എയര്‍ ഇന്ത്യ v/s കൊടി സുനി

പ്രവാസികളെ വെട്ടി വെട്ടി കൊല്ലുന്ന കാര്യത്തില്‍ കൊടി സുനിയോട് മത്സരിക്കുകയാണ് എയര്‍ ഇന്ത്യ.  സുനിയെ വെല്ലുന്ന പെര്‍ഫോമന്‍സാണ് വ്യോമ മഹാരാജാവ് കാണിച്ചു കൊണ്ടിരിക്കുന്നത്.  അമ്പത്തൊന്നു വെട്ടാണ് പാവം ഗുണ്ടയുടെ റിക്കാര്‍ഡെങ്കില്‍ അഞ്ഞൂറ്റൊന്നു വെട്ടിയാണ് എയര്‍ ഇന്ത്യ മുന്നേറുന്നത്. ക്വട്ടേഷന്‍ കൊടുത്ത് ആരെയെങ്കിലും തട്ടാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പുണ്ടെങ്കില്‍ എയര്‍ ഇന്ത്യയുടെ കാര്യം അടുത്ത വണ്‍ ടൂ ത്രീ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. കാശെത്ര ചിലവായാലും വേണ്ടില്ല മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച  ഒരു വെളുത്ത കാര്‍ വാടകക്കെടുത്ത് മഹാരാജാവിന്റെ പിടലിക്കിട്ടു വെട്ടുവാന്‍ പ്രവാസികളടങ്ങുന്ന ഒരു സംഘത്തെ അയക്കണം. എയര്‍ ഇന്ത്യ പ്രവാസി മലയാളികളോട് ചെയ്യുന്ന കൊടും പാതകത്തിന് അറുതിവരുത്താന്‍ ഇന്നത്തെ അവസ്ഥയില്‍ മറ്റൊരു വഴിയും കാണുന്നില്ല.

ഏതാണ്ട് ഒന്നര മാസമായി എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ താളം തെറ്റിയിട്ട്. പല സെക്ടറുകളിലെയും സര്‍വീസുകള്‍ റദ്ദു ചെയ്തു കഴിഞ്ഞു. ചിലവയുടെ എണ്ണം വെട്ടിക്കുറച്ചു. പൈലറ്റുമാരുടെ സമരമാണ് കാരണം. മുന്നൂറോളം പൈലറ്റുമാര്‍ ജോലിക്കെത്തുന്നില്ല. സമരം നിര്‍ത്താതെ ചര്‍ച്ചയില്ലെന്ന് മന്ത്രി. ചര്‍ച്ചയില്ലാതെ സമരം നിര്‍ത്തില്ല എന്ന് പൈലറ്റുമാര്‍ . ചെകുത്താനും എയര്‍ ഇന്ത്യക്കും നടുവില്‍ യാത്രക്കാര്‍. വ്യോമയാന മന്ത്രി അജിത് സിങ്ങും സമരക്കാരും തമ്മിലുള്ള പിടിവാശിക്കിടയില്‍ നരകിക്കുന്നത് ലോകത്തെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാരാണ്. സ്വാഭാവികമായും അവയില്‍ ഏറെ ദുരിതത്തിലായത് ഗള്‍ഫ് മേഖലയിലെ മലയാളികളും. മധ്യവേനല്‍ അവധിക്കു സ്കൂളുകള്‍ അടക്കുന്ന കാലമായതിനാല്‍ ഗള്‍ഫില്‍ നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്ന സമയമാണ്. മാസങ്ങള്‍ക്ക് മുന്നേ ടിക്കറ്റ് ബുക്ക്‌ ചെയ്തു കാത്തുകാത്തിരിക്കുന്ന പതിനായിരക്കണക്കിനു പ്രവാസികള്‍ യാത്ര ചെയ്യാനാവാതെ കഷ്ടപ്പെടുന്നു.

റിയാദില്‍ നിന്നൊരാള്‍ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. ഭാര്യയും കുട്ടികളുമൊത്ത് യാത്ര ചെയ്യുവാന്‍ അഞ്ചു മാസം മുമ്പേ  കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ് എടുത്തതാണയാള്‍ . ഇടിത്തീ പോലെയാണ് ആ വാര്‍ത്ത വന്നത്. റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ എല്ലാ ഫ്ലൈറ്റുകളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നു. പത്രത്തില്‍ വാര്‍ത്ത വായിച്ച ഉടനെ അദ്ദേഹം എയര്‍ ഇന്ത്യ ഓഫീസിലേക്ക് വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. ഒരു ടാക്സി പിടിച്ചു അവരുടെ ഓഫീസിലേക്ക് വിട്ടു. ഓഫീസ് പൂട്ടിക്കിടക്കുന്നു. ഫ്ലൈറ്റ് നിര്‍ത്തിയ അറിയിപ്പ് വന്ന ഉടനെ ജീവനക്കാര്‍ ഓഫീസ് പൂട്ടി മുങ്ങി. മാസങ്ങള്‍ക്ക് മുമ്പേ കാശ് കൊടുത്ത് ടിക്കറ്റ് എടുത്തതാണ് അദ്ദേഹം. കടം വാങ്ങിയെങ്കിലും മറ്റൊരു വിമാനത്തിനു ടിക്കറ്റ് എടുക്കാമെന്ന് കരുതി ട്രാവല്‍ എജന്റിനെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി "ഈ വര്‍ഷം ഇനി നോക്കേണ്ട.. അടുത്ത സ്കൂള്‍ പൂട്ടിനു പോകാം".  കൂടെ ഒരു പരിഹാസച്ചിരിയും.. ആരോട് പരാതി പറയണം എന്നറിയാതെ നെട്ടോട്ടമോടുന്ന ആ പാവത്തെപ്പോലെ ആയിരക്കണക്കിന് ആളുകള്‍ എയര്‍ ഇന്ത്യയുടെ കൊലച്ചതിയില്‍ വട്ടം കറങ്ങുന്നു. "കേരളത്തിലെ മാധ്യമങ്ങളൊന്നും പ്രവാസി മലയാളികളുടെ ഈ ദുരിതം വേണ്ട രൂപത്തില്‍ കാണിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും വല്ലതും ചെയ്യാന്‍ പറ്റുമോ?". അദ്ദേഹത്തിന്‍റെ ദയനീയമായ സ്വരം എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
  
   
എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചതോടെ തുടങ്ങിയ ഇരുവിഭാഗത്തിലെയും പൈലറ്റുമാരുടെ സൗന്ദര്യപ്പിണക്കമാണ് ഇപ്പോഴത്തെ സമരത്തിന്റെ കേന്ദ്രബിന്ദു. പുതുതായി വാങ്ങുന്ന ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനങ്ങളില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് വന്ന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കരുത് എന്നതാണ് വല്യേട്ടന്മാരായ എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പ്രധാന ആവശ്യം. ആ ഫ്ലൈറ്റുകള്‍ ഓട്ടുന്നത് അവരുടെ കുത്തകയായി നിലനില്‍ക്കണം. നോട്ടീസ് പോലും നല്‍കാതെ കൂട്ട ചികിത്സാ അവധിയെടുത്താണ് അവരിപ്പോള്‍ സമരം നയിക്കുന്നത്. ഈ സമരം നിയമലംഘനമാണ് എന്ന് ദല്‍ഹി ഹൈക്കോടതി  വിധിയെഴുതിയിട്ടും അവര്‍ ജോലിക്കെത്തുന്നില്ല. മന്ത്രിയാകട്ടെ മാസം ഒന്നരയായിട്ടും ചര്‍ച്ചയില്ല എന്ന തന്റെ പിടിവാശിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു!!. ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരുടെ ദുരിതം കുറയ്ക്കുവാന്‍ 'ഓപണ്‍ സ്കൈ' സംവിധാനം അനുവദിച്ചു മറ്റു വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഫ്ലൈറ്റുകള്‍ അനുവദിക്കാനുള്ള വകുപ്പുണ്ട്. അതിനു പോലും കേന്ദ്രന്‍ തയ്യാറാകുന്നുമില്ല.

ഇന്ത്യന്‍ പ്രവാസികളില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. പക്ഷെ കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയക്കാരനും ഈ വിഷയം അറിഞ്ഞ മട്ട് നടിച്ചിട്ടില്ല. ക്വട്ടേഷന്‍ കൊടുത്ത് ആളെ കൊല്ലിക്കാനും കാലുമാറിയവനെ പിടിച്ചു എം എല്‍ എ ആക്കാനും പാര്‍ട്ടികളും നേതാക്കളുമുണ്ട്. പക്ഷേ ലക്ഷക്കണക്കിന്‌ വരുന്ന പ്രവാസി സമൂഹത്തിന്റെ ദുരിതം അറിയാന്‍ ഒരെണ്ണമില്ല. സമരം തുടങ്ങിയിട്ട് ദിവസം നാല്പത്തിയാറ് കഴിഞ്ഞു. ന്യൂസ്‌ അവറില്‍ ചര്‍ച്ചയില്ല, ഒന്നാം പേജില്‍ വെണ്ടക്കയില്ല, തെരുവില്‍ പ്രക്ഷോഭമില്ല, നിയമസഭയില്‍ ഇറങ്ങിപ്പോക്കില്ല. കാരണം വെരി സിമ്പിള്‍ . ദുരിതം അനുഭവിക്കുന്നത് 'ഒന്നിനും കൊള്ളാത്ത' പ്രവാസികളാണ്. അവര്‍ക്ക് വോട്ടില്ല!!.

