ചാടിച്ചാടി ഈ വേണു എവിടെയെത്തും?

വേണുവിനു ഇനി ചാടാന്‍ അധികം ചാനലുകള്‍ ബാക്കിയില്ല. ഏതാണ്ടെല്ലാ ചാനലുകളും പരീക്ഷിച്ചു കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഊഴമാണ്. അവിടെ എത്ര കാലം ഉണ്ടാവുമോ ആവോ? വേണു എവിടെപ്പോയാലും വേണ്ടില്ല നന്നായി വരട്ടെ എന്നാണു പ്രാര്‍ത്ഥന. കാരണം വാര്‍ത്താവതരണത്തെ ഒരു ലോകമഹായുദ്ധത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നവരില്‍ ഒരാള്‍ വേണുവാണ്. മുമ്പൊക്കെ വാര്‍ത്താ വായന എല്‍ കെ ജി കുട്ടികള്‍ പദ്യം ചൊല്ലുന്നത് പോലുള്ള ഒരഭ്യാസമായിരുന്നു.  അതിനൊരു മാറ്റം വന്നത് നികേഷും വേണുവുമൊക്കെ വന്നതിന് ശേഷമാണ്. വായിക്കുന്ന അവര്‍ക്കും ഹരം, കേള്‍ക്കുന്ന നമ്മള്‍ക്കും ഹരം!. (ഇടയില്‍ കിടന്ന് പിടക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മാത്രമാണ് അല്പം ഹരത്തിനു കുറവുണ്ടായിരുന്നത്). അതുകൊണ്ടൊക്കെത്തന്നെ വേണുവിനോട്‌ അല്പം ഇഷ്ടമുണ്ടെന്നു പറയാതെ വയ്യ. പക്ഷെ എവിടെയും കാലുറപ്പിക്കാതെ ഇങ്ങനെ ചാടിക്കൊണ്ടിരുന്നാല്‍ അവസാനം വേണുവിന്റെ ഗതിയെന്താകും എന്നൊരു ഫയമുള്ളത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതുന്നത്‌.
ഉണ്ടിരിക്കുമ്പോള്‍ ഉള്‍വിളി കേട്ടവരൊക്കെ കുടുങ്ങിയിട്ടുണ്ട്. ഭഗത്തിന്റെ (ഭഗത് ചന്ദ്രശേഖരന്‍) യും ഗോപി കൃഷ്ണന്റെയുമൊക്കെ സ്ഥിതി നമുക്കറിയാവുന്നതാണ്. ഇന്ത്യാവിഷനില്‍ വെള്ളിനക്ഷത്രങ്ങള്‍ പോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് രണ്ടു പേരും പുതിയ ലാവണങ്ങള്‍ തേടിപ്പോയത്. ഭഗത്ത് പോയത് കെ മുരളീധരന്റെ കൂടെയാണ്. ഗോപികൃഷ്ണന്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടെയും!. (നല്ല പുള്ളികളെയാണ് രണ്ടുപേര്‍ക്കും കിട്ടിയത്). ഇരുവരുടെയും കാര്യം ഇപ്പോള്‍ കട്ടപ്പൊകയാണ്.

