നുമില്ല മഹാറാണീ, ഇത് മറ്റേ ഛര്‍ദ്ദിയും അതുമായി ബന്ധപ്പെട്ട ഏനക്കേടുകളുമാണ്'. കെയ്റ്റിന്റെ പരിശോധനയുടെയും ചികിത്സയുടെയും വ്യക്തമായ വിവരങ്ങള്‍ അവള്‍ മണിമണി പോലെ പറഞ്ഞു. ഇടയ്ക്കു കയറി 'ചാള്‍സ് രാജകുമാരനും' ലേറ്റസ്റ്റ് അപ്ഡേറ്റുകള്‍ ചോദിച്ചു. കുഞ്ഞിന്‍റെ അപ്പപ്പനല്ലേ ചോദിക്കുന്നത്. എന്തോന്ന് മറച്ചു വെക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ രാജകുമാരിയുടെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ കിട്ടിയ സന്തോഷത്താല്‍ എഫ് എം റേഡിയോ ടെലിഫോണ്‍ സംഭാഷണം ലൈവായി പുറത്തു വിട്ടു!!.

ഇവര്‍ ജോക്കികള്‍ - മെല്‍ ഗ്രീഗും മൈക്കള്‍ ക്രിസ്റ്റ്യനും

ദുരന്തം ആരംഭിക്കുന്നത് അവിടെയാണ്. മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി. പക്ഷെ ആ പാവംപിടിച്ച ആശുപത്രി ജീവനക്കാരിയുടെ മാനസിക നിലയും അവളുടെ വിഭ്രാന്തികളും ആരും ഓര്‍ത്തില്ല. ഇത്തരമൊരു വാര്‍ത്തയുടെ സമ്മര്‍ദ്ദം അവളുടെ ജീവിതത്തെ എങ്ങിനെ ദുരന്തപൂര്‍ണമാക്കുമെന്നു ഒരു നിമിഷം ഓര്‍ത്തിരുന്നുവെങ്കില്‍ ആ ടെലിഫോണ്‍ സംഭാഷണം ഇല്ലാതെ തന്നെ എഫ് എം സ്റ്റേഷന് അതൊരു വാര്‍ത്ത‍യാക്കാമായിരുന്നു. ഉറവിടം വെളിപ്പെടുത്താത്ത ആയിരക്കണക്കിന് വാര്‍ത്തകള്‍ ദിവസവും പുറത്തു വരുന്നുണ്ട്. അത്തരമൊരു വാര്‍ത്തയാക്കി അതിനെ മാറ്റുകയായിരുന്നു മാധ്യമ നൈതികതയുടെ തരിമ്പെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷെ അതുണ്ടായില്ല. വാര്‍ത്തകളുടെ ലോകം ഇതാണ്. അവിടെ ധര്‍മവും നൈതികതയുമില്ല. ആര് മുന്നിലെത്തുന്നു എന്നത് മാത്രമാണ് അവിടത്തെ നൈതികത.

ഈ ടെലിഫോണ്‍ നാടകം ഒരു തൂങ്ങി മരണത്തില്‍ കലാശിക്കുമെന്ന് ഓസ്ട്രേലിയന്‍ റേഡിയോയിലെ അവതാരകര്‍ കരുതിയിരിക്കില്ല എന്നത് നേരാണ്. അവരെ രണ്ടു പേരെ മാത്രമായി കുറ്റപ്പെടുത്തേണ്ട ഒരു വിഷയവുമല്ലിത്. ടെലിഫോണ്‍ സംഭാഷണം പുറത്തു വിട്ടപ്പോള്‍ ജസിന്ത അനുഭവിച്ച മാനസിക വിഭ്രാന്തി തന്നെയാണ് ഇപ്പോളവരും അനുഭവിക്കുന്നത്.  ഈ മരണം ജസിന്തയുടെ കുടുംബത്തെയെന്ന പോലെ  ആ രണ്ടു അവതാരകരുടെയും ജീവിതത്തെത്തന്നെ മാറ്റിമറിക്കും എന്നതും ഉറപ്പാണ്.

ജോക്കികള്‍ കുമ്പസരിക്കുന്നത് കാണുക.

ഇത്തരമൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല എന്നാണു പൊട്ടിക്കരഞ്ഞു കൊണ്ട് മെല്‍ ഗ്രീഗും മൈക്കല്‍ ക്രിസ്റ്റ്യനും പറഞ്ഞത്. സത്യമായിരിക്കാം. മാധ്യമ രംഗത്ത്‌ നിലവിലുള്ള രീതികള്‍ തന്നെയാണ് അവരും പരീക്ഷിച്ചത്. ഇത്തരം വ്യാജ കോളുകളും വാര്‍ത്ത ചോര്‍ത്തലുകളുമൊക്കെ പതിവ് സംഭവങ്ങളാണ്. മലയാള ടി വി കളിലും ഇത്തരം ആള്‍മാറാട്ട വിളികളുടെ പ്രോഗ്രാമുകള്‍ ഉണ്ട്. ഫോണ്‍കോളുകള്‍ കൊണ്ടുള്ള റേറ്റിംഗ് കളികളും അവര്‍ക്ക് അപരിചതമല്ല. ബക്കിംഗ് ഹാം കൊട്ടാരത്തിലേക്ക് എത്താന്‍ മാത്രമുള്ള വകുപ്പുകള്‍ അവരുടെ കയ്യില്‍ ഇല്ല എന്നേയുള്ളൂ. അതുകൊണ്ട് തന്നെ റേഡിയോ ജോക്കികളായ ഈ രണ്ടു പേരെ മാത്രം 'തൂക്കിലേറ്റു'ന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ ജസിന്തയുടെ മരണം വാര്‍ത്തകള്‍ ശേഖരിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളെക്കുറിച്ച ഒരു പുനര്‍വിചിന്തനത്തിന് മാധ്യമങ്ങളെ പ്രേരിപ്പിച്ചേ തീരൂ.