അവധിക്കാലം എത്തിയാല്‍ നിരക്കുകള്‍ അല്പം വര്‍ധിപ്പിക്കുന്നത് എല്ലാ വിമാനക്കമ്പനികളുടെയും പതിവാണ്. എയര്‍ ഇന്ത്യയാകട്ടെ ആ വിഷയത്തില്‍ വളരെ 'ഡീസന്റ്' ആണ്. കുറഞ്ഞ വര്‍ദ്ധനവ് എന്നൊരു അജണ്ട അവര്‍ക്കില്ല. ഒറ്റയടിക്ക് നിരക്കുകള്‍ ഇരട്ടിയാക്കുകയാണ് പതിവ്. ഉസ്താദ് നിന്ന് മൂത്രിച്ചാല്‍ കുട്ടികള്‍ നടന്നു മൂത്രിക്കും എന്ന് പറഞ്ഞ പോലെ നാഷണല്‍ കാരിയര്‍ വില വര്‍ദ്ധിപ്പിക്കുന്നതോടെ  മറ്റു എയര്‍ ലൈനുകളും ആ പാത പിന്തുടരുന്നു. എയര്‍ ഇന്ത്യയുടെ ഈ നിരക്ക് വര്‍ദ്ധന നാടകം എല്ലാ വര്‍ഷവും ഗത്യന്തരമില്ലാതെ സഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍ . അരക്കിലോ പൌഡറും മുക്കാല്‍ കിലോ ലിപ്സ്റ്റിക്കും തേച്ചു വരുന്ന മുത്തശ്ശിമാരായ എയര്‍ ഹോസ്റ്റസ്സുമാരെ സഹിച്ചു ശീലിച്ച അവര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടവരാണ്. പ്രതിഷേധിക്കാന്‍ അവര്‍ക്കറിയില്ല. ആകെ അറിയാവുന്നത് നാട്ടില്‍ നിന്നെത്തുന്ന ഏത് എഴാംകൂലി നേതാവിനെയും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു മാലയിടുക എന്നതാണ്. പ്രവാസികളുടെ പ്രശ്നങ്ങളെ തിരിഞ്ഞു നോക്കാത്ത അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കുക എന്നതാണ്. പോകുമ്പോള്‍ ഗിഫ്റ്റുകള്‍ നിറച്ച നാല് പെട്ടികള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു കൊടുക്കുക എന്നതാണ്.


കേന്ദ്ര വ്യോമയാന മന്ത്രിക്കു അദ്ദേഹത്തിന്റേതായ ന്യായങ്ങളുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്. ദിവസവും കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ നിലനില്പ് അപകടപ്പെടുത്തിക്കൊണ്ട് വാപൊളിച്ചു നില്‍ക്കുന്ന മുതലകള്‍ കണക്കെ എത്ര കിട്ടിയാലും മതി വരാത്ത ആര്‍ത്തി പണ്ടാരങ്ങളായി പൈലറ്റുമാര്‍ മാറുന്നു. അന്യായമായ ആവശ്യങ്ങളുമായി  സമരം തുടരുന്ന പൈലറ്റുമാരില്‍ നൂറു പേരെ ഇതിനകം പിരിച്ചു വിട്ടു കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് പിരിച്ചു വിടല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പുതിയ ട്രെയിനികളെ റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ട്രെയിനിംഗ് പൂര്‍ത്തിയാക്കിയാല്‍ ആറുമാസത്തിനകം അവര്‍ വിമാനമോടിക്കാന്‍ തുടങ്ങും. അതോടെ എയര്‍ ഇന്ത്യയുടെ പ്രശ്നം തീരും!!! കൂള്‍ കൂളായ ന്യായങ്ങളാണ് മന്ത്രിയുടെത്. വാട്ടേന്‍ ഐഡിയ സര്‍ജീ എന്ന് ആരും പറഞ്ഞു പോകുന്ന വിശദീകരണം. ഫ്ലൈറ്റുകള്‍ വെട്ടിച്ചുരുക്കലും ക്യാന്‍സല്‍ ചെയ്യലും അടക്കമുള്ള ദുരിത നാടകങ്ങള്‍ അടുത്ത ആറുമാസവും തുടരും എന്ന് പച്ചമലയാളം. ഈ ഇടിവെട്ട് ഐഡിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞതോടെ മന്ത്രിയുടെ ജോലി തീര്‍ന്നു. കേന്ദ്ര ക്യാബിനറ്റിലെ അതിഭയങ്കര വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള  മിണ്ടാപ്രാണികള്‍ 'പൈശാചികവും മൃഗീയവുമായി' തലയാട്ടി. സര്‍ദാര്‍ജിയും മദാമ്മയും ഡെസ്ക്കിലടിച്ചു. ബാക്കി കാര്യങ്ങള്‍ പ്രവാസികളുടെ തലവിധിയാണ്. അതോരോരുത്തരും അവനവന്റെ സൗകര്യം പോലെ അനുഭവിച്ചു തീര്‍ക്കുക.  ആറുമാസം കൊണ്ട് ലോകാവസാനം വരാനൊന്നും പോകുന്നില്ല !!

Related Posts
ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!