ഹിറാ ഗുഹയില്‍ ഒരു രാത്രി

മക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കൊച്ചുമലയാണ് 'ജബലുന്നൂര്‍ ' (The Mountain of Light). ആ മലയുടെ ഉച്ചിയിലാണ് ചരിത്ര പ്രസിദ്ധമായ ഹിറാ ഗുഹയുള്ളത്.  ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ആ മലമുകളില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയതിന്റെ ഓര്‍മയ്ക്കാണ് ഈ കുറിപ്പ്. വിശുദ്ധ കഅബാലയത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഈ പര്‍വതത്തിനു മുകളില്‍ വെച്ചാണ് മുഹമ്മദ്‌ നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മുഹമ്മദിന്റെ മുന്നില്‍ ദൈവത്തിന്റെ മാലാഖയായ ജിബ്രീല്‍ പ്രത്യക്ഷപ്പെടുന്നു. 'ഇഖ്‌റഅ്' (വായിക്കുക)  എന്ന് തുടങ്ങുന്ന ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിനു തുടക്കം കുറിക്കപ്പെട്ട സ്ഥലം എന്ന നിലക്കാണ് ജബലുന്നൂര്‍ (പ്രകാശത്തിന്റെ പര്‍വതം) എന്ന് ഇതിന് പേര് ലഭിക്കുന്നത്.
 
ഗ്രന്ഥകാരനും പ്രമുഖ കോളമിസ്റ്റുമായ പ്രിയ സുഹൃത്ത് മുജീബ്റഹ്മാന്‍ കിനാലൂരാണ് ഈ പര്‍വതത്തിനു മുകളില്‍ ഒരു രാത്രി കഴിച്ചുകൂട്ടാമെന്ന ആശയം മുന്നോട്ടു വെച്ചത്. ഐ എസ് എം സംസ്ഥാന പ്രസിഡന്റും യുവത ബുക്ക്‌ ഹൗസ് ഡയരക്ടറുമായ അദ്ദേഹം ആദ്യമായാണ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് തന്നെ കൗതുകരമായ ഇത്തരം ചില യാത്രകള്‍ ഒരുമിച്ചു നടത്തണമെന്ന് അദ്ദേഹം ഞാനുമായി ചട്ടം കെട്ടിയിരുന്നു.  

വിശുദ്ധ ഹറമില്‍ നിന്ന് ഇശാ നമസ്കാരം നിര്‍വഹിച്ച ശേഷം ഞങ്ങള്‍ രണ്ടു പേരുടെയും സുഹൃത്തായ മൂസക്കോയ പുളിക്കലുമൊത്ത് ജബലുന്നൂറിന്റെ താഴ്വരയില്‍ എത്തിയപ്പോള്‍ രാത്രി പത്തു മണിയായിട്ടുണ്ട്. മലയുടെ മുകളില്‍ നല്ല ഇരുട്ടാണ്‌. മൊബൈല്‍ ഫോണുകള്‍ അല്ലാതെ കയ്യില്‍ വെളിച്ചമൊന്നുമില്ല. ഇരുട്ടത്ത് കുത്തനെയുള്ള മലകയറ്റം അല്പം സാഹസികം തന്നെയാണ്. 'ഒരു ടോര്‍ച്ച് കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു'. കിനാലൂര്‍ പറഞ്ഞു. വിജനമായ ഈ സ്ഥലത്ത് ടോര്‍ച്ചിന് എവിടെപ്പോകും?. തത്ക്കാലം മൊബൈലിന്റെ വെളിച്ചം കൊണ്ട് ഒപ്പിക്കാം എന്ന് കരുതി മുന്നോട്ടു നീങ്ങുമ്പോള്‍ മലയിലേക്കുള്ള കയറ്റം തുടങ്ങുന്ന സ്ഥലത്ത് ഒരു പെട്ടിക്കട കണ്ടു. വെറുതെ ഒന്ന് അവിടെ കയറി നോക്കി. ഭാഗ്യം.. അലമാരയില്‍ ടോര്‍ച്ച് വില്പനക്കുണ്ട്. വില ചോദിച്ചു. ഇരുപതു റിയാല്‍ . മെയ്ഡ് ഇന്‍ ചൈന എന്ന സ്റ്റിക്കര്‍ ഉണ്ട്. ജപ്പാന്റെ ടോര്‍ച്ച് ഇല്ലേ?. ചോദ്യം കേട്ടതും പാക്കിസ്ഥാനിയായ കച്ചവടക്കാരന്‍ എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് ഒരു പ്രത്യേക ചിരി ചിരിച്ചു. അതോടൊപ്പം എന്റെ കയ്യില്‍ നിന്ന് ടോര്‍ച്ച് പിടിച്ചു വാങ്ങി  നേരെ അലമാരയില്‍ തിരിച്ചു വെക്കുകയും ചെയ്തു. ചൈനയെങ്കില്‍ ചൈന. കാശ് കൊടുത്ത് ഞാനാ ടോര്‍ച്ച് വാങ്ങി. പോരുമ്പോള്‍ വെറുതെ ചോദിച്ചു. ഇതിനു ഗ്യാരന്റി പേപ്പര്‍ ഉണ്ടോ?. അയാളുടെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍ക്കുന്നതിനു മുമ്പ് തന്നെ ഞാന്‍ സ്ഥലം കാലിയാക്കി.