ഒന്നര വര്‍ഷം മുമ്പ് ഭഗത്തിനെ ജിദ്ദയില്‍ വെച്ചു കണ്ടു. കൂടെ മുരളിയുമുണ്ടായിരുന്നു.  'ജനപ്രിയ'യുടെ കാര്യം എന്തായി. വല്ലതും നടക്കുമോ? എന്ന് ഞാന്‍ ചോദിച്ചു. 'ഓ ഉടന്‍ തുടങ്ങും.. എല്ലാം റെഡിയായിട്ടുണ്ട്' എന്നായിരുന്നു രണ്ടു പേരുടെയും മറുപടി. ഇപ്പോള്‍ ചാനലുമില്ല, മുരളിയുമില്ല. രണ്ടു മൂന്നു കൊല്ലം ലീഗ് ചാനലിന്റെ പിറകെ നടന്നപ്പോള്‍ ഗോപികൃഷ്ണന് സംഗതി മനസ്സിലായി. ജീവിതം തുലയാന്‍ പോവുകയാണ് എന്ന്. ഉടനെ നികേഷിനെ സോപ്പിട്ടു റിപ്പോര്‍ട്ടറില്‍ കയറിക്കൂടി. അതുകൊണ്ട് കഞ്ഞിക്കു മുട്ടില്ലാതെ പോകുന്നു.(പുതിയ ലാവണങ്ങള്‍ തേടിപ്പോയ  ശ്രീകണ്ഠന്‍ നായരുടേയും ജോണ്‍ ബ്രിട്ടാസിന്റെയും സ്ഥിതിയും വ്യത്യസ്തമല്ല. ചാനല്‍ മാറിയതോടെ പല്ല് പോയ പുലി പോലെയായിരിക്കുകയാണ് ഇരുവരും!!). ഇങ്ങനെ ചാടിച്ചാടിപ്പോകുന്നവര്‍ അളകനന്ദയെ കണ്ടു പഠിക്കണം. എത്ര ഓഫര്‍ വന്നതാണ്. എങ്ങോട്ടും പോയില്ല. അതുകൊണ്ട് തന്നെ ഉള്ള ചാനലില്‍ രാജകീയമായി തുടരാന്‍ കഴിയുന്നു. അതാണ്‌ അതിന്റെ ഒരു ഇത്. 

പ്രിയ വേണൂ, ഉപദേശിക്കുകയാണെന്ന് കരുതരുത്. വളരെ സൂക്ഷിച്ചു വേണം ഓരോ സ്റ്റെപ്പും എടുക്കാന്‍.  നിങ്ങളെപ്പോലൊരാള്‍ വഴിയാധാരമാകുന്നത് കാണാനുള്ള കരുത്തില്ല. ഇന്നത്തെ കാലമാണ്. ചുറ്റുപാടും പാറകളാണ് പാരകളാണ്. ബീ കെയെര്‍ഫുള്‍. ദു:ഖിച്ചാല്‍ സൂക്ഷിക്കേണ്ട എന്നാണല്ലോ!!. മാതൃഭൂമിയിലെങ്കിലും ഒരു രണ്ടു വര്‍ഷം പിടിച്ചു നില്‍ക്കണം.  ഗള്‍ഫുകാര്‍ നാട്ടിലെത്തിയാല്‍ കാണുന്നവരൊക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്നാ പോകുന്നത് എന്ന്?. ചിലവിനു കൊടുക്കേണ്ടി വരുമെന്ന് പേടിച്ചിട്ടല്ല ഈ ചോദ്യം. കുറച്ചു ദിവസം അടിപൊളിയായി നിന്നിട്ട് പെട്ടെന്നൊരു ദിവസം മുങ്ങുന്ന പ്രകൃതമാണ് അവരുടേത് എന്നറിയാവുന്നതു കൊണ്ടാണ്. താങ്കളെക്കാണുമ്പോള്‍ ചാനലിലെ സഹപ്രര്‍ത്തകര്‍ ഇങ്ങനെ ചോദിക്കുന്ന ഒരവസ്ഥയുണ്ടാക്കരുത്!

