തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും

ചാനലുകള്‍ സര്‍ഫ് ചെയ്യുന്നതിനിടയിലാണ് അമൃത ടി വി യില്‍ തിലകനെ കണ്ടത്. സംവിധായകന്‍ കമലുമുണ്ട് കൂടെ. തിലകനെ എവിടെ കണ്ടാലും ഞാന്‍ റിമോട്ടൊന്ന് സ്റ്റോപ്പ്‌ ചെയ്യും. പുള്ളി എന്തെങ്കിലുമൊക്കെ പറയും. എല്ലാവരോടുമുള്ള അമര്‍ഷമാണ്‌ അദ്ദേഹത്തിന്‍റെ സംസാരങ്ങളുടെ ആകെത്തുകയെങ്കിലും കേട്ടിരിക്കാന്‍ രസമുണ്ടാകും. ആരാന്റെ മെക്കിട്ടു കയറുന്നത് കാണാനുള്ള ഒരു രസം സ്വാഭാവികമാണല്ലോ. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ നാല് തെറി പറയും അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 'അമ്മ'യെയും അതിന്റെ പ്രസിഡന്റായ ഇന്നസെന്റിനെയും രണ്ടു പുളിച്ചത്‌ പറയും. മറ്റാര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കില്‍ അവരെ ഒന്ന് കൊച്ചാക്കും. ഇതൊക്കെയായിരുന്നു എന്റെ പ്രതീക്ഷ. ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി ടി വി യിലേക്ക് കഴുത്തു നീട്ടിയിരിക്കുന്നതിനിടയിലാണ് മഹാനടന്‍ തീര്‍ത്തും ഞെട്ടലുളവാക്കിയ ഒരു പ്രസ്താവന നടത്തിയത്.

അമൃത ടി വി യില്‍ സംവിധായകന്‍ കമല്‍ അവതരിപ്പിക്കുന്ന 'സമാഗമം' ആണ് സ്ക്രീനില്‍ . Nostalgic get-together of Eminent people എന്നാണ് വ്യത്യസ്തമായ ആ ടി വി പരിപാടിക്ക് അമൃത നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പ്രതിഭാധനരായ ആളുകളുടെ ജീവിതത്തെയും അവരുടെ സുഹൃത്തുക്കളെയും അടുത്തറിയുവാനുള്ള ഒരവസരമാണ് ഈ പ്രോഗ്രാം. ഇന്റര്‍വ്യൂ കത്തിക്കയരുകയാണ്. അതിനിടയില്‍ കമലിന്റെ ചോദ്യം. "ചേട്ടന് രണ്ടു 'അമ്മ'മാരുമായും പ്രശ്നങ്ങള്‍ ഉള്ളതായി കേട്ടിട്ടുണ്ട്. സ്വന്തം അമ്മയോടും സംഘടന 'അമ്മ'യോടും. സ്വന്തം അമ്മയുമായി ഉള്ള പ്രശ്നം എന്തായിരുന്നു?". ആ ചോദ്യത്തിന് തിലകന്‍ നല്‍കിയ സത്യസന്ധമായ ഒരു പ്രതികരണം എന്നെ തെല്ലൊന്നു അമ്പരപ്പിച്ചു എന്ന് പറയാം.

തിലകന്‍ നാടകാഭിനയം തുടങ്ങിയ കാലം. നാടകമൊക്കെ കഴിഞ്ഞു ഒരു ദിവസം വിശന്നു വലഞ്ഞെത്തിയ അദ്ദേഹം അമ്മയോട് ഭക്ഷണം ചോദിക്കുന്നു. മീന്‍ കറിയും ചോറും അമ്മ വിളമ്പിക്കൊടുക്കുന്നു. കറി വായിലേക്ക് വെക്കാന്‍ പറ്റുന്നില്ല. അത്രയ്ക്ക് എരിവുണ്ട്‌. "ഇത് വായിലേക്ക് വെക്കാന്‍ പറ്റുന്നില്ല, മനുഷ്യന് തിന്നാന്‍ കൊള്ളാവുന്ന വല്ലതുമുണ്ടോ?" തിലകന്റെ ചോദ്യം. "ചങ്ങനാശ്ശേരിയിലോട്ട് ചെല്ല്, അവിടെന്ന് വിളമ്പിത്തരും!!". (അമ്മ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്, അത് വഴിയെ പറയാം). ഇത് കേട്ട തിലകന്‍ ചോറ്റുപത്രം ഒരൊറ്റ തട്ടാണ്. ആ തട്ടിന്റെ ശക്തിയില്‍ ചോറും കറിയും അടുക്കളയില്‍ അമ്മയുടെ കാല്‍ച്ചുവട്ടിലേക്കാണ്‌ തെറിച്ചു വീണത്‌. ദേഷ്യം വന്ന അമ്മ എഴുന്നേറ്റു വന്നു ഇങ്ങനെ പറഞ്ഞു. "നീയിങ്ങു വാടാ തിന്നാന്‍, ഞാന്‍ വിളമ്പിത്തരാം" ഇത്രയും വിശദീകരിച്ച ശേഷം തിലകന്‍ കമലിനോട് പറയുന്നു. "ഈ സംഭവത്തിനു ശേഷം അമ്മയോട് ഞാന്‍ മിണ്ടിയിട്ടില്ല. മുപ്പത്തഞ്ചു വര്‍ഷം!!."