മല കയറുന്നവരുടെ സൗകര്യത്തിന് വേണ്ടി ചവിട്ടുപടികള്‍ ഉണ്ട്. കുത്തനെയുള്ള കയറ്റമാണ്.  നാലടി കയറിയപ്പോള്‍ തന്നെ മുജീബും മൂസക്കോയയും കിതക്കാന്‍ തുടങ്ങി. ഞാനാകട്ടെ കൂള്‍ കൂളായി ചവിട്ടു പടികള്‍ കയറിപ്പോവുകയാണ്. ഓരോ നാല് പടി കയറുമ്പോഴും അവര്‍ രണ്ടു പേരും ഇരിക്കും. കയ്യിലുള്ള വെള്ളം കുടിക്കും. അവരുടെ കണ്ണ് തട്ടരുതല്ലോ എന്ന് കരുതി ഞാനും ഇടയ്ക്കിടയ്ക്ക് ഒന്ന് ഇരുന്നു കൊടുക്കും.  പല ഉയരത്തിലും വലുപ്പത്തിലുമുള്ള ചവിട്ടു പടികളാണ്. സര്‍ക്കാര്‍ ചിലവില്‍ ഉണ്ടാക്കിയ സംവിധാനങ്ങള്‍ അല്ല ഇതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും.  മല കയറാന്‍ വരുന്നവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ആരൊക്കെയോ ചെയ്തു വെച്ചതാണ്. പാക്കിസ്ഥാനികളാണ് ഇത്തരം പണികളൊക്കെ പൊതുവേ ചെയ്യാറുള്ളത്. ആര് ചെയ്തു വെച്ചതായാലും മല കയറുന്നവര്‍ക്ക് ഈ ചവിട്ടുപടികള്‍ ഒരു വലിയ ആശ്വാസം തന്നെയാണ്. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനിവിടെ വന്നപ്പോള്‍ ഇത്ര സൗകര്യപ്രദമായി പടികള്‍ ഉണ്ടായിരുന്നില്ല. വളരെ ആയാസപ്പെട്ട്‌ കയറാവുന്ന ഒരു പാത മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.


ഓരോ കയറ്റത്തിലും വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ ഉണ്ട്. ചിലയിടത്ത് കസേരകളുമുണ്ട്. അവിടെയൊക്കെ ഞങ്ങള്‍ ഇരുന്നു. മൂസക്കോയയുടെ ബാഗില്‍ കാരക്ക, ബദാം, പിസ്ത, ഉണക്ക മുന്തിരി എന്നിവയുണ്ട്. എന്റെ കണ്ണ് കാര്യമായി ആ ബാഗിലായിരുന്നു. ഓരോ ഇരുത്തത്തിലും ഞാനാ ബാഗിന്റെ ഭാരം കുറച്ചു കൊണ്ടിരുന്നു. മല കയറുന്നതിനനുസരിച്ച് മക്കാ നഗരിയുടെയും എണ്ണമറ്റ കുന്നിന്‍ നിരകളുടെയും മനോഹര ദൃശ്യം കണ്ടു തുടങ്ങി. ഒരു ചെറുപ്പക്കാരന്‍ വലിയ ചാക്ക് നിറയെ സാധനങ്ങളുമായി മല കയറുന്നു. വളരെ ആയാസപ്പെട്ട്‌ കൂനിക്കൂടിയുള്ള ആ കയറ്റം അത്ഭുതപ്പെടുത്തുന്നതാണ്. വെള്ളം, ജ്യൂസ്‌, ബിസ്കറ്റുകള്‍ തുടങ്ങിയവയാണ് അയാളുടെ ചാക്കിലുള്ളത്. മലമുകളില്‍ എത്തുന്നവര്‍ക്ക് വില്പന നടത്താനുള്ളതാണ്.