വേണൂ,  പോകുന്നത് മാതൃഭൂമിയിലേക്കാണ്. ശമ്പളക്കാര്യത്തില്‍ മനോരമയോളം വരില്ലെങ്കിലും കിട്ടുന്നത് മുടങ്ങാതെ കിട്ടും. ഇന്ത്യാവിഷന്‍കാരെപ്പോലെ പച്ച മാങ്ങ പറിച്ചു തിന്നു വിശപ്പടക്കേണ്ട ഗതികേടുണ്ടാവില്ല. എന്നിരുന്നാലും നികേഷിന്റെ കയ്യില്‍ നിന്നും കിട്ടാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ (കാശാണ് ഞാന്‍ ഉദ്ദേശിച്ചത്) അത് എത്രയും പെട്ടെന്ന് വാങ്ങണം. കാര്യം നിങ്ങള് രണ്ടാളും ഒരുമിച്ചു ജോലി ചെയ്തു തുടങ്ങിയവരാണ്. സുഹൃത്തുക്കളാണ്. എല്ലാം ശരിയാണ്. പക്ഷെ നികേഷിപ്പോള്‍ ഒരു മൊയലാളിയാണ്. ടാറ്റ, ബിര്‍ള, ഗോയങ്കെ തുടങ്ങിയവരുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ഉള്ളത്.  കിട്ടാനുള്ളത് എത്രയും പെട്ടെന്ന് വാങ്ങുന്നുവോ അത്രയും നല്ലത്.


വേണുവിന്റെ News Hour കച്ചേരിയുടെ വീഡിയോ (കാണാത്തവര്‍ക്കായി മാത്രം)

ഒരഭ്യര്‍ത്ഥന കൂടിയുണ്ട്. ആ പഴയ ഹാര്‍മോണിയം വായന പോലെയുള്ള വല്ലതും കയ്യിലുണ്ടെങ്കില്‍ അപ്‌ലോഡ്‌ ചെയ്യണേ. ഞാന്‍ താങ്കളുടെ ഒരു വലിയ ഫാന്‍ ആയി മാറിയത് ആ ക്ലിപ്പോട് കൂടിയാണ്. ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ന്യൂസ് അവര്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ള നേരം. ക്യാമറയും ലൈറ്റുമൊക്കെ ഓണ്‍ ആണ്. പക്ഷ താങ്കള്‍ തകൃതിയായി താളം പിടിക്കുന്നു. മദ്ധളം കൊട്ടുന്നു. ക്ലൈമാക്സില്‍ ലാപ്ടോപ് എടുത്തു ഹാര്‍മോണിയം വായിക്കുന്നു!!. പരീക്ഷ ഹാളിലേക്ക് കടക്കും മുമ്പ് കുട്ടികള്‍ പുസ്തകം മറിച്ചു നോക്കും പോലെ ഒരുമാതിരി വാര്‍ത്താ വായനക്കാരൊക്കെ തകൃതിയായി ഒരുക്കങ്ങള്‍ നടത്താറുള്ള സമയത്താണ് താങ്കളുടെ കൂളായ സംഗീതക്കച്ചേരി. ആളുകള്‍ പലരൂപത്തില്‍ എടുത്തെങ്കിലും നിറഞ്ഞു തുളുമ്പുന്ന ആത്മവിശാസത്തിന്റെ പ്രതീകമായിട്ടാണ്‌ ഞാന്‍ അതിനെ വിലയിരുത്തിയത്. അക്കാലത്ത് യൂടൂബില്‍ അതൊരു ഹിറ്റായിരുന്നു. (സന്തോഷ്‌ പണ്ടിറ്റൊക്കെ വരുന്നതിനു മുമ്പാണ്!!). ഒരിക്കല്‍ കൂടി പറയുന്നു. ബീ കെയെര്‍ഫുളേ.

മ്യാവൂ: ഇനിയും ചാടണമെന്നു തോന്നിയാല്‍ രണ്ടു ചാനലുകള്‍ വേറെയുണ്ട്. ഒന്ന് സുന്നികളുടെ ദര്‍ശനയും മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും!.. രണ്ടും ഒന്നിനൊന്നു മെച്ചമാകാനുള്ള സാധ്യതയുണ്ട്!. ഒരിക്കല്‍ ചാടിയാല്‍ പിന്നെ എങ്ങോട്ടും ചാടേണ്ടി വരില്ല!!!.

Related Posts
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ? 
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു