ബല്‍റാം 'vs' താരാദാസ്

പൊരിഞ്ഞ സ്റ്റണ്‍ഡ് തുടങ്ങിക്കഴിഞ്ഞു. ബല്‍റാമും താരാദാസും അത്യുഗ്രന്‍ ഫോമിലായതിനാല്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്ന് ഇപ്പോള്‍ പറയുക വയ്യ. കാണികളായ നമ്മുടെ കടമ രണ്ടു പേരെയും പരമാവധി പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്. ഒരു ഗോദയുടെ പ്രാഥമിക നിയമം അതാണ്‌. കിടിലന്‍ പ്രകടനം ആര് കാഴ്ച വെച്ചാലും അയാള്‍ക്ക്‌ സപ്പോര്‍ട്ട് കൊടുക്കണം. ഇന്നലത്തെ പത്രസമ്മേളനത്തില്‍ ബല്‍റാം താരാദാസിനെ പുഷ്പം പോലെ മലര്‍ത്തിയടിച്ചു എന്നത് സത്യമാണ്. അതിനൊരു കയ്യടി അപ്പോള്‍ തന്നെ കൊടുത്തിട്ടുണ്ട്. ഞൊണ്ടി ഞൊണ്ടിയാണെങ്കിലും താരാദാസ് ഒരുവിധത്തില്‍ എഴുന്നേറ്റു വന്നിട്ടുണ്ട്. ഇനി പുള്ളിയുടെ പെര്‍ഫോമന്‍സ് കണ്ട ശേഷമേ ബാക്കി പറയാന്‍ പറ്റൂ.

വി എസ് ഈ അടുത്ത കാലത്ത് പൊട്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബോംബാണ് ഇന്നലെത്തേത്. ശക്തിയും വീര്യവും വെച്ചു നോക്കിയാല്‍ ഹിരോഷിമയില്‍ അമേരിക്ക പൊട്ടിച്ച ബോംബിന്റെ ഏതാണ്ട് ഒരളിയനായി വരും ഇത്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയും പാര്‍ട്ടിയെ ജനവിരുദ്ധ പക്ഷത്തു നിറുത്തി പിളര്‍പ്പ് ക്ഷണിച്ചു വരുത്തുകയും ചെയ്ത ഡാങ്കേയോടാണ് പിണറായി വിജയനെ വി എസ് ഉപമിച്ചത്. വിജയന് ഡാങ്കേയുടെ ഗതി വരുമെന്ന് സൂചിപ്പിക്കാനും വി എസ് മറന്നില്ല. സി  പി എം സ്പോന്‍സര്‍ ചെയ്ത ടി പി ചന്ദ്രശേഖരന്റെ അറുംകൊല കേരളത്തിലുണ്ടാക്കിയ പൊതുവികാരമെന്തെന്ന് വി എസ് തിരിച്ചറിയുകയും താരാദാസിനെ അടിച്ചു വീഴ്ത്താനുള്ള ഒരു അവസരമായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു എന്ന് പറയുന്നതാകും ശരി. കിട്ടുന്ന ഗ്യാപ്പിലൊക്കെ തരാദാസിന്റെ മൂക്കിനു ഇടിക്കുക എന്ന മിനിമം പരിപാടിയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല വി എസ് എന്ന ബല്‍റാം.


കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി സഖാവ് പിണറായി ഒട്ടും മുടങ്ങാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു വലിയ ദൗത്യമുണ്ട്. വി എസ്സിന് കയ്യടി കിട്ടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നുള്ളതാണത്. ടി പി ചന്ദ്രശേഖരനെ കൊന്നത് ആരാണെന്നും ആ കൊലയാളികളെ പറഞ്ഞു വിട്ടത് ആരാണെന്നും കൃത്യമായ ധാരണ പാര്‍ട്ടി സെക്രട്ടറി എന്ന നിലക്ക് പിണറായി സഖാവിനു ഉണ്ടാവാതിരിക്കാന്‍ ഇടയില്ല. ആ അറുംകൊലയെ തുടര്‍ന്ന് സി പി എമ്മിനെതിരെ ഉരുത്തിരിഞ്ഞു വന്ന വമ്പിച്ച ജനവികാരം മനസ്സിലാകാതിരിക്കാന്‍ മാത്രം പൊട്ടനുമല്ല പിണറായി വിജയന്‍. എന്നിട്ടും എരിതീയില്‍ എണ്ണ ഒഴിക്കും പോലെ ഒരു തെരുവ് ഗുണ്ടയുടെ ഭാഷയും ശൈലിയുമാണ് അദ്ദേഹം സ്വീകരിച്ചത്. സഖാവ് ടി പി യുടെ ചിത എരിഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ വീണ്ടും വീണ്ടും കുലംകുത്തിയെന്നു വിളിച്ച് ആക്രോശിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. വി എസിന് ഷൈന്‍ ചെയ്യാനുള്ള ഒന്നാന്തരം അവസരം ഒരുക്കിക്കൊടുക്കുന്ന തന്റെ ചരിത്ര ദൗത്യമാണ് പിണറായി അതുവഴി നിര്‍വഹിച്ചത്.