ഏതാണ്ട് പകുതി ദൂരം പിന്നിട്ടപ്പോള്‍ മുകളില്‍ നിന്ന് മലയിറങ്ങുന്ന കുറച്ചു ചെറുപ്പക്കാരെ കണ്ടു. ഇറാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. മുമ്പ് ഇറാന്‍ സന്ദര്‍ശിച്ച പരിചയം വെച്ചു മുജീബ് അവരുമായി സംസാരിച്ചു. കോളേജ് സ്പോന്‍സര്‍ ചെയ്ത പഠനയാത്രയുടെ ഭാഗമായാണ് അവരുടെ മക്ക സന്ദര്‍ശനം. കയറ്റത്തിനിടെ അല്പം വിശാലമായി വിശ്രമിക്കാനുള്ള ഒരു സ്ഥലം കണ്ടു. ഒരു ചെറിയ കടയും അതിനു സമീപം കാര്‍പെറ്റ് വിരിച്ചിരിക്കുന്ന ഒരു പ്രതലവും. ആകാശം നോക്കി അവിടെ അല്പം കിടന്നു. മ്യാവൂ.. മ്യാവൂ.. പൂച്ചയുടെ ശബ്ദം. ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സുന്ദരന്‍ ഏതോ പാറയിടുക്കില്‍ നിന്ന് ഞങ്ങളുടെ അടുത്തേക്ക്‌ കയറി വരുന്നു. കോഴി ചുട്ടതും ചപ്പാത്തിയും സഞ്ചിയില്‍ ഉണ്ട്. അതിന്റെ മണം അവനു കിട്ടിക്കാണണം. ഞങ്ങള്‍ ആ സഞ്ചി തുറക്കാത്തത് അവനെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഹിറാ ഗുഹയില്‍ എത്തിയ ശേഷം അവിടെ വെച്ചു ഭക്ഷണം കഴിക്കാം എന്നതാണ് ഞങ്ങളുടെ പ്ലാന്‍.

 
 

അല്പസമയം  കയറിയും അതിലേറെ സമയം വിശ്രമിച്ചും പ്രകൃതി ഭംഗി ആസ്വദിച്ചുമൊക്കെ ഞങ്ങള്‍ മലയുടെ മുകളില്‍ എത്തിയപ്പോള്‍ ഏതാണ്ട് പതിനൊന്നര മണിയായി. ഒന്നര മണിക്കൂറായി ഞങ്ങള്‍ മലകയറി തുടങ്ങിയിട്ട്. കിതച്ചും വെള്ളം കുടിച്ചും വിശ്രമിച്ചും നടു നിവര്‍ത്തിയും ആയാസകരമായ ഒരു മലകയറ്റം തന്നെ. പ്രവാചകന്‍ ഹിറാ ഗുഹയില്‍ ഏകാന്തവാസത്തിലായ കാലത്ത് അദ്ദേഹത്തിനുള്ള ഭക്ഷണവുമായി പ്രിയ പത്നി ഖദീജ ബീവി ദിവസം പലതവണ ഈ മല കയറിയിട്ടുണ്ട് എന്നോര്‍ത്തപ്പോള്‍ എന്റെ മനസ്സ് വല്ലാത്ത  ഒരവസ്ഥയിലായി. പ്രവാചകന്റെ ജീവന്‍ സംരക്ഷിച്ചു നിറുത്തുവാന്‍ അവര്‍ സഹിച്ച ത്യാഗമെത്ര?. ഇന്നത്തെപ്പോലെ ചവിട്ടു പടികളും വിശ്രമ സ്ഥലങ്ങളും ഇല്ലാത്ത കാലത്ത് കുത്തനെയുള്ള ഈ മലയുടെ മുകളിലേക്ക് അവര്‍ എങ്ങിനെയാണ് കയറിപ്പോയിട്ടുണ്ടാവുക? മക്കയിലെ ധനികയായ ഒരു വ്യാപാര പ്രമുഖയായിരുന്നു ഖദീജ. പരിചാരകരെയോ വേലക്കാരെയോ ഭക്ഷണവുമായി പറഞ്ഞയക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പക്ഷെ ആ ദൗത്യം സ്വയം ഏറ്റെടുത്ത അവര്‍ പ്രവാചകനെ എത്ര മേല്‍ സ്നേഹിച്ചിരിക്കണം?. 

