ന്യൂസ് വീക്ക് വാര്‍ത്തകളുടെ ലോകത്തെ രാജാവായിരുന്നു. ടൈം മാഗസിന് തൊട്ടു പിറകെയായിരുന്നു അവരുടെ സ്ഥാനം. നാല്പത് ലക്ഷത്തിലധികം കോപ്പികളാണ് ഒരു കാലത്ത് ഈ വാരികയ്ക്കുണ്ടായിരുന്നത്. ഇലക്ട്രോണിക് മീഡിയയുടെ കടന്നു കയറ്റത്തോടെ വായനക്കാരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു! ഇപ്പോള്‍ സര്‍ക്കുലേഷന്‍ നേര്‍പകുതിയിലും താഴെയായി. പുതുതലമുറയുടെ വായന പൂര്‍ണമായും ഇലക്ട്രോണിക്-വത്കരിക്കപ്പെട്ടതോടെ പ്രിന്റ് എഡിഷനിലേക്ക് അവര്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയും അസ്തമിച്ചു. പതിറ്റാണ്ടുകളായുള്ള വായനക്കാരെ ഞെട്ടിച്ചുകൊണ്ട് ന്യൂസ് വീക്കിന്റെ മരണമണി മുഴങ്ങുന്നത് അങ്ങനെയാണ്.
പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞതാണ് പ്രിന്റ് എഡിഷന്റെ അടച്ചു പൂട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 2007 മുതല്‍ 2009 വരെ വരുമാനത്തില്‍ മുപ്പത്തെട്ട് ശതമാനത്തിന്റെ കുറവുണ്ടായി. രണ്ടായിരത്തിപ്പത്ത് ഓഗസ്റ്റില്‍ മാഗസിന്റെ ഉടമയായ വാഷിങ്ങ്ടന് പോസ്റ്റ് കമ്പനി അമേരിക്കന്‍ വ്യവസായിയായ സിഡ്നി ഹാര്‍മന്‍ ന്യൂസ് വീക്ക് വിറ്റു. വില കേട്ടാല്‍ ഞെട്ടരുത്. ഒരു അമേരിക്കന്‍ ഡോളര്‍!!. മാഗസിനുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കാമെന്ന ധാരണയിലാണ് ഒരു ഡോളറിന്റെ ഈ ഡീല്‍ നടക്കുന്നത്. 2010 നവംബറില്‍ The Daily Beast എന്ന ന്യൂസ് വെബ്സൈറ്റുമായി ലയിച്ച് Newsweek Daily Beast Company രൂപം കൊണ്ടു. ചിലവുകള്‍ വെട്ടിച്ചുരുക്കി. തൊഴിലാളികളുടെ എണ്ണം കുറച്ചു. എന്നിട്ടും പിടിച്ചു നില്ക്കാനായില്ല. ഈ വര്‍ഷം ഒക്ടോബര്‍ പതിനെട്ടിനാണ് പ്രിന്റ് എഡിഷന് നിര്‍ത്തുന്നതായി ചീഫ് എഡിറ്റര്‍ ടിന ബ്രൌണ്‍ പ്രഖ്യാപിക്കുന്നത്. പക്ഷെ ന്യൂസ് വീക്ക് പൂര്‍ണമായി പൂട്ടുന്നു എന്ന് ഇതിനു അര്‍ത്ഥമില്ല. ഡിജിറ്റല്‍ എഡിഷന് തുടരും. ഇരുപത്തിയഞ്ച് ഡോളര്‍ വാര്‍ഷിക വരിസംഖ്യയടച്ചാല്‍ വെബ് എഡിഷന് മുടങ്ങാതെ വായിക്കാം.
പരസ്യക്കാര് ഉള്ളിലത്തോളം കാലം പത്രങ്ങളുടെ പ്രിന്റ് എഡിഷന് നിലനില്ക്കും. പടിഞ്ഞാറന്‍ നാടുകളിലേതു പോലെ അവര്‍ ഡിജിറ്റല്‍ ലോകത്തേക്ക് പോകാന്‍ തുടങ്ങിയാല്‍ നമ്മുടെ നാട്ടില്‍ ആദ്യം പൂട്ടുന്ന പത്രം മനോരമയായിരിക്കും. അവസാനം പൂട്ടുക ദേശാഭിമാനിയും ചന്ദ്രികയും! അതിന്റെ ലോജിക് വളരെ സിമ്പിളാണ്. മനോരമക്ക് പരസ്യമില്ലാതെ ഒരൊറ്റ ദിവസം പിടിച്ചു നില്ക്കാന് പറ്റില്ല. ദേശാഭിമാനിയെ സഖാക്കള്‍ പാട്ടപ്പിരിവ് നടത്തി മുന്നോട്ടു കൊണ്ട് പോകും. ചന്ദ്രികയുടെ കാര്യം കുഞ്ഞാലിക്കുട്ടിയും ലീഗുകാരും നോക്കും. എന്തിനധികം കാന്തപുരം ഉസ്താദിന്റെ സിറാജ് പത്രം വരെ പിടിച്ചു നില്ക്കും. ഗള്‍ഫില്‍ നിന്നുള്ള പിരിവ് നിന്നാലും തിരുകേശം വിറ്റിട്ടെങ്കിലും അവര്‍ കുറച്ചു കോപ്പികള്‍ ഇറക്കും. പക്ഷേ മനോരമയുടെ കാര്യം അതല്ല, അവര്‍ക്ക് വേണ്ടി പിരിവു നടത്താന്‍ മാര്‍പാപ്പ പറഞ്ഞാല്‍ പോലും ഒരാളെ കിട്ടില്ല!!.