വി എസ്സിന്റെ നിലപാടുകളെ പഠിക്കുന്ന ആര്‍ക്കുമറിയാവുന്ന ഒരു കാര്യം അദ്ദേഹത്തിന്‍റെ പോരാട്ടങ്ങള്‍ക്ക് സ്ഥായിയായ എന്തെങ്കിലും ഒരാശയതലം ഇല്ല എന്നുള്ളതാണ്. കൂടുതല്‍ കയ്യടി കിട്ടുക ഏത് നിലപാടുകള്‍ക്കാണോ ആ നിലപാട് സ്വീകരിക്കുക എന്നുള്ളതാണ് അദ്ദേഹം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി തുടര്‍ന്ന് വരുന്ന നയം. പാര്‍ട്ടിയും പാര്‍ട്ടിയുടെ ഇമേജുമൊന്നും നോക്കുന്ന പരിപാടി അദ്ദേഹത്തിന് പണ്ടേ ഇല്ല. മാക്സിമം കയ്യടി വാങ്ങി മുന്നോട്ടു പോവുക. അവസരവാദമെന്ന് പച്ച മലയാളത്തിലും വര്‍ഗവഞ്ചന എന്ന് ചൈനീസ് ഭാഷയിലും പറയുന്ന ഈ നയമാണ് വി എസിന്റെ നിലപാടുകളുടെ ആകെത്തുക. അത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഒരു ശരാശരി പോളിറ്റ് ബ്യൂറോക്കാരന്റെ തലച്ചോറ് ഉള്ളവര്‍ക്ക് പോലും  വി എസ്സിന്റെ പൊളിട്രിക്സ് പെട്ടെന്ന് പിടികിട്ടും. അത്തരമൊരു കയ്യടി രാഷ്ട്രീയത്തിന് പരമാവധി അവസരങ്ങള്‍ നല്‍കുന്ന നിലപാടുകളും ശരീരഭാഷയുമാണ്‌ പിണറായിയുടെയും കണ്ണൂര്‍ ജയരാജന്‍മാരുടെതും എന്നുള്ളതാണ് സമകാലീന ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളെ സൃഷ്ടിക്കുന്നത്.

വി എസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകാനും ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാനുമുള്ള സാധ്യത വളരെ കുറവാണ്. അതിനു മാത്രമുള്ള നട്ടെല്ലൊന്നും  അദ്ദേഹത്തിനുണ്ട് എന്ന് കരുതുക വയ്യ. ഇനി അഥവാ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയാലും നിരുപാധികം മാപ്പെഴുതിക്കൊടുത്ത് തിരിച്ചു വരാനും അദ്ദേഹം തയ്യാറായേക്കും. ഒരു ദിവസം പുലിയെപ്പോലെ ചാടിവീണാല്‍ പിന്നെ പതിനാലു ദിവസം എലിയെപ്പോലെ ഓടിയൊളിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്‍റെ ലൈന്‍.  ആ ഒരു ലൈന്‍ തന്നെയായിരിക്കും വരുന്ന ദിവസങ്ങളില്‍ വി എസ് കൈക്കൊള്ളാന്‍ കൂടുതല്‍ സാധ്യത. ഇപ്പൊ പിളരും, ഇപ്പൊ പിളരും എന്ന് കരുതി വായില്‍ വെള്ളമൊലിപ്പിച്ചു കാത്തിരിക്കുന്ന കോണ്ഗ്രസ്സുകാര്‍ ഉണ്ടെങ്കില്‍ അവരോടു എനിക്ക് പറയാനുള്ളത് മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗാണ്. ഗോ ടു യുവര്‍ ക്ലാസ്സസ്.. ഗോ ഗോ..

Related Posts
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
കൈപ്പത്തിയുണ്ടോ സാറേ ഒന്നാത്മഹത്യ ചെയ്യാന്‍?