രാത്രി വളരെ വൈകിയതിനാല്‍ ഇരുളിലാണ്ടു കിടക്കുന്ന ഈ മലയുടെ മുകളില്‍ ആരുമുണ്ടാകില്ല എന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. ആ ധാരണ തെറ്റായിരുന്നു. നേരത്തെ മല കയറി വന്ന ചിലര്‍ അവിടെയുണ്ട്. അധികവും ഇറാനികളും തുര്‍ക്കികളുമാണ്. ഞങ്ങള്‍ ഹിറാ ഗുഹയുടെ ഭാഗത്തേക്ക് നടന്നു. മലയുടെ ഉച്ചിയില്‍ നിന്നും മറുഭാഗത്തേക്കുള്ള ഒരു ഇറക്കത്തില്‍ ആണ് ഗുഹയുള്ളത്. താഴേക്കു നോക്കിയപ്പോള്‍ അവിടെ ആളുകള്‍ വട്ടം കൂടി നില്‍ക്കുന്നുണ്ട്. ഗുഹാ ഭാഗത്തേക്ക് കടക്കണമെങ്കില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി വേണം പോകാന്‍. കഷ്ടി ഒരാള്‍ക്ക്‌ കടക്കാനുള്ള സ്ഥലമേ പാറക്കെട്ടുകള്‍ക്കിടയില്‍ ഉള്ളൂ. അല്പം തടിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് കടക്കുവാനേ കഴിയില്ല.

ഗുഹാമുഖം വിജനമാകുന്നതും കാത്ത് ഞങ്ങള്‍ ഏറെ നേരം നിന്നു. പക്ഷെ വന്നവര്‍ ഒന്നും പോകുന്നില്ല. അവിടെ വട്ടം കൂടി നില്‍ക്കുകയാണ്. വിശപ്പ്‌ കത്തിക്കാളുന്നുണ്ട്. മാത്രമല്ല സഞ്ചിയിലെ ചുട്ട കോഴി ചൂടെടുത്തു വിയര്‍ക്കുകയുമാണ്‌. മക്കാ നഗരത്തിന്റെ നല്ല ദൃശ്യം ലഭിക്കുന്ന ഒരു ഭാഗത്ത് വിരിപ്പ് വിരിച്ച് ഞങ്ങള്‍  ഭക്ഷണം കഴിച്ചു. വിശുദ്ധ ഹറമിന്റെ മിനാരങ്ങള്‍ വ്യക്തമായി കാണാം. അതിനോട് ചേര്‍ന്നുള്ള  ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവര്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. 

മസ്ജിദുല്‍ ഹറമും സമീപത്തെ ക്ലോക്ക് ടവറുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
രാത്രിയില്‍ ഗുഹാ മുഖത്തു തടിച്ചു കൂടിയവര്‍
 

ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷവും ഗുഹാമുഖത്ത്‌ ആള്‍ത്തിരക്ക് കുറഞ്ഞിട്ടില്ല. അതിനാല്‍ ഞങ്ങള്‍ അല്പം ഉറങ്ങാന്‍ തീരുമാനിച്ചു. അതിരാവിലെ എഴുന്നേറ്റു ഗുഹയില്‍ കയറാം. അപ്പോള്‍ ആരും ഉണ്ടാകില്ല. പ്രവാചകന്‍ ഏകനായി അന്തിയുറങ്ങിയ ഹിറാഗുഹയുടെ ഓരത്ത് ഒരു വിരിപ്പ് വിരിച്ച് ഞങ്ങള്‍ കിടന്നു. ഉറക്കം കിട്ടുന്നില്ല. മനസ്സ് വല്ലാതെ പിടപിടക്കുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു അത്. ദൈവത്തിന്റെ മാലാഖ ജിബ്രീല്‍ (ഗബ്രിയേല്‍ ) പ്രത്യക്ഷപ്പെട്ടു പ്രവാചകനെ ചേര്‍ത്തുപിടിക്കുന്ന രംഗം മനസ്സില്‍ കണ്ടു. 'ഇഖ്‌റഅ്' (വായിക്കുക) എന്ന് ജിബ്രീലിന്റെ കല്പന. എനിക്ക് വായിക്കാനറിയില്ല. പേടിച്ചു വിറച്ച പ്രവാചകന്റെ മറുപടി. 'ഇഖ്‌റഅ്'എന്ന് വീണ്ടും ജിബ്രീല്‍ . വായിക്കാനറിയില്ല എന്ന് വീണ്ടും പ്രവാചകന്‍. "വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ " എന്ന് തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ജിബ്രീല്‍ പാരായണം ചെയ്തു കൊടുക്കുന്നു. പ്രവാചകന്‍ അതേറ്റു ചെല്ലുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് പ്രവാചക ജീവിതത്തിലെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച മണ്ണിലാണ് ആകാശം നോക്കി ഞങ്ങള്‍ കിടക്കുന്നത്. മരുഭൂയാത്രകളില്‍ പ്രാചീന അറബികള്‍ വഴിയടയാളമായി നോക്കിക്കണ്ടിരുന്ന സുറയ്യാ നക്ഷത്രം എവിടെയുണ്ട് എന്ന് എന്റെ കണ്ണുകള്‍ പരതി. ആകാശത്തിനു ഇത്രയും സൗന്ദര്യമുള്ള ഒരു രാത്രി ജീവിതത്തില്‍ എനിക്കനുഭവപ്പെട്ടിട്ടില്ല. ഹിറാ ഗുഹയോടു ചേര്‍ന്ന് ഈ പാറപ്പുറത്ത് മലര്‍ന്നു കിടക്കുന്ന ഞങ്ങളെ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന്‌ ജിബ്രീല്‍ ഒളിഞ്ഞു നോക്കുന്നുണ്ടാവുമോ?. യൂസഫലി കേച്ചേരിയുടെ രചനയില്‍ യേശുദാസ് പാടിയ ആ മനോഹര ഗാനം എവിടെ നിന്നോ ഒഴുകിയെത്തുന്ന പോലെ..

റസൂലേ നിന്‍ വരവാലേ, റസൂലേ നിന്‍ കനിവാലേ..
പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍
.. .... .... ...
ഹിറാ ഗുഹയില്‍ ഏകനായി തപസ്സില്‍ നീ അലിഞ്ഞപ്പോള്‍
ഖുര്‍ആനും കൊണ്ടതാ ജിബ്രീല്‍ വന്നണഞ്ഞല്ലോ .. .... .... ...

വലിയ ബഹളങ്ങള്‍ കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്‌. നോക്കുമ്പോള്‍ ഹിറാഗുഹയുടെ ചുറ്റും വന്‍ ജനക്കൂട്ടം. രാത്രിയില്‍ ഉണ്ടായിരുന്നതിന്റെ പത്തിരട്ടി ആളുകളുണ്ട് ഇപ്പോള്‍ മലമുകളില്‍ . വലിയ അബദ്ധമാണ് ഞങ്ങള്‍ ചെയ്തത് എന്ന് മനസ്സിലായി. രാത്രിയില്‍ തന്നെ ഗുഹയില്‍ കയറുകയായിരുന്നു ബുദ്ധി. മുജീബ് നല്ല ഉറക്കത്തില്‍ തന്നെയാണ്. മൂസക്കോയയെ വിരിപ്പില്‍ കാണുന്നില്ല. നോക്കിയപ്പോള്‍ കുറച്ചകലെ അദ്ദേഹം വുളു എടുത്തു കൊണ്ടിരിക്കുന്നു. വലിയ ക്യാനില്‍ വെള്ളം കൊണ്ട് വന്നത് ഉപകാരമായി. അതേ വിരിപ്പില്‍ തന്നെ ഞങ്ങള്‍ സുബഹ് നമസ്കരിച്ചു. മലമുകളിലെ പെട്ടിക്കടയില്‍ നിന്നും കട്ടന്‍ ചായ വാങ്ങിക്കുടിച്ചു. രണ്ടു റിയാലാണ് ഒരു ചായക്ക്‌. പത്തു റിയാല്‍ ചോദിച്ചാലും ആരും കൊടുത്ത് പോകും. സ്ഥലവും സന്ദര്‍ഭവും അതാണ്‌. 
  