ഈ മരണത്തെത്തുടര്‍ന്ന് 2Day എഫ് എം സ്റ്റേഷനും അതുള്‍ക്കൊള്ളുന്ന മാധ്യമ ഗ്രൂപ്പും  അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം വ്യാജഫോണ്‍ കോളുകള്‍ കൊണ്ടുള്ള ഒരു പരിപാടിയും  ഇനി മേലാല്‍ തങ്ങള്‍ പ്രക്ഷേപണം ചെയ്യില്ല എന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അവരുടെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. മാത്രമല്ല ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്ത ദിവസം മുതല്‍ വര്‍ഷാന്ത്യം വരെയുള്ള അവരുടെ വരുമാനം ജസീന്തയുടെ കുടുംബത്തിന് നല്‍കുമെന്നും പ്രഖ്യാപിച്ചു. മിനിമം അഞ്ചു ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ നല്‍കുമെന്നാണ് അവര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അത്രയും നല്ലത്. 

വര്‍ത്തമാനം Dec 13, 2012


മലയാളം ന്യൂസ് Dec 13, 2012

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം ജസിന്തയുടെ മരണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനാണിരിക്കുന്നത്. ഒരാത്മഹത്യയിലേക്ക് നയിക്കുമാറ്‌ അവരുടെ മേല്‍ ആരൊക്കെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട് എന്നതും അറിയേണ്ടതുണ്ട്. ഈ  നാല്പത്തിയാറുകാരി എഴുതിവെച്ചു എന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും പുറത്തു വരണം. ആശുപത്രി അധികൃതരില്‍ നിന്നും ജസിന്തയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ടെലിഫോണ്‍ സംഭാഷണം പുറത്തു വന്ന ശേഷം ബക്കിംഗ് ഹാം കൊട്ടാരത്തില്‍ നിന്ന് പ്രത്യേക നിയമ നടപടികളൊന്നും എടുത്തിരുന്നില്ല എന്നാണ്  പറയപ്പെടുന്നത്‌. അവരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ പതിവുകാര്യങ്ങളാണ്.  ഡയാന രാജകുമാരി ജീവിച്ചിരുന്ന കാലത്തെ ചൂടന്‍ സംഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതൊക്കെ ചീള് കേസുകള്‍.. മാധ്യമ പാപ്പരാസികളുടെ നിരന്തരമായ വേട്ടയാടലിന്റെ രക്തസാക്ഷിയായിരുന്നു ഡയാന. അവരുടെ ദാരുണ മരണത്തില്‍ കലാശിച്ച കാറപകടത്തിന്റെ പ്രധാന കാരണക്കാര്‍ തന്നെ ഗോസിപ്പുകള്‍ക്ക് പിറകെ പേപ്പട്ടികളെപ്പോലെ ഓടിയ പാപ്പരാസികളായിരുന്നു.

ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രാഥമിക ധര്‍മം. ഉള്ള വാര്‍ത്തകളെ പ്രകാശിപ്പിക്കുക എന്നതിനപ്പുറം ഇല്ലാത്ത വാര്‍ത്തകളെ 'സൃഷ്ടിച്ചെടുക്കേണ്ട' ഉത്തരവാദിത്വം അവര്‍ക്കില്ല. റേറ്റിംഗ് ചാര്‍ട്ടുകളിലും റീഡര്‍ഷിപ്പ് സര്‍വേകളിലും മുന്നിലെത്തുന്നതിനു വേണ്ടി എന്തും ചെയ്യുക എന്ന നിലവാരത്തിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ എത്തുമ്പോഴാണ് എലിസബത്ത് രാജ്ഞിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തേണ്ടി വരുന്നത്. ജസിന്തയുടെ മരണം ഒരൊറ്റപ്പെട്ട ആത്മഹത്യയല്ല, മരിച്ചുകൊണ്ടിരിക്കുന്ന മാധ്യമ നൈതികതയെക്കുറിച്ച് വ്യാകുലപ്പെടേണ്ട ചോദ്യങ്ങളുയര്‍ത്തുന്ന ഒരു സാംസ്കാരിക വിഷയമാണ്.

Related Posts
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
റിപ്പോര്‍ട്ടര്‍ ടി വിയുടെ ചെറ്റത്തരം
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ? 
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!