എന്തുകൊണ്ടാണ് പരസ്യക്കാര് പ്രിന്റ് മീഡിയകളെ ഉപേക്ഷിച്ചു തുടങ്ങുന്നത്?, ചുരുങ്ങിയ പക്ഷം യൂറോപ്യന്‍ നാടുകളിലെങ്കിലും. അതിന്റെ ഗുട്ടന്‍സും വളരെ സിമ്പിളാണ്. ലോക ജനസംഖ്യയില്‍ പകുതിയിലധികവും മുപ്പതു വയസ്സിനു താഴെയുള്ളവരാണ്. ഏതൊരു മാര്‍ക്കറ്റിന്റെയും പ്രധാന ടാര്‍ഗറ്റ് അവരാണ്. അവരാണ് പുതിയ ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും ഉപഭോക്താക്കള്‍. അവരിലെക്കേത്തുവാന്‍ എന്തുണ്ട് വഴി എന്നതാണ് പരസ്യവിപണിയുടെ പ്രധാന നോട്ടം. രാവിലെ എഴുന്നേറ്റ് പത്രം വായിക്കുന്ന കൗമാരപ്രായക്കാരെ ഇന്നത്തെക്കാലത്ത് കണ്ടുകിട്ടണമെങ്കില്‍ വല്ല നേര്‍ച്ച വഴിപാടും നടത്തേണ്ടി വരും. എന്നാല്‍ കണ്ണ് തിരുമ്മിയെഴുന്നേറ്റ് മൊബൈലും ടാബ്ലറ്റും ബ്രൌസ് ചെയ്യുന്ന, ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന ടീനേജ്കാരെ എവിടെയും കാണാം. അതുകൊണ്ട് തന്നെ 'ഇ' തലമുറ സജീവമായ ഇലക്ട്രോണിക് മേഖലയിലും വിഷ്വല്‍ മീഡിയകളിലുമാണ് പരസ്യക്കാരുടെ കണ്ണ്. കൊച്ചു കുട്ടികളും ടീനേജുകാരുമാണ് പരസ്യങ്ങളുടെ വലയത്തില്‍ പെട്ടെന്ന് വീഴുന്നത്. എഴുപതു വര്‍ഷമായി കോള്‍ഗേറ്റ് തേച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശന് ഒരു പരസ്യം കണ്ടത് കൊണ്ട് ക്ലോസ് അപ്പിലേക്ക് പോകില്ല. കമ്മട്ടിയെടുത്തു തലമണ്ടക്കടിച്ചാലും ഇളകാത്ത രൂപത്തില്‍ അടിയുറച്ചു പോയ അവരുടെ വിശ്വാസങ്ങളെ മാറ്റിയെടുക്കുക പ്രയാസമാണ്. പത്രം വായിക്കുന്ന പഴയ തലമുറയെ കുളത്തിലിറക്കാന്‍ കാശ് കളയുന്നത് വെറുതെയാണെന്ന് ബുദ്ധിയുള്ള പരസ്യക്കാര്ക്കൊക്കെ അറിയാം. അതുകൊണ്ട് തന്നെ പ്രിന്റ് എഡിഷനുകളില്‍ ഒരു വഴിപാടു കണക്കെ ചില പരസ്യങ്ങള്‍ നല്കുന്നു എന്ന് മാത്രം. അതിനിയെത്ര കാലം തുടരും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിലെയെന്നല്ല, ലോകമൊട്ടുക്കുമുള്ള പത്ര സ്ഥാപനങ്ങളുടെ ഭാവി.
ചുരുക്കിപ്പറഞ്ഞാല്‍ അച്ചടി മാധ്യമങ്ങളുടെ സുവര്‍ണ കാലഘട്ടം അസ്തമിക്കുകയാണ്. ലോകം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് വഴിമാറുകയാണ്. ലോകത്തെവിടെയുമുള്ള അച്ചടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ രണ്ടു ഓപ്ഷനുകളാണുള്ളത്. ഒന്നുകില്‍ കാലത്തിനനുസരിച്ച് മാറുക, അതല്ലെങ്കില്‍ പാരമ്പര്യത്തിന്റെ അവകാശവും പേറി മെല്ലെ പടിയിറങ്ങുക. മലയാളത്തിന്റെ സുപ്രഭാതങ്ങളായ മനോരമയോടും മാതൃഭൂമിയോടും മാത്രമല്ല ചെറുതും വലുതുമായ എല്ലാ പത്രസ്ഥാപനങ്ങളോടും ഒന്ന് മാത്രമേ പറയാനുള്ളൂ.. ഡിജിറ്റല്‍ കാലന് പുറപ്പെട്ടു കഴിഞ്ഞു. ദു:ഖിച്ചാല്‍ സൂക്ഷിക്കേണ്ട !!
Related Posts
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?
തിരുകേശപ്പള്ളി: വൈ ദിസ് കൊലവെറി?
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.