മലയുടെ മുകളിലുള്ള ചായക്കട

 

ഏതാണ്ട് ആറുമണിയായതോടെ തിരക്ക് വീണ്ടും കുറഞ്ഞു. ഞങ്ങള്‍ ഹിറാ ഗുഹയിലേക്ക് ഇറങ്ങി. ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ സാഹസപ്പെട്ടു ഗുഹാമുഖത്തെത്തി. ഗുഹക്കുള്ളില്‍ കയറി നമസ്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് തിരക്കിനു കാരണം. ഇവിടെ വെച്ചു പ്രത്യേക പ്രാര്‍ത്ഥനകളോ നമസ്കാരമോ നടത്തുന്നതിനു മതത്തില്‍ നിര്‍ദേശങ്ങള്‍ ഇല്ല. മലയുടെ അടിവാരത്തില്‍ സൗദി സര്‍ക്കാര്‍ സ്ഥാപിച്ച വലിയ ബോര്‍ഡില്‍ ഇക്കാര്യം വിവിധ ഭാഷകളില്‍ എഴുതി വെച്ചിട്ടുണ്ട്. പക്ഷെ ഇവിടെയെത്തുന്ന പലരും ഒരു പുണ്യകര്‍മം എന്ന നിലക്ക് ഗുഹക്കുള്ളില്‍ കയറി നമസ്കരിക്കുകയാണ്. മൂന്നര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതിയുമാണ്‌ ഈ ഗുഹക്കുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ ഇടുങ്ങിയ കവാടത്തില്‍ ആളുകള്‍ നമസ്കരിക്കാന്‍ നില്‍ക്കുന്നത് വഴി ഗുഹ ശരിക്ക് കാണാന്‍ പോലും മറ്റുള്ളവര്‍ക്ക് കഴിയില്ല. ഇറാനികളായ  സ്ത്രീകളാണ് കൂടുതല്‍ തിക്കും തിരക്കും ഉണ്ടാക്കുന്നത്‌. ചിലര്‍ അതിന്റെ കല്ലുകളില്‍ തൊട്ടു തലോടുകയും ചുംബിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള വിശ്വാസ വൈകല്യങ്ങളിലേക്ക് ആളുകള്‍ പോകാന്‍ ഇടയുണ്ട് എന്നതിനാലാവണം സൗദി സര്‍ക്കാര്‍ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതും കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഉണ്ടാക്കാത്തതും. ടൂറിസം പ്രൊമോഷന് വേണ്ടി അവര്‍ ഹിറാ ഗുഹയെ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ലോകത്തെ ഏറ്റവും തിരക്ക് പിടിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി ഇവിടം മാറുമായിരുന്നു. കോടിക്കണക്കിനു റിയാല്‍ ആ ഇനത്തില്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകന്റെ മുടിയുടെയും മറ്റു തിരുശേഷിപ്പുകളുടെയും പേരില്‍ പലരും നടത്തുന്ന ആത്മീയ വ്യാപാരങ്ങള്‍ നമുക്ക് ഏറെ സുപരിചിതമാണല്ലോ. 