ഞാന്‍ സ്തബ്ധനായിപ്പോയി. കേട്ടത് ശരിയാണോ എന്നറിയാതെ വീണ്ടും സ്ക്രീനിലേക്ക് നോക്കി. ഈ ഒരു സംഭവത്തിനു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ അമ്മയോട് മിണ്ടാതെ നടക്കുകയോ? ഞാന്‍ കേട്ടത് പിശകിയോ?. ഇല്ല.. പത്മശ്രീ നടന്റെ തുടര്‍ന്ന് വന്ന വിശദീകരരണം സംശയം തീര്‍ത്തു. മുപ്പത്തഞ്ചു മിനുട്ടോ മുപ്പത്തഞ്ചു ദിവസമോ അല്ല, മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ തന്നെ!!. തിലകന്‍ എന്ന മഹാ നടനോട് മനസ്സിലുണ്ടായിരുന്ന ആദരം ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞ പ്രതീതി. മുപ്പത്തഞ്ചു വര്‍ഷം എന്ന് പറഞ്ഞാല്‍ ഒരു ശരാശരി പുരുഷായുസ്സിലെ പകുതിയിലധികം കാലമാണ്. അത്രയും കാലം പെറ്റമ്മയോട് മിണ്ടാതെ നടക്കാന്‍ മാത്രം ഒരു വലിയ സംഭവമാണോ ഇത്. കറിയില്‍ അല്പം എരിവു കൂടുന്നതും അമ്മയും മക്കളുമായി മുറുമുറുപ്പുണ്ടാവുന്നതും സാധാരണമാണ്. പക്ഷെ അതിനു ഭക്ഷണം തട്ടിത്തെറിപ്പിക്കുന്നത് അസാധാരണമാണ്. എന്നാല്‍ അതിന്റെ പേരില്‍ അമ്മയോട് മൂന്നരപ്പതിറ്റാണ്ട് മിണ്ടാതെ നടക്കുന്നതാകട്ടെ ഒരു പക്ഷെ മനുഷ്യ ചരിത്രത്തിലെ തന്നെ ആദ്യ സംഭവം ആയിരിക്കും.

അയലക്കറിയിലേക്ക് ചങ്ങനാശ്ശേരി കടന്നു വന്നതെങ്ങിനെ എന്നും തിലകന്‍ പറയുന്നുണ്ട്. അദ്ദേഹം നാടകാഭിനയം തുടങ്ങിയ കാലം. ഒരു നാടകത്തില്‍ നായികയായി അഭിനയിച്ചത് ചങ്ങനാശ്ശേരി ചിന്നമ്മ. നാടകത്തില്‍ ഇരുവരും തമ്മിലുള്ള ചില ലവ് സീനുകളും ഉണ്ട്. നാടകം കണ്ട ചില സ്ത്രീകള്‍ തിലകന്റെ അമ്മയോട് പെണ്ണുങ്ങളുടെതായ 'ശൈലി'യില്‍ നാടകത്തെപ്പറ്റി പറഞ്ഞു കൊടുത്തു. ഇതൊക്കെ കേട്ട് അമ്മ സ്വാഭാവികമായും ടെന്‍ഷനടിച്ചിരിക്കണം. നാട്ടുമ്പുറത്തെ ഏതമ്മമാരും ഇത്തരം വാര്‍ത്തകളോട് എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് സങ്കല്പിക്കാവുന്നതാണ്. അങ്ങിനെയിരിക്കെയാണ്‌ തിലകന്‍ വീട്ടിലെത്തുന്നതും ഭക്ഷണത്തെക്കുറിച്ച പരാതി പറയുന്നതും.  "ചങ്ങനാശ്ശേരിയിലോട്ട് ചെല്ല്, അവിടെന്ന് വിളമ്പിത്തരും!!" എന്ന് അമ്മ പറയുന്നതിന്റെ പാശ്ചാത്തലം അതാണ്‌.  തിലകന്‍ തന്നെ തുറന്നു പറഞ്ഞ ഈ സംഭവത്തില്‍ അമ്മയുടെ പക്ഷത്തു എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തില്‍ തിലകന്‍ ചോറ്റുപാത്രം തട്ടിയെറിഞ്ഞതിലും നമ്മള്‍ പിണങ്ങേണ്ടതില്ല. ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെയൊക്കെ ഉണ്ടാവാം. പക്ഷേ അതിനു ചീത്ത പറഞ്ഞതിന്റെ പേരില്‍ അമ്മയോട് മൂന്നരപ്പതിറ്റാണ്ട് മിണ്ടിയില്ല എന്ന് ഒരു  കുടുംബ ചാനലിലിരുന്നു പരസ്യമായി പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്?. സ്വന്തം അമ്മയെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ പത്മശ്രീയല്ല, ഓസ്കാര്‍ തന്നെ കിട്ടിയിട്ടും എന്ത് കാര്യം?.

