കുഞ്ഞനന്താ ചതിക്കല്ലേ

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. സി പി എം കേന്ദ്ര പോളിറ്റ് ബ്യൂറോക്കും കണ്ണൂര്‍ പോളിറ്റ് ബ്യൂറോക്കും ഈ ആഴ്ചയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനുള്ളത് ഒരേയൊരു കാര്യമാണ്.  ദൈവമേ, സത്യം പറയാതെ പിടിച്ചു നില്‍ക്കാന്‍ ഞങ്ങളുടെ കുഞ്ഞനന്തന് കരുത്തു കൊടുക്കണമേ എന്ന്. സി പി എമ്മിന്റെ ഭാവി ഇനി പടിഞ്ഞാറേ കുഞ്ഞിക്കാട്ടില്‍ കുഞ്ഞനന്തന്റെ കയ്യിലാണ്. അതായത് ടി പി വധം അന്വേഷിക്കുന്ന പോലീസിനോട് പി കെ കുഞ്ഞനന്തന്‍ എന്ത് പറയുന്നുവോ അതിനനുസരിച്ചായിരിക്കും സി പി എമ്മിന്റെ കൊടി പൊന്തുകയും താഴുകയും ചെയ്യുന്നത്. പാര്‍ട്ടിയുടെ വണ്‍ ടൂ ത്രീ ലിസ്റ്റ് പുറത്താക്കിയ എം എം മണിയുടെ വിവരക്കേടിനെക്കാള്‍ അപകടം പതിയിരിക്കുന്നത്‌  കുഞ്ഞനന്തന്‍ പുറത്തുവിടാന്‍ പോകുന്ന കാര്യങ്ങളിലായിരിക്കും. വി എസ് അടക്കം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.

കഴിഞ്ഞ അമ്പതു ദിവസവും കുഞ്ഞനന്തന്‍ കണ്ണൂര്‍ പോളിറ്റ് ബ്യൂറോയുടെ കസ്റ്റഡിയില്‍ ആയിരുന്നു. പോലീസിനോട് എന്ത് പറയണം എന്ത് പറയരുത് എന്ന് വ്യക്തമായ സ്റ്റഡി ക്ലാസ് നല്‍കുന്നതിനു വേണ്ടിയാണ് ഇത്രയും ദിവസം കീഴടങ്ങല്‍ പാര്‍ട്ടി വൈകിപ്പിച്ചത്. പക്ഷെ പോലീസിന്റെ കയ്യില്‍ പ്രതിയെ കിട്ടിയാല്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. അവിടെയാണ് സൈക്കിള്‍ ബ്രാന്‍ഡ് ചന്ദനത്തിരിയും പ്രാര്‍ത്ഥനയുമൊക്കെ അത്യാവശ്യമായി വരുന്നത്. പോലീസിനു അവരുടെതായ ചില മുറകളുണ്ട്. പള്ളക്ക് കുത്ത് കിട്ടിയാല്‍ ഏത് പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശവും അല്പനേരത്തേക്ക് പമ്പ കടക്കും. അത്തരമൊരു ദുര്‍ബല നിമിഷത്തില്‍ കുഞ്ഞനന്തന്‍ ഏതെങ്കിലുമൊരു ജയരാജ മഹാരാജാവിന്റെ പേര് പറഞ്ഞു പോയാല്‍ പെട്ടു. പിന്നെ ബാക്കി കഥകളൊക്കെ 'മണി മണി' പോലെ പോലീസ് പറയിപ്പിക്കും. മുമ്പ് പിടിയിലായ ലോക്കല്‍ കമ്മറ്റി മെമ്പര്‍ക്കും ഒഞ്ചിയം ഏരിയ കമ്മറ്റി സെക്രട്ടറിക്കുമൊക്കെ കണ്ണൂര്‍ ബ്യൂറോയുടെ ക്ലാസ് വേണ്ടത്ര കിട്ടിയതാണ്. പക്ഷെ പോലീസില്‍ നിന്ന് കിട്ടേണ്ട 'ക്ലാസ്' കിട്ടിയപ്പോഴാണ് അമ്പത്തൊന്നു വെട്ടിന്റെ തിരക്കഥകള്‍ പുറത്തു പറഞ്ഞത്. ഇനി കുഞ്ഞനന്തന്റെ ഊഴമാണ്. കാഴ്ചയില്‍ ഏതാണ്ട് ഒരു മണി ലുക്ക്‌ ഉണ്ടെങ്കിലും ഈ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ മണിയെപ്പോലെ പൊട്ടനാകാനുള്ള സാധ്യത കുറവാണ്. മാക്സിമം പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നത് ഉറപ്പാണ്. തിരുവഞ്ചൂര്‍ പോലീസിന്റെ മിടുക്ക് പോലിരിക്കും ഇനിയുള്ള കാര്യങ്ങള്‍ .

ടി പി യെ കൊല്ലാന്‍ ഗുണ്ടകള്‍ക്ക് മാഷാ അല്ലാ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ കാര്‍ കൊടുത്തയച്ച പാര്‍ട്ടി നേതൃത്വം സഖാവ് കുഞ്ഞനന്തനെ സ്റ്റിക്കര്‍ ഒന്നും ഒട്ടിക്കാത്ത ഓട്ടോ റിക്ഷയിലാണ് കീഴടങ്ങാന്‍ കൊണ്ട് വന്നത്. പാര്‍ട്ടി രക്ഷിക്കും എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടായിരിക്കണം സന്തോഷ്‌ പണ്ഡിറ്റിന്റെ ചിരി ചിരിച്ച് കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങിയത്. ആ ചിരി എത്രദിവസം നീണ്ടു നില്‍ക്കും എന്ന് പറയാന്‍ കഴിയില്ല. രജീഷിനെയും കൊടി സുനിയെയും അറിയില്ല എന്ന് പറഞ്ഞ പിണറായി സഖാവിനു കുഞ്ഞനന്തനെ അറിയില്ല എന്നും പറയാന്‍ കഴിയും.  കമ്പ്യൂട്ടര്‍ മെമ്മറിയില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുന്ന പോലുള്ള ഒരു സിമ്പിള്‍ പരിപാടിയാണ് ഇത്. സെക്കന്റുകള്‍ക്കുള്ളില്‍ ആളുകകളെ മെമ്മറിയില്‍ കയറ്റുകയും ഇറക്കുകയും ചെയ്യാം. അതൊക്കെ കുഞ്ഞനന്തന്റെ ഫാഗ്യം പോലെ ഇരിക്കും.


അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു ഹീറോ ആയി മാറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉള്ളതിനേക്കാള്‍ ഫാന്‍സ്‌ ഇന്ന് തിരുവഞ്ചൂരിനുണ്ട്. പുള്ളി നമ്മള്‍ വിചാരിക്കുന്ന ജനുസ്സില്‍ പെട്ട ആളല്ല. ഒരു സംഭവം തന്നെയാണ്. ആരെയും പ്രകോപിതരാക്കാത്ത വാക്കും ശൈലിയും. തികച്ചും പക്വതയോടെയുള്ള സമീപനങ്ങള്‍ . ഒരു പച്ചപ്പാവത്തിന്റെ കെട്ടും മട്ടും. പക്ഷേ ചെയ്യുന്ന പണികള്‍ക്കെല്ലാം ഒരു സേതുരാമയ്യര്‍ ടച്ചുണ്ട്, ഇടിവെട്ട് ഗെറ്റപ്പും.  അദ്ദേഹം വന്ന ശേഷം പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് മൊത്തത്തില്‍ ഒരു മുസ്ലി പവര്‍ കിട്ടിയിട്ടുണ്ട്. സി പി എമ്മിന്റെ കണ്ണൂര്‍ ലോബി സ്പോന്‍സര്‍ ചെയ്ത മൂന്നു വധങ്ങളാണ് ഒറ്റയടിക്ക് തിരുവഞ്ചൂര്‍ കൈകാര്യം ചെയ്യുന്നത്. ടി പി വധം, ഫസല്‍ വധം, ഷുക്കൂര്‍ വധം. അതോടൊപ്പം  എം എം മണിയുടെ വണ്‍ ടൂ ത്രീ ലിസ്റ്റ് വേറെയും. എല്ലാം അതാതിന്റെ മുറക്ക് നടക്കുന്നു.

സി പി എം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മൂന്നു സമീപകാല കൊലപാതകങ്ങളും ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളാണ്. കുഞ്ഞനന്തന്‍ കീഴടങ്ങിയതിന്റെ തലേ ദിവസമാണ് ഫസല്‍ വധക്കേസിലെ പ്രധാന കണ്ണികളായ 'കാരായി ബ്രദേര്‍സ്' കീഴടങ്ങിയത്. ഇരുവരും സി പി എമ്മിന്റെ ജില്ലാ നേതാക്കള്‍ . ഒരു കൊലപാതകത്തിനപ്പുറം  അപകടകരമായ രാഷ്ട്രീയക്കളിയാണ് അവര്‍ നടത്തിയത്. ഫസലിനെ കൊന്നതു ആര്‍ എസ് എസ്സാണ് എന്ന് വരുത്തിത്തീര്‍ത്ത് വര്‍ഗീയ ലഹളക്ക് തിരികൊളുത്താന്‍ ശ്രമിച്ചു. സി പി എം പോലൊരു പാര്‍ട്ടിയില്‍ നിന്ന് കേരള ജനത ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കങ്ങള്‍ . ടി പി വധത്തില്‍ ഉപയോഗിച്ച 'മാഷാ അള്ളാ'യുടെ ദൗത്യവും വര്‍ഗീയ ധ്രുവീകരണം തന്നെയായിരുന്നു. ഷുക്കൂര്‍ വധമാകട്ടെ പാര്‍ട്ടിക്കോടതി വിചാരണ ചെയ്തു നടപ്പിലാക്കിയ അത്യന്തം പ്രാകൃതമായ വെട്ടിക്കൊല. ഈ കൊലപാതക രാഷ്ടീയത്തില്‍ നിന്ന് സി പി എം തിരിച്ചു വരേണ്ടതുണ്ട്. അതാ പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല, കേരളീയ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്‌. അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ താത്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സജീവമായ ഒരു ഇടതുപക്ഷ നിരക്ക് നമ്മുടെ പൊതു മണ്ഡലത്തില്‍ ഇനിയും ഇടമുണ്ട്. കൊലക്കത്തിയുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും പിടിയില്‍ നിന്ന് ആ പാര്‍ട്ടിയെ അതിന്റെ അണികള്‍ തന്നെ മോചിപ്പിച്ചേ തീരൂ.  അതിനു വേണ്ടി എത്ര വലിയ ജയരാജന്മാരെ കഴുത്തിനു പിടിച്ചു പുറത്താക്കേണ്ടി വന്നാലും അത് ചെയ്യുവാനുള്ള തന്റേടം അവര്‍ കാണിക്കണം. 'ചതിക്കല്ലേ കുഞ്ഞനന്താ' എന്ന് വ്യാകുലപ്പെടുന്നതിന് പകരം 'വിളിച്ചു പറയെടാ കുഞ്ഞനനന്താ' എന്നാണ് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പറയേണ്ടത്.

Related Posts
ലീഗിലെ ജയരാജന്‍ അഥവാ മലപ്പുറം മണി !.
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)