പത്തു വര്‍ഷം മുമ്പെടുത്ത ഫോട്ടോയാണ് മുകളില്‍. 
നാലകത്ത് ബീഫാത്തിമ്മ

Sunday Plus - Malayalam News Daily, KSA - 3 June 2012

അവിടെ വെറുതെ നിന്ന്‌ തിരക്ക് കൂട്ടുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് തോന്നി. വര്‍ഷങ്ങള്‍ക്കു മുമ്പ് വന്നപ്പോള്‍ ഞാന്‍ ഗുഹയുടെ ഉള്ളില്‍ കയറി അല്‍പ നേരം ഇരുന്നിട്ടുണ്ട്. ഒരു വിധത്തില്‍ ഗുഹയുടെ ഉള്‍ഭാഗം നോക്കിക്കാണാന്‍ മുജീബിനു സൗകര്യം ചെയ്തുകൊടുത്തു. സൗകര്യപ്രദമായ ആംഗിളുകളില്‍ കുറച്ചു ഫോട്ടോകള്‍ എടുത്തു ഞങ്ങള്‍ ഗുഹാമുഖത്ത്‌ നിന്ന്‌ മടങ്ങി. പകല്‍ വെളിച്ചത്തില്‍ ആ കുന്നിന്‍ മുകളില്‍ ഒന്ന് ചുറ്റിക്കറങ്ങി. ഒരു വിമാനത്തില്‍ നിന്നെന്ന പോലെ മക്കയെയും പരിസര പ്രദേശങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു. ഒരു പാറയുടെ മുകളില്‍ പോപ്പുലര്‍ ഫ്രന്റ്‌ ഓഫ് ഇന്ത്യ എന്നെഴുതി വെച്ചിട്ടുണ്ട്. ഇന്നലെ ഹിറാ ഗുഹയുടെ ഭാഗത്തേക്ക് ഇറങ്ങുന്ന പടികലിലൊന്നില്‍ എന്‍ ഡി എഫ് എന്നും കണ്ടിരുന്നു. ഒരു പി ഡി പിയുടെ പരസ്യത്തിന്റെ കൂടി കുറവുണ്ട്!!.

ആളുകള്‍ മല കയറി വന്നു കൊണ്ടേയിരിക്കുന്നു. ഏറെ പ്രായം ചെന്നവരും അക്കൂട്ടത്തിലുണ്ട്. കൂനിക്കൂടി മലകയറി വരുന്ന ഒരു ഉമ്മാമ എന്റെ ശ്രദ്ധയില്‍ പെട്ടു. മുഖം കണ്ടിട്ട് മലയാളി ലുക്ക്‌. ഞാന്‍ പേര് ചോദിച്ചു. നാലകത്ത് ബീഫാത്തിമ്മ. വയസ്സ് എഴുപത്തിയഞ്ച്. സ്വദേശം പൊന്നാനിക്കടുത്ത് വെളിയങ്കോട്. രണ്ടായിരം അടി ഉയരമുള്ള മലയുടെ മുകളിലേക്ക് നടന്നു കയറുമ്പോഴും ക്ഷീണത്തിന്റെ ലാഞ്ചന പോലും അവരുടെ മുഖത്തില്ല. പ്രവാചകന് ഭക്ഷണവുമായി പല തവണ മലകയറിയ ഖദീജ ബീവിയുടെ ഓര്‍മയായിരിക്കണം ഇത്ര ചുറുചുറുക്കോടെ ഈ മല കയറാന്‍ അവര്‍ക്ക് കരുത്തു പകരുന്നത്.  ഞാന്‍ അവരുടെ ഒരു ഫോട്ടോയെടുത്തു.

വെയില്‍ ചൂട് പിടിക്കുന്നതിനു മുമ്പ് ഞങ്ങള്‍ മലയിറങ്ങി. തലേന്ന് രാത്രി വാങ്ങിയ ആ ടോര്‍ച്ച് ഞാന്‍ കയ്യില്‍ പിടിച്ചു. ഒത്താല്‍ അത് ആ കടക്കാരന് തന്നെ കൊടുത്ത് ഇരുപതു റിയാല്‍ തിരിച്ചു വാങ്ങണം!.

Related Posts (യാത്ര)
ഗുല്‍മാര്‍ഗിലെ മഞ്ഞുമലയില്‍ 
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍ 
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക് 
ബ്ലോഗറുടെ കപ്പല്‍ യാത്ര (ടിക്കറ്റ് ഫ്രീയാണ്)