തിലകന്‍ പറയുന്നത് നേരിട്ട് കേള്‍ക്കാന്‍ ഈ വീഡിയോ കാണുക 

ഒരമ്മക്ക് മക്കളുടെ മേല്‍ എന്തൊക്കെ അധികാരങ്ങളാണ് ഉള്ളത്?. അവരെയൊന്നു ശകാരിക്കാന്‍ ഏത് ആപ്പീസില്‍ നിന്നാണ് ലൈസന്‍സ് എടുക്കേണ്ടത്?. ഒരു സിനിമാകൊട്ടകയുടെ ശീതീകരിച്ച അകത്തളത്തോളം പ്രാധാന്യം, അവിടെ നിന്ന് ലഭിക്കുന്ന ഒരു കയ്യടിയോളം വലിപ്പം, ഒരമ്മയുടെ ഗര്‍ഭപാത്രം നല്‍കിയ ജീവന്റെ തുടിപ്പുകള്‍ക്കില്ലേ?. കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ ഉന്നതങ്ങളില്‍ എത്തുമ്പോള്‍ പൊടി പിടിച്ചു  പോകുന്നതാണോ അമ്മയും മക്കളും തമ്മിലുള്ള ബന്ധം?.  ചോദ്യങ്ങള്‍ നിരവധിയാണ്. ഉത്തരങ്ങളേക്കാള്‍ വലിപ്പമുള്ള ചോദ്യങ്ങള്‍ .. തിലകന്‍ എന്ന നടനെയോ അദ്ദേഹം തന്നെ വെളിപ്പെടുത്തിയ അനുഭവങ്ങളെയോ മുന്‍നിര്‍ത്തി ഒരു സാംസ്കാരിക ഗിരിപ്രഭാഷണം നടത്തുകയല്ല ഇവിടെ ഉദ്ദേശം.

സംവിധായകരും നടന്മാരും സഹപ്രവര്‍ത്തകരും തുടങ്ങി തിലകന്‍ പലരുമായും തെറ്റിയതും കലഹിച്ചതും നിരന്തരമായി വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അമ്മയെന്ന താരസംഘടനയും  തിലകനും തമ്മിലുള്ള വഴക്കുകള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഒരു സാംസ്കാരിക പ്രശ്നമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുമായി ബന്ധപ്പെട്ടു സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള തര്‍ക്കത്തിന്റെ അലയൊലികള്‍ അഴീക്കോട് മാഷിന്റെ മരണക്കിടക്കയില്‍ വരെ എത്തുകയുണ്ടായി. അത്തരം തര്‍ക്കങ്ങളുടെയൊക്കെ ചരിത്രവും കാരണവും ചര്‍ച്ച ചെയ്തു വിഷമിക്കുന്നവര്‍ക്ക് തിലകന്‍ തന്നെ വെളിപ്പെടുത്തിയ ഈ സംഭവത്തില്‍ നിന്ന് കുറച്ചൊന്നുമല്ല പഠിക്കാനുള്ളത്.


താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റിനോടും ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനോടും ഇവരുടെ രണ്ടാളുടെയും റിമോട്ട് കയ്യില്‍ വെച്ചിട്ടുള്ള മമ്മൂട്ടിയോടും ഒരു അഭ്യര്‍ത്ഥനയുണ്ട്. തിലകനെ എത്രയും പെട്ടെന്ന് അമ്മയില്‍ തിരിച്ചെടുക്കണം. അതിനി ഒട്ടും താമസിപ്പിക്കരുത്. പെറ്റമ്മയോടു ഒരു കാരണവുമില്ലാതെ മുപ്പത്തഞ്ചു വര്‍ഷം പിണങ്ങി നടന്ന ഒരു മനുഷ്യനെ ഗ്ലിസറിന്‍ തേച്ചു കരയുന്ന നിങ്ങള്‍ നാല് നടന്മാരും നടികളും വിചാരിച്ചാല്‍ നന്നാക്കാന്‍ കഴിയില്ല. മുപ്പതല്ല, മുന്നൂറു കൊല്ലം പുറത്തിരുത്തിയാലും ക്ഷമിക്കണം എന്നൊരു വാക്ക് പറഞ്ഞു തിലകന്‍ വരില്ല. അദ്ദേഹം തന്നെ വെളിപ്പെടുത്തിയ ഈ ജീവിത കഥയില്‍ നിന്ന് അത്രയെങ്കിലും പാഠം പഠിക്കാനുള്ള ബുദ്ധി പോലും നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ നല്ലത് വല്ല ന്യൂ ജനറേഷന്‍ സിനിമയും പിടിക്കാന്‍ പോകുന്നതാണ്!!.

Related Posts
Old is (പുഴുവരിക്കുന്ന) Gold‌ !!
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ് 
ഐ ലവ് യു പറയേണ്ടതെങ്ങിനെ?